സ്വപ്നാടനം

dream
SHARE

ഞാനൊരു 

ഓർമ്മച്ചിത്രമാവാൻ 

ഒരു പുതപ്പിനുള്ളിൽ 

മലർന്നുകിടക്കുന്നു

മന്ത്രാേച്ഛാരണങ്ങളുടെ

പുക മൂടിയ

വായുവിലേക്ക്

എൻ്റെ നെഞ്ചിൻ കൂട് തുറന്ന് 

ആയിരം 

ചിത്രശലഭങ്ങൾ പറക്കുന്നു .

പ്രിയപ്പെട്ടവർ ചിലർ

വേദഗ്രന്ഥമെന്നപോലെ 

ഈണത്തിൽ ,

അത്രയും മധുരമായി

"മസ്നവി "വായിക്കുന്നു ,

പരിസരം ലഹരികൊള്ളുന്നു,

റൂമിയുടെ ആത്മാവുമായുള്ള

സംഗമലയനത്തിൽ 

ചിലർ 

വെളുത്ത നീളൻ 

കുപ്പായവും ,നീളൻ തൊപ്പിയും 

ധരിച്ച് 

ചിത്തഭ്രമക്കാരൻ്റെ 

അബോധത്തിലെന്നപോൽ

കൈച്ചിറക് വിടർത്തി

വട്ടം ചുറ്റുന്നു ,

ചിലർ വണ്ടുകളായി 

മൂളുന്നു .

അപ്പോൾ 

പഞ്ഞിക്കെട്ടിൽ പൊതിഞ്ഞ

നിശ്ചലത 

ഏതൊ കാലത്തിൻ്റെ 

ആകാശം തൊടുന്നു .

നൂറ്റാണ്ടിൻ്റെ വംശീയ -

വൈര്യം പേറുന്ന 

അസർബൈജാൻ്റെയും 

അർമേനിയയുടേയും

അതിർത്തി സംഘർഷത്തിലെന്നപോൽ

വണ്ടുകളും ,പൂമ്പാറ്റകളും 

നിൻ്റെ

കൊട്ടാരത്തിനുപുറത്തെ

പൈൻമരച്ചോട്ടിൽ 

പൊടിക്കാറ്റിൽ

മണ്ണുമൂടി മരവിച്ചങ്ങനെ

കാലത്തെത്തൊടുന്ന 

ഈർപ്പത്തിൽ നിന്നും

ഒരു പനിനീർ മൊട്ട്

കിളിർക്കുന്നു .

ഒട്ടകം മണൽകുന്നുകൾ 

താണ്ടുന്നത് പോലെ

ആയാസപ്പെട്ട് 

വേച്ചു നടക്കുന്ന

മജ്നുവിൻ്റെ വ്യഥ പേറിയ

ക്ഷീണം 

ഈ പഞ്ഞിക്കെട്ടിനുള്ളിൽ 

പുഞ്ചിരിയായി

പിറന്നിരിക്കുന്നു .

സൂഫിയുടെ 

ചുണ്ടിലതു വിടർന്ന്  ,വിടർന്ന് 

നിഗൂഡമായ 

നിശബ്ദതയായി

പരിസരം രൂപപ്പെടുമ്പോൾ

താഴ്വരതാണ്ടിപ്പോവുന്ന

എൻ്റെ ജനാസ

അത്രയും 

അനായാസമെന്ന് 

ആളുകൾ

പരസ്പരം മന്ത്രിക്കും .

മട്ടുപ്പാവിലെ

കിളിവാതിൽപ്പാളികൾ 

തുറന്നുനോക്കുന്ന നിനക്കപ്പോൾ 

ഉറുമ്പുകൂട്ടങ്ങൾ 

ഒരു പൂവിതൾ 

ചുമന്ന് കോണ്ടുപോവുന്നതായി തോന്നും,

ഞാനത്ര മാത്രം

ശൂന്യനായിപ്പോയിരിക്കുന്നുവല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA