ഭ്രാന്തൻ
Mail This Article
"ഞങ്ങൾക്ക് ഡിമാൻഡ് ഒന്നും തന്നെയില്ല. പിന്നെ ഇവന്റെ പെങ്ങൾക്ക് 100 പവനും 10 ലക്ഷം രൂപയും ഞങ്ങൾ കൊടുത്തതാണ് നമുക്കുമില്ലേ അന്തസ്സും അഭിമാനവുമൊക്കെ".
കിഷോറിന്റെ അച്ഛനാണ് അത് പറഞ്ഞത്. അതുകേട്ട് നാരായണൻ മാഷ് പൊട്ടിച്ചിരിച്ചു. എല്ലാവരും ഒരു നിമിഷം മാഷിനെ നോക്കി...
ശ്യാമയെ പെണ്ണ് കാണാൻ വന്നതാണ് കിഷോർ. അവർ പരസ്പരം ഇഷ്ടപ്പെട്ടു പൂമുഖത്തു നിന്ന് പ്രേമിക്കുവാൻ തുടങ്ങിയിരിക്കുന്നു!!!
ശ്യാമയുടെ അമ്മ രാഗിണി തന്റെ ഭർത്താവിനെ അകത്തേക്ക് വിളിച്ചു.
"ഈ മാഷിനെ ഇപ്പോൾ ആരാണ് ഇങ്ങോട്ട് ക്ഷണിച്ചത്? "അവൾ സോമനെ കുറ്റപ്പെടുത്തുന്ന രീതിയിൽ നോക്കി.
"ഞാൻ ക്ഷണിച്ചതല്ല. അയൽപക്കമല്ലേ രാഗിണി? വീട്ടിൽ കയറി വരരുതെന്ന് എനിക്ക് പറയുവാൻ പറ്റുമോ?"
"അവോരോട് ഈ ഭ്രാന്തൻ നെഗറ്റീവ് വല്ലതും പറയുമോ എന്നാണ് എന്റെ ഭയം.
"ഏയ്….മാഷ് ഒന്നും പറയില്ല...വെറുതെ ചിരിക്കും അത്രമാത്രം...
"ആട്ടെ എന്താണ് നിങ്ങൾ ഒന്നും പറയാത്തത് ? അവർ നല്ല ആൾക്കാരാണ് ഇതുപോലെയുള്ള ഒരാലോചന നമ്മുക്ക് സ്വപ്‌നം കാണുവാൻ സാധിക്കുമോ? അവർക്ക് ഡിമാൻഡ് ഒന്നും ഇല്ലെന്നല്ലേ പറഞ്ഞത്. പക്ഷേ നമ്മൾ ഒട്ടും കുറക്കരുത് "
രാഗിണി പറഞ്ഞു.
"നീ പറയുന്നത് ശരിയാണ്, നമുക്ക് വേണ്ടത് ചെയ്യാം."അത് പറഞ്ഞതിന് ശേഷം അയാൾ എന്തോ ചിന്തിച്ചു...
രാഗിണി പൂമുഖത്തേക്ക് ചെന്നു.അരപ്ലേസിൽ ഇരുന്നിരുന്ന നാരായണൻ മാഷ് സ്ഥലം വിട്ടിരിക്കുന്നു!!! അവൾക്കാശ്വാസം തോന്നി. അതിഥികളെ നോക്കി അവൾ ചിരിച്ചു.
"ഞങ്ങളും അന്തസ്സിന് ഒട്ടും കുറവ് വരുത്തുന്ന ആളുകൾ അല്ല കേട്ടോ ഞങ്ങൾക്കും ഉണ്ട് ഒരു നിലയും വിലയുമൊക്കെ"
ശ്യാമയും കിഷോറും പൊട്ടിച്ചിരിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിച്ചപ്പോൾ രാഗിണിയുടെ മനസ്സിൽ സന്തോഷം നിറഞ്ഞുകവിഞ്ഞു.
തന്റെ മകൾക്ക് അനൂരൂപനായ ഒരു വരനെ തന്നെ ലഭിച്ചിരിക്കുന്നു…!!!
രാഗിണിയുടെ മനസ്സിലെ ആനന്ദം കണ്ണുനീരായി പുറത്തേക്ക് വന്നു.
തന്റെ കണ്ണുകളിൽ അനുഭവപ്പെട്ട മൂടൽ മാറ്റുവാൻ അവൾ സാരിത്തലപ്പുകൊണ്ട് കണ്ണുകൾ ആരും കാണാതെ അമർത്തി തുടച്ചെങ്കിലും അവളുടെ കണ്ണിന്റെ മൂടൽ പൂർണ്ണമായും മാറിയിട്ടില്ലെന്നാണ് സോമന് തോന്നിയത്.
സോമൻ തന്റെ കമ്പനിയിൽ നിന്നും റിട്ടയർ ചെയ്തപ്പോൾ ലഭിച്ച പണം കൊണ്ട് അവരുടെ വീടുപണി ആരംഭിച്ചതാണ്…
"നല്ല ഒരു വീടുണ്ടെങ്കിലേ മോൾക്ക് നല്ല വിവാഹാലോചന വരുകയുള്ളൂ.."
പലരും സോമനോട് പറഞ്ഞു...
"കൂനറിയാതെ ഞെളിഞ്ഞാൽ നമ്മുടെ നടു ഒടിഞ്ഞുപോകും…"
ഇങ്ങിനെ പറഞ്ഞ നാരായണൻ മാഷിനോട് ശ്യാമക്കും രാഗിണിക്കും കഠിനമായ വെറുപ്പ് തോന്നി.
എന്തിനും നെഗറ്റീവ് പറയുന്ന നാരായണൻ മാഷിന്റെ തന്റെ വീട്ടിലെ സന്ദർശനം സോമനും വെറുത്തു തുടങ്ങിയിരുന്നു.
വീട് പണി തീർന്നപ്പോൾ അവർ ഉദ്ദേശിച്ച തുകയുടെ ഇരട്ടി ചിലവായി.
"നമ്മൾക്ക് ആകെയുള്ള ഒരു മോളല്ലേ? അവളുടെ വിവാഹം നമുക്ക് ഏറ്റവും ഭംഗിയായി നടത്തണം…"
നിങ്ങൾ വിഷമിക്കാതെ...ഈശ്വരൻ എല്ലാത്തിനും ഒരു വഴി നമുക്ക് പറഞ്ഞു തരും"
രാഗിണി സോമനെ സമാധാനിപ്പിച്ചു.
ചെറുക്കന്റെ ആളുകളുടെ അന്തസ്സ് അനുസരിച്ചു തന്നെ ആർഭാടമായി കല്യാണ നിശ്ചയം കഴിഞ്ഞു. പാണന്മാർ സോമനെയും രാഗിണിയെയും പാടിപ്പുകഴ്ത്തി. പറവകൾ സന്ദേശവുമായി നാലുപാടും പറന്നു നടന്നു.
അയൽപക്കത്തുള്ള ഭ്രാന്തനായ നാരായണൻ മാഷ് മാത്രം സോമനോട് ചോദിച്ചു.
"എന്തിനാ സോമാ പണം ഇങ്ങനെ പൊടിച്ചു കളയുന്നത്? മകളുടെ വിവാഹം കഴിഞ്ഞും നിങ്ങൾക്ക് ജീവിക്കണ്ടേ?" പക്ഷെ ഒരു ഭ്രാന്തന്റെ ജൽപനങ്ങൾ ആരു കേൾക്കാൻ?
ശ്യാമ തന്റെ ബന്ധുക്കളോടൊപ്പം സ്വർണ്ണക്കടയിൽ പോയത് ഒരു ബന്ധുവിന്റെ തന്നെ വിലകൂടിയ കാറിലാണ്. കേശഭാരം ഭംഗിയായി പ്രദർശിപ്പിച്ച പരിഷ്കാരികളായ പെൺകുട്ടികളും കൂണിന്റെ ആകൃതിയിൽ തലമുടി അലങ്കരിച്ച ആൺകുട്ടികളും സാർ, മാഡം എന്നിങ്ങനെ സംബോധന ചെയ്തു ചിരിച്ചു നിന്നപ്പോൾ പണിക്കുറവും പണിക്കൂലിയുമൊന്നും സോമനും കുടുംബവും അത്ര കാര്യമാക്കിയില്ല..
അവിടെ ഇടക്ക് വിതരണം ചെയ്ത ബ്രൂ കോഫി അത്ര നന്നായില്ലെന്നാണ് അവരോടൊപ്പം വന്ന ഒരു കാർന്നോത്തി അഭിപ്രായം പറഞ്ഞത്..
തുണിക്കടയിൽപോയപ്പോൾ അവരെ കൂടുതൽ ബന്ധുക്കൾ അനുഗമിച്ചു...
എല്ലാവർക്കും വിലകൂടിയതു തന്നെ ആയിക്കോട്ടെ. നമ്മൾ ഒട്ടും കുറക്കേണ്ട. അതുപറഞ്ഞ കാരണവരെ സോമൻ രൂക്ഷമായി നോക്കിയപ്പോൾ രാഗിണി ഭർത്താവിനെ തന്റെ കണ്ണുകൾ കൊണ്ട് ശാസിച്ചു...
എല്ലാവരുടെയും അഭിപ്രായമനുസരിച്ച് കല്യാണ സദ്യ ഗംഭീരമാക്കണം എന്ന് തീരുമാനിച്ചു. സദ്യക്കാരനും ഫോട്ടോഗ്രാഫറും ഓഡിറ്റോറിയം ഉടമസ്ഥരും നാദസ്വരക്കാരും വിവാഹത്തിന്റ തലേദിവസം വീട്ടിലെത്തിചേർന്ന ബന്ധുക്കളും സുഹൃത്തുക്കളും സോമനോട് ഒട്ടും ദയ കാട്ടിയില്ല. കാരണം മകൾ പണക്കാരുടെ വീട്ടിലേക്കല്ലേ പോകുന്നത്?
വീണ്ടും പാണന്മാർ സോമനെ പാടി പുകഴ്ത്തി...
പറവകൾ സന്ദേശങ്ങളുമായി എങ്ങും പാറി പറന്നു നടന്നു.
നാരായണൻ മാഷിനെ മാത്രം രണ്ടു ദിവസത്തേക്ക് ആരും കണ്ടില്ല…
"നന്നായി….അല്ലെങ്കിൽ അയാൾ ഈ കല്യാണം കുളമാക്കിയേനെ…ഭ്രാന്താണെങ്കിലും അയാളുടെ കുശുമ്പിന് ഒരു കുറവും ഇല്ല "
രാഗിണി തന്റെ നാത്തൂനോട് അടക്കം പറഞ്ഞു...
കല്യാണ ദിവസം തന്നെ വിലകൂടിയ കുറെ ഫർണിച്ചറുകളുമായി ഒരു വാഹനം ചെറുക്കന്റെ വീട്ടിലേക്ക് പാഞ്ഞു പോയി.
കല്യാണപ്പിറ്റേന്ന് രാഗിണി പറഞ്ഞു.
"അതെ ചെറുക്കനും പെണ്ണിനും ഹണിമൂണിന് പോകുവാൻ പണം കൊടുക്കണം. അവർ മലേഷ്യയിലേക്കാണ് പോകുന്നത്."
"എന്താ അവന്റെ കൈയ്യിൽ പണം ഒന്നും ഇല്ലേ?"സോമൻ ഈർഷ്യയോടെ ചോദിച്ചു.
"അവന്റെ കയ്യിൽ ഉണ്ടോ എന്ന് നമ്മൾ നോക്കണ്ട.നമുക്കൊരു അന്തസ് വേണ്ടേ?"
സോമൻ ഒന്നും പറഞ്ഞില്ല. അന്നുപുറത്തു പോയി തിരിച്ചു വന്ന അയാളിൽ മദ്യത്തിന്റെ നേരിയ ഗന്ധമുണ്ടായിരുന്നു.
മകളുടെ വിവാഹം കഴിഞ്ഞു ഒരുമാസം കഴിഞ്ഞപ്പോൾ സോമൻ ഒരു ചിട്ടി കമ്പനിയിൽ കണക്കെഴുതുവാൻ പോയി.
'ചേട്ടൻ വെറുതെ ഇരുന്നു മുഷിഞ്ഞു.അല്ലെങ്കിലും വെറുതെയിരുന്നാൽ മനുഷ്യന്റെ ആരോഗ്യം നശിക്കും."
സോമനെ അന്വേഷിച്ചെത്തിയ മാഷിനോട് രാഗിണി പറഞ്ഞു.
അപ്പോഴും മാഷ് പൊട്ടിചിരിച്ചു.
"ഇന്നത്തെ കാലത്ത് ജീവിക്കുവാൻ വളരെ പ്രയാസമാണ്"
ഒരു ദിവസം സോമൻ മാഷിനോട് പറഞ്ഞു.
"ജീവിക്കുവാൻ ഒരു പ്രയാസവുമില്ല.പക്ഷേ ആന വാ പൊളിക്കുന്നതു കണ്ട് അതുപോലെ വാ പൊളിക്കുവാൻ അണ്ണാറക്കണ്ണൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം"
മാഷ് പറഞ്ഞതിന്റെ പൊരുൾ പൂർണ്ണമായും സോമന് മനസ്സിലായില്ല.
മകളുടെ വിവാഹം കഴിഞ്ഞ് കൃത്യം ഏഴുമാസം കഴിഞ്ഞപ്പോൾ രാഗിണി ഭർത്താവിനോട് പറഞ്ഞു.
"മകളുടെ വയറുകാണുവാൻ നമുക്ക് പോകണം"
"നീ തനിച്ചു പോയാൽ മതി. എന്റെ കൈവശം പണമില്ല,സോമൻ പറഞ്ഞു.
പോരാ പോരാ അതിനൊക്കെ ചില ചടങ്ങുകൾ ഉണ്ട്.
എന്ത് ചടങ്ങുകൾ? സോമൻ ചോദിച്ചു.
"ഇത്രയും ഭംഗിയായി കാര്യങ്ങൾ നടത്തിയിട്ട് ഇനിയൊരു കുറവ് വന്നാൽ നമുക്ക് അപമാനമാണ്" രാഗിണി പറഞ്ഞു.
വീണ്ടും പണം വേണം. ആരോട് ചോദിക്കാൻ? സോമനോട് ആളുകൾക്ക് ഇപ്പോൾ പഴയതു പോലെ സ്നേഹമില്ല. സോമൻ സാവധാനം നാരായണൻ മാഷിന്റെ വീട്ടിലേക്ക് നടന്നു..
മാഷ് ഒരു നിമിഷം സോമനെ സൂക്ഷിച്ചു നോക്കി….
പിന്നീട് അയാൾ വീടിനുള്ളിലേക്ക് നടന്നു.
അയാൾ തിരിച്ചു വന്നത് ഒരു പൊതിയുമായിട്ടാണ്.
"ഇതിൽ കുറച്ചു രൂപയുണ്ട്. എന്റെ ആകെയുള്ള സമ്പാദ്യമാണ്. സൂക്ഷിച്ചു ചിലവാക്കുക. പണത്തിന് ഇനിയും ആവശ്യം വരും. മകളുടെ പ്രസവം.പിന്നീട് കൊച്ചിന്റെ ഇരുപത്തിയെട്ട് കെട്ട്. പറ്റുമെങ്കിൽ പേരക്കുട്ടിയുടെ ഒന്നാം പിറന്നാളും അന്തസ്സായിട്ട് നടത്തണം."
അതുപറഞ്ഞതിനു ശേഷം മാഷ് സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു.
സോമൻ ദയനീയമായി മാഷിനെ നോക്കി. മാഷ് തുടർന്നു.
"വിഷമിക്കേണ്ട. ഞാൻ ഭ്രാന്തനല്ലേ? ഭ്രാന്തന് എന്തിനാണ് പണം? മാത്രമല്ല മറ്റുള്ളവർ എന്തോർക്കുമെന്നോർത്ത് തലപുണ്ണാക്കേണ്ട ആവശ്യവും എനിക്കില്ല. പിന്നെ നിന്റെ മരുമകന്റെ വീടുപണി കഴിയുമ്പോൾ ഞാൻ നൂറു രൂപാകൂടി നിനക്ക് തരും."
"എന്തിന്? സോമൻ അമ്പരപ്പോടെ ചോദിച്ചു…
"നിനക്ക് ഒരു മുഴം കയറു വാങ്ങിക്കുവാൻ"
ഇത്തവണ മാഷിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു….
സോമന്റെ അവസാനം ഒരു മുഴം കയറിലാണെല്ലോ എന്നോർത്തപ്പോൾ നാരായണൻ മാഷിന് ചിരി നിയന്ത്രിക്കുവാൻ സാധിചില്ല.
മാഷിന്റെ ചിരി ഒരു അട്ടഹാസമായി അവിടെ വീണ്ടും മുഴങ്ങി