ADVERTISEMENT

അമേരിക്കയിൽ നിന്നും കൊച്ചുമകളുടെ ഫോൺ. ഇപ്പോൾ അവളുടെ ഫോട്ടോയിൽ നിന്ന് കണ്ണെടുത്തതേയുള്ളു മുത്തച്ഛൻ.

അവൾ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

കാരണമുണ്ട്.

കോളജ് അഡ്മിഷൻ റിസൽട്ട് വരുന്ന ദിവസമാണ് അമേരിക്കയിൽ.

അമേരിക്കയിലെ എട്ടു പ്രമുഖ കോളജുകളുടെ സമുച്ചയമായ Ivy League ലെ ഓരോ സ്ഥാപനങ്ങളിലെയും പ്രവേശനത്തിന്റെ ഫലപ്രഖ്യാപനം തുരുതുരാ വരുന്ന ദിവസം. Ivy Day! അതിനകത്തേക്ക് പ്രവേശനം സിദ്ധിക്കാൻ ഭാഗ്യം വന്ന നൂറുകണക്കിന് ഹൈസ്കൂൾ സീനിയേഴ്സ് സന്തോഷം കൊണ്ട് മതിമറക്കും. 

അതേനിമിഷങ്ങളിൽ മറുപുറത്തിരുന്ന് ആയിരക്കണക്കിന് കുട്ടികൾ ഹൃദയം തകർന്ന് കരയുകയും ചെയ്യും. നാലുവർഷത്തെ ഹൈസ്കൂൾ പഠനത്തിൽ ഒരു ദിവസം പോലും മുടങ്ങാതെ കുടെ കൂടിയ ആകാംക്ഷയായിരുന്നു അത് മുത്തച്ഛന്റെ കൊച്ചുമകൾക്കും. ഏത് കോളജിലാവും എത്തിപ്പെടുന്നത്? Ivy യിൽ കിട്ടുമോ, ഇല്ലയോ? മറ്റെവിടെയാണ് സാധ്യത?

ജീവിതത്തിന്റെ ഗതി, ഏതു കോളജായാലും ശരി,  അവിടെയാണ് തീരുമാനിക്കപ്പെടുന്നത് എന്നതു തന്നെ കാരണം. റിസൾട്ട് വന്നതും ഉടനെ മുത്തച്ഛനെ വിളിച്ചതാണ്. അവൾക്ക് ഇഷ്ടപ്പെട്ട കോളജിൽ തന്നെ കിട്ടി എന്നതാണ് വാർത്ത. അവിടെ തന്നെ കിട്ടുമോ എന്ന് നല്ല പേടിയുണ്ടായിരുന്നു. കംപ്യൂട്ടർ സ്ക്രീനിൽ റിസൾട്ട് നോക്കുമ്പോഴത്തെ നെഞ്ചിടിപ്പ് ഇപ്പൊഴും നിന്നിട്ടില്ല.

“Very good news മോളെ!”

മുത്തച്ഛ്‌ൻ അവളെ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ച്അഭിനന്ദിച്ചു.

“അപ്പോൾ എവിടെ? , ഏത് കോളജിലാണ് മോള് പോകുന്നത്?!”

അവളുടെ മറുപടി കേട്ടതും മുത്തച്ഛന്റെ സന്തോഷം പത്തിരട്ടിയായി .

“കേട്ടല്ലോ കേട്ടല്ലോ”, 

മുത്തശ്ശൻ കാലു മടക്കി നൃത്തം ചെയ്തു കൊണ്ട് മുത്തശ്ശിയെ വിളിച്ചു. സന്തോഷം കൂടുമ്പോൾ അദ്ദേഹം അങ്ങിനെയാണ്.

“പ്രസിഡന്റ് ഒബാമ പഠിച്ച അതേ കോളജിൽ, എന്റെ കൊച്ചുമകൾ പോകുന്നു”, സന്തോഷം കൊണ്ട് ആ വീടുണർന്നു. 

അതുവരെ ബോറടിച്ചിരിക്കുകയായിരുന്നു രണ്ടു പേരും പിന്നെ ആ തറവാടു വീടും. മുത്തശ്ശി ഫോൺ പിടിച്ചു വാങ്ങി, 

“അപ്പോൾ എന്റെ മോള് എന്താ പഠിക്കാൻ പോണെ അവിടെ?”

ഇക്കണോമിക്സ് മുത്തശ്ശീ.

That’s my favorite subject.

കൊച്ചുമകൾ അത് പറഞ്ഞതും, 

“ഭും”

ഒരു നടുക്കം, ഒരു വലിയ നിശ്ശബ്ദ്ധതയോടെ ആകാശം ആ നിമിഷം അവിടെ ഇടിഞ്ഞു വീണു. അത്രയും  ഒച്ചയുള്ള നിശ്ശബ്ധത! കുറേ നേരം മുത്തച്ച്ഛനും മുത്തശ്ശിയും മുഖത്തോടു മുഖം നോക്കി. അല്ലാ - ഇക്കണോമിക്സോ?

വീട്ടിലെ എല്ലാ സന്തോഷവും ഒറ്റയടിക്ക് പോയി. രാത്രിയിൽ ആഘോഷത്തിനിടയിൽ കറന്റ് പോകുമ്പോഴുള്ളത്ര ഇരുട്ട് അവിടെ ഇപ്പോൾ നിറഞ്ഞു. “അല്ലാ …പിന്നെ …അത്” മുത്തശ്ശിക്ക് മകളോടെന്തു  ചോദിക്കണം എന്നുപോലുമറിയുന്നില്ല. 

എന്നാൽ മുത്തശ്ശൻ നേരെയങ്ങ് ചോദിച്ചു!

 “ അതെന്തേ കണക്കും സയൻസുമൊന്നും കിട്ടീലേ? ഇതെന്തപ്പാ നീ പഠിക്കാൻ നല്ല കുട്ടിയാണെന്നു പറഞ്ഞിട്ട്! What about technology ?”

“ഞാനിവിടെ സ്കൂളിൽ നല്ല കുട്ടി തന്നെ മുത്തച്ഛാ. മിടുക്കി. വേണെങ്കിൽ മിടുമിടുക്കി എന്നും പറയാം” അവൾ മുത്തച്ഛന്റെ വാക്ക് കടമെടുത്ത് ചിരിച്ചു.

“ എന്നാൽ എനിക്ക് നിങ്ങളെല്ലാം ആഗ്രഹിക്കുന്ന പോലെ ഡോക്ടറും എൻജിനിയറുമൊന്നും ആവണ്ടാ”

അവൾ പറഞ്ഞു, “എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ടം തോന്നിയ ഒരേ വിഷയം ഇക്കണോമിക്സാണ്! അതാണ് അതിനു ചേർന്നത്. ഒരു പാട് പഠിക്കാനും അറിയാനുമുണ്ട് ഇക്കണോമിക്സില് മുത്തശ്ശാ. ഈ ലോകം നിയന്ത്രിക്കുന്നത് സയൻസും കണക്കും അല്ല. എനിക്ക് അത്ര ഭയങ്കര ഇഷ്ടമുള്ള സബ്ജക്ട് വേറൊന്നുമില്ല”

മുത്തച്ഛന് ഇനിയും ബോധിച്ച മട്ടില്ല എന്ന് കൊച്ചുമകൾ മനസ്സിലാക്കി.

“പിന്നെ, മുത്തച്‌ഛനറിയണം, ഈ കോളജിൽ അതി പ്രഗൽഭനായ ഒരു ഇക്കണോമിക്സ്  പ്രഫസറുണ്ട്. I cannot wait to be in his class! ഇക്കണോമിക്സിൽ നോബൽ പ്രൈസ് വരെ കിട്ടീട്ടുണ്ട് അദ്ദേഹത്തിന്.

A true genius!”

ഇത് മെനഞ്ഞെടുത്ത കഥയെന്ന് നിങ്ങൾ സംശയിക്കുമായിരിക്കും. എന്നാൽ അല്ല.

ഇഷ്ടമുള്ള ഏതു വിഷയവും പഠിക്കാൻ  കുട്ടികളെയനുവദിക്കുകയും പ്രോൽസാഹിപ്പിക്കുകയും വേണം എന്ന് നമ്മൾ ഈയിടെയായി കൂടുതൽ കേൾക്കുന്നുണ്ട് എന്ന് തോന്നുന്നു.മുന്നെ അങ്ങിനെ പ്രോൽസാഹനമില്ലായിരുന്നു. അങ്ങിനെ ആരും ഉപദേശിച്ചിരുന്നുമില്ല എന്റെയൊക്കെ പഠനകാലത്ത്.

അക്കാലത്ത് നന്നായി പഠിക്കുന്ന കുട്ടികളെല്ലാം തിരഞ്ഞെടുത്തിരുന്നത് കണക്ക്, അല്ലെങ്കിൽ സയൻസ് എന്നിവ പ്രധാനം എന്നു മാത്രമല്ല , അതു മാത്രം മതി! അങ്ങിനെയായിരുന്നല്ലോ. രക്ഷിതാക്കൾ പലരും കുട്ടികളെ നിർബന്ധിച്ച് ഇന്ന വിഷയങ്ങൾ പഠിച്ചാൽ മതി എന്ന് തീരുമാനമെടുപ്പിച്ചിരുന്നു. 

അതായത് കുട്ടികൾ നിർബന്ധമായും എൻജിനിയർ അല്ലെങ്കിൽ ഡോക്ടർ ജോലി സ്വപ്നം കണ്ടു കൊള്ളണം! ഇപ്പോഴും നാട്ടിൽ ഇതു തന്നെ തുടരുന്നു എന്ന് ഈയിടെ ബോധ്യപ്പെട്ടു എനിക്ക്.

എന്റെ സുഹൃത്തും ക്ലാസ്മേറ്റുമായ ജോർജ് തോമസ് പാലായിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. പേര് ബ്രില്ല്യൻസ്. കുറച്ചു മാസം മുമ്പ് നാട്ടിലെ ഒരാൾ എന്നെ വിളിച്ചു പറഞ്ഞു, പ്രസന്നന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ മോളെ കൊണ്ടു ചേർത്തു. എൻട്രൻസ് കോച്ചിംഗ് അവിടെയാണ് ബെസ്റ്റ് എന്നു കേട്ടു. 

“എനിക്കവൾ ഡോക്ടറായിട്ട് കാണണം. എന്നിട്ട് മരിച്ചാൽ മതി ! “

“ശരി. പക്ഷേ അവൾക്ക്, അവൾ എന്താവണമെന്നാണ് ആഗ്രഹം?”

എന്റെചോദ്യത്തിന് ഇത് മറുപടി.

“ഞാനഭിപ്രായമൊന്നും ചോദിക്കാൻ നിന്നില്ലെടോ, ഇപ്പോളല്ലേ നമ്മൾ പറയുന്ന പോലെ ചെയ്യിക്കാൻ പറ്റു”

അങ്ങിനെ നിർബന്ധത്തോടെ പഠിച്ച് ഡോക്ടറും എൻജിനിയറുമായവരെല്ലാം ജീവിതവിജയം കൈവരിച്ചു എന്ന് പറയാമോ?

അവർ നല്ല ജോലിയിലെത്തി, പണമുണ്ടാക്കി എന്നത് ഈ ചോദ്യത്തിന്റെ ഉത്തരമല്ല! ജോലി പണം കിട്ടുന്നതു കൊണ്ടു മാത്രം ഒരു നിർബന്ധിത പ്രക്രിയയായി ചെയ്ത് മദ്യത്തിനടിമയായവരുണ്ട്. ഇഷ്ടമുള്ള പലതും മാറ്റിവച്ച് ജോലിക്കു വേണ്ടി ( അല്ലെങ്കിൽ ജോലി തരുന്ന പണത്തിന്റെ മാത്രം ആകർഷണവലയത്തിൽ) ജീവിതം മുഴുവൻ തീർപ്പെഴുതിവച്ച ഒരു പാടു പേരുണ്ട്.

അത്തരക്കാരാണ് മിക്കപ്പോഴും ജോലി സംബന്ധമായ അനാരോഗ്യകരമായ പലതിന്റെയും പേരിൽ വാർത്തകളിലിടം പിടിക്കുന്നത്. ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നതും ജോലി ചെയ്യാൻ വേണ്ടി ജീവിക്കുന്നതും രണ്ടു തരത്തിലുള്ള മാനസികാവസ്ഥ തരുന്നു. എന്റെ കോളജുകാലത്ത് സയൻസ്, കണക്ക് എന്നീ വിഷയങ്ങൾ മുഖ്യമായി പ്രവേശനം  കിട്ടാത്തവരാണ് economics, history , മറ്റു language കോഴ്സുകളൊക്കെ എടുത്തിരുന്നത്. ഞങ്ങൾക്ക് അങ്ങിനെ മറ്റു കോഴ്സുകൾക്ക് പഠിക്കുന്നവരോട് ഞങ്ങളെക്കാൾ പഠിക്കാൻ കഴിവു കുറഞ്ഞവർ എന്ന ഒരു കാഴ്ചപ്പാട് അറിയാതെ ഉണ്ടായിരുന്നു. അവർക്ക് ഞങ്ങളോട് തിരിച്ചും.

അവരെ ഞങ്ങൾ “താഴേക്ക്” നോക്കും. 

ഞങ്ങളെ അവർ “മുകളി”ലേക്കും. സത്യം. ഇപ്പോൾ ഓർക്കുമ്പോൾ കഷ്ടം, രണ്ടും എത്ര തെറ്റായ ചിന്താഗതികളായിരുന്നു എന്ന് സ്വയം പഴിക്കാം. 

അന്നത്തെ SSLC+PDC അല്ലെങ്കിൽ ഇന്നത്തെ പ്ലസ് 2 ഉന്നതനിലയിൽ പാസ്സായ ഒരു കുട്ടി തുടർന്നുള്ള പഠനം ഇക്കണോമിക്സാണ് എന്നു പറഞ്ഞാൽ അന്ന് നമ്മുടെ നാട്ടിൽ ആളുകൾക്ക് മറ്റൊന്നും സംസാരിക്കാൻ സമയം കിട്ടില്ല എന്നു പറയാം. അതു പോലെ, അന്നൊക്കെ ഒരാൾ പ്രീ ഡിഗ്രി (ഇന്നത്തെ പ്ലസ് ടു) മൂന്നാം ഗ്രൂപ്പ് എന്നതിലോ ബി എ ഹിസ്റ്ററി കോഴ്സിലോ റാങ്ക് കിട്ടി എന്നു പറഞ്ഞാൽ “ഓഹ്, നല്ലത്” എന്നു പ്രതികരണം. അയാളെ കുറിച്ച് വേറൊന്നുമറിയാൻ താൽപ്പര്യവുമില്ല പലർക്കും. 

തൊട്ടടുത്തയാൾ പ്രി ഡിഗ്രി മാത്ത്-സയൻസ് ഗ്രൂപ്പിന് അല്ലെങ്കിൽ ബി എസ് സി ക്ക് റാങ്ക് നേടിയാൽ “OMG excellent , കഷ്ടപ്പെട്ടു പഠിച്ചതിന് ഗുണമുണ്ടായി അല്ല, ഇനി എന്ത് പരിപാടി?” എന്നൊക്കെയാവും സംഭാഷണത്തിലെ ചേരിതിരിവ്.

മോനെന്താണ് പഠിക്കുന്നത് എന്നു ചോദിച്ചതിന് എന്റെ ഒരു ബന്ധു പണ്ടൊരിക്കൽ പറഞ്ഞു, “നിനക്കറിയില്ലേ , പണ്ട് എത്ര നന്നായി പഠിക്കുന്ന കുട്ട്യാര്ന്നു! കണക്കില് നൂറിൽ നൂറൊക്കെ വാങ്ങീതാ. അത് പണ്ട്. ഇപ്പോൾ ബി എ ഇംഗ്ലീഷ് ആണ്. ഇതൊക്കെ പഠിച്ച് എന്ത് ജോലി കിട്ടാനാണ് മോനെ”

ഇംഗ്ലീഷിനെകുറിച്ച് ചില പരമാർത്ഥങ്ങൾ നോക്കാം.

പഠിക്കുമ്പോൾ മുഖ്യവിഷയത്തോടൊപ്പം ഇംഗ്ലീഷ് ഭാഷ പഠിക്കാനും മുൻ തൂക്കം കൊടുക്കണം. പഠിച്ചത് ഏതു വിഷയമായാലും അതിലെ എല്ലാ കാര്യങ്ങളും വ്യക്തമായി വിവരിക്കാനുള്ള കഴിവ് ഭാഷാജ്ഞാനം നമുക്ക് തരുന്നു.  അതു പോലെ ഇംഗ്ളീഷ് പ്രഗൽഭർ നമുക്ക് വേണം മറ്റുഭാവി വാഗ്ദാനങ്ങളെ ശരിയായ രീതിയിൽ ഇംഗ്ളീഷ് പഠിപ്പിക്കാനെങ്കിലും, “ഡിവോഴ്സി”നെ “ഡൈവോഴ്സ്” എന്നു തെറ്റായി പറഞ്ഞു  പഠിപ്പിക്കുന്നവരുടെയിടയിൽ.

നാട്ടിലെ economics course നെ കുറിച്ച് ഞാൻ പരാമർശിച്ചുവല്ലോ. കണക്കിൽ പ്രാവീണ്യവും താൽപ്പര്യവുമില്ലാത്തവരുമാണ് ഇക്കണോമിക്സ് പോലുള്ള വിഷയങ്ങളിലെത്തിപ്പെടുന്നത് (എത്തിപ്പെട്ടിരുന്നത്) എന്നും പറഞ്ഞു. നാട്ടിലെ curriculum അപാകതകൾ നിറഞ്ഞതാണ് ഇവിടെ നിന്ന് ഇപ്പോൾ താരതമ്യം ചെയ്യുമ്പോൾ. ഗവർമെന്റ്‌ ഉപരിപഠനമേഖല നവീകരിക്കുന്നുവെന്നത് നല്ല കാര്യം

ഇവിടെ undergrad course ആയി ബി എ ഇക്കണോമിക്സ് പഠിക്കുന്നയാൾ കണക്കു് ഒരു ഫുൾകോഴ്സ് കൂടി പഠിക്കുന്നുണ്ട്. Calculus. അപ്പോൾ കണക്കിൽ നിന്ന് രക്ഷ തേടുന്നവരുടെ ആശ്വാസമല്ല ഇക്കണോമിക്സ് പഠനം. അതു പോലെ മെഡിസിനു പോകേണ്ട കുട്ടികൾ ജീവശാസ്ത്രവും മറ്റു സയൻസ് വിഷയങ്ങളും മുഖ്യമെങ്കിലും calculus അവിടെയുമുണ്ട്. 

രക്ഷിതാവ് കുട്ടിയെ പറ്റി “അവൻ കണക്കിൽ തീരെ പോര” എന്നു പറഞ്ഞുകേൾക്കുമ്പോൾ ഏന്റെ ചോദ്യം മറ്റെന്തിലാണ് കുട്ടി “പോരു”ന്നത് എന്നാണ്. കണക്ക് ശരിയാക്കിയെടുക്കുന്നതോടൊപ്പം കുട്ടിക്ക് നാചുറലായി ഇഷ്ടമുള്ള വിഷയത്തിന് കൂടുതൽ പ്രോൽസാഹനം കൊടുക്കുവാനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

ജോലിസംബന്ധമായി എന്റെ ഗുരു ആണ് അസീം പ്രേംജി ( Wipro Chairman and one of the richest in the world , ഞാൻ IT ജോലി തുടങ്ങിയത് അദ്ദഹത്തിന്റ ഉപദേശങ്ങൾ നേരിട്ട് കേട്ടും ഉൾക്കൊണ്ടും ആണ്) . അദ്ദേഹം പറഞ്ഞിട്ടുണ്ട് നമ്മൾ നമുക്ക് ശക്തിയുള്ളിടം കൂടുതൽ ശക്തി കൂട്ടുന്നതിനു പകരം ചെയ്യുന്നത് മറ്റുള്ളവരിലെ ശക്തി നോക്കി അതു പോലെയാകാനാണ്. സ്വന്തം ശക്തി മനസ്സിലാക്കി അതിനെ പരിപോഷിപ്പിച്ച് അതിൽ ഉയർച്ച കണ്ടെത്താൻ ശ്രമിക്കുന്നില്ല എന്ന്.  പഠിക്കുന്ന വിഷയവും അതു പോലെ, ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക. എന്നിട്ട് അതിൽ അഗണ്യനാകാൻ (genius kind) അഹോരാത്രം പരിശ്രമിക്കുക എന്ന് ചുരുക്കം. 

മുത്തച്ഛന്റെയും കൊച്ചുമകളുടേയും അടുത്തേക്ക് തിരിച്ചു പോകാം നമുക്ക്. ഇക്കണോമിക്സ് പഠിച്ച് നല്ല നിലയിലെത്തിയവരുടെ ഒരു നീണ്ട ലിസ്റ്റ് കൊച്ചു മകൾ വിവരിച്ചു കൊടുത്തു. മുൻ അമേരിക്കൻ പ്രസിഡന്റ് ജെറൾഡ് ഫോർഡ്, പഠിച്ചത് ഇക്കണോമിക്സ്, പിന്നെ ഇന്ത്യയുടെ ഭരണഘടനയുണ്ടാക്കിയതാരാ?

ബി ആർ അംബേദ്കർ, പഠിച്ചത് ഇക്കണോമിക്സ് 

അമേരിക്കയിലെ ഏറ്റവും സമ്പന്നരിലൊരാളും ബിസിനസ്സുകാരനുമായ വാറൻ ബഫേ (Warren Buffet) , സമ്പത്ത് 105 ബില്യൻ ഡോളർ, പഠിച്ചത് ഇക്കണോമിക്സ്, ഇനിയും വേണോ? ജോർജ് ബുഷ്, റൊനാൾഡ് റീഗൻ, നമ്മുടെ മൻമോഹൻ സിംഗ്, എല്ലാവരും പഠിച്ചത് ഇക്കണോമിക്സ് ഇനിയും വേണോ? 

“മതി. മനസ്സിലായി”

മുത്തച്ഛൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു,

 “മോളുടെ പേര് ഇതിന്റെ പുറകെ വരുമോ?”

ശ്രമിക്കാം മുത്തച്ഛാ എന്ന് അവളുടെ മറുപടി,

“പക്ഷേ, ഞാൻ ഇക്കണോമിക്സ് പഠിക്കാൻ തീരുമാനിച്ചതിന് ഇവരൊന്നുമല്ല കാരണം”

കാരണം നേരത്തെ അവൾ പറഞ്ഞു കഴിഞ്ഞു!

അതുപോലെ ആ കോളജ് അവൾ ആഗ്രഹിച്ചത് അവിടെ പ്രസിഡന്റ് ഒബാമ പഠിച്ചതു കൊണ്ടുമല്ല. “ഞാൻ നേരത്തേ പറഞ്ഞ ഇക്കണോമിക്സ് പ്രൊഫസർ. ‘ഹി ഈസ് അമൈസിങ്’. ആ ജീനിയസ് ടീച്ചറുടെ ക്ലാസിലിരുന്ന് എനിക്ക് ഇക്കണോമിക്സിന്റെ ആഴങ്ങളിലേക്ക് പോകണം”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com