ADVERTISEMENT

പ്രശസ്‌ത എഴുത്തുകാരൻ വൈശാഖൻ എഡിറ്റ് ചെയ്ത് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമാണ് 'അക്കരക്കഥകൾ'. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ, പലവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഇതിലെ കഥകൾ എഴുതിയിരിക്കുന്നത്. പ്രവാസത്തിന്റെ ചൂടും വേവും ഓരോ കഥകളിലും പല രൂപത്തിൽ, ഭാവത്തിൽ വായിച്ച് അനുഭവിക്കാം.  ഇന്ത്യയ്ക്ക് പുറത്തു ജീവിക്കുന്ന ഈ കഥാകൃത്തുക്കൾ മലയാളഭാഷയെ അഗാധമായി സ്നേഹിക്കുന്നവരാണ് എന്നതിനുള്ള സാക്ഷ്യപത്രങ്ങൾ കൂടിയാണ് ഈ കഥകൾ എന്ന് 'അക്കരെ നിന്ന് എത്തിയ കുളിർക്കാറ്റ്' എന്ന ആമുഖക്കുറിപ്പിൽ വൈശാഖൻ മാഷ് പറയുന്നു.

ഒരു നിർമ്മണക്കമ്പനിയിലെ മുഹമ്മദ് ബിലാൽ എന്ന പാക്കിസ്ഥാനിയുടെ കഥയാണ് 'തുണ്ട് പച്ച'. ലേബർ ക്യാമ്പുകളിൽ ഷണ്ഡന്മാരെപ്പോലെ കഴിയേണ്ടിവരുന്ന യുവത്വത്തിന്റെ കഥ എന്നതിനപ്പുറം സമൂഹത്തിലെ അനാചാരങ്ങൾക്ക് നേരെ ചൂണ്ടുപലകയാകുന്നു ഈ കഥ.  നിവൃത്തികേടിന്റെ ഞാൻ കാവൽക്കാരനാകും എന്ന് ദൃഢനിശ്ചയം ചെയ്യുന്ന റോണി എന്ന കാശിയുടെ കഥ പറയുന്ന 'മണികർണികയിലെ തീ' മോളി മാത്യു എന്ന എഴുത്തുകാരിയുടെ എഴുത്തുഭംഗിയാൽ അലങ്കരിക്കപ്പെട്ടതാണ്.  'ഉയിർകാതം' എന്ന വെള്ളിയോടന്റെ കഥയാകട്ടെ, നിസ്സഹായാവസ്ഥയിലേക്ക് കൂപ്പുകുത്തി വീഴുന്ന പ്രവാസിയുടെ കുടുംബത്തിന്റെ ജീവിത നേർക്കാഴ്ചയായി ഭവിക്കുന്നു. കഥയുടെ അവസാനം വാതിൽ തുറക്കുമ്പോൾ ദൃശ്യമാകുന്ന പൊലീസുകാർ വായനക്കാരിലേക്ക് വാരിയിടുന്ന കനൽ ചില്ലറയല്ല.

'ആത്മാക്കളുടെ പലായനം' എന്ന കഥയിൽ ആത്മഹത്യ ചെയ്ത ഒരുപിടി ആത്മാക്കളുടെ കഥ പറയുകയാണ് രാജലക്ഷ്‌മി ശൈലേഷ്. വിഷയത്തിന്റെ പുതുമയാണ് കഥയുടെ പ്രത്യേകത.  ജയ് എൻ.കെ. എഴുതിയ 'സാംബിയ' പയ്യേ ആകാംഷയിലൂടെ നടത്തി, അപ്രതീക്ഷിത ട്വിസ്റ്റിനാൽ ഒരു ഷോർട്ട് ഫിലിം പോലെ അവസാനിക്കുന്ന കഥയാണ്. സാംബിയയിലെ സാമൂഹിക-സാംസ്‌കാരിക ഭൂമികയിലൂടെ സഞ്ചരിക്കുന്ന കഥ ആ ജനതയുടെ നിർഭാഗ്യങ്ങളുടെയും ഗതികേടുകളുടയും ചിത്രം വരയുന്നുണ്ട്. കാടും മലയും ആദിവാസികളും നിറയുന്ന 'ഊരുമൂപ്പത്തി' എന്ന കഥയിൽ സലിം അയ്യനേത്ത് പറയുന്നത് പാർശ്വവത്കരിക്കപ്പെടുന്നവരുടെ ജീവിതം.  'നിമിതയുടെ നിമിഷങ്ങൾ' എന്ന കഥയാകട്ടെ, അനുദിന ജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളുടെ സൂചികയായി മാറുന്നു. സമയസൂചിക്കുള്ളിൽ മിടിക്കുന്ന പെണ്ണിന്റെ ഓട്ടപ്പാച്ചിലുകൾ സോണിയ ഷിനോയ് പുൽപ്പാട്ട് ചിത്രീകരിക്കുന്നു.

'വിരസമായി നീണ്ടുകിടക്കുന്ന പാളങ്ങൾ കുട്ടിക്കാലം മുതലേ പിന്തുടരുകയല്ലേ?' എന്ന ചോദ്യവുമായി ആരംഭിക്കുന്ന അനു ലാനിഷിന്റെ 'പാളങ്ങൾ' എന്ന കഥ, കണ്ടന്റിനെക്കാൾ എഴുത്തുശൈലിയിൽ മികവ് പുലർത്തുന്നു. 'പിതൃത്വം' എന്ന പ്രസീത കെ.മരുതിയുടെ കഥ, തന്റെ പിതൃത്വം തേടി അതറിയുന്ന മകന്റെ നോവിന്റെ ചൂടായി മാറുന്നു.  നജിം കൊച്ചുകലുങ്ക് എഴുതിയ 'പ്രാണനേദ്യം' ജീവിതാവസാന വേളയിൽ നഷ്ടപ്പെട്ടുപോയ സന്തോഷവും സൗഭാഗ്യവും തിരികെപിടിക്കാൻ ശ്രമിക്കുന്ന ദമ്പതികളുടെ കഥ. ഇതേ വിഷയത്തിന്റെ മറ്റൊരു തരത്തിലുള്ള അവതരണമാണ് 'സായന്തനത്തിന്റെ പിൻവിളി' എന്ന ശ്രീജ സുരേഷിന്റെ കഥ. 

അധ്യാപകനിൽ നിന്നും നേരിടേണ്ടിവരുന്ന നൊമ്പരപ്പാടിന്റെ കഥയാണ് 'കൃതാവ്'. അഗാധമനസ്സിലേക്ക് ഒരിക്കൽ പതിഞ്ഞ ഭീതിയുടെ ചിത്രം ജീവിതാന്ത്യം വരെയും പിൻതുടരും എന്നതാണ് സോഫിയ ഷാജഹാൻ പറയുന്നത്. അതേപോലെ പെണ്ണിന്റെ നൊമ്പരവും മനസികാവസ്ഥകളും കുറിയ്ക്കുന്ന മറ്റൊരു കഥയാണ് ദീപ സുരേന്ദ്രൻ എഴുതിയ 'ലസ്റ്റ്'. മകൾ വിവാഹം കഴിഞ്ഞു പോയാൽ അവളുടെ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം നിലയ്ക്കുമല്ലോ എന്ന കുടിലചിന്തയിൽ ജീവിക്കുന്ന പിതാവിനെ ഇവിടെ കാണാം. പണമല്ല ജീവിതമാണ് വലുത് എന്ന് മകൾ ചിന്തിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

ലാൽജി വർഗീസിന്റെ 'തെടങ്ങൾ', അനിൽ നാരായണയുടെ 'ലോക്ക് ഡൌൺ', സലിം പുതിയവീട്ടിലിന്റെ 'ലക്കായിയുടെ മരണം', ഷനീബ് അബൂബക്കറുടെ 'കുനാഫ' എന്നിവയെല്ലാം വ്യത്യസ്തമായ കഥപറച്ചിലുകൾക്കുള്ള ശ്രമമാണ്. 'ബോളൻ' എന്ന ബീനയുടെ കഥ, സ്വന്തം ഗ്രാമത്തിൽ സംഭവിക്കുന്ന കഥപോലെ വായനക്കാരന് അനുഭവപ്പെട്ടേക്കാം. ഒന്നുകൂടി ട്രിം ചെയ്തിരുന്നെകിൽ കഥയുടെ ഭംഗി എറിയേനെ.

'ഗുളികൻ' എന്ന എസ്. അനിലാലിന്റെ കഥ ഒരു നോവലെറ്റിന്റെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്നു. നാടിനെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വിപത്തിന് നേരെയുള്ള ചൂണ്ടുപലകയാണ് കഥ. നീണ്ടതെങ്കിലും വായനാസുഖം കഥയ്ക്കുണ്ട്. അമലിനു നേരെ പാഞ്ഞുവരുന്ന നായയുടെ ചിത്രം വല്ലാത്ത ഹൃദയമിടിപ്പോടെയല്ലതെ വായനക്കാരന് വായിച്ചവസാനിപ്പിക്കാനാകില്ല.

പല ഭാഷകൾ, സംസ്‌കാരങ്ങൾ, ജീവിത രീതികൾ ഒക്കെ അക്കരക്കഥകളിൽ അനാവൃതമാകുന്നുണ്ടെങ്കിലും ദൂരെ നിന്നും സ്വന്തം ഭൂമികയിലേക്കും ഗ്രാമാന്തരീക്ഷത്തിലേക്കും ഗൃഹാതുരത്വത്തോടെ നോക്കുന്ന മലയാളിയെ ഈ കഥകളിൽ കാണാം. പ്രവാസലോകത്ത് ലഭിച്ച അനുഭവങ്ങൾ ഈ കഥകളെ സമ്പന്നമാക്കുന്നത് അതിനാലാണ്. 

ലോകത്ത് ഏത് കോണിലായാലും കഥ പറയുവാനും കേൾക്കുവാനുമുള്ള മനുഷ്യന്റെ വാസന അവസാനിക്കുന്നില്ല. ദമ്മാം കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്‌കാരിക വേദി എഴുത്തുകാരെയും വായനക്കാരെയും പ്രോത്സാഹിപ്പിക്കുവാൻ നടത്തിയ ഈ ശ്രമം പാഴാകില്ല. മലയാളത്തിൻറെ മാധുര്യം കൂടുതൽ ഇടങ്ങളിൽ എത്തുവാനും നഷ്ടമാകുന്നു എന്ന് വിലപിക്കാതെ വായനയെ ഉയർത്തികൊണ്ട് വരുവാനും ഇത്തരം ശ്രമങ്ങൾക്ക് കഴിയും. പുസ്തകത്തിന്റെ തുടക്കത്തിൽ വൈശാഖൻ മാഷ് അതാണ് ഊന്നിപ്പറയുന്നതും.

ഇരുപത് കഥകൾ,  240 രൂപ വില, 176 പേജുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com