ADVERTISEMENT

എല്ലാ വിധികൽപനകൾക്കും അതീതമായി സഞ്ചരിക്കുന്ന സമസ്യയാണ് മനുഷ്യ ജീവിതം  . മനുഷ്യോത്പത്തി മുതൽ ഗുരുക്കന്മാരും കവികളും മനുഷ്യ ജീവിതം വ്യാഖ്യാനിക്കാനും ആവിഷ്കരിക്കാനും ശ്രമിച്ചിട്ടുണ്ട്. അത്തരത്തിൽ ആദി ഗുരുക്കന്മാർ വ്യഖ്യാനിച്ചെടുത്ത ചിന്തകളും ദർശനങ്ങളുമാണ് പിന്നീടുള്ള മനുഷ്യർക്ക് ജീവിത വഴികാട്ടിയായത് . കാലത്തിൻറെ ഓരോ ഘട്ടത്തിലും ചില പ്രത്യേക മനുഷ്യർ പുതിയ ജീവിത ദർശനങ്ങൾ പങ്കുവച്ചു കൊണ്ടേയിരിക്കുന്നു .   

 

കല്ലും കരളും എന്ന കുറുങ്കഥകളുടെ സമാഹാരത്തിലൂടെ  സുൽഫിയും  നവ ദാർശനികതായണ് വായനക്കാരുമായി പങ്ക് വയ്ക്കുന്നത് . ചുറ്റുപാടും ചിതറിക്കിടക്കുന്ന ജീവിതങ്ങളെ , തൊലിയുരിയുമ്പോൾ അനാവൃതമാകുന്ന ദർശനങ്ങളാണ് സുൽഫി തന്റെ കുറുങ്കഥകളിൽ ഗുപ്തമാക്കി വച്ചിരിക്കുന്നത്

ദേഹത്തേക്കാൾ പുകയുന്ന മനസ്സുമായി സഞ്ചരിക്കുന്ന  മനുഷ്യന്റെ വിയർപ്പ് , വായനക്കാരുടെ ചിന്തകളിലേക്കും ശരീരത്തിലേക്കും പകരുകയാണ് വിയർപ്പ് എന്ന കഥയിലൂടെ . ഒരു മനുഷ്യനും പൂർണമായും മറ്റൊരാളെ മനസ്സിലാക്കാൻ സാധ്യമല്ല എന്നിരിക്കെ , അപരനെ മുൻവിധിക്കുന്ന കാലത്തിന്റെ പ്രതിനിധികളാണ് ഇക്കാലത്തെ മനുഷ്യരെന്ന് സുൽഫി ഈ കഥയിലൂടെ പറഞ്ഞു വക്കുന്നുണ്ട് . 

 ചോദ്യം എന്ന കഥയുടെ വായനയിൽ  വായനക്കാരന് അത് താനല്ലയോ എന്ന് തോന്നിപ്പോകുന്നു . അപരന് ഉപകാരങ്ങൾ ചെയ്ത് , പിന്നീട് ഉപാധികൾ നിരത്തി വെക്കുന്ന മനുഷ്യൻറെ നേർചിത്രമാണ് ഇതിലെ ശിൽപി . നാവില്ലാതായിപ്പോകുന്ന സാക്ഷിയെ വായനക്കാരന് പരിചയപ്പെടുത്തുന്നുണ്ട് , സാക്ഷി എന്ന കഥയിൽ . ചുറ്റുപാടുകളിലെ  അനീതിക്ക് സാക്ഷിയാകേണ്ടി വന്ന് , വാക്കുകൾ അകം നിറഞ്ഞ് ,  ഒടുക്കം നാവില്ലാതെ നിസ്സഹായനായിപ്പോകുന്ന  ഒരു സാക്ഷിയെ ഈ കഥയിൽ നമുക്ക് കാണാൻ സാധിക്കും . 

 

ഓർഡർ ..ഓർഡർ എന്ന കഥയിൽ വാഗ്പ്രയോഗങ്ങൾ കൊണ്ട് മനുഷ്യൻ നടത്തുന്ന അനീതിയെയാണ് സുൽഫി തുറന്നിടുന്നത് .  മനുഷ്യൻ ചെയ്യുന്ന അപരാധങ്ങളൊക്കെ സാധു മൃഗങ്ങളുടെ മേലിൽ ഭരമേൽപിക്കുന്ന , മനുഷ്യന്റെ ധാർഷ്ട്യാധിഷ്ഠിതമായ അനീതി ഈ കഥയിൽ വായനക്കാരന് കാണാൻ സാധിക്കും .  ഇഷ്ടം , സ്നേഹം ഇവയൊക്കെ മെറ്റീരിയലിസ്റ്റിക് ആയി മാറുന്നതിനെയാണ് ഇഷ്ടം എന്ന കഥയിൽ ചിത്രീകരിക്കുന്നത് . ഇഷ്ടത്തിലേക്കും സ്നേഹത്തിലേക്കും പലപ്പോഴും പാലമായി വർത്തിക്കുന്നത് ഭൗതീകമായ വസ്തുക്കളാണ് . ആദർശം എന്ന കഥയിൽ മനുഷ്യൻറെ കാപട്യമാണ് സുൽഫി അവതരിപ്പിക്കുന്നത് . സ്വന്തം ഹൃദയം വീണുടയുന്ന ശബ്ദം അവൾ കേൾക്കേണ്ടി വരുന്നത് , കാഴ്ചകൾ മങ്ങുമ്പോഴാണ് . 

 

കല്ലും കരളും എന്ന കഥയിൽ ആർദ്രതയുടെ മഞ്ഞ് തുള്ളികൾ ഹൃദയത്തിൽ കുടിയിരുത്തേണ്ടതിൻറെ അനിവാര്യതയാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നത് .  മഞ്ഞ് ആർദ്രതയുടെ പ്രതീകമാണ് . കരിങ്കല്ലാകട്ടെ കാഠിന്യത്തിൻറെയും . എന്നാൽ പക്ഷേ , അതേ മഞ്ഞ് ഘനീഭവിച്ച് ഘനീഭവിച്ച്  കരിങ്കല്ലായി രൂപാന്തരപ്പെടുകയും  ആ കരിങ്കല്ല് ഹൃദയത്തെയും കരളിനേയും നിരന്തരം മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും .  ഭർത്താവും കാമുകനും രണ്ടാകുന്നത് എങ്ങനെയെന്ന് വ്യത്യാസം എന്ന കഥയിലൂടെ കഥാകൃത്ത് സറ്റയർ ആയി പറയുന്നുണ്ട് .  ഓടി മറയുന്ന ഹൃദയത്തിന്റെ പിന്നാലെ , ഒളിച്ചോടുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയാർന്ന കണ്ണുകളെ , ഇരുട്ടിന്റെ നിറം നൽകിക്കൊണ്ടാണ് സുൽഫി ഒളിച്ചോട്ടം എന്ന കഥയിൽ  വരച്ചു വയ്ക്കുന്നത് . പ്രണയം ക്രൂരമാകുന്നത് എങ്ങനെയെന്നല്ല , മറിച്ച് ആ ക്രൂരതയിലേക്കെത്തുന്ന വഴികളിലേക്കാണ് ഈ കഥ നീളുന്നത് . ഇന്നിന്റെ കഥയാണ് ഒളിച്ചോട്ടം . 

 

 തൊണ്ണൂറ്റി രണ്ട് കുറുങ്കഥകളിലൂടെ , സാമൂഹ്യ കേന്ദ്രീകൃതമായ മനുഷ്യ ജീവിതത്തിൻറെ എല്ലാ തലങ്ങളെയും ആവിഷ്കരിക്കുകയാണ് കല്ലും കരളും എന്ന സമാഹാരത്തിലൂടെ സുൽഫി .117 പേജുകളുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചത് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് . വില 130 രൂപ 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com