ADVERTISEMENT

'എൻമകജെ' വായിക്കുന്നതിനു മുമ്പേ അവൾക്ക് എൻഡോസൾഫാൻ വിതച്ച ഭീകരതയെക്കുറിച്ചറിയാമായിരുന്നു. നോവലിൽ നിന്ന് പച്ചയായ ജീവിതത്തിലെ കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ജീവിച്ചിരിക്കുന്ന രക്തസാക്ഷികളെ നേരിട്ട് കാണണം. പറ്റുമെങ്കിൽ അവരുടെ ജീവിതം പകർത്തണം. സബിതയുടെ കാസർകോട് യാത്രയുടെ ഉദ്ദേശം അത് മാത്രമായിരുന്നു. കാസർകോട് എന്നാൽ അതിജീവനത്തിൻ്റെ പോരാട്ട ഭൂമി എന്നാണ് സബിത പറയാറുള്ളത്. 

പൂർണ്ണമായും വിട്ടുമാറാൻ എത്രകാലമെടുക്കും എന്നറിയില്ലങ്കിലും ദുരന്തത്തിൽ നിന്നും അതിജീവനത്തിലേക്കുള്ള നിലവിളികൾ കൊണ്ട് സമ്പന്നമാണ് കാസർകോട്. ഹതഭാഗ്യരുടെ സ്വന്തം മണ്ണ്. ദുരന്തങ്ങളേക്കാൾ ക്രൂരമായ അവഗണനകൾ കൊണ്ട്കൂടി വേദനിക്കുന്ന അനേകം കരച്ചിലുകൾ അവിടെ നിന്നും കേൾക്കാം. എൻഡോസൾഫാൻ എന്ന പേര്കൊണ്ട്മാത്രം ജില്ലയെ തേടിയെത്തുന്ന നിരവധി ആക്ടിവിസ്റ്റുകളിൽ ഒരാൾ മാത്രമാണ് സബിത.

അന്ന്, ഒപ്പുമരച്ചുവട്ടിലെ സമരവും ജനീവ കൺവെൻഷനും എൻഡോസൾഫാൻ നിരോധനവുമൊക്കെ നടക്കുമ്പോൾ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ ബി എ കന്നട വിദ്യാർഥിനിയാണവൾ. ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ-കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് അമ്മാവൻറെ വാഗണർ കാറിലാണ് കോളേജിലേക്കുള്ള ആദ്യ യാത്ര. റെയിൽവേ സ്റ്റേഷനിൽ എത്തുംവരെ അമ്മാവന്റെ സദാചാരോപദേശങ്ങൾ അവൾ സഹിച്ചു. അച്ഛനില്ലാത്തതിന്റെ കുറവ് തോന്നരുതല്ലോ എന്ന ചിന്തയിൽ അമ്മാവൻ ഇടയ്ക്കിടെ അമിതസ്വാതന്ത്ര്യമെടുക്കും. അതവൾക്ക് പലപ്പോഴും അരോചകമായി തോന്നുകയും ചെയ്തിരുന്നു.

 

സ്ലീവ് ലെസ്സ് ടോപ്പ് ധരിച്ചതിന് അമ്മാവനിൽ നിന്ന് കേട്ട ചീത്തയേക്കാൾ 'നിനക്ക് മാമൻ പറയുന്നത് കേട്ടാലെന്താ' എന്ന അമ്മയുടെ ചോദ്യമാണ് അവളെ ഏറെ വേദനിപ്പിച്ചത്. സ്വന്തം മകളെപ്പോലെ ഏട്ടൻ നോക്കുന്നുണ്ടല്ലോ എന്ന സമാധാനത്തിലായിരുന്നു അപ്പോഴൊക്കെയും സബിതയുടെ അമ്മ. ബാഗെടുത്ത് കാറിൽ നിന്നിറങ്ങുമ്പോൾ അമ്മാവൻ ഡിക്കി തുറന്ന് 15 ലിറ്റർ വെള്ളത്തിൻറെ ബോട്ടിൽ കൂടി പുറത്തെടുത്തു. കാസർകോട് എത്തിയാൽ പിന്നീട് ഈ വെള്ളം മാത്രം കുടിച്ചാൽ മതിയെന്നും അടുത്ത ഞായറാഴ്ച മംഗലാപുരത്ത് പോകുമ്പോൾ രണ്ടു ബോട്ടിൽ കൂടി ഹോസ്റ്റലിൽ ഇറക്കിത്തരാമെന്നും അമ്മാവൻ പറഞ്ഞു. 

ആ പറഞ്ഞതിന്റെ പൊരുൾ സബിതക്ക് അന്നേരം തിരിച്ചറിഞ്ഞിരുന്നില്ല. ഹോസ്റ്റലിലെ തെക്കൻ ജില്ലക്കാരായ മറ്റു രണ്ടുപേരും അവർ സ്റ്റോക്ക് ചെയ്ത വെള്ളത്തിൽ നിന്ന് മാത്രം പല്ല് തേക്കുകയും കുളിക്കുകയും മറ്റും ചെയ്യുന്നത് കണ്ടപ്പോഴാണ് അമ്മാവൻ തന്നുവിട്ട വെള്ളത്തിന്റെ രഹസ്യം അവൾക്ക് മനസ്സിലാകുന്നത്. അന്ന് രാത്രി ഫോണിൽ സംസാരിക്കവേ, ഹോസ്റ്റൽ മെനുവിൽ പച്ചക്കറിയുള്ള ദിവസം പുറത്തുനിന്ന് വല്ലതും വാങ്ങി കഴിക്കാനും ബ്രഡും ജാമും വാങ്ങി റൂമിൽ സ്റ്റോക്ക് ചെയ്യാനും അമ്മ ഓർമ്മപ്പെടുത്തുകയും ചെയ്തു. പുറത്തു പോയാൽ ഫ്രൂട്ട്സും ഇളനീരും കഴിക്കാനും പാടില്ലന്നുകൂടി അമ്മയവളിൽ നിയന്ത്രണമേർപെടുത്തി.

ആദ്യമൊക്കെ എൻഡോസൾഫാൻ കലർന്ന വെള്ളമായിരിക്കും എന്ന് ഭയന്ന് പുറത്തുള്ള വെള്ളത്തിൽ കൈകഴുകാൻ പോലും മടിച്ചിരുന്നെങ്കിലും പോകേ പോകേ അവൾക്ക് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി. അപ്പോഴും അമ്മാവൻ ഇടക്കിടക്ക് വെള്ളത്തിന്റെ വലിയ ബോട്ടിൽ എത്തിച്ചു നൽകുന്നുണ്ടായിരുന്നു.

രണ്ട് സംസ്ഥാന അതിർത്തികൾ പങ്കിടുന്നു എന്നതിനേക്കാൾ നിരവധി സംസ്കാരങ്ങളുടെ കൈമാറ്റങ്ങൾ നടക്കുന്ന ഭൂപ്രദേശം എന്ന പ്രത്യേകതയുണ്ട് മഞ്ചേശ്വരത്തിന്. മലയാളം പോലേതന്നെയാണ് ഇവിടുത്തുകാർക്ക് കന്നഡയും തുളുവും. ബ്യാരി ഭാഷയാണ് ഇവിടുത്തെ മറ്റൊരു സംസാര ഭാഷ. കൊങ്കിണി യും ഉറുദുവും ഹിന്ദിയും സംസാരിക്കുന്ന ജില്ലാ എന്ന നിലയിൽ സപ്തഭാഷ എന്ന പേരിലാണ് കാസർകോട് അറിയപ്പെടുന്നത് തന്നെ. പ്രാദേശിക ഭാഷാവകഭേദങ്ങൾ എടുത്താൽ ഇവിടെ 20 ഓളം ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

മഞ്ചേശ്വരത്തെ പഠനം വീട്ടുകാരിൽ ഭയം ജനിപ്പിച്ചിരുന്നെങ്കിലും എൻഡോൾഫാനെ  പറ്റിയുള്ള ഒരു ചിന്തയും സബിതയിൽ ഉണർത്തിയില്ല എന്നതാണ് സത്യം. ആയിടക്കാണ് ബാവിക്കരയിൽ നിന്നുള്ള എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥി ഹഫീസ് മുഹമ്മദിനെ പരിചയപ്പെടുന്നത്. കോളേജിലെ ഫിലിം ക്ലബ് പ്രവർത്തകരായ ഹഫീസ് മുഹമ്മദ് , സുധീഷ് പെർള, ശ്രുതി ബാലൻ എന്നിവരോടൊപ്പം സബിതയുമന്ന് സിനിമക്ക് പോകാൻ കാസർകോട്ടേക്ക് കർണാടക കെഎസ്ആർടിസി ബസ് കയറി.

മംഗലാപുരത്ത് നിന്ന് കാസർകോട്ടേക്ക് ഓരോ 5 മിനിറ്റിലും കർണാടക കെഎസ്ആർടിസിയുണ്ടങ്കിലും കേരള കെഎസ്ആർടിസി കിട്ടണമെങ്കിൽ 30 മിനിറ്റിലധികം കാത്തു നിൽക്കണമായിരുന്നു. മെഹബൂബ് തിയേറ്ററിലാണ് 'വലിയ ചിറകുള്ള പക്ഷികൾ' കളിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ സിനിമയ്ക്ക് വേണ്ടി അവർ കയ്യടിച്ചില്ല. പരസ്പരം കാണാതെ സുധീഷും ശ്രുതിയും കണ്ണുതുടക്കുന്നുണ്ടായിരുന്നു. സിനിമ കഴിഞ്ഞ് ഒന്നും സംസാരിക്കാനാവാതെ മുഖത്തോട് മുഖം നോക്കി അവർ അൽപനേരം അവിടെതന്നെയിരുന്നു.

വിതുമ്പലടക്കി ഹഫീസ് മുഹമ്മദാണ് ആദ്യം എണീറ്റ്നടന്നത്. ശ്രുതിയും സബിതയും കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് മംഗലാപുരം ബസ്സിലും സുധീഷ് പെർള ബസിലും കയറി. ഹഫീസ് മുഹമ്മദ് ബാവിക്കരയിലേക്കുള്ള മുബാറക്ക് ബസ് ലക്ഷ്യമാക്കി പഴയ ബസ് സ്റ്റാൻഡിലേക്ക് നടന്നു. അച്ഛന്റെ നാടായ സുള്ള്യയിലെ ഒരു പ്രൈവറ്റ് സ്കൂളിലാണ് സബിതക്ക് നിയമനം കിട്ടിയത്. സുള്ള്യയിൽ നിന്ന് കാസർകോട്ടേക്ക് കെഎസ്ആർടിസി ബസ്സിലും അവിടെനിന്ന് പയ്യന്നൂർ വരെ ട്രെയിനിലും പിന്നീട് ബസ്സിൽ ഇരട്ടിയിലേക്കും അതാണ് സബിതയുടെ നാട്ടിലേക്കുള്ള യാത്രാരീതി.

സ്കൂളിനടുത്തുള്ള ഇളയമ്മയുടെ വീട്ടിലാണ് സുള്ള്യയിൽ താമസം. ഇളയമ്മയുടെ മകൾ 14 വയസ്സുള്ള മനീഷയോടൊപ്പം കെഎസ്ആർടിസിയിൽ കാസർകോട്ടേക്ക് പോകുമ്പോഴാണ് ബോവിക്കാനത്ത് നിന്ന് ഹഫീസ് മുഹമ്മദ് ആ ബസ്സിൽ കയറുന്നത്. കോളേജ് ഗ്രൂപ്പിൽ നിന്ന് ഹഫീസിന്റെ നമ്പർ നോക്കി അവളൊരു വാട്സ്ആപ്പ് മെസ്സേജ് അയച്ചു. അവൻ മെസ്സേജ് നോക്കുന്നില്ലെന്ന് കണ്ടപ്പോൾ ഫോൺ വിളിച്ചു.

വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അവർ ബസ്സിലും പിന്നീട് ബസ്സിറങ്ങിയും കുറെനേരം സംസാരിച്ചു. പോകാൻ നേരമാണ് കയ്യിലുള്ള 'എൻമകജെ' നോവൽ അവൻ സബിതക്ക് നൽകുന്നത്. നോവൽ വായിക്കുമ്പോൾ അവൾക്ക് ഒപ്പുമരച്ചുവട്ടിൽ കണ്ട സമരം ഓർമ്മവന്നു. നാട്ടിൽ നിന്ന് വെള്ളം കൊണ്ടുപോയി ഹോസ്റ്റലിൽവെച്ച് കുടിച്ചകാലം ഓർമ്മവന്നു. മാധ്യമത്തിലും മാതൃഭൂമിയിലും വന്ന ലേഖനങ്ങൾ ഓർമ്മവന്നു. ഇന്ത്യാവിഷനിലും ഏഷ്യനെറ്റിലും കണ്ട ദൃശ്യങ്ങൾ ഓർമ്മവന്നു. 'വലിയ ചിറകുള്ള പക്ഷികൾ' ഓർമ്മവന്നു.

അന്നുരാത്രി അവൾ ഉറങ്ങിയില്ല. എൻഡോസൾഫാൻ നിരോധിച്ചെങ്കിലും വൈകല്യങ്ങളോടെ പിറന്നകുഞ്ഞുങ്ങൾ അവളിൽ നൊമ്പരംനിറച്ചു. അവരുടെ അമ്മമാരുടെ കരച്ചിലുകൾ അവളെ തളർത്തി. കാൽനൂറ്റാണ്ട് കാലം കാസർകോട് ജില്ലയിലെ ഇരുപതോളം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് മേൽ വർഷിച്ചഎൻഡോസൾഫാൻ കീടനാശിനിയുടെ അനന്തരഫലം അനുഭവിക്കുന്നവരോട് ഭരണകൂടങ്ങൾ നീതി പാലിച്ചിട്ടുണ്ടോ?

അവർക്ക് വേണ്ടി, അവരുടെ വൈകല്യമുള്ള മക്കൾക്ക് വേണ്ടി ആശുപത്രികൾ നിർമ്മിച്ചു നൽകിയിട്ടുണ്ടോ?

വിദ്യാഭ്യാസ സൗകര്യം ഒരുക്കിയോ?

സുപ്രീംകോടതി പറഞ്ഞ നഷ്ടപരിഹാരം നൽകിയോ?

അവളിലൂടെ കുറെയേറെ ചോദ്യങ്ങൾ കടന്നുപോയി. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് സബിതയ്ക്ക് തോന്നി. ഒരു ഡോക്യുമെന്ററിയാണ് അവളുടെ മനസ്സിൽ വന്നത്. ഹഫീസും അവന്റെ കൂട്ടുകാരി സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ബിഎസ്‌ഡബ്ല്യുവിന് പഠിക്കുന്ന ജാസ്മിനും അവൾക്ക് വേണ്ട സഹായങ്ങൾ നൽകാമെന്നേറ്റു. റെയിൽവേസ്റ്റേഷനിൽ നിന്ന് മൂവരും ആദ്യം പോയത് ബാവിക്കരയിലെ ഹഫീസ് മുഹമ്മദിൻറേ വീട്ടിലേക്കാണ്. കശുമാങ്ങയുടെ മണമാണ് മുളിയാറിന്, സബിത വെറുതേ മണത്തുനോക്കി. ബോവിക്കാനത്ത് നിന്ന് മരങ്ങൾക്കിടയിലൂടെയുള്ള റോഡിലെയാത്രയവൾക്ക് നന്നേ ബോധിച്ചു.

വൈകുന്നേരത്തെ ചായക്ക് ശേഷം യാത്ര തുടങ്ങിയപ്പോൾ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസും അവരുടെ തോട്ടവും അവർ കണ്ടു. സബിത കാറിനകത്ത് ഇരുന്നുകൊണ്ടുതന്നെ അവ പകർത്തി. പിന്നീടവർ നേരെപോയത് മുതലപ്പാറയിലേക്കാണ്. കാറിൽ നിന്നിറങ്ങി അവർ പഴയ ഹെലിപോർട്ടിൽ എത്തി. ബാവിക്കര സ്കൂളിൽ നാലാംതരത്തിൽ പഠിക്കുമ്പോൾ കുഞ്ഞികൃഷ്ണൻ മാഷ് തങ്ങളെ വരിവരിയായി നടത്തി ഹെലികോപ്റ്റർ കാണാൻ പോയത് ഹഫീസ് ഓർത്തു. അന്ന് ഹെലികോപ്റ്റർ തൊടാനായതും, പിന്നീട് തലയ്ക്കു മീതെ ഏറ്റവും വലിയ തെങ്ങിനെ മുട്ടിമുട്ടിയില്ല എന്ന മട്ടിൽ പറക്കുമ്പോൾ കാണാനായി വീടിനു പുറത്തിറങ്ങിയിരുന്ന തൻറെ ചെറുപ്പവും അവനവരോട് വിവരിച്ചു.

അവിടെയുള്ള ശേഷിപ്പുകൾ പലതും സബിത ക്യാമറയിൽ പകർത്തി. സന്ധ്യയ്ക്ക് മുമ്പ് നെല്ലിക്കാടിൽ എത്തണം. ഷാക്കിറയെ കാണണം, അതാണ് ഇന്നത്തെ പ്ലാനിൽ അവർക്ക് ബാക്കിയുള്ളത്. എൽബിഎസ് കോളേജിനടുത്തുള്ള ഷാഫിയുടെ വീട്ടിൽ എത്തുമ്പോൾ സമീറ പുറത്തുചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. അവർ പരിചയപ്പെടുത്തിയപ്പോൾ സമീറ ചിരിച്ചു. ആ ചിരിയിൽ ഒരു സ്വപ്നം നടുകേ പിർന്നതിന്റെ മുഴുവൻ വേദനയും ഒളിപ്പിച്ചു വെച്ചത് സബിത കണ്ടു. അകത്തെ മുറിയിൽ അവർ ഷാക്കിറയേ കണ്ടു. എണീറ്റ് നടക്കാനാവാതെ, സംസാരിക്കാനാവാതെ ഷാക്കിറ അവരോട് എന്തൊക്കെയോ അപശബ്ദത്തിൽ പറഞ്ഞുകൊണ്ടിരുന്നു.  സമീറയത് ഡീ-കോഡ് ചെയ്തു നിങ്ങളെ കണ്ട സന്തോഷം പ്രകടിപ്പിച്ചതാണെന്ന് അവരോട് പറഞ്ഞു.

ഷാക്കിറക്കിപ്പോൾ 20 വയസ്സായി. കൂടെ ജനിച്ചവരിൽ ചിലർക്ക് മക്കൾ രണ്ടെണ്ണമായി. കിടന്ന പായയിൽ നിന്ന് ചെരിച്ചു കിടത്താനും ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും അവൾക്ക് അമ്മയുടെ സഹായം വേണം. എണീറ്റ് ഇരുത്താനാവില്ല, ചുമലിൽ താങ്ങിയെടുത്ത് കുളിമുറിയിൽ കൊണ്ടുപോയി കുളിപ്പിക്കണം. 20 വയസ്സുള്ള മകളെ 20 മാസമായ കുഞ്ഞിനെപോലെ സമീറ എടുക്കും, തലോടും സംസാരിക്കും. കുപ്പിയാണ് ഷാക്കിറയുടെ കൂട്ടുകാരി. പകുതി വെള്ളമുള്ള കുപ്പി എപ്പോഴും കയ്യിൽ വേണം. കുപ്പി കയ്യിൽ ഇല്ലാത്ത നേരങ്ങളിൽ അവൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും കരയുകയും ചെയ്യും. കുപ്പിയോട് അവൾ സംസാരിക്കും, കഥകൾ പറയും. ഒരു നല്ല കൂട്ടുകാരിയെ പോലെ ആ കുപ്പി ഷാക്കിറക്ക് ചെവികൊടുക്കും, കുലുങ്ങി ശബ്ദമുണ്ടാക്കും.

ഒരായുസ്സിലെ മുഴുവൻ വേദനയും ഉള്ളിലൊതുക്കി സമീറ ഷാക്കിറയെപ്പറ്റി അവരോട് സംസാരിച്ചു. പക്ഷേ സബിതയ്ക്ക് തിരിച്ചൊന്നും സംസാരിക്കാനോ പുഞ്ചിരിക്കാനോ ആയില്ല. ക്യാമറ എടുക്കാനോ അവളെ പകർത്താനോ ഓർമ്മ വന്നില്ല. അവൾക്ക് കാലുകൾ കുഴയുന്നതുപോലെ, തലകറങ്ങി കറങ്ങുന്നത് പോലെ തോന്നി. കാറിൽ കുറെ നേരം ഒന്നും സംസാരിക്കാതെ അവരിരുന്നു. ഷാക്കിറയുടെ പ്രായമുള്ള ജാസ്മിൻ അന്നേരം കണ്ണടച്ച് സീറ്റിൽ ചാരിയിരിക്കുകയാണ്. തങ്ങളുടെ കുട്ടികാലമായിരുന്നു അവരുടെ ഓർമ്മകൾ നിറയെ. നിശബ്ദത മുറിക്കാൻ എന്നവണ്ണം ഹഫീസ് സബിതയോട് പറഞ്ഞു. 'നാളെ നമുക്ക് അമ്പലത്തറ സ്നേഹവീട്ടിൽ പോകണം. അരുണിയെ കാണണം. അരുണിയുടെ കുഞ്ഞൂനെ കാണണം.' തന്റെ മുകളിൽ വലിയ ചിറകുള്ള പക്ഷിയെപ്പോലെ ഒരു ഹെലികോപ്റ്റർ വട്ടമിട്ടു പറക്കുന്നതായി അവൾക്കപ്പോൾ തോന്നി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com