ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള രചനകൾ മാത്രം ഉൾപ്പെടുത്തിയ ആദ്യ വാരിക മലയാളത്തിൽ പുറത്തിറങ്ങിക്കഴിഞ്ഞു. പത്രാധിപർക്ക് ആധി കൂടി. പുതിയ പരീക്ഷണങ്ങൾ വാരികയിൽ കൊണ്ടുവന്നു വല്ലവിധേനയും പിടിച്ചു നിൽക്കുക, അല്ലങ്കിൽ ഓൺലൈൻ പതിപ്പിലേക്ക് ചുരുങ്ങുക. അതാണ് മാനേജ്മെൻ്റ് നൽകിയിരിക്കുന്ന അന്ത്യശാസനം.
നിർമിതബുദ്ധിയെഴുതിയ മലയാളത്തിലെ ആദ്യ കഥയാണ് വാരികയിൽ വന്നിരിക്കുന്നത്. അതിനോട് പിടിച്ചു നിൽക്കാൻ ഇനിയെന്ത്. പത്രാധിപർ പിന്നേം ആശങ്കയിലായി. ഈ ലക്കത്തിലേക്ക് വന്ന സൃഷ്ടികളിൽ ഒരു നല്ല കഥ പോലുമില്ല, എങ്ങനെ മുന്നോട്ട് പോകും. നിർമിത ബുദ്ധിയോട് മത്സരിച്ചു കഥയെഴുതി പിടിച്ചു നിൽക്കാൻ മനുഷ്യർക്കാവുമോ? അയാൾക്ക് മുന്നിൽ വാരികയിറക്കാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം ബാക്കി.
പത്രാധിപർ സൃഷ്ടികളിൽ കൂടി സൂക്ഷ്മ പരിശോധന നടത്തി. പോസ്റ്റിലും മെയിലിലും വന്ന കഥകൾ മാത്രം മൂന്നക്കം കടക്കും. പക്ഷേ കൊള്ളാവുന്നവ രണ്ടെണ്ണം മാത്രം. മൂന്നാമത്തെ കവിതക്ക് വേണ്ടി അയാൾ ഒരാഴ്ചമുമ്പത്തെ പത്രം പരതി. അന്തരീക്ഷത്തിലെ വിഷപ്പുകയെ പറ്റിയുള്ള മുഖപ്രസംഗം തെരെഞ്ഞെടുത്തു. ആറാമത്തെ പാരാഗ്രാഫിലെ നാല് വരിയെടുത്ത് എട്ടിടങ്ങളിൽ എൻ്റർ കീയമർത്തി. ആവശ്യത്തിന് കോമയും ഫുൾ സ്റ്റോപ്പുമിട്ടു,
കവിത റെഡി. മലയാളത്തിലെ നിർമിതബുദ്ധിയെഴുതിയ ആദ്യ കവിത എന്നപേരിൽ സാധനം അച്ചടിച്ചു. നിർമിതബുദ്ധിയെഴുതിയ കവിതയെ നിരൂപിക്കാൻ വിമർശിക്കാൻ മനുഷ്യബുദ്ധിക്കാവുമോ, പത്രാധിപർ ചിരിച്ചു.