ADVERTISEMENT

നിർഭാഗ്യകരമായ ഒത്തിരി സംഭവങ്ങൾ അങ്ങിനെ നമ്മുടെ നാട്ടിലും മറ്റു പലയിടത്തും അരങ്ങേറിയിട്ടുണ്ട്. എല്ലാം ദുസ്സഹം, അപലപനീയം എന്ന് നമ്മളൊക്കെ എത്ര പറഞ്ഞാലുമെഴുതിയാലും അക്രമത്തിനിരയാവുന്നവർക്കു അവരുടെ സ്വന്തക്കാർക്കുമൊന്നും ഇത്തിരിപോലും ആശ്വാസം കൊടുക്കുന്നില്ല അതൊന്നും. 

അക്രമവാസന എങ്ങിനെയാണ് ഉടലെടുക്കുന്നത് ?

മനുഷ്യമനസ്സുകൾക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നാശമാണ് അക്രമവാസനം. വിദ്യാഭ്യാസം, വളർന്നുവരുന്ന സാഹചര്യം, വ്യക്തിപരമായി നേരിടുന്ന അനുഭവങ്ങൾ, കുടുംബത്തിൽ നേരിടുന്ന സാമ്പത്തികമായും വൈകാരികമായുമുള്ള പ്രശ്നങ്ങൾ അങ്ങിനെയൊരുപാടിടങ്ങളിലേക്ക് ഈ സംവാദം നീങ്ങാമെങ്കിലും ചെയ്യുന്ന തെറ്റിന് തക്കതായ ശിക്ഷ ലഭിക്കുമെന്ന സന്ദേശം കൃത്യമായി അക്രമികളെ മനസ്സിലാക്കാൻ കഴിഞ്ഞാൽ ചിലരെയെങ്കിലും അക്രമത്തിൽ നിന്ന് പിൻതിരിയാനും കൂടെയുള്ള വരെ പിൻതിരിക്കാനും കഴിഞ്ഞേക്കും.

 

ഞാൻ തുടക്കത്തിൽ പരാമർശിച്ച ലേഖനം അമേരിക്കയെ ഒന്നടങ്കം ക്രൂരൻമാർ നിറഞ്ഞ ഒരു സമൂഹമായി ചിത്രീകരിച്ചതു കണ്ടപ്പോഴുള്ള വേദനയിൽ നിന്നാണ് ഇത്രയൊക്കെ എഴുതാനിടയായത്. ഇത്തരം  വാസ്തവ വിരുദ്ധമായ പരാമർശങ്ങൾ വായിക്കുന്നവരുടെ മനസ്സിൽ അമേരിക്കയോട് വെറുപ്പുണ്ടാക്കാം എന്നതിൽ കവിഞ്ഞ ഒരുപയോഗവും ഇല്ല. ഈ പറഞ്ഞ അമേരിക്കൻ സമൂഹത്തിന്റെ ഭാഗമാണ് ഞാനും എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരും.

ഞങ്ങളൊന്നും കണ്ടിട്ടില്ല, ഇത്തരമൊരു മൃഗീയ മനോഭാവം. ഞങ്ങൾ ജീവിക്കുന്നു, ഞങ്ങളുടെ കുട്ടികൾ കളിച്ചു വളരുന്ന ഈ സമൂഹത്തിൽ. ഞങ്ങളുടെ അയൽവാസികൾ, സഹപ്രവർത്തകർ, പിന്നെ പൊതുപരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്കെ കണ്ടുമുട്ടുന്ന നല്ലവരായ ഒരുപാടുപേർ എല്ലാം ചേർന്നതാണ് അമേരിക്കയുടെ ഉൾനാടുകൾ.

ലേഖികയുടെ എഴുത്തിനാധാരം ഇറാക്കിലെ അബ ഗരീബ് എന്ന ജയിലിൽ നടന്ന ചില ക്രൂര സംഭവങ്ങളാണ്. വേൾഡ് ട്രേഡ് സെന്റർ കത്തിയെരിഞ്ഞതും നൂറോളം ഇന്ത്യക്കാരടക്കം ആയിരങ്ങൾ, നിരപരാധികൾ എൺപതാമത്തെയും നൂറാമത്തെയുമൊക്കെ നിലകളിൽ നിന്ന് താഴേക്ക് ചാടിയതും മറക്കാനാവാത്ത ദുരന്ത ചിത്രങ്ങളല്ലേ ?

താണ്ഡവം എന്ന സിനിമയിൽ ഒരു പറ്റം വെള്ളക്കാർ വിഷമമനുഭവിക്കുന്ന ഒരു രംഗമുണ്ട്. അതിൽ നോക്കി നായക കഥാപാത്രം (മോഹൻലാൽ) പറയുന്നു. വേൾഡ് ട്രേഡ് സെന്ററിന് ഇടി കിട്ടിയതിൽ പിന്നെ ഇവരിങ്ങനാ എന്ന്. എന്തൊരു ക്രൂരമായ പരിഹാസം! വേൾഡ് ട്രേഡ് സെന്ററിനടി കിട്ടിയത് കൊടും ഭീകരാക്രമണം. ചാമ്പലായത് വെള്ളക്കാർ മാത്രമായിരുന്നില്ലതാനും. ഇത്തരം നീചമായ ഡയലോഗുകൾ പറയാൻ പറ്റില്ലെന്ന് ഒരു പുതുമുഖ നടന് പറയാൻ പറ്റില്ലായിരിക്കും, പക്ഷെ മോഹൻലാലിനെ പോലൊരു നടൻ നിരസിക്കണമായിരുന്നു. മരിച്ചവരിലും പിന്നീടുള്ള കൊടുംദുരിതങ്ങളിലും മോഹൻലാലിന്റെ കടുത്ത ആരാധകരായ ചിലരുമുണ്ടായിരുന്നുവെന്നത് മഹാനടൻ ഓർക്കണം എന്നു മാത്രം പറയട്ടെ.

അക്രമത്തിലാനന്ദം കണ്ടെത്തുന്ന, കൊലയാളി ചിന്ത മനസ്സിൽ ചേക്കേറുന്ന ചെറുപ്പക്കാർ നിറഞ്ഞ ആ മനുഷ്യസമൂഹം. അതെവിടെയാണ് ?മറ്റുള്ളവരെ ബഹുമാനിക്കാനും ആശ്ലേഷിക്കാനും അവരുടെ കഷ്ടപ്പാടുകളും വിഷമതകളും ചോദിച്ചറിഞ്ഞ് മനസ്സിലാക്കാനും സഹതപിക്കുക എന്നതിലുപരി സഹായിക്കാനുമുള്ള നല്ല മനസ്സ്– അതിവിടെയെങ്ങും എനിക്ക് കാണാം.

us-diary

അനുഭവത്തിൽ നിന്ന് ഒരുപാട് പറയാനുണ്ട്. ഒരു സംഭവം ഈയടുത്ത കാലത്ത് നടന്നത് എഴുതാതിരിക്കാൻ പറ്റില്ല എനിക്ക്. ഞങ്ങളുടെ വീടിന്റെ basement ൽ പൈപ്പിന് ചെറിയൊരു ലീക്ക് വന്നത് ഒരു കമ്പനിയെ വിളിച്ച് ശരിയാക്കി. ആ ജോലിക്കാരന്റെ കഴിവില്ലായ്മ കാരണം രാത്രിയിൽ ഞങ്ങൾ ഉറങ്ങുന്ന സമയം  എപ്പോഴോ പൈപ്പ് മുഴുവൻ തകർന്നു വെള്ളം ബേസ്മെന്റിൽ ഇടിച്ചു കയറി. രാവിലെ എഴുന്നേൽക്കുമ്പോഴാണ് സംഭവമറിയുന്നത്. ബേസ്മെന്റിൽ ഒരാൾ ഉയരത്തിൽ നിറയെ വെള്ളം. പോലീസ് ഫയർ സർവീസുമൊക്കെ വന്ന് സഹായിച്ചുവെങ്കിലും ഒരുപാട് നഷ്ടം നേരിട്ടു. പൈപ്പ് ശരിയാക്കിയ കമ്പനിക്കെതിരെ കേസ് കൊടുത്തു തക്കതായ നഷ്ടപരിഹാരം എനിക്ക് വാങ്ങിത്തന്നത് എന്റെ പരിചയത്തിലുള്ള ഒരമേരിക്കക്കാരൻ വക്കിലായിരുന്നു. എത്ര നിർബന്ധിച്ചിട്ടും ഒരു ഡോളർ പോലും ഫീസ് വാങ്ങാൻ അദ്ദേഹം (Chris Meh no) തയാറായില്ല. Chris ന്റെ ഹൃദയമാണ് അമേരിക്കയുടെ ഹൃദയം.

നമ്മുടെ കേരളത്തിൽ പോലും അധികമില്ലാത്തത്രയും ബൃഹത്തായ അമ്പലങ്ങളുണ്ട് ന്യൂജഴ്സിയിൽ. ഒരുപാടെണ്ണം.പിന്നെ ഞങ്ങൾ പയ്യന്നൂർ പട്ടണം എന്ന് വിളിക്കുന്ന Oak Tru Road. ഇന്ത്യൻ കടകൾ രണ്ടുവശത്തും നിരനിരയായി തിങ്ങിനിറഞ്ഞ വൈകുന്നേരങ്ങളിൽ ഇത് എന്റെ പഴയകാലത്തെ പയ്യന്നൂരിലൂടെയുള്ള നടത്തമാണ് ഓർമയിലെത്തിക്കുക. അമേരിക്കക്കാർക്ക് അതിൽ പരാതിയില്ല. എങ്കിൽ മറ്റൊരു സംഭവം താരതമ്യത്തിനായി പറയുകയാണ്. നാട്ടിൽ ചെറുതാഴം എന്ന നാട്. എഴുപതുകളിൽ നടന്നത്. ഞങ്ങൾ അടുത്തിലയിൽ നിന്നും ചെറുതാഴത്തേക്ക് താമസം മാറിയത് അവിടെ ഒരു പുതിയ വീട് അപ്രതീക്ഷിതമായി വാങ്ങാൻ കഴിഞ്ഞപ്പോഴാണ്. ഒരുപാടുകാലം ആലോചിച്ച  കാര്യമായിരുന്നെങ്കിലും പെട്ടെന്ന് സംഭവിക്കാൻ കാരണം അവിടെ നാട്ടുകാർക്ക് വേറൊരു സ്ഥലത്തുനിന്നു വന്ന വേറൊരു ജനവിഭത്തിൽപെട്ട ഒരു കുടുംബം വീടു കെട്ടിയതിഷ്ടപ്പെട്ടില്ല. ആ വീടിനെതിരെ അക്രമണമുണ്ടായി. വീട്ടുടമയ്ക്കു വീട് താമസിക്കാനാകാതെ വിൽക്കേണ്ടി വന്നു. എന്റെ അച്ഛൻ ആ വീട് ഞങ്ങൾക്ക് വേണ്ടി വാങ്ങി. മറ്റുള്ളവരോടുള്ള സഹിഷ്ണുത അത് വേണ്ടുവോളം എനിക്ക് കാണാം ഇവിടെ. ഇതെഴുതുമ്പോൾ അമേരിക്കയിലുള്ള വർഗ വൈരാഗ്യങ്ങളെക്കുറിച്ച് ചോദ്യം വരാം.  അതിനെക്കുറിച്ച് വലിയൊരു ലേഖനം തന്നെ പിന്നീടെഴുതാനുണ്ട് എന്ന് മാത്രം പറയാം.

us-diary-2

 

മനുഷ്യസമൂഹത്തിന്റെ ഭാഗമായ മറ്റുള്ളവരോടുള്ള അസഹിഷ്ണത. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട് എന്നാലും അമേരിക്കയുടെ മുഖമുദ്ര മറ്റു ജനസമൂഹങ്ങളുടെ ജീവിതം ഉൾക്കൊള്ളാനുള്ള സഹിഷ്ണത തന്നെയാണ്. വർഷങ്ങൾക്ക് മുമ്പ് ജാപ്പനീസ് കാറുകൾ അമേരിക്കയിൽ നിർമാണവും വിതരണവും തുടങ്ങിയപ്പോൾ ഇവിടെ ചില രാഷ്ട്രീയക്കാർ അതിനെ എതിർത്തു. ഭാവിയിൽ ജാപ്പനീസ് കാറുകളുടെ വിൽപ്പന സ്ഥലങ്ങൾ (ഷോറൂം) അടിച്ചുവാരി വൃത്തിയാക്കുന്ന പണിയാവും അമേരിക്കക്കാർക്ക് സ്വന്തം നാട്ടിലെന്ന്. അതൊന്നും സമൂഹത്തിൽ വിലപ്പോയില്ല.

അമേരിക്കൻ സമൂഹത്തിന്റെ ഒരു പ്രധാന നന്മയായി എനിക്ക് തോന്നിയിട്ടുള്ളത് അവർ അവരുടെ ചിന്താശക്തി രാഷ്ട്രീയ നേതാക്കൾക്ക് പണയം വെക്കാറില്ല എന്നതാണ്. അവരുടെയോരോരുത്തരുടെയും അഭിപ്രായം അവരുടേത് മാത്രമാണ്. ചെറിയ കുട്ടികളിൽ നിന്ന് തുടരുന്നു അത്. കുട്ടികളെക്കുറിച്ച് പറയുമ്പോൾ, കുട്ടികളെ ദത്തെടുക്കാനുള്ള ആദരണീയമായ മനസ്സ്. അതിനു അതിമനോഹരമായ ഒരു ഹൃദയം തന്നെ വേണ്ടേ ?

chris-bordener

എന്റെ സഹപ്രവർത്തകനായ ബോർഡ്നർ എന്നയാളാണ് മനസ്സിൽ ആദ്യം വരുന്നത്. ക്രിസ്ബോർഡ്നർ എന്നയാളെ CIGNA എന്ന Heath care Company യിൽ ഒരു Consulting work ന് പോയപ്പോഴാണ് പരിചയപ്പെടുന്നത്. കണക്ടിക്കട്ട് എന്ന സ്ഥലത്തായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലെ മേശപ്പുറത്ത് ഒരു ഇന്ത്യക്കാരി പെൺകുട്ടിയുടെ ചിത്രം ഉണ്ടായിരുന്നു. പരിചയപ്പെട്ടു വന്നപ്പോൾ  അറിഞ്ഞതു പെൺകുട്ടിയെ പഠിപ്പിക്കുന്നതും പൂർണമായും  എല്ലാ ചിലവുകളും ക്രിസ് ഒരു സംഘടന വഴി ചെയ്യുകയാണെന്ന്. അത് കണ്ടപ്പോൾ എനിക്ക് എന്റെ നാട്ടിലെ ഒരു പാവപ്പെട്ട കുട്ടിയെ പഠിക്കാൻ സഹായിക്കണമെന്ന് മനസ്സു വന്നില്ലല്ലോ എന്ന കുറ്റബോധം ഉണ്ടായി. പക്ഷെ പിന്നീട് എനിക്കത് ചെയ്യാൻ ഭാഗ്യമുണ്ടായി. ക്രിസ് ഒരു പ്രചോദനമായി എന്നും പറയാം. ക്രിസ് ഏഷ്യയിൽ നിന്നുള്ള വേറൊരു കുട്ടിയെ സ്വന്തം മകനായി ദത്തെടുത്ത് വളർത്തുമുണ്ട്. അദ്ദേഹത്തെപ്പോലെയുള്ള വിശാല ഹൃദയരായ മനുഷ്യർ ഒരുപാടുണ്ട് ഇവിടെ.

 

ചാരിറ്റിക്ക് പണം ചിലവാക്കാൻ ഒട്ടും മടികാണിക്കാത്ത മനസ്സാണ് അമേരിക്കൻ സമൂഹത്തിന്റെ ഒരു വലിയ ഭാഗം. മനുഷ്യത്വത്തിന്റെ ഉത്തമഭാവം. അവർ മക്കളെ പഠിപ്പിക്കുന്നത് കിട്ടുന്ന വരുമാനത്തിന്റെ പത്ത് ശതമാനമെങ്കിലും ചാരിറ്റിക്ക് നീക്കിവെക്കണമെന്നാണ്. ഏത് നിലയിലുള്ളവരും പാവപ്പെട്ടവരെന്നു കരുതാവുന്നവരും പണക്കാരെന്ന് കരുതാവുന്നവരും ഒരുപോലെ.

പാവപ്പെട്ടവരോ ? അമേരിക്കയിലോ ? ഉണ്ട്. ദരിദ്രർക്കും ഇവിടെ പഞ്ഞമില്ല. രോഗബാധിതരായി നരകമനുഭവിക്കുന്നവരും ഒരു നേരത്തെ ഭക്ഷണത്തിന് യാചിക്കുന്ന വരും എവിടെയുമുണ്ട്. കഴിഞ്ഞ ദിവസം  അച്ഛനുമമ്മയും കുട്ടികളുമടങ്ങുന്ന ഒരു കുടുംബം ഒരു ഗ്രോസറി കടയുടെ മുമ്പിൽ നിരന്നു നിന്ന് കൈനീട്ടുന്നതും പലരും സഹായിക്കുന്നതും കാണാനിടയായി.

എല്ലാവരുടെയും താൽപര്യങ്ങളും അവകാശങ്ങളും തുല്യതയോടെ സംരക്ഷിക്കാനുള്ള  നിയമങ്ങളും ഭേദിക്കുന്നവർക്ക് കർശന ശിക്ഷ കൊടുക്കാൻ മുഖം നോക്കാതെ പ്രവർത്തിക്കുന്ന നിയമപാലകരും എന്നതാണ് അമേരിക്കൻ സമൂഹ ജീവിതത്തിന്റെ അടിക്കല്ല് എന്ന് തോന്നിയിട്ടുണ്ട്. പണമുള്ളവന് ഒരു നീതി, പണമില്ലാത്തവന് മറ്റൊരു നീതി എന്നതാണല്ലൊ പലപ്പൊഴും നമ്മുടെ കേരളത്തിലെയും ഇന്ത്യയിലേയും ഒരു രീതി.

അതുപോലെ Hate Crime വളരെ ഗുരുതരമായ ഒരു കുറ്റമാണ്. എന്നാൽ ബെംഗ്ലൂരുവിൽ നിന്ന് ഞാനനുഭവിച്ച ഒരു Hate Crime നെ കുറിച്ച് പറയാം. ഞാൻ ബെംഗ്ലൂരുവിൽ ജോലി ചെയ്യുമ്പോൾ വിവാഹശേഷം താമസിക്കാൻ പറ്റിയ ഒരു വാടക വീട് നോക്കുകയായിരുന്നു. വീട്ടുടമ എന്നെയും ഭാര്യയെയും ഇന്റർവ്യൂ ചെയ്തശേഷം പറഞ്ഞു ഭാര്യക്ക് ജോലിയില്ലാത്തതിനാൽ വീട് തരാൻ നിവൃത്തിയില്ല എന്ന്. കാരണം ഒരാളുടെ വരുമാനം കൊണ്ട്  ജീവിച്ചാൽ   താമസക്കാർ കൃത്യമായി വടക കൊടുക്കില്ലത്രെ. എനിക്ക് അന്നത്തെ വളരെ glamorous ആയ കമ്പനിയായിരുന്ന WIPRO യിൽ ജോലിയുണ്ട്. നല്ല തരക്കേടില്ലാത്ത വരുമാനം ഉണ്ടെന്നും തെളിവും കാണിച്ചു. എന്നിട്ടും അയാൾ ശഠിച്ചു. പിന്നെ ഒരു വർഷത്തെ വാടക മുഴുവൻ തുടക്കത്തിൽ തരാമെന്നു പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. അത് എനിക്കിഷ്ടപ്പെട്ട തരത്തിലുള്ള വീടും സ്ഥലവുമായിരുന്നു.

പിന്നീടാണ് യഥാർത്ഥ കാരണം അറിഞ്ഞത്. അയാൾക്ക് മലയാളികളെ ഇഷ്ടമല്ലത്രെ !

അമേരിക്കയിലും അസഹിഷ്ണതയുടെയും ഇഷ്ടക്കേടുകളുടെയും അനുഭവങ്ങൾ നേരത്തെ സൂചിപ്പിച്ചതുപോലെ ഒത്തിരി എഴുതാനുണ്ട്. എങ്കിലും ഭരണകൂടത്തിന്റെ നടപടികളുടെ പേരിൽ ഒരു സമൂഹത്തെയും രാജ്യത്തെയും മുഴുവൻ പഴിചാരുകയും കുറ്റക്കാരായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്ന് ബോധിപ്പിക്കുവാനാണ് ഒരുപാട് അനുഭവങ്ങളിലൂടെയും നേരിട്ടറിയുന്നു. ഉദാഹരണങ്ങൾ സഹിതവും ഇത്രയും മെഴിതിയത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com