ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതീക്ഷകളുടെ പുതിയ ഉണർവ് വ്യക്തമാക്കുന്നതാണു കർണാടക തിരഞ്ഞെടുപ്പ്. വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ചു കയറുമ്പോൾ ജനങ്ങൾ തന്നെയാണ് ഇന്ത്യയുടെ ഭാവി നയിക്കുന്നത് എന്ന് ചിന്ത കൂടുതൽ ഉറപ്പാവുകയാണ്. ജനങ്ങൾക്കു വേണ്ടതു മാറ്റമാണ്. ഒരേ മനുഷ്യരുടെ ഭരണത്തിനു കീഴിൽ ജീവിച്ചു മരിക്കുന്നവരല്ല ഇന്ത്യൻ ജനത. മാറ്റങ്ങൾ വേണം. ആ മാറ്റത്തിന്റെ മാറ്റൊലിയാണു കർണാടകയിൽ കോൺഗ്രസ് വിരിയിച്ചെടുത്തത്. ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാന്‍ കോൺഗ്രസ് ഇന്നും ജീവനുള്ള ഒരു പാർട്ടിയാണെന്ന് തെളിയിക്കുന്നതാണ് ഈ വിധി. കോൺഗ്രസ് വീണ്ടും തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ജനതയ്ക്കു നന്നായി ശ്വാസം എടുക്കാൻ കഴിയുന്നു എന്നതാണ് സത്യം.
ഒരേ മനുഷ്യർ തന്നെ ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപാട് പാകപ്പിഴകൾ വന്നേക്കാം. ജനങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ കോൺഗ്രസിനു സാധിച്ചിട്ടുണ്ട്. ബിജെപിയുടെ ഭരണം നടന്നുകൊണ്ടിരിക്കുമ്പോഴും നാഷനൽ കോൺഗ്രസ് വെറുതെയിരുന്നില്ല. അവർ പ്രതിപക്ഷത്തിരുന്ന് ഒരു തിരിച്ചുവരവിനും ഇന്ത്യയുടെ വികസനത്തിനു വേണ്ടിയും കോപ്പുകൂട്ടുകയായിരുന്നു. കോൺഗ്രസിനു ഭാവിയില്ലെന്നു പലരും വിളിച്ചു പറയുമ്പോഴും വലിയ ഭൂരിപക്ഷത്തിൽ ജനങ്ങൾ കൊടുത്ത വിജയം അത് അങ്ങനെയല്ലെന്നു പറഞ്ഞു വയ്ക്കുകയാണ്. ഇവിടെ രാഷ്ട്രീയക്കാർ മാറിവരും ജനങ്ങൾ അവരുടെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കും. അതാണ് ഇന്ത്യൻ ജനതയുടെ ഒരു പ്രത്യേകത.
ഇന്ത്യയുടെ ജനാധിപത്യ കസേരകളിൽ ഒന്നും സ്ഥായിയല്ല. അവർ രാഷ്ട്രീയപാർട്ടികളെ മാറിമാറി പരീക്ഷിച്ചു കൊണ്ടിരിക്കും. വിവിധ സംസ്കാരങ്ങളും വിവിധ ഭാഷകളും ഒരുമിച്ചു ചേരുന്നതാണ് ഇന്ത്യ. അതിനെ മാറ്റി മറിക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യ വിശ്വാസികൾ വെറുതെ ഇരിക്കില്ല. അവരുടെ കൈ രേഖകൾ കൊണ്ട് തെളിയിക്കാൻ പറ്റുന്നതൊക്കെ അവർ തെളിയിക്കും. ആ വെളിച്ചമാണ് ഇപ്പോൾ കോൺഗ്രസിലേക്കു ജനങ്ങൾ നീട്ടിയിരിക്കുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും കോൺഗ്രസ് എന്ന പാർട്ടിയോടു ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇവിടെ വ്യക്തമാകുന്നത്. കേവലഭൂരിപക്ഷത്തിനു മുകളിൽ നേടിയാണു കോൺഗ്രസ് വിജയിച്ചിരിക്കന്നത്. ഒരു ഭരണം മോശമാണെന്നോ മറ്റുള്ളത് നല്ലതാണെന്നോ അല്ല. ജനങ്ങൾക്ക് വേണ്ടത് പുതിയ പരീക്ഷണങ്ങളാണ്, പുതിയ മനുഷ്യരെയാണ്. പുത്തൻ പുതിയ ചിന്തകളെയും ആശയങ്ങളെയും ആണ്. അതിനുവേണ്ടിയുള്ള മാറ്റങ്ങൾക്കാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
രാവും പകലും ഇല്ലാതെ രാഹുൽ ഗാന്ധി എന്ന മനുഷ്യൻ നടന്നു തീർത്ത ഒരുപാട് യാതനകളുടെയും വേദനകളുടെയും ബാക്കിയാണ് ഈ വിജയം. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ ജ്വാല അതെപ്പോഴും അതേപടിയിൽ തന്നെ തുടരുന്നുണ്ട് എന്നത് അടയാളപ്പെടുത്തുകയാണ്. ഇനിയൊരിക്കലും കോൺഗ്രസിന് ഒരു തിരിച്ചുവരവ് ഉണ്ടായിരിക്കില്ല എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ജനങ്ങളുടെ തീരുമാനങ്ങളാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്. പലയിടത്തും പരാജയപ്പെട്ടിട്ടും, സ്വന്തം നാടുകളിൽ പോലും കോൺഗ്രസ് പ്രതിനിധികൾ പരാജയപ്പെട്ടിട്ടും അവർ ജനങ്ങളോട് സംവദിക്കാതിരുന്നിട്ടില്ല. സദാ കഷ്ടപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കാനാണു രാഹുൽ അടക്കമുള്ള കോൺഗ്രസിന്റെ നേതാക്കന്മാർ ആഗ്രഹിച്ചത്. തികച്ചും കൃത്യമായ ഭൂരിപക്ഷമാണ് കർണാടകയിൽ കോൺഗ്രസിന് ലഭിച്ചത്.
ഗാന്ധി എന്ന മനുഷ്യനോടുള്ള ഇന്ത്യയുടെ ആദരവും വിശ്വാസവും തന്നെയാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.കോൺഗ്രസിലൂടെ പുതിയ കന്നട നാട് പുതിയ രീതിയിൽ പുതിയ ഭാവത്തിൽ പ്രത്യക്ഷപ്പെടുമെന്നും അതുവഴി ഇന്ത്യയിലെ പല പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുമെന്നും നമുക്ക് വിശ്വസിക്കാം. ബ്രിട്ടീഷുകാർക്കു മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് ഗാന്ധി എന്ന മനുഷ്യന്റെ പൂർവികരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ. രാജീവും ഇന്ദിരയുമടക്കം മരണപ്പെട്ടത് ഈ രാജ്യത്തിന് വേണ്ടി തന്നെയാണ്. അതുകൊണ്ടു തന്നെ കോൺഗ്രസിന്റെ തിരിച്ചുവരവിൽ സന്തോഷമുണ്ട്.