ADVERTISEMENT

ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീ കൊളുത്തി കൊന്നു! മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച മറ്റൊരു വാർത്ത കൂടി. വാർത്തയ്ക്കു താഴെ കുറേ മനുഷ്യർ ആ അച്ഛനെ കുറ്റപ്പെടുത്തിയിരിക്കുന്നതു കണ്ടു. അദ്ദേഹം മാനസിക രോഗി വല്ലതും ആയിരുന്നോ, എന്തെങ്കിലും ദുഃസ്വഭാവങ്ങൾക്ക് അടിമയായിരുന്നോ എന്നൊന്നുമറിയില്ല. സ്വന്തം കുട്ടിയെ പരിപാലിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് വാർത്തകളിൽ കണ്ടത്‌. വാർത്തയോടനുബന്ധിച്ച് വന്ന ഒരഭിപ്രായം ഇങ്ങനെയായിരുന്നു ‘എന്ത് ബുദ്ധിമുട്ടാണ് ഇത് പോലുള്ള മക്കളേ കൊണ്ട്... സ്വന്തം കാലിൽ എഴുന്നേറ്റ് നടക്കുകയും കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുകയും,സ്വയം പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ കഴിവും ഉള്ള ഇത്തരം മക്കളേ കൊണ്ട് ആർക്ക് എന്ത് ബുദ്ധിമുട്ട് ?’. കിടപ്പുരോഗികളോട് താരതമ്യം ചെയ്താണ് ഈ അഭിപ്രായം. 

ഒരിക്കലെങ്കിലും നിങ്ങൾ ഈ കുട്ടികളുടെ വീട്ടിൽ കുറച്ചു ദിവസങ്ങൾ കഴിയാൻ ശ്രമിച്ചിട്ടുണ്ടോ? ഒരു നേരമെങ്കിലും ഇവരുടെ ഏതെങ്കിലും കാര്യങ്ങൾ ഏറ്റെടുത്തു ചെയ്തു കൊടുക്കാൻ തുനിഞ്ഞിട്ടുണ്ടോ ? ഒന്നു ശ്രമിച്ചു നോക്കുക. അപ്പോൾ മനസിലാകും ഈ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർ നേരിടുന്ന പ്രയാസങ്ങൾ. അവരെ പ്രാഥമിക കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യാൻ പഠിപ്പിച്ചെടുക്കാൻ, മരുന്നുകൾ കൊടുക്കാൻ, യാത്രകളിൽ കൂടെ കൂട്ടാൻ, ചികിത്സകൾക്ക് പണം കണ്ടെത്താൻ, സാധാരണ കുട്ടികൾക്കൊപ്പം വിദ്യാഭ്യാസം കൊടുക്കാൻ, മറ്റു മനുഷ്യരുടെ തുറിച്ചു നോട്ടത്തിൽ നിന്ന്, മോശമായ പെരുമാറ്റങ്ങളിൽ നിന്ന് രക്ഷപെടുത്താൻ തുടങ്ങി എന്തെല്ലാമെന്തെല്ലാം ബുദ്ധിമുട്ടുകളിൽ കൂടിയാണ് അവർ കടന്നു പോകുന്നതെന്ന് നാം മനസിലാക്കിയിരിക്കണം.

സ്വന്തം വീട്ടകങ്ങളിലെ കുറ്റപ്പെടുത്തലുകൾ വരെ അവരെ മുറിവേല്പിക്കുന്നത് നാം അറിയണം. കാരണം അവർ നമ്മുടെ സഹജീവികളാണ്. മനുഷ്യർ തന്നെയാണ്. ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന എല്ലാ സ്നേഹവും പരിഗണനയും അവരും അർഹിക്കുന്നുണ്ട്, ആഗ്രഹിക്കുന്നുണ്ട്. ഒറ്റപ്പെടുത്തരുത് ആ രക്ഷിതാക്കളെയും കുഞ്ഞുങ്ങളെയും. 

നമ്മുടെ സമൂഹം എപ്പോഴാണ് അവരോട് സഹൃദയത്വത്തോടെ പെരുമാറാൻ ശ്രമിച്ചിട്ടുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ ? സ്നേഹത്തോടെ ഒന്നു ചിരിക്കാൻ കൂടി മിനക്കെടാറില്ല എന്നതാണ് സത്യം. കൗതുകത്തോടെ അല്ലെങ്കിൽ സഹതാപത്തോടെ " അയ്യോ..പാവം " എന്ന രണ്ടു വാക്കുകൾ കുടഞ്ഞിടുന്നതോടെ കഴിഞ്ഞു നമ്മുടെ ഉത്തരവാദിത്തം. അറിയുക, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുതൽ സമൂഹത്തിൽ അവർക്ക് ലഭിക്കുന്ന പരിഗണന വരെ ഇന്നും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതകളാണ്. കടുവ എന്ന സിനിമയിൽ ഭിന്നശേഷിക്കാരി കുഞ്ഞിനെ ചൂണ്ടിയുള്ള ഡയലോഗ്-  "നാം ചെയ്യുന്ന കൊള്ളരുതായ്മയ്ക്ക് അനുഭവിക്കുന്നത് മക്കളാണ് ". വിവാദമുണ്ടാക്കിയത് നമുക്കറിയാം. ഇത് ആദ്യമായി പറയുന്നത് ആ സിനിമയുടെ സംവിധായകനോ, നായകനോ അല്ല. ഈ സമൂഹം തന്നെയാണ്. ഈ സമൂഹത്തിൽ നിന്നടർത്തിയെടുത്ത വൃത്തികേടാണ് അവർ സിനിമയിലേക്ക് ഒട്ടിച്ചു വച്ചത്. ഇത്തരം വിശ്വാസങ്ങൾ വച്ചു പോറ്റുന്ന സമൂഹത്തിന്, ആ മക്കൾക്ക് സാധാരണ കുഞ്ഞുങ്ങൾക്കൊപ്പം വിദ്യാഭ്യാസം അനുവദിക്കാത്ത സമൂഹത്തിന്, അവരുടെ കൂടെ കളിക്കാൻ പോലും സ്വന്തം മക്കളെ വിലക്കുന്ന സമൂഹത്തിന്, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ പൊട്ടൻ എന്നും മന്ദബുദ്ധി എന്നും വിളിച്ചു പരിഹസിക്കുന്ന ഈ സമൂഹത്തിന് എന്ത് അർഹതയാണ് ആ പിതാവിനെ കുറ്റപ്പെടുത്താൻ ? അവരുടെ പ്രയാസങ്ങൾക്ക് പുല്ലുവിലയിടാൻ ?

നാം ഇനി എന്നാണ് മനുഷ്യരേ കണ്ണു തുറക്കുക ? എന്നാണിനി ഈ വക വൃത്തികെട്ട മനോഭാവങ്ങളിൽ നിന്നു മുക്തരാവുക ? സമൂഹത്തിന്റെ വർധിച്ചു വരുന്ന ഓരോ വൈകൃതങ്ങളും വേദനകൾ മാത്രമാണ് ദിവസവും നൽകിക്കൊണ്ടിരിക്കുന്നത്. എന്റെ സുഹൃദ് വലയത്തിൽ ഭിന്നശേഷിക്കാരായ മക്കളുള്ള നാലോ അഞ്ചോ അമ്മമാരുണ്ട്. അവരുടെ എഴുത്തുകൾ പലതും വായന മുഴുമിപ്പിക്കാനാവാതെ ഞാൻ മാറ്റി വയ്ക്കും. പക്ഷേ, വേദനയുടെ തീച്ചൂട് പകരുന്ന ആ അനുഭവങ്ങളിൽ നിന്നും അവർക്ക് വിടുതലുണ്ടോ ? തങ്ങളുടെ മാലാഖ കുഞ്ഞുങ്ങളെ ചേർത്തു പിടിച്ച് അവർ നടത്തുന്ന യുദ്ധങ്ങൾ ഓരോന്നും ഈ സമൂഹത്തിൽ നമുക്കൊപ്പം ജീവിക്കാൻ വേണ്ടിയാണ്. തങ്ങൾക്ക് ലഭിച്ച കുഞ്ഞുങ്ങൾ ഡോക്ടറോ എഞ്ചിനീയറോ ആയി കാണാനല്ല അവരുടെ നെട്ടോട്ടങ്ങൾ. " അച്ഛാ..അമ്മേ എന്നൊരു വിളി കേൾക്കാൻ മാത്രം, അവരുടെ ഏറ്റവും ചെറിയ ആവശ്യങ്ങൾ പങ്കു വയ്ക്കാൻ പ്രാപ്തരാവുന്നത് കാണാൻ മാത്രമാണ് അവരുടെ ജീവിതം. ഒപ്പം തങ്ങൾക്ക് ശേഷം ഈ മക്കളുടെ ഭാവി എന്തെന്ന് വരെയുള്ള ചോദ്യങ്ങളിൽ ഓരോ നിമിഷവും അവർ വെന്തുരുകുന്നു. 

ഇന്ന് ഈ വക ദുരിതങ്ങൾ തീരെയും സഹിക്ക വയ്യാതെ ഒരച്ഛൻ കൊലപാതകിയായപ്പോൾ കുറ്റപ്പെടുത്തുകയും, കഷ്ടം പറയുകയും ചെയ്ത ആ ഒരുനിമിഷത്തേക്കെങ്കിലും  നാം ഓർക്കേണ്ടതാണ് നമ്മുടെ വികലമായ കാഴ്ചപ്പാടുകളുണ്ടാക്കുന്ന, പ്രവൃത്തികളുണ്ടാക്കുന്ന ദോഷങ്ങളെ പറ്റി...അവരുടെ ബുദ്ധിമുട്ടുകളിൽ നാം ഇനിയും അവർക്കായി ചെയ്തു കൊടുക്കേണ്ട സൗകര്യങ്ങളെ പറ്റി ഒക്കെ. എൻഡോസള്‍ഫാൻ ദുരിതബാധിതർക്കായി നിരാഹാരസമരം ചെയ്ത ലോകമറിയുന്ന സാമൂഹ്യപ്രവർത്തക ദയാബായിയെ പോലും നിഷ്കരുണം അധിക്ഷേപിച്ച മനുഷ്യരുള്ള നാടാണ് നമ്മുടേത്. ഈ പ്രവൃത്തികളൊക്കെ വൈകല്യം ബാധിച്ച പ്രബുദ്ധകേരളത്തിന്റെ നേർചിത്രങ്ങളായാണ് മാറിക്കൊണ്ടിരിക്കുന്നത്.

ബിരുദങ്ങൾ കടലാസുകളിൽ മാത്രമൊതുങ്ങുന്ന അഭ്യസ്തവിദ്യരുടെ നാടെന്ന അധഃപതന കാഴ്ച്ചകൾ.  ഇനിയുമെത്ര സാമൂഹ്യ പരിഷ്കർത്താക്കൾ ജന്മമെടുത്താലാണ്, എത്ര ബോധവൽക്കരണങ്ങൾ നടത്തിയാലാണ് നാം യഥാർത്ഥ മനുഷ്യരാവുക ? ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ അധികാരത്തിലേറിയാലാണ് മൂല്യാധിഷ്ഠിത ചിന്താഗതി കളാൽ സമ്പന്നരായി നാം പരിവർത്തനപ്പെടാൻ പ്രവർത്തിക്കുക? 

അറിവില്ലായ്മയുടെയും അന്ധവിശ്വാസങ്ങളുടെയും കെടുതികളാൽ സഹജീവികളിൽ നിന്നു തന്നെ വേദനകളേറ്റു വാങ്ങേണ്ടി വരുന്ന എന്റെ പ്രിയപ്പെട്ട എല്ലാ മാലാഖക്കുഞ്ഞുങ്ങളോടും രക്ഷിതാക്കളോടും മാപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com