ADVERTISEMENT

രണ്ടു വർഷം മുൻപുള്ള ഫെബ്രുവരി 14, ഒരിക്കലും മറക്കാനാവാത്ത ഒരു ‘വാലന്റൈൻസ് ഡേ’ ആയിരുന്നു. അമിത മഞ്ഞുവീഴ്ചയാൽ ഡാലസ് പ്രദേശം മുഴുവൻ തണുത്ത് മരവിച്ച് നിർജീവമായ അവസ്ഥ. വൈദ്യുതിയും ജലവും തടസ്സപ്പെട്ടതിനാൽ പ്രദേശവാസികൾ നട്ടം തിരഞ്ഞ നാളുകൾ. ഒറ്റരാത്രികൊണ്ട് കറുത്തിരുണ്ട് കിടന്നിരുന്ന റോഡുകളെല്ലാം വെള്ള കരിമ്പടം പുതച്ചതു പോലെ, മഞ്ഞിനാൽ മൂടപ്പെട്ടു കിടന്നു. ഗരാജിൽ നിന്നും വണ്ടി റോഡിലേക്കിറക്കാൻ ഒരു നിർവ്വാഹവുമില്ല. ഐസിൽ, വണ്ടി അതിന്റെ ഇഷ്ടത്തിന് തെന്നി തെന്നി പോകുന്നു. പക്ഷേ, ഞങ്ങൾക്ക് എങ്ങനെയെങ്കിലും പത്ത് മൈൽ ദൂരെയുള്ള എയർ പോർട്ടിൽ എത്തിയേ തീരൂ.

അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന അമ്മയുടെ അടുത്തെത്താൻ വെമ്പൽ കൊള്ളുന്ന മനസ്സ്. ടാക്സി, ഊബർ, ട്രെയിൻ, ബസ്സ്  ഇവയൊന്നും ലഭ്യമല്ല. രാവിലെ മുതൽ എയർ ലൈനിന്റെ സ്റ്റാറ്റസ് അന്വേഷിക്കുന്നുണ്ട്. മറ്റുള്ള എല്ലാ വിമാകമ്പനികളും പറക്കൽ നിർത്തിയിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് പോകേണ്ട എയർ ലൈൻ യാത്ര മുടക്കിയിട്ടില്ല. പക്ഷേ, എങ്ങനെ അവിടം വരെ എത്തിച്ചേരും?

കുറേനേരം മുന്നിലുള്ള റോഡിലേക്ക് നോക്കിയിരുന്നപ്പോൾ അയൽവാസിയുടെ വീട്ടിൽ ഒരു കാർ വന്നതു ശ്രദ്ധയിൽ പെട്ടു. ഐസിൽ തെന്നിവീഴാതിരിക്കാൻ പുല്ലിന് മുകളിൽ വീണുകിടക്കുന്ന മഞ്ഞിലൂടെ  തുക്കെ പതുക്കെ നടന്ന് ചെന്ന് അയൽവാസിയോട് കേണപേക്ഷിച്ചു.

dallas-snow-3

“എയർ പോർട്ടിലേക്ക് കൊണ്ടുവിടാമോ”  എന്ന്? 

“ഒരു കാരണവശാലും അത്രയും ദൂരം വണ്ടിയോടിക്കില്ല” എന്നവർ തറപ്പിച്ചറിയിച്ചു.

അടുത്ത സുഹൃത്ത് തന്നെ,  ഇനിയുള്ള ഏക രക്ഷാ മാർഗ്ഗം. അദ്ദേഹത്തെ ആവശ്യം അറിയിച്ചപ്പോൾ, അപകട സാധ്യതകൾ ഒന്നും  കണക്കിലെടുക്കാതെ ഒരു ദേവദൂതനെ പോലെ, തന്റെ നാലുവീൽ ഡ്രൈവ് ആയ വലിയ വാഹനത്തിൽ എയർ പോർട്ടിൽ കൊണ്ടുവിടാനായി എത്തിച്ചേർന്നു. അങ്ങോട്ടുള്ള വഴിനീളെ അപകടത്തിൽ പെട്ടുകിടക്കുന്ന അനേകം വാഹനങ്ങൾ കാണുവാനിടയായി. ഹൈവേയിൽ തന്നെ വാഹനങ്ങൾ ഉപേക്ഷിച്ച് യാത്രക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് രക്ഷപെട്ടിരിക്കുന്നു. മഞ്ഞ് പുതച്ചുകിടക്കുന്ന ഉയരമുള്ള പാലങ്ങളുടെ മുകളിലൂടെ യാത്രചെയ്തപ്പോൾ, വണ്ടിയുടെ വിൻഡ്ഷീൽഡ് ഗ്ലാസ്സിൽ വൈപ്പർ തീർക്കുന്ന രൂപങ്ങൾക്ക് കാലപാശത്തിന്റെ ആകൃതി.

അങ്ങനെ ഒരുവിധത്തിൽ എയർപോർട്ടിൽ എത്തിപ്പെട്ടു. ‘ഡി ഐസ്’ ചെയ്യുന്ന യന്ത്രം വിമാനത്തിന്റെ ചിറകുകളിലും എൻജിനുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന ഐസ് മാറ്റുന്നത്,  ജനാലയിലൂടെ കാണുന്നതു വരെ യാത്ര സാധിക്കുമെന്ന് കരുതിയില്ല. കോവിഡിന്റെ മൂർധന്യാവസ്ഥയിൽ ഡൽഹി എയർപോർട്ടിൽ എത്തുമ്പോൾ എന്തെല്ലാം നൂലാമാലകളിൽ കൂടി കടന്നു പോകണം എന്ന വേവലാതി യാത്രയിലുടനീളം നിലനിന്നിരുന്നു. അനവധി രേഖകളാണ് യാത്രക്കായി വേണ്ടിവന്നത്.

dallas-snow-2

ചിലപ്പോൾ ഇതായിരിക്കും, എനിക്ക് ജന്മം നൽകിയ അമ്മയെ അവസാനമായി കാണുന്നതിനുള്ള അവസരം എന്ന ചിന്തയും മനസ്സിനെ വല്ലാതെ അസ്വസ്ഥ പെടുത്തികൊണ്ടേയിരുന്നു. ഡൽഹിയിൽ നിന്നും, ഒട്ടും പ്രയാസമില്ലാതെ എയർപോർട്ടിലെ പരിശോധനകളെല്ലാം കഴിഞ്ഞ് ഞങ്ങൾ കൊച്ചിയിലേക്കുള്ള വിമാത്തിൽ ഇരിപ്പുറപ്പിച്ചു. ഡൽഹി എയർ പോർട്ടിലെ കാഴ്ചകൾ ജനാലയിലൂടെ കാണുവാനായി വെളിയിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല. അന്തരീക്ഷമാകമാനം  പുകയാൽ മൂടപെട്ടുകിടക്കുന്നു.  എല്ലാ ഭാരതീയരും അഭിമാനിക്കുന്ന ന്യൂ ഡൽഹി എന്ന ഇന്ദ്രപ്രസ്ഥത്തിലെ അന്തരീക്ഷം ഇങ്ങനെയോ? 

പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിലെ കർഷകർ വൈക്കോലുകൾ കത്തിക്കുന്നത് കൊണ്ടാണ് ഡൽഹിയിൽ അന്തരീക്ഷമലനീകരണം ഉണ്ടാകുന്നത് എന്നാണ് കേട്ടിരിക്കുന്നത്. എന്നാൽ അതിന്റെ ഭീകരത ഇത്രത്തോളം ഉണ്ടാവും എന്ന് നേരിട്ട് കാണുന്നതുവരെ കരുതിയിരുന്നില്ല. അനേകം വിദേശികൾ എത്തിച്ചേരുന്ന രാജ്യത്തിൻറെ തലസ്ഥാനത്തിന് അന്തരീക്ഷ മലിനീകരണം ഒരു തീരാ കളങ്കം തന്നെയാണ്. ശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന മാലിന്യ സംസ്കരണ ശാലകൾ ഇല്ലാത്തത് കൊണ്ടാകാം ഡൽഹിയിൽ ഇത്രയും മലിനീകരണം എന്നൊക്കെ ആലോചിച്ചിരുന്നപ്പോഴേക്കും, വിമാനം കൊച്ചിയിൽ ഇറങ്ങാറായി എന്ന അറിയിപ്പുണ്ടായി. 

താഴേക്ക് നോക്കുമ്പോൾ മലകളും, പുഴകളും, നെൽപ്പാടങ്ങളും, കേരവൃക്ഷങ്ങളും, എല്ലായിടത്തും പച്ചപ്പും നിറഞ്ഞ അതിസുന്ദരമായ എന്റെ നാട്. ആകാശത്ത്  നിന്നും അനേകം പ്രാവശ്യം കണ്ടിട്ടുള്ളതാണെങ്കിലും, ഓരോ പ്രാവശ്യം കാണുമ്പോഴും ഇതാദ്യത്തെ തവണയാണ് കാണുന്നത് എന്ന പ്രതീതി ജനിപ്പിക്കുന്ന നാട്. കൊച്ചി എയർ പോർട്ടിനു പുറത്തിറങ്ങി ദീർഘമായി പത്തുതവണ ശുദ്ധ വായു ശ്വസിച്ചു. 

dallas-snow-4

യാത്ര പുറപ്പെട്ട സ്ഥലത്ത്– തണുത്ത് മരവിച്ച വായു. ഡൽഹിയിലെ വായുവാണെങ്കിലോ?–പുക നിറഞ്ഞ് മലിനമായത്. നാട്ടിലെ വായുവോ? ഹാവൂ എന്തൊരാശ്വാസം! ശുദ്ധവായൂ എന്നുമാത്രമല്ല അന്തരീക്ഷത്തിനും സൂര്യനുമെല്ലാം തന്നെ ഒരു പ്രത്യേക ശോഭ. യാത്രികരെ എതിരേൽക്കാൻ ഒരുകൊമ്പനാനയും അകത്തളത്തിൽ തലയുയർത്തി നിൽക്കുന്നു. പ്രഭാപൂരിതമായ പ്രകൃതി സൗന്ദര്യത്തിന്റെ നിത്യസുന്ദര നിർവൃതിയിൽ ലയിച്ചിരുന്നപ്പോൾ, അകലെ അകലെ നീലാകാശം എന്നഗാനത്തിലെ വരികൾ എന്നെ തേടിയെത്തി.

"പാടിവരും നദിയും കുളിരും 

പാരിജാത മലരും മണവും 

ഒന്നിനൊന്നായി കലരും പോലെ”

ഞാനും പ്രകൃതിയും ഒന്നായി തീർന്നുവോ? 

Cochi-airport

ക്ഷണികമായിരുന്ന ആൽമനിർവൃതി അവസ്ഥയിൽ  നിന്നും യഥാർഥ ലോകത്തിലേക്ക് ചിന്തകളെ കൊണ്ടുവന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യവും, ജോലിസാധ്യതകളും ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും ഈ നാട് വിട്ട് പോകില്ലായിരുന്നു. നാട്ടിൽ ജീവിച്ചിരുന്നെങ്കിൽ ലഭ്യമാകുമായിരുന്ന, നഷ്ട സ്വപ്നങ്ങളുടെ വേലിയേറ്റവുമായിട്ടാണ് അന്ന് അമ്മയെ കാണാൻ കൊച്ചിയിൽ നിന്നും വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചത്. ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യം പ്രാണവായു ആണെന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുത ആകുന്നു. മറ്റുള്ള അത്യാവശ്യ ഘടകങ്ങളായ ഭക്ഷണവും, ജലവും ലഭിക്കണമെങ്കിൽ പണം കൊടുക്കേണ്ട ഗതികേടിലേക്കാണ് മാനവ രാശി ഇപ്പോൾ എത്തിനിൽക്കുന്നത്. 

ഇനി ശുദ്ധ വായുവിനും കൂടി പണം കൊടുക്കേണ്ടതായി വന്നാൽ,  നമ്മൾ വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആയിരിക്കും. അതുകൊണ്ട്,  മനുഷ്യർ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ സംസ്കരിച്ച് അന്തരീക്ഷത്തിനും, ചുറ്റുപാടുകൾക്കും കേടുപാടുകൾ വരുത്താത്ത രീതിയിൽ മറവുചെയ്യേണ്ടത് അത്യന്താപേക്ഷിതമാകുന്നു. നമ്മളുടെ ജന്മ നാടിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് ആ നാട് ജന്മം നല്കിയ ഓരോ പൗരന്റെയും കടമയാകുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com