രതി സുഖ സാരെ
Mail This Article
ജയശങ്കർ വീട്ടിലെത്തിയപ്പോൾ അന്നും രാത്രി പതിനൊന്നു മണിയായി.
'ഇന്ന് ഞാൻ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ആ ആൻസിയുടെ സ്മാർട്നെസ് കൊണ്ട് പത്തുലക്ഷം രൂപയാണ് കമ്പനിക്കു ലാഭമുണ്ടായത്'
ജയശങ്കർ വീട്ടിൽ വന്നയുടനെ ഹേമയോട് പറഞ്ഞു.
അയാൾ പറയുന്നതിൽ അവൾ താൽപര്യം കാണിക്കുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ വിഷയം മാറ്റി.
മോൾ ഉറങ്ങിയോ? അയാൾ ചോദിച്ചു.
അവൾ അതിനും മറുപടി പറഞ്ഞില്ല.
അവൾ അയാളുടെ അടുത്തേക്ക് നീങ്ങിനിന്നുകൊണ്ടു ചോദിച്ചു.
ആൻസി ഇന്നും സ്മാർട്ട് ആയിരുന്നോ?
ജയശങ്കർ ഹേമയെ സൂക്ഷിച്ചു നോക്കി.
'നിനക്ക് എന്നെ സംശയമാണ്', അയാൾ മുറിക്കുള്ളിലേക്ക് കയറുവാൻ ഭാവിച്ചു.
'നിൽക്കൂ….ഒരു കാര്യം എനിക്ക് ചോദിക്കുവാനുണ്ട്. ഒരു മൾട്ടി നാഷനൽ കമ്പനിയിൽ...അതും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന നിങ്ങൾ 11 മണിവരെ എന്ത് ജോലിയാണ് ചെയ്യുന്നത്? ആൻസിയുടെ സ്മാർട്നെസ്സ് കൊണ്ട് കമ്പനിക്ക് ലാഭമുണ്ടാക്കലാണോ രാത്രി മുഴുവനും'
അവൾ പുച്ഛത്തോടെ ചോദിച്ചു.
'അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല'
അയാൾ മുറിക്കുള്ളിലേക്ക് കയറി.
'ജയേട്ടാ ...എനിക്ക് ഒരു കാര്യം പറയുവാനുണ്ട്.നിങ്ങൾക്ക് ഈയിടയായി എന്നെ താൽപര്യമില്ലെന്ന് എനിക്കറിയാം..എന്റെ വീട്ടുകാരെ മുഴുവൻ ഉപേക്ഷിച്ചാണ് ഞാൻ നിങ്ങളുടെ ഒപ്പം ഇറങ്ങി വന്നത്...പക്ഷേ ഇപ്പോൾ നമ്മൾ പിരിയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു'
അവൾ മുറിയുടെ വാതിൽക്കൽ എത്തിയിരുന്നു.
'അതെ...അതുതന്നെയാണ് നല്ലത്..ഭർത്താവിനെ തൃപ്തിപ്പെടുത്തുവാൻ അറിയില്ലാത്ത ഭാര്യയോടൊപ്പം ജീവിക്കുന്നതിലും നല്ലത് അതുതന്നെയാണ്'
അയാൾ ദേഷ്യത്തോടെ പറഞ്ഞു.
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
നീണ്ട 11 വർഷം ഒരു കുഴപ്പവുമില്ലായിരുന്നു.
അയാളുടെ ആവശ്യങ്ങൾക്കെല്ലാം താൻ വഴങ്ങികൊടുത്തു.
ഒന്നിലും തൃപ്തിയില്ലാത്ത അയാൾക്ക് വേണ്ടി നാട്ടിൻപുറത്തുകാരിയായ താൻ പരിഷ്കാരിയായി.
തന്റെ നീണ്ട മുടിമുറിച്ചു. ചുണ്ടിൽ ലിപ്സ്റ്റിക്കും ഇട്ട് അയാൾ തിരഞ്ഞെടുക്കുന്ന, ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങളും ധരിച്ചു ഒരു പാവയെപ്പോലെ അയാൾക്കൊപ്പം ചലിച്ചു.
അയാളുടെ പരീക്ഷണവസ്തുവായി. കിടപ്പറയിൽ തനിക്ക് ഇഷ്ടമില്ലാത്ത പലതും അയാളുടെ സന്തോഷത്തിനു വേണ്ടി മാത്രം വഴങ്ങിക്കൊടുത്തു.
രണ്ടുവർഷം മുൻപ് ആൻസി എന്ന ഒരു പരിഷ്കാരി അയാളുടെ ജൂനിയറായി വന്നപ്പോൾ മുതൽ അയാളുടെ മനോഭാവം മാറി...ഭർത്താവിനെ തൃപ്തിപ്പെടുത്തുവാൻ അറിയാത്ത ഭാര്യയായി താൻ മാറിയിരിക്കുന്നു!!!
അടുത്തദിവസം രാത്രിയിൽ ജയശങ്കർ വീട്ടിലെത്തിയില്ല….
പിറ്റേദിവസം അയാൾ ഹേമക്ക് ഒരു മെസ്സേജ് അയച്ചു.
'എനിക്ക് ഒരു ജീവതമേയുള്ളൂ...അത് ആസ്വദിക്കുവാനുള്ളതാണ്...എന്നെ ഇനി അന്വേഷിക്കരുത്'
അവൾ ആ മെസ്സേജിൽ നോക്കി പൊട്ടിക്കരഞ്ഞു.
പക്ഷെ അവൾ തളർന്നില്ല...ഒരു സുഹൃത്തിന്റെ സഹായത്താൽ രണ്ടു മാസത്തിനുള്ളിൽ അവൾ ഒരു ജോലി കണ്ടു പിടിച്ചു. വാടക കുറഞ്ഞ ഒരു ചെറിയ വീട്ടിലേക്ക് അവളും മോളും താമസം മാറി.
മോൾ അച്ഛനെ അന്വേഷിക്കുമ്പോൾ അയാൾ ദൂരെ ജോലിക്കു പോയിരിക്കുകയാണെന്ന് അവൾ കള്ളം പറഞ്ഞു. ആ സമയം തന്റെ സമനില തെറ്റാതിരിക്കുവാൻ അവൾക്കു കഠിന പരിശ്രമം തന്നെ വേണ്ടി വന്നു.
ജയശങ്കറെ പൂർണ്ണമായും തൃപ്തിപ്പെടുത്തുവാൻ ആൻസിക്ക് സാധിച്ചതോടെ ഹേമ തന്റെ മനസ്സിൽ വല്ലപ്പോഴും വരുന്ന ദുശ്ശകുനമായി ജയശങ്കറിന് തോന്നി.
ആറു മാസങ്ങൾ കഴിഞ്ഞു.
ഒരുദിവസം ജയശങ്കറിനെ അയാളുടെ ബോസ്സ് തന്റെ ക്യാബിനിലേക്ക് വിളിച്ചു.'മിസ്റ്റർ ജയശങ്കർ ഇപ്പോൾ ബിസ്സിനസ്സ് വളരെ മോശമാണ്...മാത്രമല്ല നിങ്ങളുടെ ഡിസൈൻ ഇപ്പോൾ മാർക്കറ്റിൽ ചലിക്കുന്നില്ല..എല്ലാവർക്കും താൽപ്പര്യം ആൻസിയുടെ ചെയ്യുന്ന ഡിസൈനുകൾ ആണ്….അവളുടെ കഴിവുകൊണ്ട് നമുക്ക് അടുത്ത പത്തു വർഷത്തേക്കുള്ള വർക്കുകളാണ് ലഭിച്ചിരിക്കുന്നത്."
'സാർ...ആൻസി ചെയ്യുന്നതെല്ലാം ഞാൻ വരച്ചതാണ്'
അയാൾ വിഷമത്തോടെ പറഞ്ഞു.
ബോസ്സ് ചിരിച്ചു.
'വിഡ്ഢിത്തം പറയാതെ മിസ്റ്റർ...നിങ്ങളുടെ ഇരട്ടി സ്മാർട്ട് വർക്ക് ചെയ്യുന്ന അവളുടെ വർക്കുകൾ നിങ്ങൾ ചെയ്തതാണെന്ന് പറയുമ്പോൾ എനിക്ക് നിങ്ങളോട് പുച്ഛം തോന്നുന്നു'
'സാർ ഞാൻ പറഞ്ഞത് സത്യമാണ്'
അയാൾ വിളറിയ മുഖത്തോടെ പറഞ്ഞു.
ബോസ്സ് തുടർന്നു.
'ഈ കോവിഡ് കാലത്ത് എനിക്ക് ഒരേ ജോലി ചെയ്യുന്ന രണ്ടുപേരെ അഫോർഡ് ചെയ്യുവാൻ സാധിക്കില്ല. നിങ്ങൾ റിസൈൻ ചെയ്താൽ എനിക്ക് ഒരു ടെർമിനേഷൻ ലെറ്റർ തരുന്നത് ഒഴിവാക്കാം'
'സാർ….ഞാൻ റിസൈൻ ചെയ്യുന്നില്ല. പകരം ആൻസി റിസൈൻ ചെയ്യും...ഞങ്ങൾ ഒരാൾക്ക് ജോലി മതി…..ഞാൻ പറഞ്ഞാൽ ആൻസി കേൾക്കും'
അതുകേട്ട് ബോസ്സ് പൊട്ടിച്ചിരിച്ചു.
'നമുക്ക് നോക്കാം...ഞാൻ ആൻസിയോട് ചോദിക്കാം…'
അയാൾ ആൻസിയെ തന്റെ മുറിയിലേക്ക് വിളിച്ചു.
'ആൻസി റിസൈൻ ചെയ്യുമെന്നാണ് ജയശങ്കർ പറയുന്നത്'
ബോസ്സ് ഒരു കള്ളച്ചിരി ചിരിച്ചു.
അവൾ അതുകേട്ടതായി ഭാവിച്ചില്ല. പകരം ബോസ്സിനോട് തൊട്ടുരുമ്മി നിന്ന് കഴിഞ്ഞ ദിവസം താൻ വരച്ച പ്ലാനുകൾ ബോസിനെ കാണിച്ചു.
'സാർ ഈ പ്ലാൻസ് ഒന്നു നോക്കൂ..'
ബോസ്സ് അവയിൽ വിശദമായി നോക്കി.
'യു ആർ ആൻ അസ്സെറ്റ്….ഗുഡ്…'
ബോസ്സ് തന്റെ കൈകൾ അവളുടെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു.
അതും താൻ വരച്ചതാണല്ലോ എന്ന് വേദനയോടെ അയാൾ ഓർത്തു. ഇനി അവിടെ നിൽക്കുന്നതിൽ കാര്യമില്ലെന്ന് ജയശങ്കറിന് തോന്നി. അയാൾ ക്യാബിനു പുറത്തേക്ക് നടന്നു…
'സാർ നമ്മൾ എന്നാണ് ന്യൂയോർക്കിന് പോകുന്നത്?
ആൻസി ബോസ്സിന്റെ കവിളിൽ മൃദുവായി ചുംബിച്ചു കൊണ്ട് ചോദിച്ചു.
അടുത്ത മാസം….പക്ഷെ ജയശങ്കർ? ബോസ്സ് ചോദിച്ചു.
ആൻസി പൊട്ടിച്ചിരിച്ചു…
'ഇന്ന് ഞാൻ വാതിൽ പൂട്ടി വീടിന്റെ താക്കോലുമായിട്ടാണ് വന്നിരിക്കുന്നത്'.
'ഗുഡ് ഗേൾ...അപ്പോൾ ഇന്നുമുതൽ നമ്മൾ താമസിക്കുന്നത് ഹോട്ടൽ റെസിഡൻസിയിലാണ്'..
ക്യാബിനുള്ളിൽ നിന്നും പുറത്തേക്കു വന്ന പൊട്ടിച്ചിരികൾ ഇടിമുഴക്കങ്ങളായി ജയശങ്കറിന്റെ കാതിൽ പതിക്കുന്നുണ്ടായിരുന്നു