വർഷം: 2019, ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിലെ സറി നഗരത്തിൽ, ഒരു സ്വയം തൊഴിൽ സംഘത്തിൽ അംഗമായിരുന്നു ഞാൻ. ഗവൺമെന്റ് പിന്തുണയോടെ ബിസിനസ് പ്ലാൻ തയാറാക്കൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, വെബ്സൈറ്റ് ഡിസൈൻ, ഫിനാൻസ്, ഓപ്പറേഷൻസ്, മാർക്കറ്റിംഗ്, സെയിൽസ്, നെറ്റ്‍വർക്കിംഗ് എന്നിവയിൽ പരിശീലനം. എന്റെ സഹപാഠികൾ- റെയിൽവേ എൻജിനീയർ, ഐടി സേവന ദാതാവ്, കിച്ചൻ കാബിനറ്റ് മെയ്ക്കർ, വുഡ് വർക്കിംഗ് ആർട്ടിസാൻ, ഇമിഗ്രേഷൻ കൺസൾട്ടന്റ്, ആമസോൺ ഉൽപ്പന്ന വിതരണക്കാരി, ഡെകോർ എക്സ്പർട്ട്. അവരുടെ സ്വദേശം കാനഡ, അമേരിക്ക, ഇന്ത്യ, ചൈന, നമീബിയ, ചെക്ക് റിപ്പബ്ലിക്. അതിൽ ഒരാൾ വേറിട്ടു നിൽക്കുന്നു- കഞ്ചാവ് കൃഷിക്കാരൻ!
കെന്റ് സള്ളിവന്റെ കുടുംബം പ്ലാന്റേഷൻ ഉടമകളാണ്. കെന്റിനെ അവർ ദത്തെടുത്തത്. പലതരം കൃഷിയും വിളകളും പരീക്ഷിച്ചു. ഇപ്പോൾ ആദായകരമായ ഒരു ബിസിനസ് അവസരം മുതലാക്കുന്നു. പുതിയ കാലത്ത് നിയമാനുസൃതമായ ലഹരി നുരയുന്ന നാണ്യവിള- കഞ്ചാവ്. കനാബിസ്, പോട്ട്, മരിയുവാന, വീഡ് എന്നെല്ലാം പേരുള്ള കഞ്ചാവ് ചെടി മനുഷ്യ സംസ്കാരം ആരംഭിച്ച കാലം മുതൽ ഭൂമുഖത്തുണ്ട്. ബിസി 3000 മുതൽ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവുകൾ കാണാം. ചരിത്രാതീത കാലത്തെ വേട്ടക്കാരും പുരാതന ചൈനക്കാരും സൈബീരിയക്കാരും നാവികരായ വൈക്കിംഗുകളും ഈ സസ്യത്തിന്റെ ലഹരിയിൽ മുങ്ങിനിവർന്നു. വിനോദ മാർഗമായും ഔഷധമായും കഞ്ചാവ് മനുഷ്യന്റെ കൂടെയുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള വിവാദങ്ങളും നിയമങ്ങളും വിലക്കുകളും ചരിത്രത്തിൽ താരതമ്യേന പുതിയതാണ്, ഒരു നൂറ്റാണ്ടിനു മുമ്പാണ് ഈ ചെടി നിയമ വിരുദ്ധമായത്. ആ സ്ഥിതിയിൽ മാറ്റം വരുന്നു. കാനഡയിൽ 2018 മുതൽ കഞ്ചാവ് നിയമാനുസൃതമായി. ഒരാൾക്ക് 30 ഗ്രാം കയ്യിൽ സൂക്ഷിക്കാം, പങ്കുവയ്ക്കാം. അംഗീകൃത വ്യാപാരികളിൽ നിന്ന് നേരിട്ടോ ഓൺലൈനിലോ ഉൽപ്പന്നങ്ങൾ വാങ്ങാം (പച്ചയോ ഉണങ്ങിയതോ ദ്രാവകമോ). സ്വകാര്യ ആവശ്യത്തിനായി വീട്ടിൽ നാല് ചെടികൾ വളർത്താം. പക്ഷേ, കനേഡിയൻ യുവാക്കൾക്ക് ഈ മായിക പുകച്ചുരുളിൽ അലിയാൻ പതിനെട്ട് തികയണം. ശരിയായ ഉപയോഗത്തിന് ശക്തമായ നിയമമുണ്ട്.

ഉപയോഗിക്കാൻ അനുമതി നൽകിയതിനെ ഗവൺമെന്റ് ഇങ്ങനെ ന്യായീകരിക്കുന്നു: നിയമവിരുദ്ധമായ വിൽപന തടഞ്ഞ് കുറ്റകൃത്യങ്ങൾ കുറയ്ക്കുക, കൗമാര പ്രായക്കാർക്ക് ലഭ്യത തടയുക. എന്നാൽ, ഒൺടേറിയോയിലെ ഗ്വൽഫ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ആൻഡ്ര്യൂ ഹാതവേ വിയോജിക്കുന്നു: കാനഡയിലെ കഞ്ചാവിന്റെ നിയമവിരുദ്ധ മാർക്കറ്റിന്റെ ഉൽപാദകരും വിതരണക്കാരും ക്രിമിനൽ ബന്ധം ഇല്ലാത്തവരാണ്. ഈ നിയമം കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നത് തടയുന്നുമില്ല, അവർ സാധനം വാങ്ങുന്നത് കടകളിൽ നിന്നല്ല, സോഷ്യൽ നെറ്റ്‍വർക്ക് വഴിയാണ്. യഥാർഥ കാരണം പക്ഷേ ഇതല്ല. പുതിയൊരു വിപണി തുറന്ന് വൻലാഭം കൊയ്യാനുള്ള കോർപറേറ്റുകളുടെ പദ്ധതി. അവർക്കു വേണ്ട നിയമ നിർമ്മാണം രാഷ്ട്രീയക്കാർ നടത്തിക്കോളും. കോവിഡ് പ്രതിസന്ധിക്കു ശേഷം ഉണരുന്ന വിപണിയിൽ നേട്ടം കൊയ്യാനായി നിക്ഷേപിക്കാൻ പറ്റിയ കനാബിസ് സ്റ്റോക്കുകളെ പറ്റി വ്യവസായ വൃത്തങ്ങളിൽ ചർച്ച നടക്കുന്നു. കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഈ കമ്പനികൾ ന്യൂയോർക്ക് സ്റ്റോക്ക് എക്സേഞ്ചിൽ ലിസ്റ്റ് ചെയ്തവയാണ്.
എന്റെ കർഷക സുഹൃത്ത് കെന്റ് സള്ളിവൻ കോർപ്പറേറ്റ് ശ്രൃംഖലയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ്. കമ്പനി റജിസ്റ്റർ ചെയ്തു. സിഇഒ, അക്കൗണ്ടന്റ്, വക്കീൽ, മാർക്കറ്റിംഗ്/ സെയിൽസ് ടീം അടക്കം സകല സന്നാഹവുമുണ്ട്, കാശിറക്കാൻ നിക്ഷേപകരും. കമ്പനിയുടെ അമ്പതു ശതമാനത്തിലധികം ഓഹരികളുടെ ഷെയർ കെന്റിന്. ഇടവേളയിൽ ഞങ്ങൾ സംസാരിക്കും. നികുതി ലാഭിക്കാനും സർക്കാരിന്റെ പലതരം ഗ്രാന്റുകൾ നേടാനുമുള്ള വഴികൾ പറഞ്ഞു തരും. ഉദാഹരണം: റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഗ്രാന്റ് കെന്റിന് കിട്ടുന്നുണ്ട്, കഞ്ചാവ് ചെടി ഔഷധാവശ്യത്തിന് ഉപയോഗിക്കാമല്ലോ.
മൈഗ്രോബ്ളൂംസ്. അതാണ് കമ്പനിയുടെ പേര്. പ്രകാശവും താപനിലയും നിയന്ത്രിച്ച് ഗ്രീൻഹൗസിലാണ് കൃഷി. ഇടുക്കി ഗോൾഡ്! ഞാൻ വാചാലനായി. 'കാനഡയിലും മലമുകളിൽ കൃഷിയുണ്ട്, പക്ഷേ ആദായകരമല്ല, കാലാവസ്ഥ പ്രശ്നമാകും. ഞങ്ങൾ വളർത്തുന്നത് വലിപ്പം കുറഞ്ഞ ചെടിയാണ്. മണ്ണ്, വെള്ളം, വളം- അങ്ങേയറ്റം ശാസ്ത്രീയം.' കെന്റിന് കഞ്ചാവിനോട് അയിത്തമില്ല. ചെറുപ്പത്തിൽ പരീക്ഷിച്ചു കാണും. പക്ഷേ അടിമയല്ല, ഇവിടെ അത് ചെയ്യാത്ത ചെറുപ്പക്കാർ വിരളം. കെന്റിന് കുലുക്കമില്ല. 'ഞങ്ങൾ ചെയ്യുന്നത് ഒരു സേവനം!' ഉന്നത നിലവാരമുള്ള ഉൽപന്നം നിർമിച്ച് വിതരണം ചെയ്യുന്നു. സുരക്ഷിതമായി ഉപയോഗിക്കാനാകുന്നു. ഗവൺമെന്റ് ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ പൊതു സ്ഥലത്ത് പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

മാതാപിതാക്കൾ കുട്ടികളെ കാണിക്കാതെ വീടുകളിൽ ഒളിപ്പിച്ചു വയ്ക്കണം. ഇത് സാധ്യമാണോ? ഞാൻ ചോദിച്ചു. 'തീർച്ചയായും. ഞങ്ങൾ സപ്ലൈ ചെയ്യുന്നത് പ്രത്യേകതരം കാനിസ്റ്ററിൽ. ചൈൽഡ് ലോക്കുണ്ട്.'- ചിരിച്ചു കൊണ്ട് കെന്റ്. നടന്നത് തന്നെ! നിയമ വിധേയമായതോടെ വൻലാഭം നേടാവുന്ന ബിസിനസായി ഇത് വളരുകയാണ്. പക്ഷേ എളുപ്പത്തിൽ തുടങ്ങാനാവില്ല. കൃഷിസ്ഥലത്തിന്റെ ഉയർന്ന വാടക, സുരക്ഷാ ചെലവ്, ലൈസൻസിംഗ് ഫീ, കടുത്ത സർക്കാർ നിബന്ധനകൾ. എന്നാൽ കെന്റ് ഈ കടമ്പകൾ കടന്നു കഴിഞ്ഞു. ഗവൺമെന്റ് കോവിഡ് കാലത്ത് കനാബിസ് ഡിസ്പെൻസറികൾ അടച്ചതിനാൽ ഉപഭോക്താക്കൾ ബുദ്ധിമുട്ടി. വൈകാതെ ഓൺലൈൻ ഓർഡർ അനുവദിച്ചു, പാർസലുകൾ കാനഡ പോസ്റ്റ് വഴി ലഭ്യമാക്കി.
പൗരന്മാരുടെ സമ്മർദ്ദം കുറയ്ക്കണ്ടേ?
2020 ഡിസംബർ മുതൽ കഞ്ചാവ് പാനീയങ്ങൾ വിപണിയിൽ ഇറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് 77% പേർ മദ്യം ഉപയോഗിക്കുന്നു, എന്നാൽ പുകവലിക്കാർ 17% മാത്രം. ബിസിനസ് ഭാഷയിൽ 'ഗാപ് ഇൻ ദ് മാർക്കറ്റ്.' ഇവരെയാണ് കഞ്ചാവ് ദ്രാവക നിർമാതാക്കൾ ലക്ഷ്യമിടുന്നത്. ഈ പാനീയങ്ങളിൽ കാലറി കുറവ്, തടികൂടും എന്ന പേടി വേണ്ട. ഹാംഗ് ഓവറും ഉണ്ടാകില്ലത്രേ. കഞ്ചാവ് നിയമ വിധേയമാക്കണമെന്ന ആവശ്യം കാനഡയിൽ ഏറെ നാളായി നിലവിലുണ്ട്. 2011-ൽ അമേരിക്കയിൽ ഗാലപ് നടത്തിയ സർവേയിൽ 76% പേർ കാനബിസ് അനുകൂല നിയമ നിർമാണം ആവശ്യപ്പെട്ടു. അവിടെ 37 സംസ്ഥാനങ്ങൾ ഔഷധ നിർമാണത്തിന് ഉപയോഗിക്കാൻ അനുവാദം നൽകിക്കഴിഞ്ഞു. 21 സംസ്ഥാനങ്ങളിൽ ഔഷധ/വിനോദ ആവശ്യത്തിനും അനുമതി. പുതിയ കാലത്ത് കഞ്ചാവിന് മാന്യത നൽകിയ ആദ്യ രാജ്യമാണ് യുറുഗ്വായ്- 2014 മുതൽ നിയമവിധേയം. ഒരാൾക്ക് വീട്ടിൽ ആറ് ചെടികൾ വളർത്താം, കഞ്ചാവ് ക്ലബ്ബുകൾ വഴി വർഷത്തിൽ നൂറ് ചെടികൾക്ക് പോഷണം നൽകാം, ഡിസ്പെൻസറി വഴി വിൽക്കാം.

യൂറോപ്പിലെ നെതർലൻഡ്സിൽ കഞ്ചാവ് നിയമാനുസൃതമാണ് എന്ന വിചാരമുണ്ട് പലർക്കും. സഞ്ചാരികൾ കാര്യമറിയാതെ കുഴപ്പത്തിൽ ചാടാറുമുണ്ട്. എന്നാൽ രാജ്യത്ത് ഡ്രഗ് നിയമവിരുദ്ധമാണ്. ഉണ്ടാക്കുന്നതും, ഇറക്കുമതി ചെയ്യുന്നതും, കയ്യിൽ വയ്ക്കുന്നതും, ഉപയോഗിക്കുന്നതും കുറ്റകരം. പക്ഷേ സർക്കാരിന്റെ ഡ്രഗ് പോളിസി ചില ഇളവുകൾ നൽകുന്നു. കോഫി ഷോപ്പുകളിൽ പ്രത്യേക തരം ലഹരി വസ്തുക്കൾ വിൽക്കാം. സോഫ്റ്റ് ഡ്രഗ്സ് എന്നു പേര്. ഒരു ദിവസം അഞ്ചു ഗ്രാം കഞ്ചാവ് കയ്യിൽ വയ്ക്കാം, പക്ഷേ കർശനമായ നിയന്ത്രണത്തിന് വിധേയം. പരസ്യം ചെയ്യാൻ പാടില്ല, 18 വയസ്സിൽ താഴെയുള്ളവർക്ക് വിൽക്കരുത്. നിബന്ധനകൾ പാലിക്കപ്പെടുമോ എന്ന് ഉറപ്പില്ല. മറ്റു യൂറോപ്യൻ രാജ്യങ്ങൾ പലതും ഇപ്പോഴും ഈ നയത്തിന് എതിരാണ്. അതിർത്തികൾ വ്യക്തമല്ലാത്ത യൂറോപ്പിൽ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ കയ്യിലെ കഞ്ചാവ് ജയിലിൽ ഇടം നേടിത്തരാം.
എന്നാൽ നെതർലൻഡ്സ് ഗവൺമെന്റ് ചെറുകിട മയക്കുമരുന്ന് ഉപയോക്താക്കളെ കുറ്റവാളികളായി കാണുന്നില്ല. ദയയും ചികിത്സയും അർഹിക്കുന്ന അവരെ വേട്ടയാടി ജയിലിൽ ഇടാൻ പണവും മനുഷ്യശേഷിയും പാഴാക്കേണ്ടതില്ല. എന്നാൽ വൻകിട ഹാർഡ് ഡ്രഗ് കടത്തുന്നവർ നിയമ വിരുദ്ധരും പൊലീസിന്റെ ശത്രുക്കളുമാണ്. ഇതേ നിലപാടാണ് പോർച്ചുഗലും യുറുഗ്വായും സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ കാഴ്ചപ്പാടിൽ ഇതൊരു കൾച്ചറൽ ഷോക്കാണ്, പടിഞ്ഞാറേക്ക് കുടിയേറുന്ന കുടുംബങ്ങൾക്ക് വെല്ലുവിളിയും. ചെറുപ്പത്തിൽ ലഹരി പരിചയിക്കുന്ന ഭാവിതലമുറ എങ്ങോട്ട് തിരിയും? വ്യക്തമായ ഉത്തരമില്ല. തെക്കേ അമേരിക്ക ഇപ്പോഴും ലഹരി ഉദ്പാദന വിളനിലമാണ്. ഇതുവരെ തെക്ക്-വടക്ക് അമേരിക്കകൾ ലഹരിയുമായി പൊരുതുകയായിരുന്നു. സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാൽ ഇപ്പോൾ സമരസപ്പെടുന്നു. 400 ബില്യൺ ഡോളറാണ് നിരോധിത ലഹരി വസ്തുക്കളുടെ ആഗോള വാർഷിക വിപണി (കൊക്കയ്ൻ, ഹെറൊയിൻ, കാനബിസ്, സിന്തറ്റിക്). ഏഴു വർഷത്തിനകം നിയമവിധേയ കഞ്ചാവ് വിപണി 75 ബില്യൺ ഡോളറാകും.
യൂറോപ്പിലെത്തുന്ന പലതരം മയക്കുമരുന്നുകളുടെ പ്രഭവ കേന്ദ്രം തെക്കേ അമേരിക്കയാണ്. പത്തു വർഷം മുമ്പ് മെക്സിക്കൻ തീരത്തു നിന്ന് നാർക്കോട്ടിക്സുമായി പുറപ്പെട്ട ഒരു വെസ്സലിനെ, ഇന്റർപോൾ അറ്റ്ലാൻഡിക് സമുദ്രത്തിന്റെ കുറുകെ പിന്തുടർന്ന് ഐറിഷ് തീരത്തിട്ടു പിടികൂടിയ ഒരു സംഭവമുണ്ട്. സിനിമയെ വെല്ലുന്ന ചെയ്സ്. ഈ ഉദാരവൽക്കരണ കാലത്ത് ഇത്തരം ഓപ്പറേഷനുകളുടെ ഭാവിയെന്താകും?
Narcotics is not a dirty business anymore.
It's a legalized money-spinning business.