ADVERTISEMENT

കഴിഞ്ഞ വർഷം കണ്ണൂരിൽ പള്ളിക്കുന്നിലെ വീട്ടിൽ വന്നപ്പോൾ ഒരാഴ്ച ക്വറന്റീനിലായിരുന്നു.  ഒമിക്രോണിന്റെ വിളയാട്ടകാലം. മൂന്നു വർഷങ്ങൾക്കു ശേഷം വന്നതായിരുന്നു, കോവിഡ് മഹാമാരി യാത്ര മുടക്കിവച്ച മൂന്ന് വർഷം.

ഒരാഴ്ച വീട്ടിലടങ്ങിയിരുന്ന അവസ്ഥയിൽ കുറേ പുസ്തകങ്ങൾ ഒറ്റയിരിപ്പിൽ വായിക്കാനും പറ്റി. അതിലൊന്ന് എന്റെ നാട്ടുകാരൻ കൂടിയായ പ്രിയപ്പെട്ട പ്രഭാകരേട്ടന്റെ ആത്മകഥനം നിറഞ്ഞ പുസ്തകം - “ഞാൻ മാത്രമല്ലാത്ത ഞാൻ”, എൻ. പ്രഭാകരൻ. വായിച്ചശേഷം ഉടനെ പ്രഭാകരേട്ടനെ വിളിച്ചു സംസാരിക്കണമെന്നു തോന്നി, വിളിച്ചു.

ഞാൻ മുപ്പത് വർഷം മുമ്പേ അമേരിക്കയിൽ കുടിയേറിയ ഒരാളാണ്. അതു കൊണ്ട് വളരെ പഴയ ഒരു പരിചയമേയുള്ളു. പേരു പറഞ്ഞ് ഓർമയുണ്ടോ എന്നു ചോദിച്ചു. 

മറുപടി: “നീ നമ്മുടെ നാട്ടിൽ നിന്ന് ആദ്യമായി അമേരിക്കയിൽ പോയതല്ലേ, തീർച്ചയായും. ഇപ്പോൾ എഴുത്തോക്കെയുണ്ടോ”, ഞാൻ കോളജ് പഠനകാലം കഥയും കവിതയുമൊക്കെ എഴുതി പ്രസിദ്ധീകരിക്കുമായിരുന്നു. 

photo-us-2

അപ്പൊഴാണ് ഓർത്തത് 80 കളിലും 90 കളിലും നിറയെ പേർ നാട്ടിൽ നിന്ന് ഗൾഫിൽ പലയിടത്തായി. പോയിരുന്നെങ്കിലും അമേരിക്കയിൽ ആരെങ്കിലും പോയതായി നാട്ടിൽ പറഞ്ഞു കേട്ടിരുന്നില്ല. ഞങ്ങളുടെ നാട് എന്നു പറഞ്ഞാൽ അടുത്തില, പഴയങ്ങാടി, പയ്യന്നൂർ ഒക്കെ പെടും എന്നു പറയാം. 

തിരിച്ച് ന്യുജഴ്സിയിലെത്തിയപ്പോൾ തീരുമാനിച്ചു വേറെ നാട്ടുകാരാരൊക്കയിവിടെയുണ്ട് എന്നറിയണം.

PALMS (Plainsboro Area Local Malayali Sangham) എന്നൊരു ഗ്രൂപ്പ് ഞങ്ങൾ മുന്നെ തുടങ്ങിയിരുന്നു , അംഗങ്ങളുടെ വീടുകളിൽ മാറിമാറി കണ്ടു മുട്ടുകയും സദ്യയും ഒക്കെയായി. അങ്ങിനെ

ഒരു പാട് മലയാളികളെയറിയുമെങ്കിലും കണ്ണൂർ കാസർകോട് ഭാഗത്തുനിന്നും ഒന്നു രണ്ടു പേരെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. ഞങ്ങളൊരു പുതിയ വാട്സാപ് ഗ്രൂപ്പ് തുടങ്ങി, എന്നിട്ട്പേരിട്ടു - kk.nj . 

(കണ്ണൂർ കാസർകോട് ഭാഗങ്ങളിൽ നിന്നും ന്യൂജഴ്സിയിലെത്തിയ മലയാളികളുടെ കൂട്ടായ്മ) 

ഗ്രുപ്പ് തുടങ്ങി ഷെയർ ചെയ്ത് രണ്ടു ദിവസത്തിനകം അത് വളർന്നു വലുതായി നാൽപതോളം കുടുംബങ്ങൾ. ഞങ്ങളുടെ വീടിന്റ അഞ്ചു മൈലിനകം തന്നെയുണ്ട് വർഷങ്ങളായ നാട്ടിൽ നിന്നും വന്നു താമസിക്കുന്ന നിരവധി പേർ .

ചിലരിൽ നാട്ടിലെ അച്ഛനമ്മമാർക്കു വരെ തമ്മിലറിയാം. മക്കൾ അമേരിക്കയിലാണ് എന്ന് അന്യോന്യം പറയുമെങ്കിലും അമേരിക്കയിൽ കൃത്യമായി ഏതു സ്ഥലത്ത് എന്നു പറയാനവർക്കറിയില്ല. എന്റെ ഭാര്യ ജയശ്രീ കാഞ്ഞങ്ങാടിനടുത്ത പിലിക്കോട് നിന്നാണ്. അവളുടെ നാട്ടുകാരനായ പ്രമോദും ഭാര്യ ധന്യയും മക്കളും രണ്ടു വർഷമായി ഞങ്ങളുടെ തൊട്ടടുത്ത ടൗണിൽ താമസം. പ്രമോദിന്റെ മുത്തച്‌ഛൻ ജയശ്രീയുടെ മാഷായിരുന്നു. കണ്ടുമുട്ടി ഇപ്പോൾ.

നാട്ടിൽ ജയശ്രീയുടെയും പ്രമോദിന്റെയും വീട്ടുകാർ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. 

കുട്ടികൾ അമേരിക്കയിലാണ് അല്ലേ

അതെ.

അമേരിക്കയിലെവിടെ എന്ന ചോദ്യമോ 

അതിന് കൃത്യമായ മറുപടിയോ ഇല്ല.

അത്രയുമാണ് സംസാരം.

ഒരാൾ ഇന്ത്യയിലാണ് അല്ലെങ്കിൽ കേരളത്തിലാണ് എന്നു പറഞ്ഞാൽ നമുക്കറിയില്ലല്ലോ വീടിനടുത്തോ ദൂരെയോ എന്ന്. ഇവിടത്തെ ടൗണുകളെക്കുറിച്ചും എത്രദൂരത്തിലാണെന്നും കൃത്യമായി നാട്ടിലാരും അറിയുന്നില്ല എന്നതാണ് പ്രശ്നം ഇക്കാര്യത്തിൽ.

ഈ ന്യുഇയർ ആഘോഷകാലം ഞങ്ങൾ kk.nj യുടെ ആദ്യത്തെ മീറ്റ് ആൻഡ് ഗ്രീറ്റ് ഇവിടെയുള്ള രസോയ് എന്ന റസ്റ്റോറന്റില്‍ നടത്തി.

kk.nj അംഗങ്ങളുടെ ചില കണ്ടുമുട്ടലുകൾ രസകരമായിരുന്നു. ഉദാഹരണത്തിന് ഞാൻ പഠിച്ച മാടായി ഹൈസ്കൂളിൽ എന്റെ പഠനകാലം തന്നെയുണ്ടായിരുന്ന രവി കോറോത്ത്. അവൻ മൂന്നു വർഷമായി ഇവിടെ ഞാൻ താമസിക്കുന്നതിനടുത്താണ് താമസം. ഒരു പക്ഷെ അമ്പലത്തിലും ഷോപ്പിങ് സ്ഥലത്തും ഓണാഘോഷത്തിനുമൊക്കെ കണ്ടിരിക്കാനും മതി. ഗ്രൂപ്പിലെത്തിയതോടെയാണ് തമ്മിലറിയുന്നത്. അതുപോലെ പയ്യന്നൂർ കോളജ് സഹപാഠികളുടെ നോർത്തമേരിക്കൻ ഗ്രൂപ്പിലുണ്ട്. ഞാൻ ഈയിടെയാണ് അറിഞ്ഞത് കലിഫോർണിയയിലെ ഒരു പയ്യന്നുർ കോളജ് പൂർവവിദ്യാർഥിയെ പരിചയപ്പെട്ടപ്പോൾ ആ ഗ്രുപ്പിൽ ചേർന്ന് വിവരം പങ്കുവച്ചു. പയ്യന്നുർ കോളജിൽ എംഎസ്‌സി പഠിച്ച  ബിന്ദു ന്യുജഴ്സിയിലാണെന്ന് പറഞ്ഞു പരിചയപ്പെട്ടു. എന്റെ സ്ഥലത്തു നിന്നും ഒരു മണിക്കൂർ ഡ്രൈവ് ചെയ്യേണ്ട ദൂരത്താണ് അവർ കുടുംബമായി താമസിക്കുന്നത്.

പയ്യന്നുർ കോളജിലെ പ്രിൻസിപ്പലായി ഈയിടെ വിരമിച്ച എന്റെ സുഹൃത്തും സഹപാഠിയുമായ പ്രഫ. രവീന്ദ്രന്റെ ശിഷ്യയാണ് ബിന്ദു. അത്രയും പറഞ്ഞ് ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചു് കൂടുതൽ സംസാരിക്കുമ്പോഴറിയുന്നു ബിന്ദു എന്റെ സഹോദരി സിന്ധുവിന്റെ സഹപാഠിയും സുഹൃത്തുമാണെന്ന്.

പിന്നൊരു ചെറുകുന്ന് വംശക്കാരിയെ പരിചയപ്പെട്ട ശേഷമറിയുന്നു എന്നെ പയ്യന്നുർ കോളജിൽ രസതന്ത്രം പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ശാന്ത ടീച്ചറുടെ അടുത്ത ബന്ധുവാണ് അവളെന്ന്. അവളുടെ വീട്ടിൽ ഡിന്നറിനു ചെന്നപ്പോൾ മറ്റൊരാളെ പരിചയപ്പെടുന്നു.

ശാന്ത ടീച്ചറുടെ മകൻ. രാജീവ് രാജഗോപാലൻ. എഡിസൻ എന്ന സ്ഥലത്ത് താമസം. ഭാര്യ ലസിത. ഞാൻ താമസിക്കുന്ന പ്ലെയിൻസ്ബറോ എന്ന സ്ഥലത്തു നിന്ന് 30 മിനിറ്റ് കാറോടിച്ചാലെത്തുന്ന സ്ഥലം. വർഷങ്ങളായി അവിടെ. 

70 ഓളം പേരുണ്ടായിരുന്നു ആദ്യത്തെ kk.nj കൂടിക്കാഴ്ചയിൽ. ആരോ തമാശയായി പറഞ്ഞു, ഇനി കണ്ണൂർ കാസറഗോഡ് ഭാഗത്തുനിന്ന് ഈ nj ബസ്സിൽ കയറാനില്ലെന്നു തോന്നുന്നു.

അടുത്ത ദിവസം ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു മീറ്റിങ്ങിൽ പുതിയൊരു സഹപ്രവർത്തകനെ പരിചയപ്പെട്ടു. 

കണ്ടാൽ ഒരു മലയാളി ലുക്ക്. കേരളത്തിൽ നിന്നാണ്. 

വീക്ക്എൻഡിൽ എന്തു ചെയ്തുവെന്ന കുശലസംഭാഷണത്തിൽ kk.nj ഡിന്നറിനെ പറ്റി ഞാൻ പരാമർശിച്ചതേയുള്ളു.

നല്ല പരിപാടി തന്നല്ലോ. എന്നേം നിങ്ങ കൂട്ട്വോ?.

ക…ണ്ണൂ..രാ…ണോ?

അതേ. കൂത്തുപറമ്പ.

കൂട്ടി.

അടുത്ത kk.nj മീറ്റ് ഇവിടെ ഈസ്റ്റ് വിന്റ്സർ എന്ന സ്ഥലത്തുള്ള കേരള റസ്റ്റോറന്റിൽ (പേര് : കൊച്ചി) വച്ച് ഒരു വിഷു സദ്യയായി ഒരുങ്ങുന്നു. 

ഇതുവായിക്കുന്ന ന്യൂജഴ്സിയിലെ മലയാളികൾക്ക് ഒത്തുചേരാൻ പ്രസന്നകുമാറിനെ ബന്ധപ്പെടാം. 

pvkerala@yahoo.com

(609)216-2055

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com