ADVERTISEMENT

 

ഭൂമിയിൽ മാതൃകാപരമായ ജീവിതം നയിച്ച് ഇഹലോകവാസം  വെടിഞ്ഞതിന് ശേഷമാണ് പലരുടെയും  സൽകൃത്യങ്ങളും നന്മകളും ലോകം സ്മരിക്കുന്നതും പിന്നീട് അംഗീകരിക്കുവാനും ആദരിക്കുവാനും തയ്യാറാവുന്നതും. കാലാകാലങ്ങളായി മനുഷ്യർ പാലിച്ചു പോരുന്ന  ആചാരമാണ്, കാരണങ്ങൾ പലതുണ്ടെങ്കിലും പ്രാഥമികമായും മനുഷ്യരിൽ നിറഞ്ഞിരിക്കുന്ന സ്വാഭാവികമായ സ്വാർത്ഥതയാണ്. ജീവിച്ചിരുന്ന നാളുകളിൽ തങ്ങളെക്കാളും മെച്ചപ്പെട്ട ജീവിതം നയിക്കുന്ന മറ്റൊരാൾ തങ്ങളോടൊപ്പം വസിക്കുന്നു എന്ന് തുറന്നു പറയുവാനുള്ള മടി.  മറ്റൊരാൾ തങ്ങളെക്കാളും എല്ലാ  അർത്ഥത്തിലും മിടുക്കും കഴിവും ഉള്ളയാളാണ് എന്നും തുറന്നു സമ്മതിക്കുവാൻ മനസ്സനുവദിക്കുന്നില്ല.  ഏതെങ്കിലും തരത്തിൽ മറ്റൊരാൾ തങ്ങളേക്കാൾ കേമനാണെന്നും കഴിവുകളുള്ള വ്യക്തിയുമാണെന്ന്  അംഗീകരിക്കുവാൻ സാധിക്കുന്നില്ല. ജീവിത സാഹചര്യങ്ങൾക്ക് അനുയോജ്യമായ ധാരാളം കാരണങ്ങൾ കണ്ടെത്തുവാൻ സാധിക്കുമെങ്കിലും മറ്റൊരുവൻ തനിക്ക് സമനാണെന്നും തന്നെക്കാൾ മെച്ചപ്പെട്ടവനാണെന്നും അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും ഭൂരിഭാഗം സാധാരണക്കാർക്കും സാധിക്കില്ല എന്നതാണ് യാഥാർഥ്യം.   

 

മറ്റൊരാൾ മരിച്ചതിനുശേഷം അയാളുടെ കുറ്റങ്ങളും കുറവുകളും നിരത്തുവാൻ ശ്രമിച്ചാൽ എളുപ്പത്തിൽ സ്വീകാര്യത ലഭിക്കില്ല എന്നതിനാലും ചിലരെങ്കിലും പുകഴ്ത്തുവാൻ തയ്യാറാവുന്നുണ്ട്. മനസ്സറിഞ്ഞല്ലെങ്കിലും സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കുവാനുള്ള തന്ത്രങ്ങൾ മാത്രമാണ്. അതിലുപരി തങ്ങളിൽ നിന്നും വേർപിരിഞ്ഞുപോയ വ്യക്തിയുടെ കുറ്റങ്ങളും കുറവുകളും പറയുവാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവരിൽ സ്വീകാര്യത കുറയുമെന്ന  തിരിച്ചറിവും പലർക്കുമുണ്ട്.

 

മറ്റുള്ളവരുടെ നന്മകളെക്കാളും കുറ്റങ്ങളും കുറവുകളും എളുപ്പത്തിൽ കണ്ടെത്തുവാനുള്ള സാധാരണക്കാരുടെ കുരുട്ടുബുദ്ധിയായും, കൗശലബുദ്ധിയായും, എന്നാൽ തങ്ങളുടെ കുറവുകൾ മറച്ചുവയ്ക്കുവാനുള്ള തത്രപ്പാടായും ഈ പ്രവണതയെ ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. ലോകത്തിൽ വികസനം ഉണ്ടാവുന്നത് പരിവർത്തനങ്ങളിലൂടെയാണെന്നും തങ്ങളുടെ ജീവിതശൈലിയിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് വികസനമെന്ന് ചിലർക്കെങ്കിലും അറിയാമെങ്കിലും പലരും അവരുടെ സാധാരണ ജീവിതത്തിൽ നിന്നും വ്യതിചലിക്കുവാൻ ശ്രമിക്കുന്നില്ല. ചിലരുടെ ആശയങ്ങൾ രൂപാന്തരപ്പെട്ടാണ് ലോകത്തിൽ കാണുന്ന വികസനമെന്ന് മനസിലാവുന്നവരും വിരളമാണ്. സാധാരണക്കാർക്ക് അവരുടെ ലോകം പരിമിതമാണെങ്കിലും സുരക്ഷിതത്വം ലഭിക്കുന്നുണ്ടെങ്കിൽ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടുവാൻ താല്പര്യമില്ല. അവരുടേതായ ചില മുടന്തൻ ന്യായവാദങ്ങൾ ഉയർത്തും, അതിനാൽ മറ്റൊരു അഭിപ്രായം അഥവാ മാർഗം കാണിക്കുന്നവരെ ഉൾക്കൊള്ളുവാൻ സാധിക്കുന്നില്ല.   ചുരുക്കത്തിൽ സാധാരണക്കാർക്ക് അസാധാരണ ജീവിതം നയിക്കുന്നവരെയും ലോകത്തിൽ വികസനത്തിനായി പ്രയക്നിക്കുന്നവരെയും എളുപ്പത്തിൽ ഉൾക്കൊള്ളുവാൻ സാധിക്കുന്നില്ല. അതിനാൽ അവർ ജീവിച്ചിരിക്കുമ്പോൾ അവരെ അംഗീകരിക്കില്ല എന്നാൽ മരണപ്പെടുമ്പോൾ അവരുടെയെല്ലാ പ്രവർത്തനങ്ങളെയും ജീവിത രീതികളെയും അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും തയ്യാറാവും.

 

മനുഷ്യർ വ്യതിരസ്‌ഥരായതിനാൽ ജീവിതരീതികളും പ്രവർത്തനശൈലിയും എല്ലാക്കാലങ്ങളിലും എല്ലാ സമയങ്ങളിലും വേറിട്ടതാണ്. അതിനാൽ ലോകത്തിൽ ഭൂരിഭാഗം വ്യക്തികൾക്കും മറ്റൊരാളുടെ ആശയങ്ങളോടും അഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും പൂർണമായി യോജിക്കുവാൻ സാധിക്കില്ല. എന്നാൽ സഹവർത്തിത്വം അനിവാര്യമായതിനാൽ താൽക്കാലികമായ നീക്കുപോക്കുകളുമായി സഹകരിച്ചു മുന്നോട്ടു പോകുവാൻ തയ്യാറാവുന്നു. എല്ലാ സാമൂഹിക സാംസ്‌കാരിക ജീവിതസാഹചര്യങ്ങളിലും ഇങ്ങനെയൊക്കെയാണെങ്കിലും ഔദ്യോഗിക മേഖലകളിൽ നൽകപ്പെട്ടിരിക്കുന്നു അധികാരങ്ങൾ മാത്രം ഉപയോഗിക്കുന്നു. അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും വ്യക്തികൾക്ക് നൽകിയിരിക്കുന്ന ഉത്തരവാദിത്വങ്ങൾ മാത്രം പൂർത്തീകരിച്ച് നിഷ്പക്ഷ നിലപാടുകളുമായി ജീവിക്കുന്നു. ധാർമ്മികമായ ചിന്താഗതികളും ജീവിത രീതികളും പുലർത്തുന്ന വ്യക്തികൾ എല്ലാ അവസരങ്ങളിലും നിഷ്പക്ഷമായി തീരുമാനങ്ങൾ എടുക്കുകയാണ് പതിവ്. അതിനാൽ തന്നെ പലപ്പോഴും ഒറ്റയാന്മാരായി പാർശ്വവൽക്കരിക്കപ്പെടുവാനുള്ള  സാധ്യതകൾ അധികമാണ്. സാമൂഹിക സാംസ്‌കാരിക വേദികളിൽ കൂട്ടുത്തരവാദിത്വവും സഹകരിച്ചുള്ള പ്രവർത്തനങ്ങളും അധികമാവശ്യമുള്ളതിനാൽ നിഷ്പക്ഷ നിലപാടുകൾ സ്വീകരിക്കുന്നവരെ മറ്റുള്ളവർ സ്വാഭാവികമായും അവഗണിക്കും. അങ്ങനെയാണ് ധാർമ്മികത അധികമുള്ളവർക്ക് അവസരങ്ങൾ കുറയുന്നതും അവരിൽ ചിലരെങ്കിലും അവസരങ്ങൾ ലഭിക്കുവാൻ മാത്രം തങ്ങളുടെ മേന്മയേറിയ ധാർമ്മിക ചിന്താഗതികളിൽ വെള്ളം ചേർക്കുവാൻ തയ്യാറാവുന്നതും.

 

മാറിമറിയുന്ന ജീവിത സാഹചര്യങ്ങളിൽ അനുകൂല സാഹചര്യങ്ങൾ തേടുന്നത് ഉചിതമായിരിക്കുമെന്ന് പലരും ഉപദേശിക്കുമെങ്കിലും ഓരോരുത്തർക്കും നഷ്ടമാവുന്നത് അവരുടേതായ തനത് വ്യക്തിത്വമാണ്. സാഹചര്യങ്ങൾ അനുകൂലമാക്കുവാൻ നിലപാടുകളിൽ മാറ്റങ്ങൾ വരുത്തുന്നവർക്ക് താൽക്കാലിക വിജയം ലഭിക്കുമെങ്കിലും  ചുരുക്കം ചിലർക്ക് മാത്രമാണ് ശാശ്വതമായ ജീവിതവിജയം ലഭിക്കുകയും ചെയ്യുന്നത് എന്നതും ശ്രേദ്ധേയമായ വസ്തുതയാണ്.

 

സാധാരണക്കാരായ ഭൂരിഭാഗം മനുഷ്യർക്കും  മറ്റുള്ളവരെ അംഗീകരിക്കുവാനും ആദരിക്കുവാനും എളുപ്പത്തിൽ സാധിക്കാതിരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാമൂഹിക ശാസ്ത്രജ്ഞന്മാർ പ്രാഥമികമായും ചൂണ്ടിക്കാണിക്കുന്നത് വ്യക്തികളിലെ ആൽമവിശ്വാസമില്ലായ്മയാണ്. അതായത് സ്വന്തം വ്യക്തിത്വത്തിലും പ്രവർത്തനക്ഷമതയിലുമുള്ള വിശ്വാസക്കുറവ്. തങ്ങളുടെ വാക്കുകളും സംസാരശൈലിയും മറ്റുള്ളവരുടെ അപ്രീതിക്ക് കാരണമാകുമോ എന്നുള്ള അകാരണമായ ആശങ്കകൾ. തങ്ങളുടെ പ്രതികരണങ്ങൾ മറ്റുള്ളവർ എങ്ങനെ ഉൾകൊള്ളുമെന്നുള്ള അനാവശ്യമായ സന്ദേഹങ്ങൾ. ഇങ്ങനെയുള്ളവർ പൊതുവെ അന്തർമുഖരാണെന്ന് സാധാരണക്കാർ വിശേഷിപ്പിക്കുമെങ്കിലും മറ്റുള്ളവരുമായി ഇടപഴുകുവാനുള്ള അവസരങ്ങൾ അധികം ലഭിക്കാത്തവരാണ്. മറ്റുള്ളവരുടെ വിജയകരമായ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും അനുയോജ്യമായി വിലയിരുത്തുകയും അനുമോദിക്കുകയും ചെയ്യണമെങ്കിൽ അവയെല്ലാം എത്രത്തോളം പൊതുസമൂഹത്തിന് ഉപകാരമാവുന്നുണ്ട് എന്നറിഞ്ഞിരിക്കണം. ലോകത്തിൽ അറിവ് ഒരിക്കലും പൂർണമല്ല എന്നതുപോലെയാണ് ഓരോ വ്യക്തികളുടെയും വിവിധ മേഖലകളിലുള്ള  അറിവുകളും. മറ്റുള്ളവരുമായി നിരന്തരം ഇടപഴുകുന്നതിലൂടെയാണ് എല്ലാ മനുഷ്യരും അറിവുള്ളവരാകുന്നതും അവർക്കുള്ള അറിവ് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതും. എന്നാൽ മറ്റുള്ളവരെ അനുമോദിക്കുവാൻ അറിവുള്ളവരാകണമെന്നതും നിർബന്ധമില്ല, കേവലം ശുഭാപ്തിവിശ്വാസമുള്ളവർ ആയാലും മതിയാകും. തങ്ങളെപ്പോലെ മറ്റൊരു വ്യക്തി കഠിനമായി പ്രയക്നിച്ചു നേടിയ നേട്ടങ്ങളായി കാണുവാനുള്ള സന്മനസ്സുണ്ടെങ്കിൽ മറ്റുള്ളവരെ ആദരിക്കുവാനും അനുമോദിക്കുവാനും എല്ലാവർക്കും സാധിക്കും.

 

വിമർശനങ്ങൾ അനുചിതമല്ലെങ്കിലും എല്ലാക്കാലങ്ങളിലും വിചിന്തനങ്ങൾ നൽകുന്നവയാണ്, അതായത് എല്ലാ പ്രവർത്തനങ്ങളെയും അപഗ്രഥിക്കുവാനും തെറ്റും ശരിയും ഒരിക്കൽകൂടി പരിശോധിക്കുവാനുള്ള അവസരങ്ങൾ. എന്നാൽ സാധാരണക്കാരായ മനുഷ്യരെ നയിക്കുന്നത് നൈമിഷിക വികാരങ്ങളായതിനാൽ  "കേവലം വിമർശനങ്ങളേക്കാൾ" "ക്രിയാത്മകമായ വിമർശനങ്ങളാണ്" ചേരുന്നത്. വിമർശിക്കുന്നതിനുള്ള കാര്യകാരങ്ങൾ വ്യക്തമാക്കിക്കൊണ്ടും കൂടുതൽ ഫലപ്രാപ്തിയിലേക്ക് നയിക്കുന്ന നിർദ്ദേശങ്ങൾ നിരത്തിയുമുള്ള തുറന്ന സംവാദങ്ങൾ. തുടക്കത്തിൽ ഉൾക്കൊള്ളുവാൻ പലർക്കും സാധിക്കില്ല എങ്കിൽകൂടിയും പലയാവർത്തി ആവുമ്പോൾ  ക്രിയാത്മകമായ വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് പലരും മനസിലാക്കുവാൻ ശ്രമിക്കും, പിന്നീട് തിരിച്ചറിയും, ജീവിതത്തിൽ പ്രാവർത്തികമാക്കും.  സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും എല്ലാ വ്യക്തികൾക്കും അവകാശങ്ങളുള്ളപ്പോൾ വളരെ ചെറിയ ശതമാനം മാത്രമാണ് കാര്യകാരണങ്ങൾ നിരത്തി മനസ്സു തുറന്ന് സംവദിക്കുന്നത്. പുരാതന കാലങ്ങളെ അപേക്ഷിച്ച് ആധുനിക ലോകത്തിൽ  സാമൂഹിക മാധ്യമങ്ങളിലൂടെ ധാരാളം അവസരങ്ങളുണ്ടെങ്കിലും പലർക്കും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുവാനും പങ്കു വയ്ക്കുവാനും മടിക്കുന്നത് മറ്റുള്ളവരുടെ പ്രതികരണങ്ങളെ ഭയന്നാണ്. പ്രാഥമികമായും മറ്റുള്ളവരുടെ അലോസരങ്ങൾക്ക് പാത്രമാവേണ്ട എന്നതാണെങ്കിലും വിഷയങ്ങളിലുള്ള ഗ്രാഹ്യക്കുറവും കാരണങ്ങളാണ്.  എന്നാൽ അതിലെല്ലാമുപരി ഒരിക്കൽ ഒരബദ്ധം അഥവാ തെറ്റുപറ്റിയാൽ തിരുത്തുവാൻ ശ്രമിക്കാതെ മുടന്തൻ ന്യായങ്ങൾ നിരത്തി വീണ്ടും അപഹാസ്യരാകുവാൻ ശ്രമിക്കുകയാണ്. ലോകത്തിലൊരാളും പരിപൂർണ്ണരല്ലാത്തതിനാൽ പ്രവർത്തനത്തിലും ആശയവിനിമയത്തിലും തെറ്റുകുറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ തിരിച്ചറിയുമ്പോൾ തിരുത്തുവാൻ തയ്യാറാവുന്നവരാണ് യഥാർത്ഥത്തിൽ ജീവിത വിജയം കൈവരിക്കുന്നവർ.  

മറ്റുള്ളവരാൽ അറിയപെടാത്തവരെക്കാളും ആദരിക്കപ്പെടാത്തവരെക്കാളും കോടികണക്കിന് അറിയപെടാത്തവരാണ് എല്ലാക്കാലങ്ങളിലും ലോകത്തിലുള്ളത്. 

 

ആദ്യകാലങ്ങളിൽ ഗ്രാമങ്ങളിലും നാട്ടിൻപുറങ്ങളിലും എല്ലാവരും അന്യോന്യം സഹകരിച്ചും ഇടപഴുകിയും  ജീവിച്ചിരുന്നതിനാൽ പലരുടെയും വ്യക്തിത്വങ്ങൾ അറിയപ്പെടുന്നവയായിരിന്നു. എന്നാൽ അവിടങ്ങളിലും ജനസംഘ്യയിൽ വർധനയുണ്ടായപ്പോൾ സാമൂഹിക ഇടപെടലുകളിൽ അതിരുകളുണ്ടായി പലരും അവരുടേതായ ചെറിയ ലോകത്തിലേയ്ക്ക് ഒതുങ്ങിക്കൂടി. പട്ടണങ്ങളിലെ സ്ഥിതി ആദ്യകാലം മുതലേ വലിയ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല, പലരും അവരുടെ പ്രവർത്തനമേഖലകളിലും ജീവിതസാഹചര്യങ്ങളിലും മാത്രം അറിയപ്പെടുന്നവരാണ്. വ്യക്തികളിൽ  എല്ലാം തികഞ്ഞവരെയും കണ്ടെത്തുവാൻ എളുപ്പവുമല്ലായിരുന്നു. പ്രവർത്തനമണ്ഡലങ്ങളിൽ അഗ്രഗണ്യരായവരിൽ പലരും സാമൂഹിക ജീവിതത്തിൽ അന്തർമുഖരായിരിന്നു. 

 

പൊതുസമൂഹത്തിൽ ശോഭിക്കുന്നവരിൽ പലരും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പരാജയപ്പെട്ടവരായിരിന്നു.  വികസിത രാജ്യങ്ങളിൽ വ്യക്തികളുടെ പ്രവർത്തനങ്ങളുടെ തെളിവുകളുടെ അടിസ്ഥാനത്തിൽ അംഗീകാരങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാനുള്ള സാധ്യതകൾ കൂടുതലാണ്. എന്നാൽ ലോകത്തിൽ അധികമായുള്ള അവികസിത രാജ്യങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനമുള്ളവർക്കാണ് അധികവും അംഗീകാരങ്ങൾ ലഭിക്കുന്നത്, പിന്നീട് അവരെല്ലാം അറിയപ്പെടുന്നവരായി രൂപാന്തരപ്പെടുകയാണ് പതിവ്. പലപ്പോഴും  രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികളാവാം മതസംഘടനകളുടെ സ്വാധീനമുള്ള പ്രതിനിധികളുമാവാം,  നേതാക്കന്മാരെയും സ്വാധീനമുള്ള  വ്യക്തികളെയും പ്രീതിപ്പെടുത്തുന്നതിലൂടെയാവാം ചില അവസരങ്ങളിൽ സാമ്പത്തിക ലാഭത്തിനായും പാരിതോഷികങ്ങളും ആദരങ്ങളും നൽകാറുണ്ട്.

 

അനുയോജ്യമായ ആദരങ്ങളും അംഗീകാരങ്ങളും അനുയോജ്യരായ വ്യക്തികൾക്ക് അവർ ജീവിച്ചിരിക്കുന്ന നാളുകളിൽ നൽകുകയെന്നത് സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. പല വ്യക്തികൾ ചേരുന്ന സമൂഹത്തിനെ നയിക്കുന്നതും ഒരുമയിൽ ചേർത്ത് നിർത്തുന്നതും അതെ സമൂഹത്തിലെ ചില വൃക്തികളുടെ അവസരോചിതമായ ഇടപെടലുകളിൽ കൂടിയാണ്. അങ്ങനെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ ആദരിക്കുന്നതിലൂടെ സമൂഹങ്ങളെയും അംഗീകരിക്കുകയാണ്. സമൂഹത്തിലുള്ള ഭൂരിഭാഗം മനുഷ്യരും അറിവും പ്രവർത്തി പരിചയവും നേടുന്നത് സമൂഹത്തിൽ ജീവിക്കുന്നതിലൂടെയും ഇടപഴുകുന്നതിലൂടെയും മാത്രമാണ്. മാതൃകാപരമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളുമായുള്ള സഹവർത്തിത്വത്തിലൂടെ മറ്റുള്ളവർക്കും അവരുടെ മാതൃക ഉൾക്കൊള്ളുവാൻ സാധിക്കും. അതിലുമുപരി സമയോചിതമായി ആദരങ്ങളും അംഗീകാരങ്ങളും ലഭിക്കുന്ന വ്യക്തികൾക്കും പൂർവാധികം ശക്തിയോടെ തങ്ങളുടെ പ്രവർത്തനമണ്ഡലങ്ങൾ ശക്തിപ്പെടുത്തുവാനും വിപുലീകരിക്കുവാനും സാധിക്കും. പൊതുസമൂഹത്തിൽ അവരുടെ സ്വീകാര്യത വർധിപ്പിക്കുകയും പിന്നീടുള്ള അവരുടെ പ്രവർത്തനങ്ങൾ അധികശോഭയേറിയതുമാവും. 

 

എന്നാൽ മരണാനന്തര ബഹുമതികൾ അവരുടെ പ്രവർത്തനങ്ങളെയും പ്രവർത്തിമണ്ഡലങ്ങളെയും അനുയോജ്യമായി അംഗീകരിക്കുമെങ്കിലും വ്യക്തികളെ അവരെല്ലാം ജീവിച്ചിരുന്ന കാലങ്ങളിൽ ആദരിക്കുന്നതിന് തുല്യമാവുന്നില്ല. എല്ലാക്കാലങ്ങളിലും ഈ ലോകത്തിൽ നിന്നും വേർപിരിഞ്ഞു പോയ അർഹതയുള്ള വ്യക്തികൾക്ക് ചേരുന്നതും ചിലപ്പോൾ അവർ അഭിലഷിക്കുന്നതും അനുസ്മരണങ്ങൾ മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com