ഓർമ്മയുടെ
ഭൂതകാലത്തേക്കാണ്
നോവിൻ ഭാണ്ഡം പേറി
നദിയൊഴുകുന്നത്
സുഖസ്മൃതികളുടെ
സ്ഫടിക ജലകണങ്ങൾ
ക്ഷുബ്ധ പാറക്കല്ലിൽ
മുട്ടുമ്പോൾ
ഉടഞ്ഞ് വഴിപിരിഞ്ഞ്
ഒഴുകുന്നത്
ജീവിതം തന്നെയാണ്!
പിരിച്ചൊഴുക്കലിൻറെ
ചോരച്ച കീറുമായ്
പുഴ ഒഴുകുമ്പോഴാണ്
രാത്രിയുടെ മാനത്ത്
നരിച്ചീറുകൾ
ഒച്ച വെക്കുന്നത്
മണൽതരികളെത്തഴുകി
നദി നീങ്ങുമ്പോൾ
സ്മൃതിയിലെ കുപ്പിവളകൾ
ഗസൽ മീട്ടുന്നു
നദി നദിയോട് ചേരുന്ന
സൗന്ദര്യം
മുന്നിൽ മറയുമ്പോഴാണ്
ബാല്ല്യം കടലിലേക്കൊഴുകി
പോകുന്നത്!
ഓർമ്മയെ പ്രണയിച്ച്
പിന്നോട്ട് നടന്ന് നടന്ന്
അവനെത്തുക
നദി കടലിനോട് ചേരുന്ന
ആയുസ്സൊടുങ്ങുന്ന
തീരത്താണ്!