പരിശുദ്ധ റമസാൻ സമാഗതമായിരിക്കുന്നു. മനുഷ്യന് അവന്റെ ജീവിതത്തെ ശാരീരികമായും, സാംസ്‌കാരികമായും, ആത്മീയമായും കടഞ്ഞെടുത്തു അവനെ ഒരു യഥാർഥ മനുഷ്യനായി ജീവിതം നയിക്കാൻ കഴിയുന്ന തരത്തിൽ ജീവിതത്തെ പാകപ്പെടുത്തി ശുദ്ധീകരിച്ചെടുക്കുന്ന ഒരു പ്രക്രിയയാണ് റമസാൻ. അത് വരെ ജീവിച്ചു പോന്ന ശീലങ്ങളും, ജീവിത രീതിയിൽ നിന്നും ശരീരികമായും മാനസികമായും അവന് ഒരു പുത്തൻ ഉണർവേകാൻ ഈ വ്രതം കൊണ്ട് അവന് കഴിയുന്നു.
സ്വഭാവ അച്ചടക്കം :-ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചു അവന് പല തരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾ ഉണ്ടാകും. മറ്റുള്ളവരെ വ്യക്തി ഹത്യ ചെയ്യുക, പരദൂഷണം പറയുക, അമിതമായ മുൻകോപം, ലഹരി പദാർഥങ്ങളോടുള്ള ആസക്തി, ലൈംഗിക വൈകൃതങ്ങൾ, അനാവശ്യമായി സമയവും പൈസയും കളയുന്ന വിനോദ പരിപാടികൾ ഇങ്ങനെ പല തരത്തിലുള്ള സ്വഭാവ വൈകല്യങ്ങളിൽ നിന്നും ഒരു നോമ്പ്കാരൻ വിട്ട് നിൽക്കണം.
സാമ്പത്തിക അച്ചടക്കം :- ഉള്ളവനും ഇല്ലാത്തവനും വിശപ്പും ദാഹവും എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുക വഴി മനുഷ്യർക്ക് പാവപ്പെട്ടവനെന്നോ പണക്കാരൻ എന്നോ ഉള്ള ഒരു വേർതിരിവ് ഇല്ലാതാകുന്നു. സൃഷ്ടാവിന്റെ മുന്നിൽ അവർ സാമാന്മാരാണെന്നും അവർക്കെല്ലാവർക്കും വിശപ്പും ദാഹവും ഒരു പോലെയാണെന്നും അത് കൊണ്ട് തന്റെ സഹ ജീവികൾ വിശന്നു കഴിയാൻ പാടില്ല എന്നും ഉള്ളത് പങ്ക് വച്ച് ജീവിക്കണം എന്നും ഒരു നോമ്പ് കാരൻ മനസിലാക്കുന്നു. മൂന്നും നാലും പ്രാവശ്യം കുശാലമായി കഴിക്കുന്നവനെ അതെല്ലാം വെടിഞ്ഞു ഒന്നോ രണ്ടോ നേരം ലഘുവായി ഭക്ഷണം കഴിക്കുന്നതിലൂടെ അവന് സാമ്പത്തികമായും ഒരു അച്ചടക്കം ഉണ്ടാക്കാൻ കഴിയുന്നു.
ആരോഗ്യ അച്ചടക്കം :-നമ്മുടെ ശരീരത്തിന്റെ ആരോഗ്യ പ്രക്രിയയിൽ വളരെ പ്രധാനപെട്ട അവയവംങ്ങളിൽ പ്രധാനപ്പെട്ടവയാണ് വൃക്കയും, കരളും നിരന്തരവും, ആശാസ്ത്രീയവുമായ ഭക്ഷണ രീതികൊണ്ടും, ജീവിത ശൈലി കൊണ്ടും ഈ അവയവങ്ങൾക്ക് കാര്യമായ വിശ്രമം കിട്ടാതെ കേടു പാടുകൾ സംഭവിക്കാൻ ചാൻസ് കൂടുതലാണ്. മറ്റു അവയവങ്ങൾക്ക് നാം കൊടുക്കുന്ന ഒരു വിശ്രമം ഈ അവയവങ്ങൾക്ക് കിട്ടുന്നില്ല അത് കൊണ്ട് തന്നെ ആ അവയവംങ്ങൾക്കും നാം വിശ്രമം കൊടുത്തേ പറ്റൂ അതിന് ഈ നോമ്പ് നല്ലൊരു ടോണിക്കായി നമുക്ക് മാറ്റാൻ കഴിയും. കഠിനമായ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കി ആരോഗ്യകരമായതും, ലഘുവായതും, പോഷക സാമ്പുഷ്ടവുമായ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടും ശരീരത്തിനും മനസ്സിനും വിശ്രമം കൊടുത്തു കൊണ്ടും നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നില നിറുത്താനാവും.
വ്രത കാലത്ത് എന്തൊക്കെ ഭക്ഷണ രീതികളാണ് നാം പിന്തുടരേണ്ടത്.
ആദ്യമായി ജീവിത ശൈലീ രോഗങ്ങക്ക് മരുന്ന് കഴിക്കുന്നവർ നോമ്പിന് മുമ്പ് തന്നെ ഷുഗറും പ്രഷറും, കൊളസ്ട്രോളും,മറ്റു ടെസ്റ്റുകളും നടത്തുകയും ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു കൊണ്ട് നോമ്പ് നോക്കുന്നതും ഉചിതമായിരിക്കും. അത്താഴം :പ്രഭാതത്തിൽ എഴുന്നേറ്റ് കൊണ്ട് ലഘുവായ ഭക്ഷണത്തോട് കൂടിയും, ലഘു പാനീയം കുടിച്ചും നോമ്പ് ആരംഭിക്കാം,മൈദ കൊണ്ടുള്ള വിഭവം ഒഴിവാക്കി റാഗി, ഗോതമ്പ് തുടങ്ങിയവ കൊണ്ടുള്ള കഞ്ഞിയോ മറ്റോ വെജിറ്റബിൾ സാലഡോ, ഫ്രൂട്സോ, ജ്യൂസോ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
നോമ്പ് തുറ :-നോമ്പ് കാലത്ത് കാണുന്ന ഒരു കാഴ്ചയാണ് പല നിറങ്ങളിലും,വർണങ്ങളിലുമുള്ള പലഹാരങ്ങളും, പാനീയങ്ങളും, പല തരത്തിലുള്ള പഴ വർഗ്ഗങ്ങളും, വിവിധയിനം ഇറച്ചി കൊണ്ടുള്ള കറികളും ബിരിയാണിയും കഴിക്കുന്നത്. നോമ്പ് കൊണ്ട് നാം എന്താണോ ഉദ്ദേശിക്കുന്നത് അത് കിട്ടാതെ ആരോഗ്യപരമായ ഒരു പാട് രോഗങ്ങൾ ഇരന്നു വാങ്ങുവാൻ നോമ്പ് കാലം ചിലർ ഉപയോഗിക്കുന്നു എന്ന് കാണുമ്പോൾ വളരെ പ്രയാസം തോന്നുന്നു. പ്രവാചകൻ ഒരു ഭക്ഷണവും വിലക്കിയിട്ടില്ല എന്ന് വച്ച് അസമയത്തും, ആസ്ഥാനത്തും, അമിതമായും, ആഡംബരമായും ഒന്നും പ്രവാചകൻ ചെയ്തിട്ടില്ല. അതിനാൽ നമ്മളും അത് ജീവിതത്തിൽ പകർത്താൻ ബാധ്യസ്ഥരല്ലേ?. കാരക്ക ഉപയോഗിച്ച് നോമ്പ് തുറന്നും പച്ചവെള്ളം ഉപയോഗിച്ച് ദാഹം മാറ്റിയും പുളി കുറവുള്ള ജ്യൂസോ പാനീയമോ കുടിച്ചു ക്ഷീണം മാറ്റിയും ഒരു മണിക്കൂറിനു ശേഷം മിതമായ രീതിയിൽ ഭക്ഷണം കഴിക്കുകയും ചെയ്യുക. ധാരാളം തണുത്തതും, ധാരാളം ചൂടുള്ളതുമായ ഭക്ഷണം ഒഴിവാക്കുകയും, വിപരീത ഫലങ്ങൾ ഉളവാക്കുന്ന ഭക്ഷണം കൂട്ടിക്കലർത്തിയും കഴിക്കാതിരിക്കുകയും ചെയ്യുക. കിടക്കാൻ നേരം നേർപ്പിച്ച ജ്യൂസോ നേർത്ത കഞ്ഞിയോ കുടിക്കുന്നത് പിറ്റേ ദിവസം ക്ഷീണം കുറക്കാൻ സഹായിക്കും.