ADVERTISEMENT

കാൽപനിക ലോകത്താണ് താൻ ജീവിക്കുന്നതെന്ന് പലരും പലകുറി പറഞ്ഞിട്ടും അംഗീകരിച്ചു കൊടുക്കാൻ എനിക്ക് മടിയായിരുന്നു. ആദ്യമൊക്കെ തെല്ലൊരു ഇഷ്ടത്തോടെ ആയിരുന്നു അത് കേട്ടിരുന്നതെങ്കിലും ഇപ്പോഴത് ബാധ്യതയായി മാറിയിട്ടുണ്ട്. 

 

തന്നെ പോലേ ഞാനും യാഥാർത്ഥ്യ ജീവിതമാടോ നയിക്കുന്നത് എന്ന് മുഖത്ത് നോക്കി പറയണമെന്നുണ്ട്. പക്ഷേ ഈയിടെയായി കാൽപനിക ലോകത്ത് തന്നെയാണോ എന്ന സംശയം എനിക്ക് തന്നെ തോന്നിത്തുടങ്ങിയത് കൊണ്ട് മാത്രമാണ് മറിച്ചൊന്നും പറയാത്തത്. 

 

സത്യത്തിൽ, സ്വപ്നം കാണുന്നത് പോലെ ജീവിക്കുകയല്ല. ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും സ്വപ്നത്തിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കുന്നു എന്നതാണ് എന്റെ കാര്യത്തിൽ സംഭവിക്കുന്നത്. 

 

ചില കാര്യങ്ങളിൽ അതേപടി അല്ലെങ്കിലും വ്യാഖ്യാനം പോലെയൊക്കെ നടക്കാറുണ്ട്. എങ്ങനെ വ്യാഖ്യാനിക്കണം എന്ന കാര്യത്തിൽ തെറ്റ് പറ്റാതിരുന്നാൽമതി. 

 

ഓവർ തിങ്കിങ് എന്ന് അവൻ പരിഹസിച്ച പല കാര്യങ്ങളും ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു എന്ന ഒറ്റ കാരണം മതി, ചിന്തിക്കുന്നത് പോലെ സംഭവിക്കുന്നു എന്ന വാദത്തെയും സമ്മതിക്കാൻ. 

 

പക്ഷേ, എന്റെയീ വാദങ്ങൾ ഞാൻ അല്ലാത്തവർക്കൊക്കെ ചിത്തഭ്രമങ്ങളായി തോന്നുന്നു എന്നതാണ് സങ്കടം. 

 

എനിക്ക് വട്ടാണ് എന്നാദ്യം പറഞ്ഞത് അവനാണ്. സത്യത്തിൽ അങ്ങനെ പറഞ്ഞതല്ല. ഞാൻ മനസ്സിലാക്കിയതാണത്. 

 

നീയൊരു മനഃശാസ്ത്ര വിദഗ്ദനെ കണ്ട് കൗൺസിൽ ചെയ്യണം എന്നവൻ പറഞ്ഞതിൽ നിന്നും വേറെന്താണ് ഞാൻ മനസ്സിലാക്കേണ്ടത്. 

 

അവന് പോലും എന്നെ തിരിച്ചറിയാൻ സാധിക്കുന്നില്ലല്ലോ എന്നോർത്ത് ഞാൻ നെഞ്ചുരുകി തീർത്ത ദിവസങ്ങൾക്ക് കണക്കില്ല. 

 

ആ ദിവസങ്ങളിൽ എനിക്കുറങ്ങാൻ ആവുമോ, വല്ലതും കഴിക്കാൻ ആവുമോ പോട്ടെ, കുളിക്കാനോ ഒന്ന് ചിരിക്കാനോ ആവുമോ. എന്നിട്ടും ഞാൻ ആരോടും മിണ്ടാതെ ഒറ്റക്ക് ഒരു മുറിയിൽ കിടന്നും ഇരുന്നും സമയം നീക്കിയില്ലെ. 

 

ആരോടെന്നില്ലാത്ത ദേഷ്യം തീർക്കാൻ ചായ ക്ലാസ് എറിഞ്ഞു പൊട്ടിച്ചപ്പോൾ ഞാൻ കേട്ടതോ അകത്തു നിന്നും അമ്മയുടെ കരച്ചിൽ!അവരെയൊക്കെ കരയിപ്പിക്കാൻ ഞാൻ എന്ത് ചെയ്തുവെന്നാ.?

 

സ്വയം കരയാൻ ആവാതെ ഞാൻ അനുഭവിച്ചു തീർക്കുന്ന വീർപ്പു മുട്ടൽ അവർക്ക് മനസ്സിലാകുമോ?

 

റൂമിലെ ഫാനിൽ കെട്ടിതൂങ്ങുന്ന സ്വപ്നം എത്ര വട്ടം കണ്ടതാ, എന്നിട്ടും അതിൻ്റെ വ്യാഖ്യാനം ഊഞ്ഞാൽ ആടുന്ന എൻ്റെ കുഞ്ഞാവ ആണെന്നു ഞാൻ തിരിച്ചറിഞ്ഞില്ലേ. എനിക്ക് മാത്രം അറിയാവുന്ന കുഞ്ഞാവയുടെ കാര്യം മറ്റാരും അറിയാതിരിക്കാനല്ലേ ഫാനിൽ സാരി കെട്ടി ഞാൻ തന്നെ ഊഞ്ഞാലാടിയത്. അന്ന് ഫാനൂരി തലക്ക് വീഴുന്നത് സ്വപ്നം കണ്ടപ്പോഴേ ഞാൻ അമ്മയോട് പറയുന്നതാ, അതൂരി മാറ്റാൻ. എന്നിട്ടിപ്പോ ഫാന് പൊട്ടിച്ച കുറ്റവും എന്റെ തലയിൽ. 

 

ഞാൻ ചിന്തിക്കുന്നതൊക്കെ കുഞ്ഞാവ അറിയുന്നുണ്ടാവുമോ? എങ്കിൽ എന്റെ കൂടെ നിൽക്കാതിരിക്കില്ല. എന്റെ കൂടെ ഈ ലോകത്ത് ഒരാളെങ്കിലും ഉണ്ടല്ലോ, സമാധാനം. പേടിക്കണ്ട അമ്മെ ഞാനുണ്ട് എന്ന ഉൾവിളി ഞാനും കേൾക്കുന്നുണ്ട്.

 

 കുഞ്ഞാവ ഉണ്ടാവുന്ന കാര്യം പറഞ്ഞപ്പോഴും അവൻ പറഞ്ഞതാ, ഒക്കെ തൻ്റെ തോന്നലാ ഒന്ന് ചെക്കപ്പ് ചെയ്ത് ഉറപ്പിക്കാന്ന്. എൻ്റെ ഉദരത്തിൽ കുഞ്ഞു പിറവി കൊള്ളുന്നത് പോലും എൻ്റെ തോന്നലാക്കി മാറ്റുകയാണല്ലോ അവരൊക്കെയെന്ന് കുറെ വേദനിപ്പിച്ചു. അവർക്ക് വേണ്ടിയാ ചെക്കപ്പിനു പോയതും ടെസ്റ്റ് ചെയ്തതും. എന്നിട്ടും ഡോക്ടർ ചേച്ചിക്ക് എന്നെ മനസ്സിലാക്കാനായില്ല. ഒക്കെ എൻ്റെ തോന്നലാണെന്ന്. 

 

 

ഇടക്ക് വാവയുടെ അനക്കം തോന്നുമ്പോൾ ഞാനവൻ്റെ കയ്യെടുത്ത് എന്റെ വയറ്റത്ത് വെക്കും. ആദ്യമൊക്കെ അവന് കൈ തട്ടി മാറ്റി എന്നെ ചേർത്ത് നിർത്തുമായിരുന്നു. ഇപ്പോ ഫോണിൽ നോക്കിയിരിക്കെ  എൻ്റെ കൈ വിടുവിക്കാതെ യാന്ത്രികമായി അവനെൻ്റെ വയറ്റത്ത് കൈ വെച്ചിരിക്കും. ദേ നോകിയെ..കൈ,കാലെന്ന് ഞാൻ പറയുമ്പോൾ അവൻ തലയാട്ടും, ചിരിക്കും. ഒരച്ഛനാകുന്നതിൻ്റെ സന്തോഷം അവനും ഉണ്ടാകുമല്ലോ. പക്ഷേ, എന്നെയെന്താ അവനത് കാണിക്കാത്തതെന്ന് ഞാനോർക്കാറുണ്ട്.

 

 

കഴിഞ്ഞ ദിവസമാണ് ഞാനത് ശ്രദ്ധിച്ചത്. ഉമ്മറത്ത് കസേരയിലിരുന്ന് മുടി ചീകുകയായിരുന്നു. ഒരു കൂറ്റൻ പേനെന്നാണ് ആദ്യം നിരീച്ചത്. നോക്കുമ്പോ പേനല്ല, അതിനേക്കാൾ മുഴച്ചത്. ഇടത് നെറ്റിയുടെ ഏതാണ്ട് ഒരു ചാണം മുകളിൽ ഒരു മുഴ. എന്തോ ഒരു തടിപ്പ് പോലെ.

 

അവിടെ മുടിയൊക്കെ നീങ്ങിയിട്ടുണ്ട്. സൂക്ഷ്മമായ നോക്കുമ്പോഴതാ വലതു നെറ്റിയുടെ ഒരു ചാൺ മുകളിലും അതേ മുഴ. തൊട്ടു കൊണ്ടിരിക്കെ അത് കൂർത്ത് വരുന്നത് പോലെ...  

 

സ്വപ്നത്തിൽ കണ്ടപോലെ എനിക്ക് കൊമ്പ് മുളയ്ക്കുകയാണെന്ന സത്യം ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. പൂർണ്ണ വളർച്ചയെത്താത്ത കൊമ്പിനെ തോർത്ത് കൊണ്ട് മൂടിപുതച്ചു  അലറിക്കരഞ്ഞു കൊണ്ട് ഞാൻ അകത്തേക്കോടി. 

 

അമ്മ വിളിച്ചിട്ടും ഞാൻ വാതിൽ തുറന്നതേയില്ല. കണ്ണാടിക്ക് മുന്നിൽ കൊമ്പിനെ തലോടിക്കോണ്ടിരുന്നു. സ്വപ്നത്തിലെ പോലെ പല്ല് കൂർത്ത് വളരുന്നുണ്ടോ എന്ന് നോക്കിയിരിക്കെ വയറ് വേദന അസഹ്യമായി. വയറ് പൊട്ടിച്ച് കുഞ്ഞാവ എൻ്റെയടുത്ത് വരികയാണെന്ന് എനിക്ക് മനസ്സിലായി. വേദനയിലും സന്തോഷത്തിലും ഞാൻ പൊട്ടിക്കരഞ്ഞു. പെട്ടന്ന്, എൻ്റെ വയറ് കീറാൻ തുടങ്ങി. പൊക്കിളിൻ്റെ അപ്പുറവും ഇപ്പുറവും ചോര ചീറ്റാൻ തുടങ്ങി. പതിയെ വയറ്റിൽ നിന്ന് രണ്ട് ഭാഗത്തേക്കും എന്തോ വസ്തു തള്ളി പുറത്തു വന്നു. കുഞ്ഞാവയുടെ കാലുകൾ കണ്ട സന്തോഷത്തിൽ ഞാൻ വേദനകൾ മറക്കാൻ ശ്രമിച്ചു. പെട്ടന്ന്, എന്റെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് ഞാനാ സത്യം മനസ്സിലാക്കി. അത് കാലുകളായിരുന്നില്ല , വയറിൽ നിന്ന് പുറത്ത് ചാടിയ രണ്ട് കൊമ്പുകളായിരുന്നു..!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com