ADVERTISEMENT

രണ്ടാമത്തെ ചായ അലസമായിരുന്നു കുടിച്ചിട്ട് ജീവൻ ഗ്ലാസ് ടീപ്പോയിൽ വച്ചു. വായിച്ച് മടക്കി വച്ചിരുന്ന ദിനപത്രം വീണ്ടും എടുത്ത് പേജുകൾ മറിച്ചു നോക്കാൻ തുടങ്ങി. വെള്ളിയാഴ്ച അവധി ദിവസമായതുകൊണ്ട് ജീവൻ വൈകിയേ ഉണരൂ. പിന്നെ അൽപനേരം കട്ടിലിൽ ഇരുന്നു പ്രാർഥിക്കും. അതിനുശേഷം ഹാളിൽ വന്നിരുന്നു പത്രം വായിക്കും ചായ കുടിക്കും. അൽപനേരം കൂടിക്കഴിഞ്ഞ് ഒരു കാപ്പി കൂടി കുടിക്കുന്ന പതിവുണ്ട്. പക്ഷേ, ഭാര്യയോട് ചോദിക്കാൻ ധൈര്യം പോരാ. ദേഷ്യപ്പെടും.  

 

ഉള്ള പഞ്ചസാര എല്ലാം കുടിച്ചു വറ്റിച്ചിട്ട് ഇല്ലാത്ത അസുഖങ്ങൾ വിളിച്ചു വരുത്തിയാൽ ശുശ്രൂഷിക്കാൻ എന്നെ കിട്ടില്ല. ഇതു കേൾക്കുമ്പോൾ ജീവൻ മനസ്സിൽ ചിരിച്ചുകൊണ്ട് സ്വയം പറയും, നാലു ഗുളികകൾ ദിവസേന വിഴുങ്ങുന്ന ഭാര്യയാണ് ഒരു മരുന്നു പോലും ഇപ്പോൾ കഴിക്കാത്ത എന്നെ ഉപദേശിച്ചു  ഭയപ്പെടുത്തുന്നത്.  ‌

 

എടി ഭാര്യേ, എന്റെ പേര് അറിയാമല്ലോ. അതിന്റെ അർഥം അറിയാമോ? എന്റെ സ്രഷ്ടാക്കളായ അച്ഛൻ പ്രഫസർ സുകുമാരൻ നായരും അമ്മ ജലജ്ജ മേനോനും ഉദ്ദേശിച്ച അർഥം? ജീവനെന്നാലേ, മരണത്തെ ജയിച്ചവൻ. അമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ ഉരുവായി എന്നറിഞ്ഞപ്പോൾ അച്ഛനും അമ്മയും ഒരുമിച്ച ഒരു തീരുമാനമെടുത്തു.  

 

ഗർഭപാത്രത്തിൽ വച്ച് തന്നെ എന്നെ ഇല്ലാതെയാക്കണം. കാരണം അവർ സ്വപ്നം കണ്ട ഒരു നീണ്ട മധുവിധുവിന് എന്റെ ജനനം ഒരു വിലങ്ങ് തടിയാണ്. അതുകൊണ്ട് എന്നെ ഭ്രൂണഹത്യ ചെയ്യാൻ തീരുമാനിച്ചു. ‌അതിനുള്ള മരുന്നുകൾ സേവിച്ചു മന്ത്രങ്ങൾ ഉരുവിട്ടു. പക്ഷേ, ദിവസം ചെല്ലുംതോറും ഞാൻ ശക്തി പ്രാപിച്ചു വളർന്നുകൊണ്ടിരുന്നു. കാരണം സൃഷ്ടിയുടെ മൂർത്തിയായ ബ്രഹ്മാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരുന്നു ഞാൻ. ഭൂമിയിൽ പിറന്നു വീണതിനുശേഷം ഞാൻ പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും ഈശ്വരനായ വിഷ്ണുവിന്റെ കരവലയത്തിനുള്ളിലാണ്.  

 

മകൾ വിളിച്ചു പറഞ്ഞു, അച്ഛാ ബ്രേക്ഫാസ്റ്റ് റെഡി.  ജീവൻ ചിന്തയിൽ നിന്നുണർന്നു. 

 

നിങ്ങൾ കഴിച്ചു തുടങ്ങിക്കോ, ഞാൻ കുളിച്ചില്ല.  

 

പുട്ടും കടലയും ആണ്...  മകൾ അച്ഛനെ കൊതിപ്പിക്കാൻ ശ്രമിച്ചു. പുട്ടും കടലയും ജീവന്റെ ഇഷ്ട ആഹാരം ആണ്. വേണ്ട, ഒരു ഒരു നല്ല കാപ്പി കിട്ടിയാൽ കൊള്ളാമായിരുന്നു. ഭാര്യയുടെ പ്രതികരണം പ്രതീക്ഷിച്ചു. പക്ഷേ, ഒന്നും തന്നെ കേട്ടില്ല. പകരം മൊബൈൽ ഫോണിന്റെ ശബ്ദമാണ് കേട്ടത്. മകൾ ഫോൺ എടുത്തു കൊണ്ടുവന്നു. പ്രിന്റിംഗ് പ്രസിൽ നിന്നുള്ള വിളിയാണ്. സർ, നമ്മുടെ ഷെഡ്ഡിന് തീ പിടിച്ചിരിക്കുന്നു. കാഞ്ഞങ്ങാട്ടുകാരൻ സഹദേവൻ കരയുകയാണ്!  തൊട്ടടുത്ത ഷെഡിൽ നിന്നാണ് ഷെ‍‍ഡ്ഡിലേയ്ക്ക് തീ പടർന്നത്.  

 

ഫയർ ഫോഴ്സിനെ വിളിച്ചു പറഞ്ഞോ?   

 

വിളിച്ചു  

 

പൊലീസിനെ അറിയിച്ചോ?  

 

പൊലീസിനെ വിളിച്ചു പറഞ്ഞു. സഹദേവൻ മറുപടി പറഞ്ഞു.

 

ജീവൻ ഫോൺ കട്ട് ചെയ്തു. എന്നിട്ട് 988 ഡയൽ ചെയ്തു ഫയർ ഫോഴ്‌സിനെ വിളിച്ചു തീപിടിച്ച കാര്യം പറഞ്ഞു. പ്രസിന്റെ പേരും ലൊക്കേഷനും കേട്ടപ്പോൾ, ഫയർ ഫോഴ്സ് അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. അതിനുശേഷം 999 പൊലീസിൽ വിളിച്ചപ്പോൾ അവരും വിവരം അറിഞ്ഞു എന്ന് പറഞ്ഞു.   

 

ഭാര്യയും മകളും മകനും പ്രിൻ്റിംഗ് പ്രസ്സിലേക്ക്  പോകാൻ തയാറായി. ഞാൻ ഇപ്പോൾ വരുന്നില്ല. അത് എന്ത്? ഞാൻ കുളിച്ചില്ല, പ്രാർഥിച്ചില്ല.  

 

നിങ്ങൾ ഇപ്പോൾ തന്നെ പോയി ആ കാഴ്ച കാണു... ഇപ്പോൾ നിങ്ങൾക്ക് ആ ദൃശ്യം കാണാൻ സാധിച്ചില്ലെങ്കിൽ ഇനി ജീവിതത്തിൽ അതുപോലെ ഒരു കാഴ്ച കാണുവാൻ സാധിക്കില്ല. അപ്പോഴാണ് ഇലക്ട്രിക് ലൈറ്റ് ബൾബ് കണ്ടുപിടിച്ച എഡിസന്റെ കഥ ഓർമ്മയിൽ വന്നത്. ഒരു ദിവസം രാവിലെ എഡിസൻ ഭാര്യയെ വിളിച്ചു പറഞ്ഞു, എത്രയും വേഗം മക്കളെയും കൂട്ടി നമ്മുടെ ഫാക്ടറിയിൽ എത്തണം. താമസിക്കരുത്. താമസിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ ഇതുപോലൊരു കാഴ്ച നിങ്ങൾക്ക് ഇനിയും നേരിൽ കാണുവാൻ സാധിക്കുകയില്ല. തോമസ് ആൽവാ എഡിസനും കുടുംബവും തങ്ങൾ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഫാക്ടറി തീ ആളിക്കത്തി ഒരു പിടി ചാരം ആകുന്നത് ഇതികർത്തവ്യമൂഢനായി നോക്കി നിന്നു.   

 

അതുപോലെ എന്റെ  ഭാര്യയെയും മക്കളും ഞങ്ങൾ പടുത്തുയർത്തിയ പ്രിന്റിങ് പ്രസ് കത്തിയെരിഞ്ഞ് ഒരു പിടി ചാമ്പലായി മാറുന്നത് കാണട്ടെ. ആ ദൃശ്യം മക്കളുടെ മുന്നോട്ടുള്ള ജീവിതയാത്രയിൽ ശക്തി പകരും. ഇങ്ങനെ മനസ്സിൽ ചിന്തിച്ചു കൊണ്ട് ജീവൻ കുളിക്കാനായി വാഷ് റൂമിൽ കയറി. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഭാര്യയുടെ ഫോൺ വന്നു തീ അണഞ്ഞു. വലിയ നാശനഷ്ടങ്ങൾ ഉള്ളതായി തോന്നുന്നില്ല. ഞങ്ങൾക്ക് ഷെഡിന്റെ അകത്ത് കയറാൻ സാധിക്കുന്നില്ല. പൊലീസ് ആരെയും കയറ്റി വിടുന്നില്ല. പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് നോ എൻട്രി വേലി  കെട്ടിയിരിക്കുന്നു. ജീവൻ ഈശ്വരന് നന്ദി പറഞ്ഞു പ്രാർഥിച്ചു.  

 

ജീവൻ പ്രിന്റിങ് പ്രസിൽ ചെല്ലുമ്പോൾ എല്ലാവരും വെയിലത്ത് നിൽക്കുകയാണ് ചെന്ന് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പൊലീസ് പ്ലാസ്റ്റിക് ബാരിക്കേഡ് മാറ്റി.  എല്ലാവരും ഷെഡിന്റെ അകത്ത് പ്രവേശിച്ചു. 2 ഷെഡ് ഉള്ളതിൽ ഒരു ഷെട്ടി മാത്രമേ തീ പിടിച്ചിട്ട് ഉള്ളു. മെഷീനുകൾക്ക് പുറമെ കേടുപാടുകൾ ഒന്നും തന്നെ കാണാൻ ഇല്ല. പുതിയ 5 കളർ 50×70 മെഷീന്റെ മുകളിൽ ഷെഡിന്റെ കരിഞ്ഞ ഭാഗങ്ങൾ അടർന്നു വീണു കിടപ്പുണ്ട്. മെഷീൻ മുഴുവൻ വെള്ളം വീണു നനഞ്ഞിരിക്കുന്നു. പേപ്പറുകൾ കുറെ കത്തിക്കരിഞ്ഞിരിക്കുന്നു, കുറെ വെള്ളം വീണു നശിച്ചിരിക്കുന്നു. 

 

പ്രിന്റിങ് പ്രസ് ഇൻഷുർ ചെയ്ത ഇൻഷുറൻസ് ഏജന്റിനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം ഒരു മണിക്കൂറിനുള്ളിൽ വരാമെന്ന് പറഞ്ഞു. പക്ഷേ, അണ്ടർ റൈറ്റർ അവധിയായതുകൊണ്ട് ഇന്നുതന്നെ വരുമോ എന്നു നിശ്ചയം ഇല്ല. അതിനുശേഷം ജീവൻ ഹൈഡൽബർഗ് ദുബായ് ഓഫീസിലെ മാനേജരെ വിളിച്ച് വിവരം പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ മെയിന്റനൻസ് എൻജിനീയറുടെ ഫോൺ കോൾ വന്നു വിവരങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. ഒരു കാരണവശാലും മെഷീനുകൾ പ്രവർത്തിപ്പിക്കരുത്. ഞങ്ങൾ വന്ന് കണ്ടതിനു ശേഷം വേണ്ട തീരുമാനം എടുക്കാം.  

 

ശനിയാഴ്ച മെക്കാനിക്ക് വന്ന മെഷീനുകൾ വൃത്തിയാക്കി. അതിനുശേഷം പറഞ്ഞു. 5 കളർ 50×70 മിഷനിൽ വെള്ളം കയറിയിട്ടുണ്ട് അതുകൊണ്ട് മെഷീന്റെ പാർട്സ് തുരുമ്പു പിടിക്കാൻ സാധ്യതയുണ്ട്. ജർമനിയിലെ ഹൈഡൽബർ കമ്പനിയിൽനിന്നും തുരുമ്പ് വിദഗ്ധനെ കൊണ്ടുവന്നു പരിശോധിക്കണം.   ഒരാഴ്ചയ്ക്കുള്ളിൽ ദുബായിലെ ഹൈഡൽബർക്ക് ഓഫീസ് തുരുമ്പ്- വിദഗ്ധനെ കൊണ്ടുവന്ന പരിശോധന നടത്തി മൂന്നു പേജുള്ള റിപ്പോർട്ട് കൊടുത്തു.  അതിന് ജീവന് ചെലവായത് 40000 യുഎഇ ദിർഹംസ്. 

 

ഡസൽഡോർഫ്–ദുബായ്–ഡസൽഡോർഫ് ഫസ്റ്റ് ക്ലാസ് എയർ ടിക്കറ്റ് മാത്രം  ഇരുപത്തിയൊമ്പതിനായിരം യുഎഇ ദിർഹം തുരുമ്പ് വിദഗ്ധന്റെ റിപ്പോർട്ടിൽ മെഷീന്റെ ഉള്ളിലെ ചെറിയ പാർട്സിൽ പോലും വെള്ളം കയറിയിട്ടുണ്ട്. ആയതിനാൽ ഭാവിയിൽ ആ ഭാഗങ്ങൾ തുരുമ്പു പിടിക്കാൻ ഉള്ള സാധ്യത വലുതാണ്. അതുകൊണ്ട് മിഷ്യൻ പൊളിച്ചടുക്കി പായ്ക്ക് ചെയ്ത് ജർമനിയിലെ ഹൈഡൽബർഗ് മാനുഫാക്ചറിങ് കമ്പനിയിൽ കൊടുത്തുവിട്ട പൂർണമായ അറ്റകുറ്റപ്പണികൾ നടത്തണം. ഇതിന്റെ ചെലവ് കൂട്ടുമ്പോൾ യഥാർഥ വിലയുടെ 60% മുകളിൽ വരുന്നുണ്ട്. അതുകൊണ്ട് ആറ് മാസം പഴക്കമുള്ള 50×70 അഞ്ചു കളർ മിഷ്യൻ ഒരു ടോട്ടൽ ലോസ് ആയി മാത്രമേ കാണുവാൻ സാധിക്കു. 

 

പൊലീസ് റിപ്പോർട്ടും തുരുമ്പ് വിദഗ്ധന്റെ റിപ്പോർട്ടും അണ്ടർ റൈറ്ററുടെ മുമ്പാകെ സമർപ്പിച്ചു. അതിനുശേഷം അണ്ടർ റൈറ്റർ ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുള്ള ഇമെയിൽ സന്ദേശം വരാൻ തുടങ്ങി. അതിനു മറുപടി നൽകുമ്പോൾ  ഉത്തരത്തിനെതിരെ ഉപചോദ്യങ്ങൾ ചോദ്യങ്ങൾ. ഇങ്ങനെ ഒരു ഇ–മെയിൽ യുദ്ധം അവർ തമ്മിൽ നടന്നുകൊണ്ടിരുന്നു.   

 

ഒടുവിൽ ജീവൻ ഒരു സന്ദേശം അയച്ചു.  ഒരു ഇ–മെയിൽ യുദ്ധത്തിന് ഞാൻ തയ്യാറല്ല. ഈ സംഭവത്തെ കുറിച്ചുള്ള  അവസാന ഇ–മെയിൽ ആണ് ഇത്. നിങ്ങൾക്ക് ഇഷ്ടമുള്ളത് തീരുമാനിക്കാം. അതിനുശേഷം അണ്ടർ റൈറ്റർ  മിസ്റ്റർ വൈറ്റ് ജീവനെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ജീവനും ഇൻഷുറൻസ് ഏജന്റും കൂടി അണ്ടർ റൈറ്ററുടെ ഓഫീസിൽ ചെന്നു. ആദ്യത്തെ കുശലങ്ങൾക്കുശേഷം വിഷയത്തിലേക്ക് കടന്നു. വൈറ്റിന്റെ ആദ്യത്തെ ചോദ്യം. മിസ്റ്റർ ജീവൻ നിങ്ങൾ ഇൻഷുറൻസ് കവറേജ് എടുത്തില്ലായിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ച തീപിടുത്തത്തെ എങ്ങനെ നേരിടുമായിരുന്നു ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നതാണ്.  ഉത്തരവും മനസ്സിൽ തയാറാക്കി വച്ചിരുന്നു. എല്ലാ ഇൻഷുറൻസ് കമ്പനികളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം. പക്ഷേ, ജീവൻ ചോദ്യം കേട്ട് പരിഭ്രമിക്കുന്നതായി ഭാവിച്ചു.    

 

ഞാൻ എന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ ഈ മിഷ്യൻ ജർമ്മനിയിൽ ഹൈഡൽബർഗിൽ കൊടുത്തുവിട്ട ഓവർ ഹോൾ ചെയ്യും. കയ്യിൽ അതിനാവിശ്യത്തിനുള്ള പണം ഇല്ലെങ്കിൽ ഈ മിഷ്യൻ കിട്ടാവുന്ന ഏറ്റവും ഉയർന്ന വിലയ്ക്ക് വിൽക്കും. ഈ ഉത്തരം വൈറ്റിനെ സന്തോഷിപ്പിച്ചില്ല.  വൈറ്റിന്റെ അടുത്ത ചോദ്യം ‘ആർ യു ഫോണ്ട് ഓഫ് യൂറോപ്പ്?’ ജീവനെ ആ ചോദ്യം ചൊടിപ്പിച്ചു! അൽപം ശബ്ദമുയർത്തി അയാം നോട്ട് അറ്റ് ആൾ ഫോണ്ട് ഓഫ് യൂറോപ്പ്. അയാം വെരിമച്ച് പ്രൗഡ് ഓഫ് മൈ മദർ കൺട്രി ദ് ഗ്രേറ്റ് ഇന്ത്യ !. ഇൻക്രിഡബിൾ ഭാരത്!!  

 

തുടർന്ന് ജീവൻ പറഞ്ഞു  Mr. White your mother tongue is English, whereas my  mother- tongue is Malayalam. Now I am speaking  in your mother tongue for your convenience. vice versa you couldn't  Please don't tease me. Indians aren't your underdogs. വൈറ്റിന് ഉത്തരം രസിച്ചില്ല. എന്നുമാത്രമല്ല. അത് താൻ ചെയ്യുന്ന സമൂഹത്തിന് േരെയുള്ള കുത്തുവാക്കായി തോന്നി. മീറ്റിങ് അവസാനിപ്പിച്ചുകൊണ്ട് വൈറ്റ് പറഞ്ഞു റിപ്പോർട്ട് ഞാൻ ഇൻഷുറൻസ് കമ്പനിക്ക് നൽകും അവർ നിങ്ങളെ തീരുമാനം അറിയിക്കും.  

 

ഇൻഷുറൻസ് കമ്പനിയുടെ അറിയിപ്പ് വന്നു മെഷീൻ 50×70അഞ്ച് കളർ  ടോട്ടൽ ലോസായി കണക്കാക്കാൻ കഴിയുകയില്ല. മെഷീൻ ഉണ്ടായ കേടുപാടുകളുടെ നഷ്ടപരിഹാരം ആയി ഏഴു ലക്ഷത്തി അമ്പതിനായിരം യുഎഇ ദിർഹം ഫുൾ ആൻഡ് ഫൈനൽ സെറ്റിൽമെൻറ് ആയി തരാൻ തയ്യാറാണ്. ടോട്ടൽ ലോസ് ആയിരുന്നെങ്കിൽ നാലു മില്യൻ യുഎഇ ദിർഹംസ് കിട്ടുമായിരുന്നു. സായിപ്പിന്റെ പ്രതികാരം!  ജീവൻ തോൽക്കാൻ തയാറായില്ല. രേഖപ്പെടുത്തിയ തെളിവുകൾ തന്റെ കൈവശമുണ്ട്. നീതിയും ന്യായവും തന്റെ ഭാഗത്താണ് അതുകൊണ്ട് ഇൻഷുറൻസ് അതോറിറ്റിയിൽ പരാതി ബോധിപ്പിച്ചു. ജഡ്ജി അധ്യക്ഷനായ മൂന്നംഗ സമിതി ആറുമാസം മാത്രം പഴക്കമുള്ള 5 കളർ 50×70 മാറ്റി പുതിയ മിഷ്യൻ സ്ഥാപിക്കാൻ നിർദ്ദേശിച്ചു. ആ തീരുമാനം ഇൻഷുറൻസ് കമ്പനി അംഗീകരിക്കാൻ തയാറായില്ല. അവർ കോടതിയിൽ കേസ് ഫയൽ ചെയ്തു. അന്തിമ കോടതിയുടെ അന്തിമ വിധി വന്നു. ജീവന് അനുകൂലമായി! ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യം  #സത്യമേവ ജയതേ#  പ്രാവർത്തികമായി !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com