ന്യൂജഴ്സിയിലും ഉണ്ട് റോഡിൽ കുഴികൾ

SHARE

ഒന്ന്: കണ്ണൂരിൽ നടന്നത്

അതെ,

എയർ പോർട്ട് റോഡിനരികെ.

 സ്മാർട്ട് ഫൊണിൽ യൂ ട്യൂബ് വിഡിയോ

കണ്ണിമയ്ക്കാതെ നോക്കി നടന്ന്

റോഡിലെകുഴിയിലവൻ വീണു.

അരയാളാഴമുള്ളകുഴി.

സ്വയം കുഴിയിൽ വീഴുന്നതിന്റെ

സെൽഫിക്കു വേണ്ടിയുള്ള

കസർത്തായിരുന്നെന്ന് ഒരു

കിംവദന്തിയും പരന്നിട്ടുണ്ട് 

നാട്ടിലെ

സോഷ്യൽ മീഡിയയിൽ.

റോഡിലെ കുഴിയെല്ലാം സർക്കാർ 

ഉശിരോടെ നികത്തിയതുകൊണ്ട് 

കുഴിവാർത്തകളെല്ലാമടങ്ങിയ

സമയത്താണ് സർക്കാരിന് വീണ്ടും 

തലവേദന കൊടുത്തുകൊണ്ട്

ഈ സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടത്.

കുഴിയിലെ തന്നെ 

വേറൊരു കുഴിക്കുള്ളിലവന്റെ

ഫോൺതാണുപോയി.

ഫോൺ കഴിയിൽകൂടി

താണുതാണുപോയൊടുവിലത-

ങ്ങ് ദൂരെകടലുകൾക്കപ്പുറം

മറ്റൊരു രാജ്യത്ത് പൊങ്ങി

യെന്നും ഒരു വാർത്തയുണ്ട്.

 രണ്ട് : ഭൂമി ഉരുണ്ടത്

 ഭൂമി ഉരുണ്ടതാണല്ലോ

അതാവാം കാരണം എന്ന് ചാനലിന്റെ

ജിയോഗ്രഫർ അഭിപ്രായപ്പെട്ടു.

അമേരിക്ക നേരെ താഴെ

ഭൂമിയുടെ മറ്റെയറ്റത്തും.

ഇവിടെനിന്നുള്ള കുഴി 

അവിടെവരെയെത്താം,

അവിടെനിന്നുള്ളകുഴി

ഇവിടെവരെയെത്താം.

 എഴുതുന്നതൊന്നിനും 

ലൈസൻസില്ലാത്ത ഒരാൾ 

അവന്റെ ഒരു കോടി

സബ്സ്ക്രൈബേഴ്സുള്ള

വ്ലോഗിൽ ഇക്കാര്യം ചാറ്റി,

അവിടത്തെ റോഡിലെ കുഴിയാണ്

കുഴിഞ്ഞ് കുഴിഞ്ഞ് നമ്മളെക്കുഴക്കാ-

നിവിടെവരെയെത്തിയത്.

അല്ലെങ്കിൽ വെറും 24മണിക്കുറിനകം

അതേ ഫോൺ ന്യൂജേഴ്സിയിലെ

കുഴിയിലെങ്ങിനെ പൊങ്ങി?

 മറ്റെരു യൂ ട്യുബർ രംഗത്തെത്തി.

 അമേരിക്ക തന്നെ കാരണം,

അവരെന്തിനിത്രയാഴത്തിൽ

കുഴിക്കുന്നു?

കേരളത്തിലെ വിവരങ്ങൾ

ചോർത്തിയെടുക്കാൻ,

കമ്യൂണിസ്റ്റു ഗവർമെന്റിനെ

അവർക്കു സഹിക്കുന്നില്ല.

മറ്റൊരാളതിനെ ലൈക്ക് ചെയ്തു

പിന്നെയതോൺലൈനേറ്റെടുത്ത്

വാർത്ത ട്രെൻഡിങ്ങായി.

വ്ലോഗറും അത് കോപ്പിയചിച്ചവരും

സൈബറിൽ വൈറലായി.

മൂന്ന് : ഒജീവൻ രക്ഷിച്ചത്

വേറൊരുന്യൂസ് റോഡ് സൈഡിലെ

കടയിൽനിന്നുള്ള സിസിടിവി

ദൃശ്യപ്രകാരം പറയുന്നു,

കുഴിയിൽ സ്ലിപ്പായി വീണില്ലായിരുന്നെങ്കി-

ലയാൾ, വിമാനത്തിനു സമയം വൈകി

അതിവേഗതയിൽ പാഞ്ഞ ആ കാറിടിച്ച്

കഥ കഴിഞ്ഞേനെ.

അളന്നു നോക്കിയപ്പോൾ

കാറിന്റെ ടയറും കുഴിയുടെ വക്കും തമ്മി-

ലൊരിഞ്ചില്ല വ്യത്യാസം.

അയാൾ സ്ലിപ്പായതും

കാറ് അയാളെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ

ചീറിപ്പാഞ്ഞതും ഒരേനിമിഷം!

അപ്പോഴീ അരയാളാഴമുള്ള

കുഴിയയാളുടെ

വെറും ഭാഗ്യക്കുഴി,

അല്ല,

ജീവന്റെ ഭാഗ്യക്കുറി.

പിന്നെ വീണത് വാർത്തയോടെ അയാളുടെ

യൂ ട്യൂബ് ചാനലിലിപ്പോൾ

സബ്സ്ക്രൈബേഴ്സിന്റെ 

പ്രവാഹവും.

ഒരു കുഴി സർക്കാർ ബാക്കിവെച്ചത്

ദൈവത്തിന്റ ഒരു കളി!

ഭാഗ്യം വന്ന വഴി -

യെന്നൊരു കമന്റ്‌

ഭാഗ്യം വന്ന കുഴി-

യെന്നതിന് തരിച്ച്കമന്റ്

കൂടെ ഒരു സ്മൈലിയും ഉണ്ട്

😊

നാല്: ബ്ലാക്ക് ബോക്സ് പറഞ്ഞത്

ഇത് സ്മാർട്ട്ഫോണിന്റെ

ബ്ളാക്ക് ബോക്സ് വഴി

വന്ന വിവരം , എന്താണ്

ശരിക്കും സംഭവിച്ചത്?

അയാൾ കുഴിയിൽ വീണപ്പോൾ

ഞാൻ കയ്യിൽ നിന്ന്തെറിച്ചുപോയി

നല്ല ഊക്കിലുള്ള വീഴലായിരുന്നല്ലൊ

പാവം എല്ലുപൊട്ടിയോ?

ഞാൻ ചെന്നു വീണത്

ഏർപോർട്ടിലേക്ക് അമേരിക്കയിലേക്കുള്ള

അടുത്ത വിമാനം പിടിക്കാൻ

കാറിൽ ചീറിപ്പാഞ്ഞുപോകുന്ന

ന്യൂജഴ്സിക്കാരൻ ചേട്ടന്റെ

ബാഗിലെ മുഴുവനായും

സിബ്ബിടാതെ കാറിന്റെ മുകളിൽ

കെട്ടിവച്ചൊരുബാഗിൽ.

പിന്നെ ന്യൂജഴ്സി ടേൺ പൈക്ക്

എന്ന വിസ്താരവീഥിയിലെ

ഒരു കുഴിയിൽനിന്ന് മറ്റൊരു കുഴിയിലേക്ക്

തെന്നിമാറിയ കാറിൽനിന്ന്

ബാഗ്തെറിച്ച്റോഡിൽ വീണു

ഞാനവിടത്തെകുഴിയിലുമായി.

അഞ്ച് : നന്ദി പറഞ്ഞത്

ഒരു മാസം നീണ്ട

മെഡിക്കൽ കോളജ് വാസവും

ചികിൽസയും കഴിഞ്ഞ്

ശരീരത്തിലെ പരിക്കുകളെല്ലാം മാറി

അയാൾ കുഴിയോട് നന്ദി പറയാൻ മാത്രം

കണ്ണൂർ എയർ പോർട്ട് റോഡിലെത്തി.

സർക്കാർ കുഴി നികത്തിയിരിക്കുന്നു

കുഴി എവിടെയായിരുന്നു എന്നുപോലും

അയാൾക്ക് മനസ്സിലായില്ല.

കുഴിയില്ലായിരുന്നെങ്കിൽ

കുഴിയുടെ സ്ഥാനത്ത് 

അയാളുടെ സ്മാരകം

വേണ്ടി വന്നേനെ!

എന്നിട്ട് താൻ കാരണം  മരിച്ച

കുഴിക്കുവേണ്ടി ഒരു സ്മാരകം

പണിയാൻ അയാൾ തീരുമാനിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS