ADVERTISEMENT

ജീവിതം പാതിയോളം പിന്നിട്ട് ഒരു സുപ്രഭാതത്തിൽ എഴുത്തിനെ സ്നേഹിക്കുകയും ഉള്ളിൽ കാത്തുവച്ച സർഗ്ഗപ്രതിഭ വായനക്കാർക്കായി സമ്മാനിക്കുകയും ചെയ്ത എഴുത്തുകാരനാണു മനോജ് കോടിയത്ത്. കഥയുടെ വൈവിധ്യം കൊണ്ടും രചനയിലെ പുത്തൻ ശൈലികൊണ്ടും വ്യത്യസ്തനാകുകയാണ് എഴുത്തുകാരൻ. ജീവിതചുറ്റുപാടിലെ അനുഭവങ്ങൾ തന്നെ വായനക്കാരനിലെത്തിക്കുമ്പോൾ വേറിട്ട വായനാ സുഖം നൽകാൻ മനോജിനു കഴിഞ്ഞിട്ടുണ്ട്. വലുതും ചെറുതുമായ 11 കഥകളാണ് 'കിമയ' കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രകൃതിയിൽ മനുഷ്യനേൽപ്പിച്ച മുറിവുകളിലുടെ ഒഴുകുന്ന ജലത്തിനു രക്തത്തിന്റെ മണമാണ്. മനോജ് കഥപറയുമ്പോഴും പലയിടങ്ങളിലായ് ഈ വർണ്ണ വ്യതിയാനം കാണാം. കലക്ടറാകാൻ മോഹിച്ചു ഹൈറേഞ്ചിന്റെ ദുരിതത്തിൽ നിന്നു പഠനത്തിലും കലയിലും മിടുക്കിയായ കിമയ കോളജിലെത്തിയപ്പോൾ രാഷ്ട്രിയ പ്രവർത്തകരുടെ കൈയ്യാങ്കളിയിൽ തോറ്റുപോകുന്നു. അക്രമരാഷ്ട്രിയത്തെ അതിന്റെ തീക്ഷണതയിലവതരിപ്പിക്കുന്ന കഥയാണ് 'കിമയ'. ക്രിയാത്മകമായ പത്രപ്രവർത്തകയുടെ അന്വേഷണം കഥയെ വായനക്കാർക്കു ഹൃദ്യമാക്കുന്നു.

 

അസ്തമയ സൂര്യൻ ഉദിച്ച്പൊങ്ങുന്നതു കണ്ടിട്ടുണ്ടോ? ആയിഷയുടെ ജീവിതം അങ്ങനെയൊര് ഉയിർത്തെഴുന്നേൽപ്പായിരുന്നു. അന്ധകാരത്തിലെ അഴുക്കിടങ്ങളിലേക്ക് തള്ളപ്പെടുമായിരുന്ന ആയിഷയുടെ ജീവിതത്തിന് സൂര്യോദയത്തിന്റെ സുവർണ്ണ പ്രഭനൽകി സ്വന്തം ജീവിതത്തിലേക്കു കൈപിടിച്ചു നടക്കുകയായിരുന്നു ശ്യം.

 

മലയാളികൾ എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്തതാണു പ്രവാസലോകത്തെ ജോലിതട്ടിപ്പ്. വിദ്യാസമ്പന്നയായ ആയിഷയെ ജോലി തട്ടിപ്പിനിരയാക്കുന്നത് പരിചിതനായ മുസ്തഫയായിരുന്നു. തന്റെ ഇങ്കിതത്തിന് വഴങ്ങാതിരുന്നപ്പോൾ പെൺവാണിഭത്തിനായ് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. ശ്യാമും ആയിഷയും തമ്മിലുള്ള യാദൃശ്ചികമായ കണ്ടുമുട്ടലാണ് ആയിഷയുടെ ജീവിതം മാറി മറിയുന്നത്. 

 

എത്രയോ തവണ പറഞ്ഞു കേട്ടതും ചർച്ചചെയ്ത വിഷയമാണെങ്കിലും ഏറെ തൻമയത്വത്തോടെ "ആയിഷ" വായനക്കാരിലെത്തിക്കുവാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്.

 

"മംസാറിൽ നൂറു സൂര്യനുദിച്ച സന്ധ്യാനേരത്ത്" കണ്ട ദൃശ്യം മനോഹരമായി തോന്നി. നാലു തലമുറകൾ ഒരുമിച്ചു സന്തോഷം പങ്കിടുന്ന അപൂർവ്വകാഴ്ച. ന്യൂക്ളിയർ ഫാമിലിയിലേക്കു നാം ചുരുങ്ങുമ്പോൾ സിറിയക്കാരായ കുടുംബം ദുബായ് മംസാർ ബീച്ചിൽ ജീവിതസായാഹ്നം മുതുമുച്ഛനുമായ് പങ്കുവയ്ക്കുന്നു. 90 വയസ്സിലും യുവത്വം വീണ്ടെടുക്കാൻ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനേ കഴിയൂ.

 

"പെറ്റ്" പട്ടിക്ക് വിസ്ക്കി എന്ന് പേരിടുന്നത് തന്നെ അച്ഛന് വിസ്ക്കി മദ്യത്തിനോടുള്ള പ്രതിപത്തി കൊണ്ടാണ്. ഒരു നാൾ വിസ്ക്കിയെ കാണാതാവുകയും ആശാജീവൻ എന്ന വൃദ്ധസദനത്തിൽ നിന്നും കണ്ടു കിട്ടുന്നതും കഥയിൽ സസ്പെന്സ് നിറച്ച്കൊണ്ടാണ്. വിസ്ക്കിയെ സ്വന്തമാക്കാൻ തൽപ്പര്യപ്പെടുമ്പൊഴും വിസ്കി അന്വേഷിച്ച് പോയ സ്വന്തം അമ്മയെക്കുറിച്ച് അന്വേഷിക്കാൻ മകൻ തയ്യാറാകുന്നില്ല. ശിഥിലമാകുന്ന ജീവിതയാധാർത്ഥ്യങ്ങളെ തുറന്ന് കാട്ടുകയാണ് കഥാകാരൻ വിസ്ക്കിയിലൂടെ.

 

'ഒറ്റമൈന' ഏറെ ദുരൂഹത നിറഞ്ഞൊരു വായനാനുഭവമാണ്. യമുനയുടെ ബാല്യകാല സുഹൃത്ത് മധു നടത്തുന്ന അന്വേഷണമാണ് കഥയ്ക്ക് ജീവൻ നൽകുന്നത്. മരിച്ചു എന്ന് കരുതുന്ന യമുനയെ മധുവും ഭാര്യയും പല സന്തർഭങ്ങളിലായ് കണുന്നതാണ് കഥയിലെ സസ്പെൻസ്. ഒറ്റമൈനയുടെ സാമിപ്യവും കഥയ്ക്ക് ഡിക്ടറ്റീവ് കഥയുടെ സുഖം വായനക്കാരിലെത്തിക്കുന്നു.

 

'അയാൾ' ഒരു പ്രതീകമാണ്. ഭർത്താവിൽ നിന്നു ലഭിക്കേണ്ട സ്നേഹവും സുഖവും ലഭിക്കാതിരിക്കുമ്പോൾ അന്യപുരുഷനെ  വിളിച്ചുവരുത്തി ആഗ്രഹങ്ങൾ സഫലമാക്കുന്നു. ഒടുവിൽ ഗൂഗിൾ പേ വേണ്ട ക്യാഷ് തരാം എന്ന് പറയുന്നിടത്താണ് പുരുഷമേധാവിത്വത്തിന് ശക്തമായ താക്കീത് നൽകുന്നത്

 

താളംതെറ്റിയമനസ്സിനെ തിരികെ കൊണ്ടുവന്നു സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസത്തിലേക്കെത്തുന്ന ഒരു കഥയാണ് ‘അമൃതംഗമയ’. സ്ത്രീയുടെ ജീവിത സാഹചര്യങ്ങളിലുടെയുള്ള ഒരു യാത്ര.

 

"വൺവേ പ്രണയങ്ങളിൽ ചുംബനങ്ങൾക്ക് സംഭവിക്കുന്നത്" തലക്കെട്ടുകളുടെ വൈവിദ്യംകൊണ്ട് വായനക്കാരെ കഥയിലേക്ക് കൊണ്ടുവരാനുള്ള കഥാകൃത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. ഡൽഹിയുടെ പശ്ചാത്തലത്തിൽ പറയാതെപോയൊരു പ്രണയത്തിന്റെ കഥപറയുകയാണ്. മനോഹരമായ പാട്ടുകളുടെ അകമ്പടി വായനയ്ക്ക് പ്രണയത്തിന്റെ മാസ്മരികത നൽകുന്നു. മീനാക്ഷി പറയാതെപോയൊരു പ്രണയം ഒടുവിൽ രഞ്ചിത്തിന് പുതിയൊര് അനുഭവമായ് മാറുന്നു.

 

"Three miosgynists" മൂന്നു സ്ത്രീകളുടെ വിഹ്വലത തുറന്നു കാട്ടുന്ന കുഞ്ഞുകഥ. അവരുടെ  ഭർത്താക്കൻമാരുമായി അവർക്കുള്ള ബന്ധമാണു പറയുന്നത്. ടീച്ചറാകാനുള്ള ആഗ്രഹം നഷ്ടപ്പെട്ടവളും എടിഎം കാർഡിനായി മാത്രം ഉപയോഗപ്പെടുത്തുന്നവളും ഭർത്താവിന്റെ കരസ്പർശനത്തിനായ് കാത്തിരിക്കുന്നവളും ഒരുമിച്ച് ദു:ഖം പങ്കുവയ്ക്കുന്നു. കുഞ്ഞുകഥയിലൂടെ തുറന്നു കാട്ടുന്നത് സ്ത്രിപക്ഷ ചിന്തയാണ്

 

"കിമയ" വായനക്കാരനെ പിടിച്ചിരുത്താനുള്ള എല്ലാചേരുവകളുമുള്ള കഥാസമാഹാരമാണ്. പ്രവാസ ലോകത്തെ സന്തർഭങ്ങളുമായ് ഇഴുകിച്ചേരുന്ന കഥകളാണ് പലതും. അതുകൊണ്ടുതന്നെ സാന്തർഭികമായ ഇംഗ്ളീഷ് വാക്കുകളുടെ കടന്ന് കയറ്റം ധാരാളമായി കാണാം. പുതുതലമുറയിലെ കഥാരീതിയാണ് കഥാസമാഹാരത്തെ വേറിട്ടതാക്കുന്നത്. കഥയുടെ വൈവിധ്യവും സന്തർഭവും വായനക്കാരെ പിടിച്ചിരുത്താനുതകുന്നവയാണ്. അതുകൊണ്ടുതന്നെ 2022 ൽ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്ത കഥാസമാഹാരം ചുരുങ്ങിയ നാളുകൾക്കുള്ളിൽ രണ്ടാം പതിപ്പിലേക്കെത്തിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com