ADVERTISEMENT

1971. ഞാനന്ന് നാലാം ക്ലാസിൽ പഠിക്കുകയാണ്. അടുത്തിലയിലെ ആകെയുള്ള സ്കൂളായ ഇ സി എൽ പി സ്കൂളിൽ ക്ലാസ് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഏറ്റവുമടുത്ത ഹൈസ്ക്കൂളായ മാടായി ഗവർമെന്റ് ഹൈസ്ക്കൂളിൽ നിന്ന് ഒരു കൂട്ടം വിദ്യാർഥികൾ സമരം വിളിച്ചുകൊണ്ട് ഞങ്ങളുടെ സ്കൂളിന്റെ വാതിൽക്കലെത്തി. ചെറിയ സ്ക്കൂളെന്നോ വലിയ സ്ക്കൂളെന്നോ കോളജെന്നോ വകഭേദമില്ലാതെ കേരളത്തിലെ വിദ്യാഭ്യാസ രംഗം സ്തംഭിപ്പിക്കലായിരുന്നു അവരുടെ സംഘടനയുടെ അന്നത്തെ ലക്ഷ്യം.

ഹൈസ്ക്കൂളിലെ കുട്ടികളുടെ അക്രമം ഭയന്ന് ഞങ്ങളുടെ ഹെഡ്‌മാസ്റ്റർ കുഞ്ഞിനാരായണൻ മാസ്റ്റർ മണി മുഴക്കി സ്ക്കൂൾ വിടുന്നതായറിയിച്ചു. സമരക്കാരെ നോക്കി ആവേശം കൊണ്ടു നിന്ന എന്റെ സുഹൃത്ത് അരവിന്ദനോട് ‍ഞാൻ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു.

ഇവരെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കാൻ വയ്യേ ? ഹെഡ്മാഷ് എന്തിനാണിവരെ പേടിക്കുന്നത് ? നീയെന്തറിഞ്ഞു. എന്റെ ചോദ്യത്തെ കളിയാക്കുന്ന ഒരു ചിരിയോടെ അവന്റെ മറുപടി. പൊലീസൊക്കെ അവർക്ക് പുല്ലാണ് പ്രസന്നാ. കൃത്യമായ ഓർമയാണ് ഈ ഡയലോഗ്. സ്ക്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ തൊട്ടടുത്ത പപ്പേട്ടന്റെ ചായക്കടയിലിരുന്ന ഒരാൾ എഴുന്നേറ്റ് പുറത്തുവന്ന്  ഒരു ഹൈസ്ക്കൂൾ സമരക്കാരനെ അടുത്ത് വിളിച്ച് ചോദിക്കുന്നതു കേട്ടു. ഇന്നെന്തിനാ മോനേ സമരം ? അറിഞ്ഞില്ലേ, അമേരിക്ക –

ആ കുട്ടി അമേരിക്ക ലോകത്തെവിടെയോ ചെയ്ത എന്തോ കാര്യത്തെക്കുറിച്ച് വലിയൊരു പ്രസംഗം തന്നെ നടത്തി.

അന്നത്തെ ദിവസം മുതൽ ലോകത്ത് കുഴപ്പങ്ങളുണ്ടാക്കാനായിറങ്ങിയ ഒരു ശല്യക്കാരനായി അമേരിക്ക എന്ന രാജ്യം എന്റെ  ഇളം മനസ്സിൽ കുടിയേറി. അവർ കാരണമല്ലെ ഇന്നെനിക്ക് ഒരു ദിവസത്തെ പഠനം നഷ്ടപ്പെട്ടത്. അന്ന് ക്ലാസിൽ എന്റെ ടീച്ചർ പുതിയതെന്തോ പഠിപ്പിക്കാൻ തുടങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ ഉൽസാഹത്തിലായിരുന്നു ഞാനുറങ്ങിയെഴുന്നേറ്റതും സ്ക്കൂളിലെത്തിയതും.

പിന്നെ വളർന്നു വരുമ്പൊഴേക്കും  വായിച്ചറിഞ്ഞ പല പല സംഭവങ്ങളിലൂടെ അമേരിക്കയും അമേരിക്കക്കാരും ഭീകര രൂപിയായ ഒരു രാക്ഷസനെ പോലെ എല്ലാവരും ഭയക്കുകയും അകന്നു നിൽക്കാനാഗ്രഹിക്കുകയും ചെയ്യുന്ന അദൃശ്യരൂപമായി മാറി. നാട്ടിൽ എന്തു കുഴപ്പം നടന്നാലും പറഞ്ഞു കേട്ടത് അത് അമേരിക്ക കാരണമെന്ന്. ലോകത്ത് എവിടെ പ്രശ്നമുണ്ടായാലും വായിച്ചറിയുന്നത് അതിൽ അമേരിക്കയുടെ അദൃശ്യകരങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്നാകും.

അങ്ങിനെയൊരു ഭീകരപ്പെട്ടയിടത്തേക്ക് പോകണമെന്ന് അശേഷം ആഗ്രഹിച്ചതല്ല. ഗൾഫിൽ പോകണം, പണമുണ്ടാക്കണം എന്നൊക്കെ രഹസ്യമായ ആഗ്രഹങ്ങളുണ്ടായിരുന്നു. ഒടുവിൽ തിരുവനന്തപുരത്ത് കേരള സർവ കലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പഠനവും തുടർന്ന് ബാംഗ്ളൂരിലെ  IISC യിൽ നിന്ന് സൂപ്പർ കമ്പ്യൂട്ടറിൽ റിസർച്ച് ഒക്കെയായി മുന്നോട്ട് നീങ്ങുമ്പോഴാണ് വിപ്രോ  ക്യാംപസ് റിക്രൂട്ട്മെന്റിന് വരുന്നതും സോഫ്റ്റ്‌വേർ എൻജിനീയറായി എനിക്ക് ജോലി തരുന്നതും. അമേരിക്കൻ മാർക്കറ്റിലേക്കുള്ള ഒരു വലിയ പ്രോജക്ടിൽ എന്നെ ഉൾപ്പെടുത്തിയതും.

ഇറാക്കിന്റെ കുവൈത്ത് അധിനിവേശം ലോക സമാധാനത്തിന് ഭീഷണിയായി മാറിയത് ഞാൻ ജോലി തുടങ്ങി കുറച്ചു മാസങ്ങൾക്കുള്ളിലായിരുന്നു. എല്ലാവരും ഗൾഫിലേക്കും അമേരിക്കയിലേക്കുമൊക്കെ യാത്ര ചെയ്യാൻ ഒരുപാട് പേടിച്ച സമയം. അമേരിക്കയിലേക്ക് ബിസിനസിന് അനിവാര്യമായ ഒരു സന്ദർശനത്തിന് കമ്പനി എന്നെ നിയോഗിച്ചു. കൂടെ എന്റെ ടീമിലെ മൂന്നു പേരും.

കലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിലേക്ക്

എന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര അങ്ങിനെ അമേരിക്കയിലേക്കായി.  'Bombs rain Bagdad' വിമാനം കയറാനിരുന്ന ദിവസം കാലത്ത് അതായിരുന്നു പത്രങ്ങളിലെ തലക്കെട്ട്. അമേരിക്ക ഇറാക്കിൽ ബോംബ് വർഷം തുടങ്ങി ! കാലം 1990. ഗൾഫ് യുദ്ധത്തിന്റെ പടപ്പുറപ്പാട്. സദ്ദാം ഹുസൈൻ കുവൈത്ത് കയ്യേറിയതിനെതിരെ അമേരിക്കയുടെ പടനീക്കം.

ബാഗ്ദാദ് നഗരത്തിലാകെ ബോംബ് മഴ പെയ്യുന്നത് സങ്കൽപ്പിച്ചപ്പോൾ, അതിൽ നിന്നധികം ദൂരത്തിലല്ലാതെ 37,000 അടി ഉയരത്തിൽ വിമാനത്തിൽ പറക്കുമ്പോൾ മനസ്സിനെ അലട്ടി  നിഷ്കളങ്കരായ ഒരുപാട് കുട്ടികളുടെയും നിരപരാധികളായ ആയിരക്കണക്കിന് കുടുംബങ്ങളെയും കുറിച്ചുള്ള ചിന്തകൾ. യുദ്ധവും അതിന്റെ ദുരിതങ്ങളുമൊക്കെ നിർഭാഗ്യവാൻമാരായ സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുകയാണല്ലോ ലോകനീതി. യുദ്ധത്തോടുള്ള കൊടുംവിദ്വേഷം മനസ്സിൽ നിറച്ച് സാൻഫ്രാൻസിസ്കോയിലിറങ്ങിയ ഞാൻ പ്രതീക്ഷിച്ചത് അമേരിക്കയിലെല്ലാവരും യുദ്ധ കൊതിയൻമാരായിരിക്കുമെന്നാണോ എന്നറിയില്ല. 

അമേരിക്കയെക്കുറിച്ച് ചെറുപ്പം മുതൽ കേട്ട ചിന്താഗതികൾ അങ്ങിനെയായിരുന്നു എന്നുമാത്രം പറയാം. ഞാൻ സാൻഫ്രാൻസിസ്കോയിൽ പരിചയപ്പെട്ട അമേരിക്കക്കാർ മുഴുവൻ ഞാനനുഭവിച്ച അത്രയോ അതിലധികമോ ദുഃഖവും അമർഷവും ഗൾഫ് യുദ്ധത്തെ കുറിച്ച് പ്രകടിപ്പിക്കുന്നത് കണ്ടത് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. അവരൊന്നും ബോംബ് വിതയ്ക്കുന്ന നാശത്തെക്കുറിച്ച് പറഞ്ഞ് പൊട്ടിച്ചിരിക്കുകയോ കൊലവിളി നടത്തിക്കൊണ്ട് തെരുവിൽ നൃത്തം വയ്ക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടില്ല. യുദ്ധം വിതയ്ക്കുന്ന ദുരിതത്തിന്റെ ചിത്രങ്ങൾ കണ്ട് കണ്ണീരൊപ്പുന്ന സഹപ്രവർത്തകയുടെ ഹൃദയം അമേരിക്കയുടെ സമാധാനമാഗ്രഹിക്കുന്ന ജനവിഭാഗത്തിന്റെ ഹൃദയമായി ഞാൻ തൊട്ടറിഞ്ഞു.

I hate innocent people getting killed like this എന്ന് പലരും പറയുന്നത് കേട്ടപ്പോൾ ഞാൻ ചെറുപ്പം മുതൽ വായിച്ചറിഞ്ഞ അമേരിക്കയിൽ തന്നെയാണോ എന്ന് അദ്ഭുതപ്പെട്ടു. പണ്ട് വായിച്ച അമേരിക്കയെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഇങ്ങിനെ പറയുന്നുണ്ട്.

ജയിലിൽ നിന്നുള്ള ഈ പീഡന ചിത്രങ്ങൾ അമേരിക്കയുടെ ഹൃദയത്തെയാണ് വെളിപ്പെടുത്തുന്നത്. അമേരിക്കൻ ജീവിതത്തിൽ മൃഗീയതയുടെ വർധിച്ചു വരുന്ന സ്വീകാര്യത അളക്കാനാവില്ല. ചെറുപ്പക്കാരായ ആണുങ്ങളുടെ മുഖ്യവിനോദമായ കൊലചെയ്യൽ കളിതൊട്ട് ലഹരിയിലായ യുവാക്കളുടെ അക്രമ പ്രവണത വരെ അതിന്റെ തെളിവായി എല്ലായിടത്തുമുണ്ട്. അമേരിക്കയുടെ ഹൈസ്ക്കൂളിൽ നവാഗതരായ വിദ്യാർഥികളുടെ മേൽ ഏൽപ്പിക്കുന്ന പീഡനം  തൊട്ട്– ഹിംസയെ പറ്റിയുള്ള ഭാവനകളും അതിന്റെ പ്രയോഗവും വർധിച്ച തോതിൽ നല്ല വിനോദവും തമാശയുമായി കാണുന്ന രാജ്യമായി മാറിയിരിക്കുന്നു അമേരിക്ക. ഐ ബെഗ് ടു ഡിഫർ, യുവർ ഓണർ !

വായനക്കാരെ കണക്കിലധികം തെറ്റിധരിപ്പിക്കുന്നതും അനാരോഗ്യകരവും വാസ്തവ വിരുദ്ധവുമായ പരാമർശങ്ങളാണ് ഇതെല്ലാം.  അമേരിക്കയിലങ്ങളോമിങ്ങോളമായി മുപ്പത് വർഷം ജീവിച്ച ഒരാളെന്ന നിലയിലും ജീവിതത്തിന്റെ ആദ്യത്തെ ഇരുപതിലധികം വർഷങ്ങൾ കേരളത്തിൽ മാത്രം ജീവിച്ചിരുന്ന ഒരാളെന്ന നിലയിലും ചില വസ്തുതകൾ ഇവിടെ നിരത്തി വയ്ക്കാനാഗ്രഹിക്കുകയാണ്.

ലോകത്തെല്ലായിടത്തുമുള്ള ജയിലുകളിൽ നടക്കുന്ന നിയമവിരുദ്ധവും നിർഭാഗ്യകരവും ക്രൂരവുമായ തടവുമുറകൾ നമ്മളാരും അംഗീകരിക്കുയോ ആസ്വദിക്കുകയോ ചെയ്യുന്നില്ല. മനുഷ്യത്വം എന്നത് അതിന്റെ ഏറ്റവും പൈശാചികവും മൃഗീയവുമായ രൂപത്തിലേക്ക് അധപതിക്കുമ്പോൾ മാത്രമാണ് ഇത്തരം സംഭവങ്ങൾ പലയിടത്തും അരങ്ങേറുന്നതും അതിൽ നേരിയ ഒരു ശതമാനം മാത്രം വാർത്താമാധ്യമങ്ങളിലെത്തുന്നതും.

നമ്മളറിയാത്ത ക്രൂരകൃത്യങ്ങൾ അറിഞ്ഞതിലുമെത്രയോ ഭീകരമായിരിക്കുമെന്ന് ഭയക്കുകയും അതേസമയം അങ്ങിനെയൊക്കെ സംഭവിക്കരുതേയെന്ന് പ്രാർഥിക്കുകയും മാത്രം ചെയ്യാൻ കെൽപ്പുള്ള നിസ്സഹായരാണ് ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളുമൊക്കെ. ഇത് ഒരു അമേരിക്കയുടെ മാത്രം കുറ്റമല്ല. പൈശാചികത്വം നടത്തിയ ഒരുപറ്റം പട്ടാളക്കാർ അമേരിക്കയുടെ ഹൃദയമല്ല തീർച്ചയായും കാണിക്കുന്നത്.

1971 ലെ ഒരു സംഭവം പറഞ്ഞു കൊണ്ടാണല്ലോ ഞാനിത് എഴുതി തുടങ്ങിയത്. എഴുപതുകളിലെ അടിയന്തിരാവസ്ഥക്കാലം പകൽ പോലെ എന്റെ മനസ്സിലുണ്ട്. ഞാനന്ന് പയ്യന്നൂർ കോളജ് പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു.  ഒരു പറ്റം നിയമപാലകരുടെ അതിക്രൂര വിനോദങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലും നടമാടിയില്ലേ ? നമ്മുടെ പ്രിയപ്പെട്ട കൊച്ചുകേരളത്തിന്റെ ഹൃദയമാണോ ഇത് കാണിക്കുന്നത് ? ഒരിക്കലുമല്ലല്ലോ !

അടിയന്തിരാവസ്ഥക്കാലത്തെ പൊലീസിന്റെ അതിക്രമം നേരിട്ടനുഭവിച്ച് ഇപ്പോഴും അതിന്റെ പാർശ്വഫലമനുഭവിക്കുന്ന ഒരു സുഹൃത്ത് ഇവിടെ എന്റെയടുത്തായി ന്യൂജഴ്സിയിലുണ്ട്. ഈയിടെയും ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ അനുഭവിച്ച അക്രമത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ശരീരത്തിന്റെ ഒരു ഭാഗം ഇപ്പോഴും തകരാറിലാണ് എന്നും മാത്രം പറയട്ടെ.

ഇന്ദിരാഗാന്ധിയുടെ ദാരുണമരണത്തെ തുടർന്ന് ഉണ്ടായ കലാപവും ഓർക്കുക. എത്രയെത്ര നിരപരാധികളാണ് കൊല്ലപ്പെട്ടത്.. 

തുടരും... 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com