വസന്തത്തിൽ മുന്നോട്ടും ശിശിരത്തിൽ പിന്നോട്ടും
Mail This Article
കുട്ടികൾക്ക് ചിക്കൻ നഗ്ട്സ് ചൂടാക്കി, കെച്ചപ്പുമായി കൊടുത്തിട്ട് ഡാലസ് മാവെറിക്‌സിന്റെ ബാസ്കറ്റ് ബാൾ കളി കാണാൻ സോഫയിലേക്കിരുന്നു. പ്രധാന കളിക്കാരനായ ലൂക്കാ ഡോണാവിച്ച് എവിടുന്ന് പന്തെറിഞ്ഞാലും വലക്കുള്ളിൽ തന്നെ വീഴുന്നത് അദ്ഭുതത്തോടെ കണ്ടുകൊണ്ടിരുന്നപ്പോൾ, ഡൈനിങ്ങ് ടേബിളിൽ ബഹളം കേട്ടു. ഇരട്ട കുട്ടികളായ ജോണും, ജോസഫും തർക്കിക്കാൻ തുടങ്ങിയിരിക്കുന്നു.
ഇപ്പോൾ എന്താണാവോ കാര്യം?
"മാം,--- ഇപ്രാവശ്യം ബർത്ത് ഡേ ആഘോഷിക്കുമ്പോൾ എൻറെ കേക്കു വേണം ആദ്യം മുറിക്കാൻ, ഞാനാണ് മൂത്ത കുട്ടി, എത്രപറഞ്ഞിട്ടും ജോസഫ് സമ്മതിക്കുന്നില്ല" ജോണിന്റെ പരാതി.
"എല്ലാ വർഷവും ആഘോഷിക്കുന്നതു പോലെ എന്റെ കേക്ക് വേണം ആദ്യം മുറിക്കാൻ, മാത്രമല്ല ഹാപ്പി ബർത്ത് ഡേ പാട്ട്, എനിക്ക് പാടിയിട്ട് മതി, ജോണിനു വേണ്ടി പാടാൻ" ജോസഫ് വിട്ടുകൊടുക്കാൻ തയാറല്ല.
ഡൈനിങ്ങ് ടേബിളിനരികിൽ എത്തി ഞാൻ സമാധാനം പുനഃസ്ഥാപിപ്പിക്കാൻ ശ്രമിച്ചു.
“ബഹളം ഒന്നു നിർത്തിക്കേ “ജോണേ നിന്നോടു പലപ്രാവശ്യം പറഞ്ഞിട്ടില്ലേ ജോസഫ് ജനിച്ച് 17 മിനിറ്റ് കഴിഞ്ഞിട്ടാണ് നീ ജനിച്ചതെന്ന്.
“പക്ഷെ ഡാഡ് പറഞ്ഞല്ലോ ഞാൻ ജനിച്ചത് 1.10AMന് ആണെന്നും ജോസഫ് ജനിച്ചത് 1.53AMന് ആണെന്നും. അപ്പോൾ ഞാനല്ലേ ആദ്യം ജനിച്ചത്. ഇത്രയൂം നാൾ നിങ്ങളെല്ലാവരും ചേർന്ന് എന്നെ പറ്റിക്കുകയായിരുന്നു. ഇനി ഏത് പുതിയ ടോയ് വാങ്ങിയാലും മൂത്തത് ഞാനായതു കൊണ്ട്, ഞാൻ കളിച്ചിട്ടേ ജോസഫിനു കൊടുക്കൂ….””
അപ്പോൾ അതാണ് കാര്യം.
എന്റെ ഈശോയെ, ഇവിടുത്തെ ഫാൾ ബാക്ക് വേർഡും, സ്പ്രിങ്ങ് ഫോർവേഡും എങ്ങനെ ഇവരെ ഞാൻ പറഞ്ഞുമനസ്സിലാക്കി കൊടുക്കും”
“മാം എനിക്ക് കുറച്ച് ഓറഞ്ചു ജൂസ്”. ജോസഫ് ആവശ്യപ്പെട്ടു.
ഫ്രിഡ്ജിൽ നിന്നും എടുത്ത് ജ്യൂസ് കൊടുക്കന്നതിനിടയിൽ അമേരിക്കയിലെ സമയം മാറ്റുന്ന ഏർപ്പാടിനെ കുറിച്ച് വിശദീകരിക്കാൻ ശ്രമിച്ചു.
“ മക്കളേ……. തണുപ്പുകാലത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളെ ഫാൾ എന്നാണ് വിളിക്കുക. അതുകഴിയുമ്പോൾ വിൻറ്റർ എത്തുകയും പകൽ സമയം കുറയുകയും ചെയ്യുന്നു. നവംബർ മാസത്തെ ആദ്യത്തെ ഞായറാഴ്ച 2.00AMന് ക്ലോക്കിലെ സൂചി പിറകിലേക്ക് തിരിച്ച് 1.00AM ൽ കൊണ്ട് വയ്ക്കും. ജോസഫ് ജനിച്ചത് 1.53AMന് ആയിരുന്നു. 7 മിനിറ്റ് കഴിഞ്ഞപ്പോൾ സമയം പുറകോട്ടുമാറ്റി വീണ്ടും 1.00AM ആക്കി”
അങ്ങനെ മാറ്റി 10 മിനിറ്റു കൂടി കഴിഞ്ഞ് 1.10AMന് ആയിരുന്നു ജോണേ നീ ജനിച്ചത്.”
നവംബറിൽ സമയം പുറകോട്ടാണ് മാറ്റുന്നത് എന്നോർത്തിരിക്കാൻ വേണ്ടിയാണ് "ഫാൾ ബാക്ക് വേർഡ്" എന്ന പ്രയോഗം അമേരിക്കക്കാർ ഉപയോഗിക്കുന്നത്.
അമേരിക്കക്കാർ ഉണ്ടാക്കിവച്ചിരിക്കുന്ന ഈ പ്രശ്നം, മുഴുവനായി മനസ്സിലാക്കാനുള്ള പ്രായം ഇവർക്കായിട്ടില്ല. ഇവിടുത്തെ ഇപ്പോഴത്തെ മുഖ്യ പ്രശ്‌നം ബർത്തഡേ കേക്കാണല്ലോ. അതെങ്ങനെ തീർക്കാം?
"അയ്യോ എൻ്റെ മോൻ എന്ത് ലക്കി ആണെന്ന് നോക്കിക്കേ? സമയം വച്ച് നോക്കിയാൽ ജോണേ നീ ആണ് മൂത്തത്, എന്നാൽ സംഭവിച്ചതു വച്ചുനോക്കിയാൽ ജോസഫ് ആണ് ആദ്യം പിറന്നത്. അതുകൊണ്ട് അടുത്ത ബർത്ത്ഡേക്ക് നമുക്ക് രണ്ടുപേരുടെയും കേക്ക് ഒരുമിച്ച് മുറിക്കാം….
പ്രശ്നം തീർന്നല്ലോ?”
ഓക്കേ ഡോക്കി എന്ന് ഇരുവരും ഒരുമിച്ച് പറഞ്ഞപ്പോൾ പ്രശ്ന പരിഹാരമായി എന്ന് മനസിലാക്കി.
പെട്ടെന്നാണോർമ്മ വന്നത്, നാളെ മാർച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആണല്ലോ.
ഒരുമണിക്കൂറത്തെ ഉറക്കം നഷ്ടപ്പെട്ടതു തന്നെ.
സ്പ്രിങ്ങ് ഫോർവേഡ്, 2.00AMന് ക്ലോക്കിലെ സൂചി ഒരുമണിക്കൂർ മുന്നോട്ടു വച്ച് 3.00AM ആക്കണം.
അതുകൊള്ളാമല്ലോ!
ഇവിടെ എല്ലാവർഷത്തിലും മാർച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയിലെ 2.00AMനും - 3.00AMനും ഇടയിൽ ഒരുകുട്ടിയും ജനിക്കുന്നില്ല. കാരണം അങ്ങനെ ഒരുസമയം ഇല്ല എന്നതുതന്നെ.
വേനൽ കാലത്ത് നീണ്ട പകലുകൾ കൃഷി പണികൾക്കുപയോഗിക്കാൻ വേണ്ടിയാണ് സമയ മാറ്റം കൊണ്ടുവന്നത് എന്ന് കേട്ടിട്ടുണ്ട്.
ഇപ്പോൾ ഇലക്ട്രിസിറ്റി ഉപയോഗം കുറക്കുവാനും സമയ മാറ്റം ഉപകരിക്കുമത്രെ.
ഇതെന്തായാലും വല്ലാത്ത പൊല്ലാപ്പ് പിടിച്ച ഒരേർപ്പാടായി പോയി. മനുഷ്യരെ ചുറ്റിക്കാനായി.
ഇതുപോലെ വേറെ എന്തെങ്കിലും നിലവിലുണ്ടോ?
വീണ്ടും ടിവി യിൽ ശ്രദ്ധിച്ചു. സ്പോർട്സ് കമൻറ്റേറ്റർ അറിയിക്കുന്നു. മാവെറിക്സിന്റെ ബാസ്കറ്റ് ബാൾ കളിക്കാരൻ ലൂക്കാ ഡോണാവിച്ച് ജനിച്ചത് 1999 ഫെബ്രുവരി 28 ന് ആയിരുന്നു. ഫെബ്രുവരി 29 ന് ആയിരുന്നു എങ്കിൽ നാലു വർഷം കൂടുമ്പോൾ മാത്രമേ ബർത്തഡേ വരികയുള്ളായിരുന്നു എന്ന്.
അതുശരി, ഇനിയും ഉണ്ടാവും ഇതുപോലെ വിചിത്രമായ കുറേ നിയമങ്ങൾ, എല്ലാവരെയും കുഴപ്പത്തിലാക്കാൻ!