അറ്റ് മിഡ്നൈറ്റ്
Mail This Article
സംഭവിക്കാൻ പോകുന്ന ഏതോ വലിയ കാര്യത്തിന്റെ സൂചന നൽകി ഘടികാരം ഉച്ചത്തിൽ ശബ്ദിച്ചു. ദുരന്തമോ, വിപ്ലവമോ? കിടക്ക പായയിൽ ഞെരിഞ്ഞും മറിഞ്ഞും കിടന്ന് ഞാനേറെ ആലോചിച്ചു. സ്വാതന്ത്ര്യം മുതൽ നോട്ട് നിരോധനം വരെയുള്ള കാര്യങ്ങൾ എന്റെ ഓർമയിൽ ഘടികാര ദിശയിൽ ഓരോന്നായി ചലിച്ചുകൊണ്ടേയിരുന്നു.
അതുപോലുള്ള മറ്റൊരു അർധ രാത്രിയാണിതും. ഈയിടെയായി കേൾക്കുന്നതും കാണുന്നതും അത്ര ശുഭകരമല്ലല്ലോ എന്ന ചിന്തയിൽ ഈ രാത്രിയിലും സംഭവിക്കാൻ പോകുന്നത് എന്തായാലും നല്ലതായിരിക്കില്ല എന്നനിക്കുറപ്പുണ്ടായിരുന്നു. തലേന്ന് കഴിച്ച കോഴിയിറച്ചിയുടേതാവണം, അകത്തെ നെഞ്ചിരിചിൽ ശമിക്കാൻ ഞാൻ വെള്ളം കോരികുടിച്ചു. കുറച്ചു കാലമായി അലട്ടുന്ന ഗ്യാസ് ട്രബിളും മനം പുരട്ടലും കഴിക്കുന്ന ഭക്ഷണത്തിന്റെ മാത്രമല്ലെന്നും കണ്ടും കേട്ടും കൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയത്തിന്റേത് കൂടിയാണെന്നും വെറുതെ ഞാനൂഹിച്ചു.
രാത്രി അതിന്റെ രണ്ടാം യാമത്തിലേക്കെത്തിയിട്ടും വീണ്ടുമെത്തിപിടിക്കാൻ ശ്രമിച്ച ഉറക്കമെന്നെ വിട്ടകന്നിരുന്നു. പതിയെ എണീറ്റു സ്വീകരണ മുറിയിലേക്ക് ചെന്നു. ഓൺ ചെയ്തപ്പോൾ കൂട്ട് വന്ന യാത്രാ ചാനലിൽ നിന്നും ടിവി റിമോട്ടുപയോഗിച്ചു വാർത്താ ചാനലിലേക്ക് മാറി. തലേന്ന് രാത്രി കണ്ട ചാനൽ വിചാരണയുടെ രണ്ടാംഘട്ടം എന്നോണം ചാനലിലെ പുതിയ അവതാരകൻ ആ പെൺകുട്ടിയുടെ നേരെ കൂർത്ത ചോദ്യങ്ങളെറിയുന്നു. കറുത്ത തുണി കൊണ്ട് മുഖം മറച്ച് കണ്ണുകൾ മാത്രം പുറത്തു കാണുന്ന പെൺകുട്ടിയവട്ടെ ഉത്തരങ്ങൾ പറയാനാവാതെ വിതുമ്പുന്നു. സിനിമയിൽ കാണുന്ന ചുംബനങ്ങൾക്കും കെട്ടിപിടുത്തങ്ങൾക്കുമപ്പുറം വേറെയും ചില ശാപങ്ങൾ തന്റെ ശരീരത്തിലുണ്ടന്നു തിരിച്ചറിഞ്ഞ ഒമ്പതു വയസ്സുകാരിക്ക് ആ ചോദ്യങ്ങളെ നേരിടാനുള്ള ശക്തിയില്ലന്ന് കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിലാകുന്നുണ്ട്.
എന്നിട്ടും, സുപ്രിം കോടതിയിൽ വിധി പറയുന്ന ഏമാനെ പോലെ അവതാരകൻ അലറുന്നു.
'കുഞ്ഞേ, നീയെന്തുകൊണ്ട് എതിർത്തില്ല?'
'ആസ്വാദിക്കുകയായിരുന്നോ, നീ?'
ഇനിയുമങ്ങോട്ട് കണ്ടു നിൽക്കാനാവാതെ ഞാൻ ദേശീയ ചാനലിലേക്ക് കൂറുമാറി.
രാജ്യം ഉറ്റുനോക്കുന്ന ഒരു വിധിയും അവധി ദിവസമായ നാളെ ഉണ്ടാവില്ലന്നുറപ്പാണെങ്കിലും ചാനലിൽ കാണുന്നതും കേൾക്കുന്നതും പിന്നെയുമന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
വരാൻ പോകുന്ന മഹാ സംഭവത്തിന്റെ സൂചനയെന്നോണം ഘടികാരം വീണ്ടും ശബ്ദിച്ചു.
ദേശീയ മാധ്യമം പറയുന്ന പ്രകാരം, വിദേശത്തായിരുന്ന പ്രധാനമന്ത്രി പെട്ടന്ന് യാത്ര റദ്ദാക്കി തിരിച്ചെത്തിയിരിക്കുന്നു. ചികിത്സ മതിയാക്കി രാഷ്ട്രപതി കാര്യാലയത്തിലെത്തിയിട്ടുണ്ട്. അവധിയായിട്ടും സുപ്രിം കോടതിയിലെ ചീഫ് ഏമാൻ ധൃതി പിടിച്ചു വരുന്ന ദൃശ്യം ചാനലിൽ കാണിക്കുന്നു. രാജ്യത്തെ സ്‌കൂളുകൾ താത്ക്കാലിക ജയിലാക്കിയെന്നും അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചു വരണമെന്നും രാജ്യത്തെ മുഴുവൻ കായികാധ്യാപകരെ അടുത്ത പതിനഞ്ചു ദിവസത്തേക്ക് പൊലീസ് സേനയിലേക്ക് ഡെപ്യുട്ടേഷനിൽ നിയമിച്ചുള്ള ഓർഡർ ഇറങ്ങിയതായും ചാനലിൽ എഴുതികാണിക്കുന്നുണ്ട്. കൂടുതലറിയാനായി വീണ്ടും ഞാൻ മലയാളം ചാനലിൽ എത്തിയെങ്കിലും ഇവിടെ പെൺകുട്ടിയെ വിചാരണ ചെയ്യുന്ന തിരക്കിൽ തന്നെയായിരുന്നു അവർ.
സത്യത്തിൽ ഇന്ദ്രപ്രസ്ഥത്തിൽ നടക്കുന്ന കോലാഹലങ്ങളൊന്നും ഇവർ അറിഞ്ഞിട്ടില്ലേ? അതോ, ഇതെത്ര കണ്ടിരിക്കുന്നു എന്ന നിസ്സാര ഭാവമാണോ? അതോ, ഇനി ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ വിചാരണ ചെയ്യുന്നതിനേക്കാൾ വാർത്താമൂല്യം ഡൽഹിയിലെ നാടകങ്ങൾക്കില്ല എന്ന തോന്നലായിരിക്കുമോ?
റിമോട്ട് സകല നാടകങ്ങളും വിളമ്പുന്ന ടെലിവിഷന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ചൂടുപിടിച്ച തലയുമായി ഞാൻ ഷവറിനടിയിൽ ചെന്നു നിന്നു. തലതൊട്ടു കാൽപാദം വരെ തലോടിയൊഴുകുന്ന വെള്ളത്തേക്കാൾ എന്നെ സമാശ്വസിപ്പിക്കുന്ന വേറെന്തുണ്ട്. തലയിൽ നിന്നും ഉറ്റിവീഴുന്ന വെള്ളതുള്ളി പോലും സമകാലിക ചൂടിൽ വെന്തെനീറുന്നതായി എനിക്കുതോന്നി. സംഭവിക്കാനിനിയേറെയില്ലന്ന ഭാവേന ഘടികാരം വീണ്ടും ശബ്ദിച്ചു.
എഴുതി പകുതിയാക്കിയ നീണ്ട ആത്മഹത്യ കുറിപ്പിന്റെ ബാക്കിഭാഗമെഴുതുന്നതിനായി ഞാൻ മേശക്കരികിലിരുന്നു. തലേന്നെഴുതിയ ഭാഗങ്ങൾ വായിച്ചാൽ തലയിലെ ചൂടിനിയും പെരുകുമെന്നതിനാൽ ഞാനത് വീണ്ടും വായിക്കാൻപോയില്ല. തുടർന്നെഴുതേണ്ട കാര്യങ്ങളെ കുറിച്ചോർത്തു കുറെ നേരം വെറുതെയിരുന്നു.
തുടർന്നെഴുതി, "ഇനിയുമീ രാജ്യത്തു ജീവിക്കുന്നത് ധീരതയല്ലന്നനിക്കറിയാം. പണ്ടെന്നോ കേട്ടിരുന്ന ജനാധിപത്യരാജ്യമെന്നഹങ്കാരത്തിൽ ഇനിയും ജീവിക്കുന്നത് വിഡ്ഢിത്തമാണ് എന്നുമറിയാം. ഈ സംവിധാനത്തെ ഈ നിലയിൽ എത്തിച്ചതിന് ഒരു വോട്ടർ എന്ന നിലയിൽ ഞാനും കൂട്ടുപ്രതിയാണ്. ഏറ്റുപറഞ്ഞു ഇനിയും ഈ സംവിധനത്തിൽ തുടരുന്നത് മനസാക്ഷിയുടെ കോടതിയോട് ഞാൻ ചെയ്യുന്ന അനീതിയാവാം. ഈ തെറ്റിൽ നിന്ന് മാപ്പുസാക്ഷിയാവാൻ മരണമല്ലാതെ എന്റെ മുന്നിൽ വേറെ വഴിയില്ല. ഞാനിതാ, മാധ്യമങ്ങളില്ലാത്ത, ജനാധിപത്യമില്ലാത്ത, മനുഷ്യർ മാത്രമുള്ളിടത്തേക്ക് യാത്രയാവുന്നു."
സൂചി അറുപതാം മിനുട്ടിലെത്തിയിട്ടും ഘടികാരം ശബ്ദിച്ചില്ല. ഞാൻ മരണത്തിന്റെ കോടതിയിലേക്ക് മെല്ലെ കാലെടുത്തു വെച്ചു.