സാൻഡിയാഗോ- കടലോര വിസ്മയം
Mail This Article
സാൻഡിയാഗോ∙ അമേരിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന കടലോര നഗരമായ "സാൻ ഡിയാഗോ" സന്ദർശിച്ചപ്പോൾ തിമിംഗലങ്ങളെയും ലാ ഹൊല്ല കടൽത്തീരവും അവിടുത്തെ ലോക പ്രശസ്തിയാർജ്ജിച്ച മൃഗശാലയും കാണാൻ തീരുമാനിച്ചു. അവിടെ എത്തി ആദ്യം തന്നെ “വെയിൽ വാച്ച് ടൂർ” സംഘടിപ്പിച്ചിരിക്കുന്ന ടൂർ ഓപ്പറേറ്ററുടെ ഓഫീസിലേക്കുള്ള യാത്ര ആരംഭിച്ചു. റോഡിന്റെ ഒരുവശത്ത് കരയുടെ ഉള്ളിലേക്കു കയറികിടക്കുന്ന ജലാശയം. ആഡംബര നൗകകൾ നിരനിരയായി യാത്രക്കാരെ കാത്തുകിടക്കുന്നു. അവയുടെ മുകളിലൂടെ “കാ-കാ” ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറന്നുനടക്കുന്ന കടൽ കാക്കകൾ. സാഗര മർമ്മരം അകലെ കേൾക്കാറായപ്പോൾ പണ്ടെങ്ങോ കേട്ടുമറന്ന ഒരു സിനിമാ ഗാനം ഓർമ്മയുടെ തീരത്തൊരോളമായെത്തി.
“കടലിനക്കരെ പോണോരെ
കാണാപൊന്നിനു പോണോരെ
പോയ് വരുമ്പോൾ എന്തുകൊണ്ടുവരും, കൈനിറയെ…
പതിനാലാം രാവിലെ പാലാഴി തിരയിലെ
മൽസ്യ കന്യകമാരുടെ മാണിക്യ കല്ലുതരാമോ-
ഒഹൊ ഹൊ-ഒഹൊ ഹൊ-ഒഹൊ ഹൊ----“
കുട്ടിക്കാലത്ത് തിമിംഗലങ്ങളെക്കുറിച്ചു മുത്തച്ഛൻ പറഞ്ഞുതന്നിരുന്നു. എന്നെങ്കിലും തിമിംഗലങ്ങളെ നേരിട്ടൊന്ന് കാണണമെന്ന് വർണ്ണ പൊലിമയുള്ള അനേകം കഥകൾ കേട്ടിരുന്ന നാളുകളിൽ മോഹമുദിച്ചതാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും "കടലിലെ ഓളവും കരളിലെ മോഹവും അടങ്ങിയിട്ടില്ല". കടലിനടിയിൽ മത്സ്യകന്യകമാരുടെ കൊട്ടാരമുണ്ടുപോലും. അതുനുള്ളിലാണ് മാണിക്യക്കല്ല് ഭദ്രമായി സൂക്ഷിച്ച് വച്ചിരിക്കുന്നത്. അതെടുക്കാൻ പോയ രാജകുമാരൻ നടുക്കടലിൽ അകപ്പെട്ടുപോയി. അദ്ദേഹത്തെ അവിടെ നിന്നും രക്ഷപ്പെടുത്തി ചുമലിൽ വഹിച്ച് കരയിലെത്തിച്ച തിമിംഗലങ്ങളുടെ കഥകേട്ടപ്പോൾ അവയോട് പ്രത്യേക ഇഷ്ടം തോന്നി. സമുദ്രത്തിൽ എഴുന്നു നിൽക്കുന്ന പാറയാണെന്ന് കരുതി തിമിംഗലത്തിന്റെ തലയിൽ കയറിയിരുന്ന ഒരു കുട്ടി. തിമിംഗലം മുകളിലേക്ക് പുറപ്പെടുവിക്കുന്ന ജലധാരപോലെ തോന്നിപ്പിക്കുന്നു നിശ്വാസ, ഉശ്വാസ വായുപ്രവാഹത്തിൽ പെട്ട് അന്തരീക്ഷത്തിൽ ഊഞ്ഞാലാടുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. തിമിംഗലങ്ങളെ നേരിൽ കാണാൻ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ശ്രമിക്കുന്നത്. രണ്ടു വർഷങ്ങൾക്ക് മുമ്പ് ബോസ്റ്റണിൽ ചെന്നപ്പോൾ അതിന് ശ്രമിച്ചതാണ്. അന്ന് കടലിലെ കാലാവസ്ഥ പ്രക്ഷുബ്ധമായിരുന്നതിനാൽ "വെയിൽ വാച്ച് ടൂർ" ക്യാൻസൽ ചെയ്യപ്പെടുകയുണ്ടായി.
വെയിൽ വാച്ചിന് സമുദ്രത്തിനുള്ളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്നത് ചെറിയ ബോട്ടുകളാണ്. വലിയ കപ്പലുകളുടെ ജലോപരിതലത്തിനു മുകളിലേക്ക് ഉയർന്നു നിൽക്കുന്ന "ബോ" എന്ന ഏറ്റവും മുന്നിലെ ഭാഗം, കപ്പലിന്റെ ഏറ്റവും പിന്നിൽ പ്രവർത്തിക്കുന്ന എഞ്ചിൻ പുറപ്പെടുവിക്കുന്ന ശബ്ദത്തെ ഇല്ലാതാക്കുന്നു. ഇതുമൂലം വേഗത്തിൽ നീങ്ങുന്ന വലിയ കപ്പലുകളുടെ മുൻഭാഗം നിശ്ശബ്ദമായിരിക്കും. ശബ്ദമൊന്നുമില്ലാതെ പൊടുന്നനെ തൊട്ടുമുന്നിൽ കപ്പലുകൾ വന്നുപെടുമ്പോൾ, വലിയ ശരീരമുള്ള തിമിംഗലങ്ങൾക്ക് പെട്ടെന്ന് വഴിമാറി കൊടുക്കുവാൻ സാധിക്കാതെ അപകടത്തിൽ അകപ്പെടുകയാണുണ്ടാവുക. ഇങ്ങനെ ഉണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായിട്ടാണ് ചെറിയ ബോട്ടുകൾ "വെയിൽ വാച്ച് ടൂർ" നടത്തുന്നവർ ഉപയോഗിക്കുന്നത്.
ചെറിയ ബോട്ടുകൾ ആടിയുലഞ്ഞ് യാത്ര ദുർഘടമാക്കുന്നതിനാൽ, കാറ്റും കോളും ഉള്ള നാളുകളിൽ ടൂർ ക്യാൻസൽ ചെയ്യുകയാണ് പതിവ്. ഞങ്ങൾ കടൽ യാത്രക്കായി എത്തിയപ്പോൾ, ബോട്ട് പുറപ്പെടുന്ന കടൽ കരയിലെ ആകാശം, ആരോടോ ശണ്ഠ കൂടി കരഞ്ഞുപിഴിഞ്ഞ് മുഖം വീർപ്പിച്ചു നിൽക്കുന്നു. ചന്നം പിന്നം പെയ്യുന്ന ചെറിയ ചാറ്റൽ മഴ. …
"ചെറിയ മഴചാറ്റലല്ലേ ഉളളു, യാത്രക്ക് തടസ്സമുണ്ടാകില്ല" എന്നുവിചാരിച്ച് ടൂർ ഓപ്പറേറ്ററുടെ ഓഫീസിൽ എത്തി. "നടുക്കടലിൽ കനത്ത മഴ പെയ്യുന്നുണ്ട്, വലിയ തിരകളാൽ കടൽ ക്ഷോഭിച്ചിരിക്കുകയാണ്. കടലിൽ നിന്നും വെള്ളം തെറിച്ച് വീണ് നിങ്ങളെല്ലാവരും നനഞ്ഞ് കുതിരും. പോരാത്തതിന് ശക്തിയേറിയ തണുത്ത കാറ്റും. അതുകൊണ്ട് ഇന്നത്തെ ടൂർ ക്യാൻസൽ ചെയ്തിരിക്കുന്നു". യാത്രക്കായി അവിടെ എത്തിച്ചേർന്നിരുന്ന എല്ലാവരോടും ടൂർ ഓപ്പറേറ്റർ അറിയിച്ചു. ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് യാത്ര മുടങ്ങുന്നത്.
നിരാശയോടെ തിരികെപ്പോരുമ്പോൾ മനസ്സിൽ ഉറപ്പിച്ചു. ആയിട്ടില്ല,തിമിംഗലത്തെ നേരിൽ കാണാൻ ഇപ്പോഴും സമയമായിട്ടില്ല. ഒന്നിൽ പിഴച്ചാൽ മൂന്നെന്നല്ലേ, അടുത്ത ശ്രമത്തിന് തീർച്ചയായും കാണാൻ സാധിക്കും. പിന്നീട് ഞങ്ങൾ, കടലോര വിനോദസഞ്ചാര കേന്ദ്രമായ "ലാ ഹൊല്ല( La Jolla)" ബീച്ചിലേക്ക് യാത്ര തിരിച്ചു. കടലിനുള്ളിലേക്ക് നീണ്ടുകിടക്കുന്ന കടൽപ്പാലവും പാലത്തിന്റെ ഒരുവശത്ത് കടലിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന വില്ലകളുമാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. കടലിനുള്ളിൽ സ്ഥിതി ചെയ്യുന്നതായതുകൊണ്ട് വില്ലകൾ വാടകക്കെടുക്കുവാൻ ആവശ്യക്കാർ ഏറെയാണ്. ഉയർന്നുവരുന്ന തിരമാലകളുടെ ശിരസ്സിനുമുകളിലൂടെ തെന്നി തെന്നി "സർഫ്" ചെയ്യുന്ന സാഹസികരുടെ പ്രിയപ്പെട്ട കടൽത്തീരമാണ് "ലാ ഹൊല്ല". സ്‌കെയിറ്റ് ബോർഡുകളുമേന്തി കടൽജീവികൾക്കൊപ്പം നീന്തിത്തുടിക്കുവാൻ തയ്യാറെടുക്കുന്ന അനേകം പേരെ ഇവിടെ കാണുവാൻ സാധിച്ചു.
കടൽക്കരയോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന നടപ്പാതയിലൂടെ ആളുകൾ സായാഹ്നം ആസ്വദിക്കാൻ നടന്നു പോകുന്നു. വഴി വാണിഭക്കാരുടെ ചെറിയ കടകളും ഭക്ഷണ ശാലകളും കടൽക്കരയെ മോടിപിടിപ്പിച്ചിരുന്നു. പൊടുന്നനെ കടലിനോടു ചേർന്നുകിടക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ വലിയ ബഹളം കേൾക്കാൻ തുടങ്ങി. നാട്ടിൽ രാഷ്ട്രീയ പാർട്ടിക്കാരുടെ ജാഥയിൽ, ഒരാൾ മുദ്രാവാക്യം വിളിക്കുമ്പോൾ മറ്റുള്ളുവർ ഏറ്റു വിളിക്കുന്നതുപോലെ ഉയർന്നുവരുന്ന ശബ്ദ കോലാഹലം. ആരാണ് പ്രതിഷേധിക്കുന്നത് എന്നറിയാൻ എത്തിനോക്കിയപ്പോൾ "സീ ലയണുകൾ" കൂട്ടമായി പാറക്കൂട്ടങ്ങൾക്കു മുകളിൽ സമ്മേളിച്ചിരിക്കുന്നു. അവയിൽ ചെറുപ്പക്കാരായ ചിലർ പരസ്പരം ആക്രോശിച്ചു കൊണ്ട് കടിപിടികൂടുമ്പോൾ, വെയിൽ കാഞ്ഞുകൊണ്ട്, ചെറിയ പാറക്കഷ്ണങ്ങളെ തലയിണയാക്കി പാതിമയക്കത്തിലാണ്ട മുതിർന്നവർ ഞെട്ടിയുണർന്ന്, തലയുയർത്തി വഴക്കുണ്ടാക്കുന്നവരെ ചീത്തപറയുന്നു.
ഇവയുടെ അടുത്തുപോകരുതെന്നും സീ ലയണുമായി ചേർന്ന് നിന്ന് ഫോട്ടോ എടുക്കരുത് എന്നും അവിടെ നോട്ടീസ് ബോർഡുകൾ. സീ ലയണുകൾ വിശ്രമിക്കുന്ന സ്ഥലത്തേക്ക് ഇറങ്ങിച്ചെല്ലുന്ന പടികൾ ബീച്ച് സംരിക്ഷിക്കുന്നവർ ചങ്ങലയിട്ട് അടച്ചുവെച്ചിരിക്കുന്നു. കലിഫോർണിയൻ സീലയണുകൾ 6-7 അടിവരെ നീളമുണ്ടാവുകയും 600 പൗണ്ട് വരെ ഭാരം വക്കുകയും ചെയ്യും. അടുത്ത് ചെല്ലുന്ന മനുഷ്യരെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടും സീലയണുകൾ കടലോരത്തിലാണ് ജീവിക്കുന്നത്. ഫ്ലിപ്പേർസ് എന്ന് അറിയപ്പെടുന്ന മുൻ, പിൻ ചിറകുകൾ കടലിലാകുമ്പോൾ നീന്തുവാനും കരയിൽ നടക്കുവാനും ഇവരെ പ്രാപ്തരാക്കുന്നു. ഇവരുടെ ബഹളവും കടിപിടിയും ഒക്കെ കണ്ടതിനുശേഷം കടൽക്കരയിലൂടെ മുന്നോട്ടു നടന്നു.
അവിടെ കാണപ്പെട്ട മറ്റൊരു പാറക്കൂട്ടത്തിന് മുകളിൽ പെലിക്കൻ പക്ഷികൾ താവളമുറപ്പിച്ചിരിക്കുന്നു. നീണ്ട ചുണ്ടുകൾക്കടിയിൽ തൂങ്ങി കിടക്കുന്ന സഞ്ചികൾ മുതുകിൽ ഒളിപ്പിച്ചുവച്ചുകൊണ്ട് അവരും വിശ്രമിക്കുകയായിരുന്നു. വെള്ളത്തോടൊപ്പം വായിൽ അകപെടുന്ന മത്സ്യങ്ങളെ സഞ്ചിക്കുള്ളിലാക്കി വെള്ളം പുറത്തേക്ക് ഒഴിച്ച് കളഞ്ഞതിനുശേഷം വിഴുങ്ങുന്നതിനു വേണ്ടിയാണ് സഞ്ചി ഉപയോഗിക്കുന്നത്. കടൽക്കരയിലെ ഓരോ പ്രദേശവും ഓരോ കടൽജീവികളും അവരവരുടെ കുത്തകയാക്കി വച്ചിരിക്കുന്നു. മണൽ പരപ്പായി കാണപ്പെട്ട കടൽത്തീരത്ത് കുറേ ജീവികൾ വളരെ നിശ്ശബ്ദമായി ധ്യാനത്തിൽ ഏർപ്പിട്ടിരിക്കുന്നു. അവയ്ക്ക് കാവലായി കടൽകാക്കകളും. ശരീരം മുഴുവൻ ഒരു വലിയ ചാക്കുകെട്ടുപോലെ തോന്നിപ്പിക്കുന്ന രൂപം. ശരീരം അകത്തേക്കും പുറത്തേക്കും ചലിപ്പിച്ചു കൊണ്ട് മണലിലൂടെ നീങ്ങുന്ന ഇളംപ്രായക്കാർ ധ്യാനിച്ചു കിടക്കുന്നവരെ ശല്യം ചെയ്യാതെ സഞ്ചരിക്കുന്നു.
ചെറിയ രണ്ട് മുൻ ഫ്ലിപ്പേർസും ശരീരത്തിനു പുറകിലേക്ക് നീണ്ടുനിൽക്കുന്ന പിൻ ഫ്ലിപ്പേർസും കൊണ്ട് കരയിൽ സഞ്ചരിക്കുവാൻ കഷ്ടപ്പെടുന്ന ജീവികൾ. സീലുകളെ ശല്യം ചെയ്യാൻ അവരുടെ അടുത്തേക്ക് പോകരുതെന്ന് അറിയിക്കുന്ന ബോർഡുകൾ കടൽത്തീരത്ത് സ്ഥാപിച്ചിരിക്കുന്നു. സീ ലയണുമായുള്ള പ്രധാന വ്യത്യാസങ്ങൾ സീലുകൾക്ക് പുറത്തേക്കു കാണപ്പെടുന്ന ചെവികൾ ഇല്ല എന്നതും കൈകാലുകൾ കരയിൽ സഞ്ചരിക്കുവാൻ ശക്തി കുറഞ്ഞവയുമാണെന്നുള്ളതാകുന്നു.
കടലോരക്കാഴ്ചകൾ കണ്ട് മൈലുകൾ ദൂരം പണിതിട്ടിരിക്കുന്ന നടപ്പാതയിലൂടെ നടന്ന് ഒരറ്റത്ത് എത്തിച്ചേർന്നപ്പോൾ സാഗരത്തെ തൊട്ടുതൊട്ടില്ല എന്നമട്ടിൽ ഒരു റെസ്റ്ററൻറ്. കടലിന്റെ കാറ്റേറ്റ്, ഓളങ്ങളുടെ ആരവം ശ്രവിച്ച്, റസ്റ്ററന്റിൽ കുറച്ചുസമയം ചിലവഴിച്ചു. അടുത്ത ദിവസം, ലോകത്തിലെ ഏറ്റവും നല്ല മൃഗശാല എന്നറിയപ്പെടുന്ന നൂറ് ഏക്കറിൽ പരന്നുകിടക്കുന്ന സാന്റിയാഗോ സൂവിലേക്ക് യാത്രയായി. പ്രവേശന കവാടത്തിൽ ഒരു കൈ മാത്രം തറയിൽ കുത്തി ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു പടുകൂറ്റൻ സിംഹത്തിൻറെ 27 അടി ഉയരത്തിലുള്ള ഓട്ടു ശിൽപ്പം.
ഉള്ളിൽ കയറിക്കഴിഞ്ഞാൽ സന്ദർശകരെ വഹിച്ചുകൊണ്ടുപോകുന്ന റോപ്പ് വേ കാർട്ടുകൾ. ആകാശത്തിലൂടെ റോപ്പ് വേയിൽ സഞ്ചരിക്കുന്നത് തന്നെ മധുരതരമായ ഒരനുഭവം. മൃഗശാലയിലെ ഓരോ ജീവികളേയും പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ അവയുടെ പ്രകൃതി ദത്തമായ സാഹചര്യങ്ങൾക്ക് ചേരും വിധം തന്നെ തയ്യാറാക്കിയിരിക്കുന്നു. ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന സ്ലോത്ത് ബെയർ എന്ന കരടി, ആസ്ട്രേലിയയിലെ യൂക്കാലിപ്റ്റ്സ് മരങ്ങളുടെ ഇലകൾ തിന്നുവളരുന്ന കോല ബെയർ, ആഫ്രിക്കൻ ആനകൾ, ജീറാഫുകൾ, മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകങ്ങൾ, ബബൂണുകൾ അങ്ങനെ,അങ്ങനെ അനവധി ജീവി വൈവിധ്യങ്ങളുടെ ഒരു കലവറയാണ് സാന്റിയാഗോ സൂ.
മനുഷ്യരോട് വളരെയധികം സാമ്യം തോന്നിപ്പിച്ച ചിമ്പാൻസികൾ, തണൽ വീണ സ്ഥലത്ത് കൂട്ടമായി മയങ്ങുകയാണ്. കൈകൾ തറയിൽ കുത്തിനടക്കുന്നതുകൊണ്ടാവാം. കൈവിരൽ മുട്ടുകളിലെ ചർമ്മം കാഠിന്യമേറിയതായി കാണപ്പെട്ടു. കാൽപാദത്തിലെ തള്ള വിരൽ മറ്റുള്ള വിരലുകളിൽ നിന്നും മാറി നിൽക്കുന്നു. മനുഷ്യരുടെ കൈവിരലുകൾ പോലെ മുഖാമുഖം നോക്കാൻ സാധിക്കുന്ന കാൽ വിരലുകൾ ചിമ്പാൻസികളുടെ പ്രത്യേകതയാണ്. വൃക്ഷ ശിഖരങ്ങൾ കൈകാലുകൾ കൊണ്ട് മുറുകെ പിടിച്ച് അതിവേഗത്തിൽ മരച്ചില്ലകളിലൂടെ സഞ്ചരിക്കുവാൻ ഇതുമൂലം സാധിക്കുന്നു. കൈകളിൽ തള്ളവിരൽ മാറിനിൽകുന്നതു കൊണ്ട്, കല്ലുകൾ ഉപയോഗിച്ച് തേങ്ങ പോലെ കാഠിന്യമേറിയ ഫലങ്ങൾ പൊട്ടിച്ച് ഭക്ഷിക്കുന്നു. അതുപോലെ ചിതൽ പുറ്റുകളിൽ നീളമുള്ള വടി കുത്തിയിറക്കി അതിൽ പറ്റിപിടിക്കുന്ന ചിതലുകളെ പൊക്കിയെടുത്ത് ഭക്ഷണമാക്കുവാനും, പരിണാമ പ്രക്രിയയിൽ ആദ്യമായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന മൃഗങ്ങളായ ചിമ്പാൻസികൾക്ക് കഴിയുന്നു.
സാൻഡിയാഗോയിലെ ഉഷ്ണമേഖലാ കാലാവസ്ഥ അമേരിക്കയിലെ മറ്റുപല സ്ഥലങ്ങളിലും അനുഭവപ്പെടാത്തതാകുന്നു. ഈ പ്രത്യേക കാലാവസ്ഥയിൽ വളരുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മരങ്ങളും ചെടികളും ഇവിടെ വളർത്തിയിരിക്കുന്നു. സൂവിനുള്ളിലെ ചില റോഡുകൾ കേരളത്തിലെ മലയോരപ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ ലഭിച്ചിരുന്ന കാനന യാത്രാ പ്രതീതി ഉളവാക്കി.
അനേകം ജീവജാലങ്ങളെ അടുത്തുകണ്ടറിഞ്ഞപ്പോൾ വീണ്ടും, വീണ്ടും ഒരു കാര്യം കൂടുതൽ ദൃഢമായി. മനുഷ്യരും, പ്രകൃതിയിൽ നിന്നു തന്നെയാണ് ഉരിത്തിരിഞ്ഞുണ്ടായിരിക്കുന്നത്. കൊടും കാട്ടിൽ പിറന്നുവീണ ഒരു നവജാത ശിശുവിന്റെ ഞരക്കം. ഭൂതകാലത്തിലെവിടെയോ നിന്ന് ഒരു മർമരമായെത്തുന്നുവോ?"
"കാട് കറുത്ത കാട്,
മനുഷ്യനാദ്യം പിറന്ന വീട്
കൊടും കാട്ടിൽ ചിറകുവീശി
തളർന്ന പൊന്മാൻ ഇരുന്ന കൂട്" എന്ന ഗാനത്തിൽ വയലാർ സൂചിപ്പിച്ച, “യുഗ രഥമിതുവഴി കടന്നുപോകുമ്പോൾ” ഈ യുഗത്തിൽ ജീവിക്കുന്ന മാനവർ, പ്രകൃതിയെ പരമാവധി ചൂഷണം ചെയ്ത്, ചുറ്റുപാടുകൾ നശിപ്പിച്ച് ഭൂമിയെ വരും തലമുറക്ക് ആവാസയോഗ്യമല്ലാതെ ആക്കി തീർക്കാതിരിക്കട്ടെ. സാൻഡിയാഗോ എന്ന കടലോര നഗരം ഒരുക്കിത്തന്ന സുഖകരവും ശീതളവുമായ ഓർമ്മകളെ താലോലിച്ചുകൊണ്ട് അവിടുന്ന് യാത്രപറഞ്ഞപ്പോൾ ഓർമ്മയിൽ എന്നെന്നും തങ്ങിനിൽക്കുന്ന അനേകം കാഴ്ചകളും എന്നോടൊപ്പം കൂടെ പോന്നു.