ADVERTISEMENT

ഓരോ രാജ്യങ്ങളിലും വ്യത്യസ്തവും വിചിത്രവുമായ ആചാരങ്ങൾ അലയടിക്കുന്ന  മാസമാണ് റമസാൻ. മാസം കാണുന്നതു മുതൽ ഈദ് ഈരടി മുഴങ്ങും വരെ വ്രതമാസ രസങ്ങൾ രുചിക്കാനാകും. ചിരിയും ചിന്തയും ചാലിച്ച ചില റമസാൻ കാല നുറുങ്ങുകൾ.

***

തിരുനബിയുടെ സേവകനും അനുചരനുമായ പണ്ഡിതനായിരുന്നു അനസ് ബിൻ മാലിക് .

കുറെ ആളുകൾ റമസാൻ അമ്പിളി കാണാൻ മാനത്തേക്ക് കണ്ണും നട്ടിരിക്കുകയാണ്. കൂട്ടത്തിൽ പ്രായം നൂറോടടുത്ത അനസുമുണ്ട്.

വയോധികനായ അദ്ദേഹം ' ഞാൻ മാസം കണ്ടു'വെന്ന് ഒച്ചവച്ചു.

കൂടെയുള്ള സുഹൃത്ത് ഇയാസ് അനസിന്റെ അടുത്ത് ചെന്നു ചോദിച്ചു

'എവിടെ? ചന്ദ്രനുള്ള ദിക്ക് എനിക്കുകൂടി കാണിച്ചു തരൂ.. '

അനസ് വിരൽ ചൂണ്ടിയ ഭാഗത്തേക്ക് എത്ര നോക്കിയിട്ടും ഇയാസിനു മാസം കാണാനായില്ല.

എന്നിട്ടും ആകാശത്തേക്ക് വിരൽ ചൂണ്ടി തുറിച്ചു നോക്കുന്ന

അനസിന്റെ മുഖത്തേക്ക് ഒരിക്കൽ കൂടി അദ്ദേഹം നോക്കി.

അപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്.

അനസിന്റെ പുരികത്തിൽ നിന്നും ഒരു നരച്ച രോമം വളഞ്ഞ് കൺതടത്തിലേക്ക് തൂങ്ങിയിരിക്കുന്നു.

ഇയാസ് അതു നേരെയാക്കിയ ശേഷം പറഞ്ഞു.

'ഇനി മാനത്തെ അമ്പിളിക്കീറ് കാണിക്കൂ'

ആകാശം നോക്കി അദ്ദേഹം പറഞ്ഞു

'ഇപ്പോൾ ഞാൻ ഒന്നും കാണുന്നില്ല'.

സുഹൃത്ത് സൂക്ഷിച്ച് നോക്കിയില്ലായിരുന്നെങ്കിൽ  'നരച്ച മുടി' ഒരു

റമസാൻ ചന്ദ്രികയാകുമായിരുന്നു. അതുവഴി ജനങ്ങൾക്ക് വ്രതമാസാരംഭവും.

..***.

നാട്ടിൽ മാസം കണ്ടുവെന്ന് ഒരാൾ അറിയിച്ചാൽ കൃത്യത വരുത്താൻ വിചാരണ ചെയ്ത് ശ്വാസം മുട്ടിക്കുന്ന കാലമുണ്ടായിരുന്നു. ഇതിൽ മനം മടുത്ത ഒരാൾ പറഞ്ഞതാണ് ' തൊപ്പിക്കുട വട്ടത്തിൽ ചന്ദ്രനെ കണ്ടാലും നമ്മൾ മിണ്ടൂല' എന്ന്!

ഒരു പറ്റം ആളുകൾ റമസാൻ മാസം  ഉറപ്പിക്കാൻ മലമുകളിൽ കയറി. ഏറെ നേരം കണ്ണും നട്ടിരുന്നിട്ടും മാനത്ത് ചന്ദ്രപ്പിറവി ദൃശ്യമായില്ല. പോകാൻ നേരം കൂട്ടത്തിലുള്ള ഒരു കുട്ടി മാസം കാണുകയും മറ്റുള്ളവരെ കാണിക്കുകയും ചെയ്തു.

അപ്പോൾ അവരിലൊരാൾ വിളിച്ചു പറഞ്ഞു

'ദേഹം തളർത്തുന്ന പകൽപട്ടിണിയെ കുറിച്ച് നിന്റെ ഉമ്മയ്ക്കു സന്തോഷ വാർത്ത അറിയിക്കുക'! പഞ്ഞകാലത്ത്

വ്രതമാസം ആഗതമാകുന്നതിന്റെ  ആധി  അടങ്ങിയ അറിയിപ്പ്

 .***

.ഉമവി  കാലഘട്ടത്തിലെ അഞ്ചാം ഖലീഫയായ അബ്ദുൽ മലിക്  ബിൻ മർവാന്റെ പ്രസ്താവന ചരിത്രത്തിൽ ശ്രദ്ധേയമാണ്.

'റമസാനിലാണ് ഞാൻ ജനിച്ചത്, മുലകുടി മാറ്റിയതും റമസാനിൽ, ഖുർആൻ പാരായണ പരിസമാപ്തിയും റമസാനിലായിരുന്നു. എനിക്ക് ഭരണസാരഥ്യം ലഭിച്ചതും വ്രതമാസത്തിൽ, അതുകൊണ്ട് ഞാൻ മരിക്കുന്നതും റമസാനിലായിരിക്കും'.റമസാൻ കഴിഞ്ഞ് തൊട്ടടുത്ത ശവ്വാലിലേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം ആശ്വസിച്ചെങ്കിലും ശവ്വാലിൽ അദ്ദേഹം മരിച്ചു.  മോഹങ്ങൾ തകർത്തു കളയുന്ന മരണത്തിന്റെ വരവ് അപ്രതീക്ഷിതമാണ്.

...***

മെറീഷ്യസിൽ  റമസാൻ  ആഗതമാകുന്നതിന്റെ മുന്നോടിയായി  പുരുഷന്മാർ തല മുണ്ഡനം ചെയ്യും. റമസാനൊപ്പം അവരുടെ തലയിൽ പുത്തൻ മുടിയും വളരും. ഈ ആചാരത്തെ 'റമസാൻ കേശം' എന്നാണു വിളിക്കുക. മക്കക്കാർ റമദാനിൽ വിവാഹം നടത്തില്ല. പുണ്യമാസമാണെങ്കിലും  കല്യാണങ്ങളെല്ലാം പെരുന്നാൾ വരെ മാറ്റി വയ്ക്കുകയാണ് പതിവ്. ആത്മീയമാസം ആഘോഷമാകാതിരിക്കാനുള്ള മുൻകരുതൽ മാത്രം.

.***

ഉഗാണ്ടയിലെ റമസാൻ ആചാരം അൽപ്പം കടുത്തതാണ്. ഇഫ്താറിനു തൊട്ടുമുൻപ് ഭർത്താക്കന്മാർ ഭാര്യമാരുടെ തലക്കടിക്കും. ഈ അടി വാങ്ങിയാണ് അടുക്കളയിലേക്ക് നോമ്പുതുറ വിഭവമൊരുക്കാൻ അവർ നീങ്ങുക. ഭൂരിഭാഗം ഭർത്താക്കന്മാരും മൃദുവായാണ് ഇണകളെ തലോടുക. കറിയിൽ ഉപ്പിടുന്ന പോലെ ഒരു ആചാര സ്പർശത്തിനു വേണ്ടി മാത്രം. എന്നാൽ ആചാരം ഒരു അവസരമായി കാണുന്ന ചില കണവൻമാർ തലോടൽ തല്ലാക്കി മാറ്റുമത്രെ! കാരുണ്യ മാസത്തിലും കരുണയുടെ ഉറവയൊഴുകാത്ത 'പരുഷന്മാർ '!

ഗൾഫിൽ ചൂട് കാലത്ത് നോമ്പാകുമ്പോൾ  റമസാൻ കഴിയുന്നതുവരെ നാട്ടിൽ കൂടുന്നവരുണ്ടായിരുന്നു. 'നോമ്പ് നാട്ടിലാ രസം ' എന്നവർ പ്രസ്താവനയും ഇറക്കും. നാട്ടിൽ നോമ്പ് പൊള്ളുമെന്ന് തോന്നിയാൽ ലീവ് വരെ നീട്ടി എങ്ങനെയെങ്കിലും ഗൾഫിൽ തങ്ങുന്നവരുമുണ്ട്. 'നോമ്പ് ഗൾഫിലാസുഖം' എന്ന പ്രവാസി വാക്യം ഇക്കൂട്ടരുടെ സംഭാവനയാണ്.

മക്കയിൽ ചൂടാണെങ്കിൽ ത്വാഇഫിൽ പോയി നോമ്പുകാലം കഴിച്ചു കൂട്ടുന്ന പതിവു അറബികൾക്കിടയിലുണ്ടായിരുന്നു.  അനുഗ്രഹീത മാസം അനുഗ്രഹീ നാട്ടിൽ ചെലവിടണം' എന്നായിരുന്നു  സൂര്യതാപത്തിൽ നിന്നും ഒളിച്ചോടാൻ അറബികൾ  ഉപയോഗിച്ചിരുന്ന സൂത്രവാക്യം. കാലവും ദേശവും ജനങ്ങളും മാറിയാലും നിഷ്കളങ്കരായ നോമ്പുകാരെല്ലാം മോഹിച്ചിരുന്നതു ഒന്നു മാത്രം, ദൈവപ്രീതിയിലൂടെ സ്വർഗത്തിന്റെ ശാശ്വത തണൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com