കൊച്ചി നഗരത്തിലെ ഒരു ജനമൈത്രി പൊലീസ് സ്റ്റേഷൻ!!!
2020 ഡിസംബർ മാസത്തിലെ ഒരു സായാഹ്നം. സമയം കൃത്യമായി പറഞ്ഞാൽ അഞ്ചു മണി പത്തു മിനിറ്റ്!!!
സബ് ഇൻസ്‌പെക്ടർ രാജീവ് തന്റെ മുൻപിൽ ഭയാശങ്കകളോടെ നിൽക്കുന്ന കുട്ടികളെ മാറിമാറി നോക്കി.
"മാസ്ക് മാറ്റൂ കുട്ടികളെ..നിങ്ങളെ സാർ ഒന്നു കാണട്ടെ"
എഎസ്ഐ കൃഷ്ണൻ പറഞ്ഞു.
കുട്ടികൾ രണ്ടു പേരും മാസ്ക് മാറ്റി.
കഷ്ടിച്ച് 15 വീതം പ്രായമുള്ള ഒരു ആൺകുട്ടിയും….ഒരു പെൺകുട്ടിയും!!!
രാജീവിന്റെ മനസ്സിലേക്ക് അമ്മുവിന്റെ രൂപം കടന്നുവന്നു.
"ഇവൻ കാഞ്ഞവിത്താണ് സാറെ. ഊതിക്കുടിക്കുവാൻ വകയില്ലാത്ത ഈ ചെറുക്കൻ അന്തസ്സും ആഭിജാത്യവുമുള്ള പുത്തൂറ്റ് തറവാട്ടിലെ പെൺ കൊച്ചിനെ അടിച്ചോണ്ടു പോകുവാൻ നോക്കിയതാണ് ...മാസ്ക് വച്ചാൽ അറിയില്ലെന്ന് ഇവൻ കരുതി..ആ ഫൽഗു കൃത്യസമയത്ത് എന്നെ അറിയിച്ചതു കൊണ്ടാണ് ഇവനെ പൊക്കുവാൻ എനിക്ക് സാധിച്ചത്."
എഎസ്ഐ കൃഷ്ണന്റെ മുഖത്ത് ഒരു മഹാകാര്യം ചെയ്ത ഒരു മഹാന്റെ ഭാവം തെളിഞ്ഞുനിന്നു.
"ആരാണീ ഫൽഗു? ഇൻസ്‌പെക്ടർ ചോദിച്ചു.
"അയ്യോ സാർ അറിയില്ലേ ഫൽഗുവിനെ? സമൂഹത്തിൽ എവിടെ മൂല്യച്യുതി ഉണ്ടായാലും ഓടിയെത്തി അത് നാട്ടുകാരെ മുഴുവൻ വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അറിയിക്കുകയാണ് ഫാൽഗുവിന്റെ ജോലി"
"ഓ… സദാചാര പൊലീസ്" രാജീവ് പുച്ഛത്തോടെ പറഞ്ഞു.
"ആ അങ്ങിനെയും പറയും….ഒരു കണക്കിന് അവരുള്ളത് നമുക്ക് നല്ലതാണ് സാറെ"
കൃഷ്ണൻ പറഞ്ഞു.
എസ്ഐ സാവധാനം തന്റെ കസേരയിൽ നിന്നും എഴുന്നേറ്റു..
അയാൾ ആൺകുട്ടിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
"എന്താണ് ഇയാളുടെ പേര്?
"രാഹുൽ"
"അച്ഛന്റെ പേര്….?"
"പരമേശ്വരൻ മേസ്തിരി …" കൃഷ്ണൻ ഇടക്കു കയറി പറഞ്ഞു.
രാജീവ് കൃഷ്‌ണനെ രൂക്ഷമായി നോക്കി.
"പരമേശ്വരനാചാരി …"രാഹുൽ പിറുപിറുത്തു.
"അമ്മയുടെ പേര്?"
"ജാനകി.."
"അച്ഛന്റെ ജോലി?"
"തടിപ്പണിയാണ്…"
"അമ്മയുടെ ജോലി?"
ആ ചോദ്യത്തിന് അവൻ ഉത്തരം പറഞ്ഞില്ല.
"അമ്മ ജോലിക്കൊന്നും പോകുന്നുണ്ടാവില്ല അല്ലേ?"രാജീവ് ചോദിച്ചു.
രാഹുൽ നിഷേധാർഥത്തിൽ അവന്റെ തല ഇരുവശത്തേക്കും ചലിപ്പിച്ചു. പിന്നീട് സാവകാശം പറഞ്ഞു.
"എനിക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു പോയി"
അത് പറഞ്ഞപ്പോൾ അവൻ ചെറുതായി വിതുമ്പിയെന്ന് രാജീവിന് തോന്നി.
രാജീവ് പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.
"പേര്...?"
"ലക്ഷ്മി…."അവൾ പിറുപിറുത്തു.
"അച്ഛന്റെ പേര്?"
"അയ്യോ സാർ... അറിയില്ലേ...ഇത് നമ്മുടെ വർമ്മ സാറിന്റെയും സുധാമാഡത്തിന്റെയും ഏക മകളാണ്." കൃഷ്ണൻ പിന്നെയും ഇടക്കു കയറി പറഞ്ഞു.
ഇത്തവണ രാജീവിന്റെ ക്ഷമ കെട്ടു.
"മിസ്റ്റർ എഎസ്ഐ ...താങ്കൾ കുറച്ചു സമയത്ത് പുറത്തുപോയി വിശ്രമിക്കു"
"സാർ…" തനിക്കുണ്ടായ ചമ്മൽ പുറത്ത് കാണിക്കാതെ കൃഷ്ണൻ ക്യാബിനു പുറത്തേക്ക് നടന്നു.
"അച്ഛന്റെ പേര് പറഞ്ഞില്ല…"രാജീവ് വീണ്ടും പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി.
"മോഹന വർമ്മ…."
"ജോലി?"
"സ്വന്തമായി ബിസ്സിനസ്സ് ചെയ്യുന്നു"
"അമ്മ?"
"സുധാ നായർ...ഷി ഈസ് എ ഡോക്ടർ …" അവൾ പറഞ്ഞു.
"ഓക്കേ….ഞാൻ രാജീവ് ... സബ് ഇൻസ്‌പെക്ടറാണ്….ലക്ഷ്മിയെ രാഹുൽ തട്ടിക്കൊണ്ടുപോയി എന്ന് ഒരു പരാതി ലഭിച്ചത് കൊണ്ടാണ് നിങ്ങളെ ഇവിടേക്ക് കൊണ്ടുവന്നത്"
രാജീവ് പറഞ്ഞു.
"സാർ….ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല...ലക്ഷിമിയും ഞാനും ഫ്രണ്ട്‌സ് ആണ്"
രാഹുൽ പറഞ്ഞു
"ക്ലാസ്സ് മേറ്റ്സ്?" രാജീവ് ചോദ്യഭാവത്തിൽ ചോദിച്ചു.
"അതേ…"
രാഹുൽ പറഞ്ഞു.
രാജീവ് കൗതുകത്തോടെ തന്റെ മുൻപിൽ നിൽക്കുന്ന കുട്ടികളെ നോക്കി .
"നിങ്ങൾ പൊലീസിന്റെ പിടിയിലായതെങ്ങനെയാണ്? "
അത് ചോദിക്കുമ്പോൾ സ്വന്തം മുഖത്തു ഗൗരവം വരുത്തുവാൻ രാജീവ് പാടുപെട്ടു.
"ഇന്നായിരുന്നു ഓൺലൈനിൽ ഫൈനൽ പരീക്ഷ കഴിഞ്ഞത്. ലോക്കഡൌൺ ആയതുകൊണ്ട് ഞങ്ങൾ പരസ്പരം കണ്ടിട്ട് കുറെനാളായി.
പക്ഷേ വാട്ട്സപ്പ്ൽ ദിവസവും ചാറ്റ് ചെയ്യാറുണ്ടായിരുന്നു...പരീക്ഷ കഴിഞ്ഞ ഉടനെ സ്കൂളിനടുത്തുള്ള ഒരു പാർക്കിൽ ഞാനും ലക്ഷ്മിയും സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് മൂന്ന് ആളുകൾ ഞങ്ങളെ വളഞ്ഞത്.
അവർ ഞങ്ങളുടെ ഫോട്ടോ എടുത്തു...ആ ഫോട്ടോസ് അവർ വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ചു….
ഞങ്ങളെ അവർ കുറെ സമയം തടഞ്ഞുവച്ചു. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ച പൊലീസ് ഇവിടേക്ക് കൊണ്ടുവന്നു…"
രാഹുൽ ഒറ്റശ്വാസത്തിൽ പറഞ്ഞു.
"ലോക്ഡൗണിനു മുൻപ് നിങ്ങൾ പതിവായി പാർക്കിൽ പോകാറുണ്ടോ?' രാജീവ് ചോദിച്ചു.
"മിക്കവാറും ദിവസങ്ങളിൽ…"
ലക്ഷ്മി നാണത്തോടെ പറഞ്ഞു.
"സാർ...ആ പരമേശ്വരൻ മേസ്തിരി എത്തിയിട്ടുണ്ട് അകത്തേക്ക് വിടട്ടെ.."
കൃഷ്ണൻ ഹാഫ് ഡോറിന്റെ മുകളിലൂടെ തന്റെ തല കാണിച്ചുകൊണ്ട് ചോദിച്ചു.
"വെയിറ്റ് ചെയ്യുവാൻ പറയൂ…"
രാജീവ് പുറത്തേക്ക് നോക്കി പറഞ്ഞു.
"രാഹുൽ പറയുന്നത് സത്യമാണോ?'
രാജീവ് ലക്ഷ്മിയോട് ചോദിച്ചു.
അവൾ രാഹുലിനെ ഒരു നിമിഷം നോക്കി….
"യെസ്…
രാഹുൽ പറഞ്ഞത് സത്യമാണ്...ബട്ട്.."
ലക്ഷ്മി ഒരു നിമിഷം നിർത്തി.
രാജീവ് ലക്ഷ്മിയെ പ്രോത്സാഹിപ്പിച്ചു
"എനിക്ക് വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ല. സൊ ഐ ലവ് രാഹുൽ.."അത് പറഞ്ഞപ്പോൾ ലക്ഷ്മിയുടെ മുഖത്ത് അരുണിമ പടർന്നു.
എന്നാൽ ലക്ഷ്മിയുടെ വാക്കുകൾ രാഹുലിൽ ഒരു ഞെട്ടലുണ്ടാക്കിയത് പോലെ രാജീവിന് തോന്നി.
"ദാറ്റ് ഈസ് ഓക്കേ…..ഒരു ബ്രദറിനോട് തോന്നുന്ന സ്നേഹം...അല്ലേ?"
രാജീവ് ചിരിച്ചു കൊണ്ട് ചോദിച്ചു.
"നോ….ദി അദർ വേ….റൊമാൻസ്….സീരിയലിൽ കാണുന്നത് പോലെ"
ലക്ഷ്മിയുടെ മുഖത്ത് ഒരു കാമുകിയുടെ ഭാവമാണ് അപ്പോൾ അവിടെ നിന്നവർക്ക് കാണാൻ സാധിച്ചത്.
മുട്ടയിൽ നിന്നും വിരിഞ്ഞില്ല...അവളുടെ ഒരു റൊമാൻസ്...രാജീവ് പിറുപിറുത്തു.
'സാർ….ഐ ആം സീരിയസ്…"ലക്ഷ്മി പറഞ്ഞു.
"ലക്ഷ്മി ...നീ നിന്റെ മാതാപിതാക്കളെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കുന്നുണ്ടോ?" രാജീവ് ചോദിച്ചു.
ലക്ഷ്മി അതിനു മറുപടി പറഞ്ഞില്ല.
രാജീവ് വിഷമവൃത്തത്തിലായി.
പെട്ടെന്ന് തന്നെ ക്യാബിൻ തള്ളിതുറന്ന് ഒരാൾ അകത്തേക്ക് വന്നു.
അയാളുടെ വരവ് രാജീവിന് ഒട്ടും ഇഷ്‌ടപ്പെട്ടില്ല..
"എന്റെ മോളെ….നീ എന്തിനാണ് ഇങ്ങിനെയൊരു അവിവേകം കാണിച്ചത്? വർമ്മസാറും സുധാ മാഡവും ഇതെങ്ങനെ സഹിക്കും?"
അയാൾ ലക്ഷ്മിയോട് ചോദിച്ചു.
അവൾ അതിനു മറുപടി പറഞ്ഞില്ല.
അയാൾ രാജീവിന്റെ നേരെ തിരിഞ്ഞു.
"സാർ...ഞാൻ ബിനോയ് മാനുവൽ..വർമ്മ അസോസിയേറ്റിന്റെ ലീഗൽ അഡ്വൈസറാണ്"
"അതിനു ഞാനെന്തു വേണം?"
രാജീവ് ഈർഷ്യയോടെ ചോദിച്ചു.
"ഞാൻ ഈ പെൺകുട്ടിയെ കൊണ്ടുപോകുവാൻ വന്നതാണ്"
ബിനോയ് പറഞ്ഞു.
"മിസ്റ്റർ വർമ്മ എത്തിയില്ലേ?" രാജീവ് ചോദിച്ചു.
"വർമ്മ സാറിന് വരുവാൻ സാധിക്കില്ല സാർ... അദ്ദേഹം എസ്പിയെ വിളിച്ചോളാം എന്നു പറഞ്ഞിട്ടുണ്ട്"
ബിനോയ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
രാജീവ് ഒരു നിമിഷം ബിനോയിയെ സൂക്ഷിച്ചു നോക്കി.
"സോറി മിസ്റ്റർ ബിനോയ്…..അച്ഛനോ അമ്മയോ വന്നാൽ മാത്രമേ ഇവരെ റിലീസ് ചെയ്യുവാൻ സാധിക്കുകയുള്ളൂ.."
"അയ്യോ….സാറിന് അറിയുവാൻ പാടില്ലാഞ്ഞിട്ടാണ്...ഞാൻ ലക്ഷ്മിക്ക് അച്ഛനെപ്പോലെയാണ്. മാത്രമല്ല വർമ്മ സാറിന് ഇതുപോലെയുള്ള നിസ്സാര കാര്യത്തിന് പൊലീസ് സ്റ്റേഷനിൽ വരുവാൻ സമയമുണ്ടോ? മാഡത്തിനെയാണെങ്കിൽ ഒന്നു കാണുവാൻ തന്നെ നമ്മൾ മണിക്കൂറുകൾ ക്യു നിൽക്കണം"
രാജീവിന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു.
"മിസ്റ്റർ ബിനോയ് നിങ്ങൾക്ക് ഇത് നിസ്സാരകാര്യമായിരിക്കും. അത് മാത്രമല്ല ലീഗൽ അഡ്വൈസർ ഒരിക്കലും അച്ഛനാകില്ല മിസ്റ്റർ"
രാജീവിന്റെ മുഖം മേഘാവൃതമായി.
ബിനോയ് ഒരു നിമിഷം എസ്ഐയെ സൂക്ഷിച്ചു നോക്കി.
പിന്നീട് അയാൾ തന്റെ മൊബൈൽ കയ്യിലെടുത്ത് വർമ്മയെ വിളിച്ചു.
"സാർ….സാർ...ലക്ഷ്മിയെ റിലീസ് ചെയ്യണമെങ്കിൽ സാർ നേരിട്ടു വരണമെന്നാണ് ഈ ഇൻസ്‌പെക്ടർ പറയുന്നത്"
മറുതലക്കൽ നിന്നുള്ള മറുപടി കേട്ടിട്ടാകണം ബിനോയിയുടെ മുഖം വല്ലാതായി
"സാർ...ഓക്കേ...സാർ…" അയാൾ ഫോൺ രാജീവിന് നേരെ നീട്ടി.
ബിനോയ് തന്റെ നേരെ നീട്ടിയ മൊബൈൽ ഒന്നു ശ്രദ്ധിക്കുകപോലും ചെയ്യാതെ രാജീവ് ക്യാബിനു പുറത്തേക്കു നടന്നു.
ക്യാബിനു പുറത്ത് രാജീവിനെ കാത്തു നിന്നിരുന്ന പരമേശ്വരൻ ആചാരി തന്റെ രണ്ടു കൈകളും കൂപ്പി അയാളെ വണങ്ങി.
"സാർ ഇവനാണ് പരമേശ്വര മേസ്തിരി….ആ പെണ്ണിനെ തട്ടിക്കൊണ്ടു വന്നവന്റെ അപ്പൻ"
കൃഷ്ണൻ ആവേശത്തോടെ പറഞ്ഞു.
രാജീവ് പരമേശ്വരൻ ആചാരിയെ തന്റെ വലുത് കൈ സ്വന്തം നെഞ്ചിൽ വെച്ചുകൊണ്ട് അഭിവാദ്യം ചെയ്തു.
"മിസ്റ്റർ എഎസ്ഐ ...താങ്കൾ ഒരു നിമിഷം എന്റെയൊപ്പം വരൂ…."
രാജീവ് കൃഷ്ണനേയും കൊണ്ട് സ്റ്റേഷന്റെ മറ്റൊരു ഭാഗത്തേക്ക് സാവധാനം നടന്നു.
"എഎസ്ഐക്ക് ഇനി എത്ര വർഷം സർവ്വീസ് ബാക്കിയുണ്ട്?"
"സാർ... ഒരു വർഷം."
"ഉം….നമുക്ക് നല്ല രീതിയിൽ റിട്ടയർ ചെയ്തു പെൻഷൻ വാങ്ങേണ്ടതല്ലേ?".
രാജീവ് ചോദിച്ചു. കൃഷ്ണൻ രാജീവിനെ സൂക്ഷിച്ചു നോക്കി. കഷ്ടിച്ച് 40 വയസ്സു മാത്രമുള്ള ഒരു ചെക്കൻ തന്നെ ചോദ്യം ചെയ്യുന്നു.
രാജീവ് തുടർന്നു
"സ്റ്റേഷനിൽ വരുന്നവരോട് മാന്യമായി പെരുമാറിയില്ലെങ്കിൽ ശമ്പളവും കാണില്ല...പെൻഷനും കാണില്ല...മനസ്സിലായോ?'
"സാർ…എനിക്ക് 28 വർഷം സർവീസ് ഉണ്ട്." കൃഷ്ണൻ നീരസത്തോടെ പറഞ്ഞു. 28 വർഷം സർവ്വീസുള്ള തന്നോട് ഇന്നലെ വന്ന ഒരു ചെക്കൻ പെൻഷൻ തടയുമെന്ന് പറയുന്നത് കേട്ടപ്പോൾ കൃഷ്ണന് അമർഷം തോന്നി. രാജീവ് തുടർന്നു.
"ഞാൻ ഒന്നും ചെയ്യുമെന്നല്ല പറഞ്ഞത്. പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും അവർ അർഹിക്കുന്ന മാന്യത ലഭിച്ചില്ലെങ്കിൽ അവർ തിരിച്ചു പ്രതികരിക്കുന്ന കാലമാണ്. നമ്മൾ ജനസേവകർ മാത്രമാണെന്ന സത്യം അവർ നന്നായി മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു."
കൃഷ്ണൻ, താല്പര്യമില്ലാത്ത മട്ടിൽ രാജീവ് പറയുന്നത് കേട്ടുകൊണ്ട് നിന്നു.
ക്യാബിനു മുൻപിലേക്ക് തിരിച്ചുവന്ന കൃഷ്ണന്റെ മുഖം മേഘാവൃതമായിരുന്നു..
ബിനോയിയും ലക്ഷ്മിയും രാഹുലും ക്യാബിനു പുറത്തേക്കിറങ്ങി.
"സാർ ഇരിക്കൂ...നിങ്ങളും ഇരുന്നുകൊള്ളൂ…"കൃഷ്ണൻ ബിനോയിയെ നോക്കി പറഞ്ഞു.
ബിനോയി ക്യാബിനു പുറത്ത് അതിഥികൾക്കായി നിർത്തിയിട്ടിരിക്കുന്ന കസേരകളിൽ ഒന്നിൽ ഇരുന്നു.
"സാറും ഇരിക്കൂ…."കൃഷ്ണൻ പരമേശ്വരൻ ആചാരിയെ നോക്കി പറഞ്ഞു.
പരമേശ്വരൻ ആചാരി അത്ഭുതത്തോടെ കൃഷ്ണനെ നോക്കി….
"ഇയാളെ ബഹുമാനിച്ചില്ലെങ്കിൽ ആ എസ്ഐ...എന്റെ മൂക്ക് ചെത്തിക്കളഞ്ഞാലോ?"കൃഷ്ണൻ പരിഹാസത്തോടെ ചോദിച്ചു..
പരമേശ്വരന്‍ ആചാരി ഇരുന്നില്ല.
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ രാജീവ് തിരിച്ചു വന്നു...ക്യാബിനിൽ കയറുന്നതിനു മുൻപ് അയാൾ പരമേശ്വരൻ ആചാരിയെ നോക്കി.
"അകത്തേക്ക് വരൂ…"രാജീവ് പുഞ്ചിരിച്ചുകൊണ്ട് അയാളോട് പറഞ്ഞു.
ക്യാബിനുള്ളിൽ കയറിയ പരമേശ്വരന്‍ ആചാരിയുടെ മുട്ടുകൾ വിറക്കുന്നുണ്ടായിരുന്നു..
"ഇരിക്കു…"രാജീവ് തന്റെ ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ തന്നെ പറഞ്ഞു.
"വേണ്ട സാർ...ഞാൻ ഇവിടെ നിന്നുകൊള്ളാം" ആചാരി ഭവ്യതയോടെ പറഞ്ഞു.
"ഇരിക്കൂ. ഈ കസേരകൾ നിങ്ങൾക്കിരിക്കുവാനുള്ളതാണ്."
രാജീവ് പറഞ്ഞു...ആചാരി ഒന്നു മടിച്ചു നിന്നു...പിന്നെ ധൈര്യം സംഭരിച്ചു കസേരയിൽ ഇരുന്നു.
"രാഹുലിനെ പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്?" രാജീവ് ചോദിച്ചു…
ആചാരി അമ്പരപ്പോടെ രാജീവിനെ നോക്കി...ഒരു നിമിഷം കഴിഞ്ഞപ്പോൾ അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"സാർ ഞാൻ വളരെ കഷ്ടപ്പെട്ടാണ് അവനെ പഠിപ്പിക്കുന്നത്...അമ്മയില്ലാത്ത കുട്ടിയായതു കൊണ്ട് ആരെങ്കിലും ചിരിച്ചു കാണിച്ചാൽ പോലും അവർക്ക് അവനോട് സ്നേഹമാണെന്ന് തോന്നുന്ന പ്രകൃതമാണ് അവന്റേത്...വളരെ നല്ല നിലയിൽ പഠിക്കുന്ന കുട്ടിയായതു കൊണ്ടാണ് മുന്തിയ സ്കൂളിൽ തന്നെ അവനെ ചേർത്തത്. അവൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യുമെന്ന് എനിക്ക് വിശ്വാസമില്ല. വർമ്മ സാറിന്റെ മകളെ തട്ടിക്കൊണ്ട് വരുവാൻ മാത്രം പ്രാപ്തനല്ല എന്റെ മകൻ….അവന് എന്തോ തെറ്റു പറ്റിയതാണ്...സാർ അവന് മാപ്പു കൊടുക്കണം...അവന്റെ ഭാവി നശിപ്പിക്കരുത് "
ആചാരി രാജീവിനെ തൊഴുതു കൊണ്ടാണ് അത് പറഞ്ഞത്….അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി.
രാജീവിന് ആചാരിയോട് സഹതാപം തോന്നി.
" കരയാതെ….രാഹുൽ ഒരു തെറ്റും ചെയ്തില്ലെന്നാണ് എനിക്ക് തോന്നുന്നത്….ഞാൻ ആ പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്….അവർ എത്തിയാലുടൻ നിങ്ങൾക്ക് നിങ്ങളുടെ മകനെ കൊണ്ടുപോകാം"
പരമേശ്വരൻ ആചാരി കസേരയിൽ നിന്നും എഴുനേറ്റു…
"സാർ...സാർ ഒരു പൊലീസ് ഇൻസ്‌പെക്ടർ ആണെന്നു വിശ്വസിക്കുവാൻ എനിക്ക് സാധിക്കുന്നില്ല...സാറിനെ ദൈവം രക്ഷിക്കട്ടെ"
അയാൾ രാജീവിനെ വീണ്ടും തൊഴുതു.
അതിനു മറുപടിയായി രാജീവ് ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
കുറച്ചു സമയം കഴിഞ്ഞപ്പോൾ എസ്പി മോഹദാസ് രാജീവിനെ മൊബൈലിൽ വിളിച്ചു.
രണ്ടു മിനുട്ട് നേരം എസ്പി രാജീവിനോട് സംസാരിച്ചു….
രാജീവ്, സാർ...സാർ...ഓക്കേ സാർ എന്ന മറുപടികൾ മാത്രമാണ് തിരിച്ചു പറഞ്ഞത്..
അയാൾ ക്യാബിനു പുറത്തേക്കിറങ്ങി..
രാജീവ് കുട്ടികളുടെ അടുത്തേക്ക് നടന്നു.
"മിസ്റ്റർ മാനുവൽ നിങ്ങൾക്ക് ലക്ഷ്മിയെ കൊണ്ടുപോകാം…."
രാജീവ് ബിനോയ് മനുവലിനെ നോക്കി പറഞ്ഞു.
"സാർ...സാറിനെ എസ്പി വിളിച്ചു അല്ലേ?"ബിനോയ് മാനുവൽ ഒരു വിജയിയുടെ ഭാവത്തിൽ ചോദിച്ചു.
രാജീവ് അത് കേട്ടതായി ഭാവിച്ചില്ല.
"ലക്ഷ്മി ഫോളോ മി…"
ബിനോയ് തന്റെ കാറിന്റെ കീ കറക്കിക്കൊണ്ട് സ്റ്റേഷനു പുറത്തേക്ക് നടന്നു.
അയാൾ സ്റ്റേഷന് പുറത്തേക്ക് കടന്നിട്ടും ലക്ഷ്മി അനങ്ങിയില്ല.
"മക്കളെ നിങ്ങൾ രണ്ടുപേരും ഇപ്പോഴും കുട്ടികളാണ്...ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുവാൻ പാടില്ല. ഇപ്പോൾ നിങ്ങൾക്ക് പോകാം."
രാജീവ് സ്നേഹത്തോടെ പറഞ്ഞു.
ഒരു പെറ്റി കേസ് പോലും ചാർജ് ചെയ്യാതെ രാഹുലിനെ വെറുതെ വിട്ടതിലുള്ള അമർഷം കൃഷ്ണന്റെ മുഖത്തു തെളിഞ്ഞുവന്നു.
"മോളെ….ക്വിക്ക്…..ഇപ്പോൾ തന്നെ സമയം എട്ടുമണി കഴിഞ്ഞു.
നി താമസിച്ചാൽ വർമ്മ സാറിന് ദേഷ്യം വരും"
സ്റ്റേഷനു പുറത്തു നിന്ന ബിനോയ് അക്ഷമയോടെ പറഞ്ഞു.
"അങ്കിൾ പൊയ്ക്കോളൂ...ഞാൻ എന്റെ വീട്ടിലേക്ക് വരുന്നില്ല."
ലക്ഷ്മി ഉറക്കെ വിളിച്ചു പറഞ്ഞു
രാജീവ് അമ്പരപ്പോടെ ലക്ഷ്മിയെ നോക്കി.
"പിന്നെ...മോൾ ഈ സ്റ്റേഷനിൽ തന്നെ താമസിക്കുവാൻ പോവുകയാണോ?"
ബിനോയ് ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഞാൻ...ഞാൻ..രാഹുലിനൊപ്പം രാഹുലിന്റെ വീട്ടിൽ പോവുകയാണ്"
ലക്ഷ്മി പറഞ്ഞ മറുപടി എല്ലാവരിലും ഞെട്ടലുണ്ടാക്കി.
"ലക്ഷ്മി നീ എന്താണ് പറയുന്നത്? നിനക്ക് രാഹുലിനൊപ്പം അവന്റെ വീട്ടിലേക്ക് പോകുവാൻ സാധ്യമല്ല"
രാജീവ് ലക്ഷ്മിയെ നോക്കി പരിഭ്രമത്തോടെ പറഞ്ഞു.
രാഹുലിന്റെയും പരമേശ്വരൻ ആചാരിയുടെയും മുഖത്ത് ആശങ്ക നിഴലിച്ചു.
"സാർ…എന്നെ രാഹുലിന്റെ കൂടെ പോകുവാൻ അനുവദിക്കണം…. എന്റെ വീട്ടിൽ പോയാൽ എന്നോടൊപ്പം ആരും കൂട്ടു കൂടുവാൻ വരില്ല…അവിടെ കുറച്ചു ജോലിക്കാർ മാത്രമാണുള്ളത്….അവരോടു സംസാരിക്കുന്നതിൽ പോലും എനിക്ക് വിലക്കുണ്ട്…….ലോക്ക് ഡൌൺ ആയപ്പോൾ എന്റെ പൈലി മാത്രമായിരുന്നു എനിക്ക് കൂട്ട്….ലാസ്റ്റ് മന്ത് ഹി പാസ്സ്‌ഡ് എവേ……"ലക്ഷ്മി സങ്കടത്തോടെ പറഞ്ഞു.
പൈലിയെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ കണ്ണുകളെ ഈറനണിയിച്ചു.
"ആരാണ് ഈ പൈലി?" രാജീവ് ആകാംഷയോടെ ചോദിച്ചു.
"അതൊരു പട്ടിയാണ്." ബിനോയ് നിസ്സാരമായി പറഞ്ഞു.
അത് കേട്ട് എഎസ്ഐ കൃഷ്ണന് ചിരി വന്നെങ്കിലും രാജീവിന്റെ മുഖത്തെ ഗൗരവം അയാളെ ചിരിക്കുന്നതിൽ നിന്നും വിലക്കി..
രാജീവ് സാവധാനം പരമേശ്വരൻ ആചാരിയുടെ അടുത്തേക്ക് നടന്നു.
"ചേട്ടാ….നിങ്ങൾ ഒരു നല്ല പിതാവാണ്….നിങ്ങൾക്ക് നിങ്ങളുടെ മകനെയും കൊണ്ട് വീട്ടിൽ പോകാം….ലക്ഷ്മിയെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊള്ളാം…"രാജീവ് പറഞ്ഞു.
പരമേശ്വൻ ആശാരി നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മിയെ നോക്കി.
"ഇയാളുടെ ജനമൈത്രി കണ്ടപ്പോളെ ഞാൻ ആലോചിച്ചതാണ് കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആയിതീരുമെന്ന്"
എഎസ്ഐ കൃഷ്ണൻ പിറുപിറുത്തു.
രാജീവ് അത് കേട്ടെങ്കിലും അയാൾ ബിനോയ് മനുവലിനു നേരെ തിരിഞ്ഞു.
"മിസ്റ്റർ ബിനോയ്, താങ്കൾക്ക് പോകാം … ലക്ഷ്മിയുടെ മാതാപിതാക്കളോട് ഉടനെ പൊലീസ് സ്റ്റേഷനിൽ വരുവാൻ പറയു...ലക്ഷ്മിയെ അവരോടൊപ്പം മാത്രമേ എനിക്ക് പറഞ്ഞയക്കുവാൻ സാധിക്കുകയുള്ളൂ."
"സാർ...അപ്പോൾ എസ്പി…? " ബിനോയ് അന്താളിപ്പോടെ ചോദിച്ചു.
"ബിനോയ് പ്ലീസ്….എനിക്ക് മിസ്റ്റർ വർമ്മയോടും മിസ്സിസ് വർമ്മയോടും കുറച്ചു സംസാരിക്കുവാനുണ്ട്"
ബിനോയ് ഒരു നിമിഷം സംശയിച്ചു നിന്നു. പിന്നീട് അയാൾ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.
കൃഷ്ണൻ രാജീവിനെ പുച്ഛത്തോടെ നോക്കി.
എന്നാൽ ആ സമയം രാജീവ് അയാളുടെ മൊബൈലിൽ തന്റെ മകൾ അമ്മുവിനെ വിളിക്കുവാനുള്ള തിരക്കിലായിരുന്നു.