ADVERTISEMENT

മീനമാസത്തിലെ ഉച്ച സൂര്യന്‍ കനത്ത കൈകള്‍ക്കൊണ്ട് നാട്ടുവഴിയെ തലോടുന്നുണ്ട്. ഞാന്‍ വെറുതെ മുറ്റത്തിനു താഴെയുള്ള തൊടിയിലേയ്ക്ക് ഒന്നിറങ്ങി. ജന്മംകൊണ്ട് വടക്കേ അമേരിക്കക്കാരായ റബ്ബര്‍ മരങ്ങള്‍ ജനിതകത്തില്‍ മാറ്റം വരാത്തതുകൊണ്ടോ അതോ പരദേശത്തു താമസമായത് അറിയാഞ്ഞിട്ടാണോ വേനലില്‍ ഇലകൊഴിച്ചു നില്‍ക്കുന്നത്.

 

വിജനമായി കിടക്കുന്ന റബ്ബര്‍ തോട്ടത്തില്‍ അവിടവിടയായി റബ്ബര്‍ കായകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാം. ചില്ലകളെ ചെറുതായി ഉലച്ചുകൊണ്ട് പതുക്കെ ഊതുന്ന ചൂടുകാറ്റ് താഴെ കുറ്റിച്ചു വളരുന്ന വട്ട ഇലകളുള്ള പെരിങ്ങില തൈകളേയും കമ്മ്യൂണിസ്റ്റു പച്ചകളേയും ഒന്നു തഴുകിവിട്ടു.

 

"എന്നാ വന്നേ നീ" കുശലം ചോദിക്കുന്നതുകേട്ട് ഞാന്‍ തലതിരിച്ചുനോക്കി. വിശാലമായി ചിരിച്ചുകൊണ്ട് വിശാലാക്ഷിയമ്മ ഒരു ആടിനേയും തീറ്റിച്ചുകൊണ്ട് പുറകില്‍ നില്‍പ്പുണ്ട്.

 

"രണ്ടു ദിവസമായി വന്നിട്ട്" ഉത്തരം പറഞ്ഞുകൊണ്ടുതന്നെ ഓര്‍ത്തു. എന്നാ തിരിച്ചു പോകുന്നേന്ന് ഇപ്പത്തന്നെ ചോദിക്കും, വിചാരം അസ്ഥാനത്തായില്ല. ചോദ്യം വന്നു കഴിഞ്ഞു. "ഇനി എന്നാ പോകുന്നേ..." പ്രവചന കഴിവ് ഓര്‍ത്ത് ചുണ്ടില്‍ ഊറിയ ചിരി ഒതുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു ഒരു മാസം ഉണ്ട് അവധി.

പ്രവാസികള്‍ക്ക് വിധിച്ചിട്ടുള്ള ചോദ്യം അല്ലേ ഇത് ആ പോട്ടെ.

 

മസ്ക്കത്തിലാണ് ഞാനും കുടുംബവും ജോലിയുമായി കഴിയുന്നത്. വര്‍ഷത്തിലൊന്നു നാട്ടിലേയ്ക്ക് അവധിക്കുവരും. കേരളത്തിനു പുറത്തു ജീവിക്കുന്ന ലക്ഷക്കണക്കിനു പ്രവാസികളെപ്പോലെ മാതൃഭൂമിയുടെ മടിയിലേക്ക് ഒരു മാസം വന്നുപോകും.

 

ഗള്‍ഫിലേക്ക് ജീവിതമാര്‍ഗ്ഗം തേടിപ്പോകുന്നതിനുമുമ്പ് ഈ ഇട്ടാവട്ടവും ഹോസ്റ്റലും ആയിരുന്നു എന്‍റെ ലോകം. മൂക്കു വിടര്‍ത്തി ഒന്നു മണത്തു നോക്കി ചക്കപ്പഴത്തിന്‍റേയും പച്ചിലകളുടേയും റബ്ബര്‍ പാലിന്‍റേയും സമ്മിശ്ര ഗന്ധം. മുന്നലുള്ള നാട്ടു വഴിയിലൂടെ ഗ്രാമത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും ഭയാശങ്കകളില്ലാതെ നടന്നുപോകാന്‍ അന്നെനിക്ക് അറിയാമായിരുന്നു. ബാല്യവും കൗമാരവും യൗവനാരംഭവും ഒക്കെ ഇവിടെയും ഹോസ്റ്റലിലും ആയിരുന്നു.

 

എന്തൊക്കെയായിരുന്നു രസങ്ങള്‍. പ്രേമം തലച്ചോറിനെ ബാധിച്ച കാമുകിയുടെ ബാലന്‍സ് തെറ്റിയ നടത്തം ഇവിടെയായിരുന്നു പ്രാക്ടീസു ചെയ്ത്.

വെയില്‍ചായുന്ന കൊയ്ത്തു കഴിഞ്ഞ പാടത്തിലെ കുറ്റിച്ചു നില്‍ക്കുന്ന ഉണങ്ങിയ നെല്‍ച്ചെടികളുടെ കുറ്റികളില്‍ ചവിട്ടി ചവിട്ടി നടന്നതും ഇവിടെയായിരുന്നു. ഉണങ്ങി വിള്ളല്‍ വീണ ചെളി അപ്പം ചുട്ടതുപോലെ കിടക്കും. പ്രപഞ്ചത്തിലെ സൂക്ഷ്മജീവികളെ പലതിനേയും കണ്ടുമുട്ടിയിട്ടുള്ളത് ആ വിള്ളലുകളില്‍ ആണ്.

പുല്ലരിയാന്‍ പെണ്ണുങ്ങള്‍ അരക്കെട്ടു വെട്ടിച്ച് പാടവരമ്പിലൂടെ വരിവരിയായി ചമുടുതാങ്ങി നടന്നുപോകും.

 

ഇപ്പോ പാടവും കരയും ഒക്കെ പുല്ലും മുള്‍ച്ചെടികളും മൂടിക്കിടക്കുന്നു. എല്ലാത്തിന്‍റേം രസം പോയി. മീന്‍പിടിക്കുന്ന ഇരണ്ടകള്‍ പോലുമില്ല. അവറ്റകള്‍ക്കും ഇവിയെ ഒന്നും കിട്ടാനില്ല.

 

വൈകുന്നേരം കുളികഴിഞ്ഞ് എനിക്കൊരു സ്വകാര്യം നോക്കാനുണ്ട്. പണ്ട് ഞാനും അനിയനും ഉപയോഗിച്ചിരുന്ന മുറിയിലെ പഴയ ഒരു തടി അലമാര ആണത്. മക്കള്‍ ഒക്കെ കൂടുവിട്ടു പോയപ്പോള്‍ അമ്മയും സഹായി സരളയുംകൂടി എന്‍റെ പഴയ പുസ്തകങ്ങളും തുണിയും മറ്റു സാധനങ്ങളെല്ലാം കൂടി ആ തടി അലമാരയ്ക്കുള്ളിലാക്കി അടച്ചു.

 

ഒരു ലോകമാണ് എനിക്ക് ആ അലമാര. കോളജില്‍ പോയപ്പോള്‍ ഉപയോഗിച്ചിരുന്ന ബസിലെ കണ്‍സഷന്‍ കാര്‍ഡ് വളരെ വല്യ പരുക്കുപറ്റാതെ അതില്‍ ഇരിപ്പുണ്ട്. അലമാരയിലെ പുസ്തകത്താളിനിടയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ആ പഴയ കത്തെടുത്ത് ഒന്നു നിവര്‍ത്തി വച്ചു.

 

ഹീറോ പെന്നിന്‍റെ മഷിവരകള്‍ക്കിടയിലിരുന്ന് എന്‍റെ കാമുകീ ഹൃദയം ഒന്നു തുടിച്ചു.

 

"മൈ ലൗവിംങ് ആനീ" വികാരവായ്പോടെ നിന്ന പുളിനത്തിന്‍റെ മാറിലേയ്ക്ക് പാഞ്ഞു കയറുന്ന വീരതരംഗങ്ങള്‍ ആയിരുന്നു എനിക്ക് ആ വരകള്‍. തിരമാലകള്‍ പോലെയുള്ള സ്നേഹത്തിന്‍റെ കൊടുക്കല്‍ വാങ്ങലുകള്‍, വിങ്ങലുകള്‍, പതുങ്ങലുകള്‍, കിതപ്പുകള്‍.

 

കത്തുമുഴുവനും വീണ്ടും വായിച്ചു. ഇരുപത്തെട്ടു വര്‍ഷം മുന്നിലെ കോളജ് കുമാരിയുടെ ഹൃദയം പ്രണയഭീതിയില്‍ ഒന്നു പിടഞ്ഞത് ഇപ്പഴും അറിയാം.

സ്നേഹം നിറഞ്ഞ ഒരു പുരുഷ ഹൃദയം അപഹരിച്ചതിനുശേഷം അവിടെനിന്ന് ഇറങ്ങിപ്പോരാന്‍ പെണ്ണിനു ഒരുപാടു ന്യായങ്ങളുണ്ട്. അവളുടേതായ അര്‍ത്ഥതലങ്ങളുണ്ട്. ഗൂഢമായ ഒരു ആനന്ദം ഉണ്ട്. അതിന്‍റെ ഇരയായാതു ഞാനോ അതോ അവനോ? എന്തായാലും കൈവിട്ടു പോയാല്‍ പിന്നെ ഓര്‍മ്മകള്‍ക്ക് എന്നും ഇതുപോലെ നീറ്റല്‍ ആണ്.

 

കടുംനീലച്ചായം പൂശിയ ഹോസ്റ്റലിന്‍റെ സ്റ്റഡി റൂമില്‍ കിടന്ന വര്‍ത്തമാന പത്രത്തില്‍ ആണ് പെന്‍ പ്രണ്ടിന്‍റെ പരസ്യം കണ്ടത്. കനച്ച വെളിച്ചെണ്ണ മണക്കുന്ന മുടി കോതിക്കൊണ്ട് സൗമ്യ ചോദിച്ചു. "നോക്കുന്നോ? ഞാന്‍ ഒന്നു രണ്ടു ലെറ്റര്‍ അയച്ചിട്ടുണ്ട്. കൊള്ളാവുന്ന ആരെയെങ്കിലും കിട്ടിയാല്‍ നോക്കണം." ഒരു നാണച്ചിരിയോടെ അവള്‍ പറഞ്ഞു.

 

"നിന്‍റെ മുടീടെ നാറ്റം കാരണം വരുന്നവര്‍ ഓടിക്കോളും" എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഒരു ലെറ്റര്‍ അയയ്ക്കണം എന്നു രഹസ്യമായി ആലോചിച്ചു.

ഒന്നുരണ്ടു തവണ പെന്‍ഫ്രണ്ടിനെത്തേടി ഞാന്‍ കത്തയച്ചപ്പോള്‍ അതില്‍ക്കൂടി സാജന്‍ ജീവിതത്തിലേക്കു വരും എന്നു ഓര്‍ത്തില്ല. അങ്ങനെ ഒരിക്കല്‍ എന്നെത്തേടി അവന്‍റെ മറുപടി വന്നു. മറുപടികളും അതിനു മറുപടിയുമായി സൗഹൃദം വളര്‍ന്നു.

 

അമ്മയുടെ ജ്യേഷ്ഠത്തി 'തങ്കംമാമ' പറയുന്നതുപോലെ "ഊതി ഊതി പുകച്ചു കത്തിച്ചു." സാജനുമായി പെട്ടെന്ന് അടുത്തു. കോട്ടയംകാരന്‍ പയ്യന്‍. ഡിഗ്രി കഴിഞ്ഞു എം.ബി.എ.യ്ക്ക് ചേരാന്‍ തായാറെടുക്കുന്നു."

 

അതിനിടെ ഞാന്‍ ഡിഗ്രി മൂന്നാം വര്‍ഷമായി ഹൃദയരഹസ്യങ്ങള്‍ പങ്കുവച്ച് എപ്പഴോ ഒരിക്കല്‍ കാണണം എന്ന ഒരു ആശ. കണ്ണില്‍ കണ്ടവനെ വേണമല്ലോ പ്രേമിക്കാന്‍.

 

കത്തുകള്‍ മാത്രം ആണ് എന്ന് ആശ്രയം. മഞ്ഞ ചുരിദാര്‍ ഇട്ടുവരാം എന്നാണന്നു തോന്നുന്നു പറഞ്ഞത്. അവനോടും ഏതോ ഒരു നിറം ഇടാന്‍ പറഞ്ഞു. ഓര്‍മ്മയില്ല. എത്ര വര്‍ഷങ്ങളായി കഴിഞ്ഞിട്ട് എന്‍റെ പപ്പ അന്ന് ഗള്‍ഫിലായിരുന്നു. വല്യപ്പച്ചനും അമ്മയുമാണ് വീട്ടിലുള്ളത്. അങ്ങനെ ബേക്കര്‍ ജംഗ്ഷനു എതിരെയുള്ള ഇടവഴിയില്‍വച്ചു കാണാം എന്നു തീരുമാനിച്ചു. പറഞ്ഞതുപോലെ ഞാന്‍ കാത്തുനിന്നെങ്കിലും ബിനു താമസിച്ചാണ് വന്നത്. ദൂരം മാറിനിന്ന് എന്നെ കണ്ടു ബോധിച്ചിട്ടാണ് അടുത്തു വന്നത്. ഇഷ്ടമായില്ല എങ്കില്‍ വരണ്ടിയ കാര്യമില്ലല്ലോ.

 

കണ്ടതും സംസാരിച്ചതും ഒക്കെ മനസ്സില്‍  മായാതെ കിടക്കുന്നു. ജീവിതം രണ്ടായി പിരിഞ്ഞു ഒഴുകിയെങ്കിലും മനസ്സുകൊണ്ടുള്ള ഒന്നാകല്‍ കുറെ നാളത്തേയ്ക്ക് ഉണ്ടായിരുന്നു.

 

മുന്‍പില്‍ ഇരിക്കുന്ന കത്തിലേയ്ക്ക് വീണ്ടും നോക്കി. അവന്‍റെ കൈയ്പട, ഒരിക്കല്‍ ഇതുകാണാന്‍വേണ്ടി മാത്രം കാത്തിരുന്ന ദിവസങ്ങള്‍. വരികളില്‍ തുടിക്കുന്ന പ്രണയം. അത്രമേല്‍ നീ എന്നെ സ്നേഹിച്ചിരുന്നോ!

 

സ്നേഹം ആദ്യമേ തുറന്നു പറഞ്ഞതു ഞാനായിരുന്നു. ഒരു കടലാസില്‍ എഴുതി അതു ബാഗ്ലൂരില്‍ എം.ബി.എ. പഠിക്കാന്‍ പോകുന്ന അവനെ റെയില്‍വേസ്റ്റേഷനില്‍ ചെന്ന് കണ്ടു കൊടുത്തു. ട്രെയിനില്‍ കയറിയിട്ടുവായിച്ചാല്‍ മതി എന്നു പറഞ്ഞു.

 

ആ കത്തിനു അവന്‍റെ മറുപടി വന്നു. പൂത്തുലഞ്ഞ ചെമ്പകം പോലെയോ തണ്ടുലഞ്ഞ ചെന്താമരപോലെയോ എന്തൊക്കെയോയായി അന്നു ഞാന്‍. അത്രമേല്‍ പ്രണയം തുളുമ്പി ആ കത്തില്‍.

 

പിന്നെ പ്രണയച്ചൂടില്‍ ഹൃദയം തുടിച്ച നാളുകള്‍. നാട്ടില്‍ അവന്‍ അവധിക്കു വന്നപ്പോള്‍ 'അനിയത്തിപ്രാവ്' സിനിമ പോയി കണ്ടതും, ഭക്ഷണം കഴിച്ചതും ഒക്കെ യാത്രചെയ്യുമ്പോള്‍ പുറകോട്ടു ഓടിമറയുന്ന മനോഹര കാഴ്ചകള്‍പോലെ മനസ്സില്‍ തെളിയുന്നു. 

 

എന്തിനും ഒരു പരസമാപ്തി വേണമല്ലോ. അങ്ങനെ ആ ദിവസവും എത്തി. അവന്‍റെ കത്ത് 'കട്ടുറുമ്പ്' എന്ന പേരില്‍ അറിയപ്പെടുന്ന ഹോസ്റ്റല്‍ വാര്‍ഡന്‍ കോകില പിടിച്ചു. വീട്ടില്‍ അറിയിക്കപ്പെട്ടു. വല്യപ്പച്ചനെ ഹോസ്റ്റലില്‍ വിളിച്ചുവരുത്തി. കത്തുവായിച്ച വല്യപ്പച്ചന്‍ എന്നെ മിഴിച്ചുനോക്കി. "അമ്പടി കേമീ, പൂച്ചപോലെ കണ്ണടച്ച് നീ എല്ലാവരേം പറ്റിച്ചല്ലോ" എന്തൊക്കെയായിരുന്ന ആ നോട്ടത്തിന്‍റെ അർഥങ്ങള്‍. എന്തായാലും പപ്പയും മമ്മിയും അനിയനും എല്ലാവരും എന്‍റെ രഹസ്യം അറിഞ്ഞു. എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു. ഇനി ഇതു തുടരില്ല എന്ന്. എങ്കിലും കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു.

ഹോസ്റ്റല്‍ ജീവിതം അവസാനിച്ചു. പിന്നീടു ഡിഗ്രി അവസാന പരീക്ഷകള്‍ വീട്ടില്‍നിന്നാണ് എഴുതിയത്. ആ വര്‍ഷംതന്നെ പപ്പ അവധിക്കുവന്നു. കൂടെ ഒരു വിവാഹ ആലോചനയും, എന്‍റെ വളര്‍ച്ചയില്‍ എല്ലാം കൂടെയുണ്ടായിരുന്ന വല്യപ്പച്ചനു എന്‍റെ കല്യാണം കണ്ടിട്ടു വേണം മരിക്കാന്‍. അങ്ങനെ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍.

 

പക്ഷേ അവന്‍റെ ഹൃദയത്തില്‍നിന്നു ഇറങ്ങിപ്പോരുക അല്ലായിരുന്നു ഞാനപ്പോള്‍, എന്‍റെ ഹൃദയത്തില്‍ നിന്നുതന്നെ ഞാനിറങ്ങി, ഇനി എന്ത്? മാതാപിതാക്കളുടെ അനുസരണയുള്ള നല്ല കുട്ടി ആവുക.

 

പുഴയിലൊന്നു മുങ്ങിനിവര്‍ന്ന് പൂര്‍വ്വാശ്രമം വെടിഞ്ഞ് ഞാനെന്‍റെ പുതിയ ജീവിതത്തിലേക്കു പിച്ചവെച്ചു.

 

പക്ഷേ ഓര്‍മ്മയുടെ വാതായനങ്ങള്‍ അടയ്ക്കാന്‍ എനിക്കാവുന്നില്ല. ഇതുപോലെ ഞാന്‍ എന്നും എന്‍റെ ഓര്‍മ്മകളെ വാരിപ്പിടിച്ച് അമര്‍ത്തി ചുംബിക്കാറുണ്ട്. എന്‍റെ ഹൃദയം വിങ്ങുന്നതുകണ്ട് ഗൂഢമായി ആനന്ദിക്കും. നഷ്ടപ്രണയംപോലെ സുന്ദരമായത് എന്താണുള്ളത്.

 

ജീവിതം എല്ലാം നമുക്കു നല്‍കില്ല. പക്ഷേ അതു ചില വിട്ടുവീഴ്ചകള്‍ ചെയ്യും. അതായിരിക്കാം വര്‍ഷങ്ങളിപ്പുറം ഗള്‍ഫില്‍ എന്‍റെ മാനേജരുടെ സുഹൃത്തായി അവന്‍ വെറുതെ ഓഫീസില്‍ വന്നത്.

 

കാലത്തിനു ഋതുക്കള്‍ അല്ലേ വികാരങ്ങള്‍? അതു വന്നുപോകും. വേനലും ഗ്രീഷ്മവും മറികടന്നേപറ്റൂ. കണ്ടു സംസാരിച്ചു. രണ്ടുപേരുടെയും മനസ്സില്‍ തിരയിളകുന്നുണ്ടായിരുന്നു. അവന്‍റെ ചിരിയില്‍ നിസഹായതയായിരുന്നോ? അതോ ഹതാശയമായ വിധിയെ ജയിച്ചവന്‍റെ ഉന്മാദമായിരുന്നോ? അറിയില്ല, അങ്ങനെ ആകസ്മികമായ സമാഗമവും കടന്നുപോയി. 

 

ഇന്നെന്‍റെ ഫോണില്‍ അവന്‍റെ നമ്പര്‍ ഉണ്ട്. അതായത് ഒരു വിരല്‍ തൊടുന്നതിനപ്പുറം അവനുണ്ട്. "സുഖമാണോ" എന്നു വല്ലപ്പോഴും ചോദിക്കാന്‍ ഞങ്ങള്‍ മറക്കാറില്ല. 

 

പ്രണയപ്പകയുടെ അറുംകൊലയുടെ ഈ കലികാലത്തില്‍ ഞങ്ങള്‍ക്കു മാത്രമായി ഇതുപോലെ ഇടങ്ങള്‍ കാണാറുണ്ട്. ഇന്നലത്തെ പ്രിയപ്പെട്ടവര്‍ അപരിചതരാകുന്ന ഇന്നുകളില്‍ പരസ്പരം പ്രിയപ്പെട്ടവരാകുന്നതുതന്നെ പ്രിയമുള്ളതല്ലേ. ആഞ്ഞുപുല്‍കുന്ന ഇതുപോലത്തെ ഭ്രാന്തമായ നഷ്ടങ്ങളാണ് ജീവിതത്തിന്‍റെ സൗന്ദര്യം. അതെനിക്കു തന്ന കാലമേ നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com