ADVERTISEMENT

പുരാതന ഗ്രീക്ക് ഇതിഹാസത്തിലെ നീതിയുടെ ദേവതയാണ് തേമിസ്. ഇടത്കൈയ്യിൽ കുറ്റബോധവും ശരിയും കൃത്യമായ് തൂക്കിനോക്കുന്ന തുലാസും വലതുകൈയ്യിൽ നൻമയുടെയും പ്രതീക്ഷയുടേയും പ്രതീകമായ ഇരുതല മൂർച്ചയള്ള വാളും. ജഡ്ജ് ആളുകളെ നോക്കാതെ കേസുകൾ തമ്മിലുള്ള വെത്യാസം കാണാതെ വസ്തുതകൾ മാത്രം കേട്ട് അന്ധമായ് ശരിയായ തീരുമാനം എടുക്കണം എന്നതിന്റെ പ്രതീകമായാണ് കണ്ണുകൾ കെട്ടി നീതി നിർവ്വഹണം നിർവ്വഹിക്കുന്ന തേമിസ് ദേവതയെ ലോകം കാണുന്നത്. 

 

കൂട്ടബലാൽക്കാരം ചെയ്യപ്പെട്ട് പിച്ചിചിന്തിയ ഒരുവൾക്ക് വേണ്ടി ഒറ്റയാൾപോരാട്ടം നടത്തുന്ന കഥ പറയുകയാണ് തേമിസ് എന്ന കഥയിലൂടെ ഹുസ്ന റാഫി. സമൂഹത്തിൽ നടക്കുന്ന അരാജകത്വത്തിനെതിരെ വിരൽചൂണ്ടുന്ന കഥ. 

 

"ഇതിപ്പൊൾ വാർത്തയാക്കിയാൽ വലീയ റീച്ചൊന്നും കിട്ടില്ല. ഒന്നാമത് ഇതിൽ രാഷ്ട്രീയക്കാരൊന്നുമില്ല. ഇനിയിപ്പോൾ വല്ല പള്ളീലച്ഛനോ തന്ത്രിയൊ ഏതെങ്കിലും മുസ്ലിം പണ്ഡിതനോ പീഡനം നടത്തിയതിന്റെ പരിസരത്തൂടെ പോയിട്ടുണ്ടെങ്കിലും വഴിയുണ്ടായിരുന്നു. അല്ലെങ്കിൽ ഏതെങ്കിലും സിനിമക്കാർ ഉണ്ടാകണം. ഇതൊന്നുമില്ലാതെ കേസിനൊരുഹരം ഇല്ല" 

 

 കൃത്യമായ് കുറിക്ക്കൊള്ളുന്ന പല ചോദ്യങ്ങൾ സമൂഹത്തേട് ചോദിക്കുന്ന ശക്തമായ കഥയാണ് തേമിസ്. കഥാ പരിസരങ്ങളിലേക്ക് വായനക്കാരെ എത്തിക്കാനുള്ള അസാമാന്യ കഴിവ് ഹുസ്ന റഫിയുടെ കഥകളിലെ പ്രത്യേകത. മണം കഥകൾക്ക് പലപ്പോഴായ് അവിഭാജ്യ ഘടകമായ് തോന്നിയിട്ടുണ്ട്. പൂക്കളുടെ മണം, ചോണനുറുമ്പിന്റെ മണം, പരിചയമില്ലാത്ത മണം, ചോരയുടെ മണം, ഒലീവ് മണം, മനുഷ്യമാംസത്തിന്റെ മണം ...

 

 'വെള്ളക്കരടി' എന്ന ഏറെ പ്രത്യേകതയുള്ള കഥയിലൂടെയാണ് തേമിസ് എന്ന കഥാസമാഹാരം തുടങ്ങുന്നത് . വായനക്കാർക്ക് ചെറുതും വലുതുമ്യ 36 കഥകളുടെ വ്യത്യസ്ത രുചിക്കൂട്ടുകളുടെ വായനാസുഖം അനുഭവിക്കാം. 

 

 പുസ്തകങ്ങളിലെ കഥാപാത്രങ്ങളിലൂടെ ജീവിക്കുന്ന ദേഹമാസകലം വെള്ള രോമങ്ങളുള്ള പട്ടാളക്കാരൻ, നാട്ടുകാർ വെള്ളകരടി എന്ന് വിളിച്ചു. അയാൾ പുസ്തകങ്ങളിലൂടെ ജീവിക്കുന്നു. ആരാലും ഭയപ്പെടുന്ന ഇയാളോടൊപ്പം ട്രിസ എന്ന സ്ത്രീക്ക് ജീവിത സാഹചര്യം കൊണ്ട് വീട്ടിൽ സഹായത്തിനെത്തേണ്ടിവരുന്നു. പുസ്തകത്തിലെ കഥാപാത്രങ്ങളെ എന്നപോലെ വെള്ളകരടി ട്രിസയേയും പല സന്ദർഭങ്ങളിലായ് കാണുന്നു. അതി വിദൂരമല്ലാതെ വെള്ളകരടി അപ്രത്യക്ഷമാകുന്നു.  ആശയങ്ങൾകൊണ്ട് ഏറെ വൈവിധ്യമാണ് ഹുസ്നയുടെ ഓരോ രചനയും.

 

'മരുപ്പച്ചകൾതേടി' വ്യത്യസ്ഥ സംസ്ക്കാരവും ജീവിത പരിസരവും വായനക്കാരിലെത്തിക്കുന്ന കഥ. അറബ് സംസ്ക്കാരവും , ഫിലിപൈൻ, പാകിസ്ഥാൻ, മലയാളി ജീവിതവും ഒരേഫ്റെയിമിലൂടെ മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു. റഷ്യക്കാരനും, പാലസ്റ്റിനിയും, ഇന്ത്യക്കാരനും പ്രത്യേകിച്ച് മലയാളിയുടേയും പ്രവാസ ഭൂമികയിലെ തടവവറയിലെ ജീവിതവും പ്രണയവും നൊമ്പരവും പറയുന്ന കഥയാണ് 'ഇരുട്ടിലെ ഈയാപാറ്റകൾ'.

 

 'തപ്പോയി' വായനക്കാരന്റെ മനസിൽ വേദനയുടെ കൊളുത്തിട്ട് കടന്ന് പോകുന്ന കഥ. കുട്ടിക്കാലത്തെ  സൗഹൃദവലയത്തിലെത്തിയ തപ്പോയിയുടെ ആകസ്മിക മരണത്തിന്റെ ഉത്തരം തേടുന്ന രചന.ഓർമ്മകളുടെ ഓരംചേർന്നൊഴുകുന്ന കുഞ്ഞ് പുഴപേലൊരു കുളിർമ്മയുള്ള കഥയാണ് 'വെള്ളായിമുത്തി'

 

ആഗ്നസ്, ലൂക്ക കഥാപാത്രങ്ങളുടെ പേരുകളാണ് കഥകളുടെ മറ്റൊരു പ്രത്യേകതയായ് വായനക്കാരന് അനുഭവമാകുന്നത്. പ്രണയാതുരമായൊരെ കഥയാണ് 'ഫെഡറിക് ലൂക്ക' പറഞ്ഞുതരുന്നത്.

'കുൽഫി' ശീതളിന്റെ പിന്നാമ്പുറ ജീവിതകഥ ചികയുകയല്ല മറിച്ച് ഇനിയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന, സ്നേഹിക്കുന്ന, അവളെയൊപ്പം ചേർക്കുന്ന 'കുൽഫി' യുടെ മധുരമുള്ള പ്രണയകഥ. സ്വന്തം കുഞ്ഞ് എന്നും തന്നോളമോ, അതിലധികമോ വിലപ്പെട്ടതാണെന്നറിയിക്കുന്ന 'ഭ്രാന്തൻ' എന്ന കഥ. 

 

സങ്കൽപ്പത്തിലും യാഥാർത്ഥ്യത്തിലും ജീവിക്കുന്ന കുടുംബങ്ങളുടെ കഥപറയുന്ന 'ചിലങ്ക' എന്ന കഥ. കുഞ്ഞുകുഞ്ഞു കഥകളിടുടെതന്നെ ഒരുപാട് ആശയസംവ്വേദനം നടത്തുവാനുള്ള എഴുത്തുകാരിയുടെ കഴിവ് എടുത്തുപറയേണ്ടതാണ്.സമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ജെന്റർ വിഷയത്തെ അധികരിച്ചുള്ള കഥയാണ് 'അഭിരാമി'. സ്ത്രീ ആകാനാഗ്രഹിക്കുകയും സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരാളുടെ സംഘർഷം നിറഞ്ഞ ജീവിത കഥ. 

 

സ്ത്രീധനത്തിനെതിരെ വിരൽചൂണ്ടുന്ന ശക്തമായൊര് രചനയാണ് 'കമ്യൂണിസ്റ്റി മാനിഫെസ്റ്റൊ' അന്യജാതിക്കാരനായ ശേഖരൻമാഷ് കുഞ്ഞാമിനയ്ക്ക് മെഹറായ് കൊടുക്കുന്നത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ എന്ന ശേഖരൻ മാഷുടെ ആദർശ്ശമാണ്. 

 

 'രക്തചവർപ്പുള്ള ഒലിവ് മരങ്ങൾ' തലക്കെട്ടുകളുടെ പ്രത്യേകതകൊണ്ട് ഓരോ കഥയിലും അനുഭൂതിയും, കൗതുകവുമുണർത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. പലസ്തിനിലെ യുദ്ധക്കെടുതിയിൽ വെന്തുരുകിയ മനുഷ്യമാംസത്തിന്റെ മണം വായനക്കാരനിലെത്തിക്കുന്ന എഴുത്തിന്റെ മാസ്മരികത. രക്ഷിതാക്കളെ നഷ്ട്ടപ്പെട്ടപ്പോൾ അലഞ്ഞ്തിരിഞ്ഞ് നടന്ന് റൊട്ടിലഭിച്ചപ്പോൾ അനുജത്തിക്ക് പങ്കുവെക്കാൻ എത്തി വിട് നിന്നിടം ശൂന്യമായ നിലയിൽ കണേണ്ടിവരുന്ന കുട്ടിയുടെ അവസ്ഥ.   യുദ്ധത്തിന്റെ ഭീകര മുഖം കുട്ടികളുടെ അനാധത്വം എല്ലാം വായനക്കാരിലെത്തിക്കുന്ന കഥ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com