കാട്ടുക്കോഴിക്കെന്ത് സംക്രാന്തി -ഒരു കനേഡിയൻ ജീവിത കഥ
Mail This Article
ഒരു കൊച്ചു ഗ്രാമത്തിന്റെ ഇണക്കങ്ങളിൽ നിന്ന് പിണക്കങ്ങളിൽ നിന്ന്, ഗ്രാമ നന്മകൾ മഴമരങ്ങളായ് പൂത്ത നാട്ടുവഴികളിൽ നിന്ന്, സപ്താഹങ്ങളുടെയും അയ്യപ്പൻ പാട്ടിന്റെയും അഖണ്ഡനാമങ്ങളുടെയും വല്യ കോളാമ്പി സ്‌പീക്കറുകളുടെ ആരവങ്ങൾക്കിടയിൽ നിന്ന്, പാവാട തുമ്പിൽ ചളി പറ്റിയാൽ ചിണുങ്ങുന്ന തൊട്ടാവാടി സ്വഭാവത്തിൽ നിന്ന്, കണ്ണിൽ കുറുമ്പൊളിപ്പിക്കുന്ന കാവിലെ ആൽമര തണലിൽ നിന്ന്, ഏഴാം കടലിനക്കരേക്ക് വിമാനം കയറിയവൾ ആണ് ഞാൻ വീട്ടിനു പിറകിലെ പാടവരമ്പിൽ നിന്ന് എന്നും ഞാൻ കൗതുകത്തോടെ നോക്കിയ ആ വെള്ള പക്ഷിയുടെ ചിറകുകൾക്ക് താഴെ കോഴി കുഞ്ഞിനെ പോലെ പതുങ്ങി ഇരുന്ന് കൊണ്ട് എന്റെ ആദ്യ യാത്ര. കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന അറ്റ്ലാന്റിക് സമുദ്രത്തെ കണ്ണിറുക്കി അടച്ചു കടന്നെത്തിയ ആദ്യ യാത്ര.
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥ ആയിരുന്നു ആദ്യമൊക്കെ. കുറച്ചു നാൾ ബാംഗ്ലൂർ നഗരത്തിലെ ഒച്ചപ്പാടും ബഹളവും കണ്ടെന്നത് ഒഴിച്ചാൽ വർഷങ്ങളോളം ഒരു മുഴുവൻ സമയ ഗ്രാമവാസിയായി പുഴയും തോടും പാടവും കാവും ഓടി നടന്നും വെള്ളാട്ട് മുത്തിയെ പോലെ വർഷത്തിൽ ഒരിക്കൽ മാത്രം നാടുവിട്ട് അമ്മവീട്ടിലേക്ക് യാത്ര പോയും ശീലിച്ച ഞാൻ.
വാടാനാംകുറുശ്ശി തന്നെ ആകും എന്റെ ലോകം എന്നാണ് ഞാൻ എന്നും കരുതിയിരുന്നത്. വിരൽ തുമ്പിലെ ലോകത്തേക്കാളും ഞാൻ ഇഷ്ടപെട്ടതും അവിടുത്തെ കാവും കുളവും തോടും ചിറയും വെളിച്ചപ്പാടും പിന്നെ കുഴിയാന കുന്നും കണ്ണങ്കുഴി കാടും ഒക്കെ തന്നെ ആയിരുന്നു. മകര മഞ്ഞിൽ മൂടി പുതച്ച് ഉറങ്ങാനും കുംഭത്തിലെ താലപ്പൊലിയിൽ കളമെഴുത്തും പാട്ടും തൊഴാനും മീനവെയിലിൽ ചിറക്കൽ ചൂണ്ടയിടാനും മേടത്തിലെ വിഷുവിന് കണികൊന്നപ്പൂവായ് കണ്ണന് മുന്നിൽ കണിയാകാനും ,ഇടവത്തിൽ അമ്മാത്തെ വേല പന്തലിന്റെ ചന്തം കാണാനും അങ്ങനെ അങ്ങനെ മാസങ്ങൾ കഴിഞ്ഞു പോകുന്നതറിയാതെ വർഷങ്ങൾ കടന്ന് പോകുന്നതറിയാതെ എല്ലാരുടെ മനസ്സിലും ആ പഴയ കിലുക്കാംപെട്ടിയായി ജീവിക്കാൻ തന്നെ ആർന്നു മോഹവും കൊതിയും ഒക്കെ.
മടക്കി ഭദ്രമായി കൊണ്ട് പോയ മനോരമ കലണ്ടറിന്റെ ചുവന്ന അക്ഷരങ്ങളിൽ നോക്കി നാട്ടിൽ ആയിരുന്നേൽ ഇന്ന് വീട്ടിൽ ഇരുന്ന് ഓണം ഉണ്ണാരുന്നു എന്ന് നെടുവീർപ്പിട്ട്, പണിയെല്ലാം തീർത്ത് കാട്ടുക്കോഴിക്കെന്ത് സംക്രാന്തി എന്ന് മനസ്സിലോർത്ത് ഓഫീസിലേക്ക് വണ്ടി ഓടിക്കുമ്പോൾ ഓട്ടുരുളിയിൽ കുറുകിയ പാലട പായസം മനസ്സിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ഏഴാം കടലിനക്കരെ സ്വപ്നത്തിൽ കെട്ടിയ കൊട്ടാരത്തിന് ജീവനേകാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ ഓർക്കാതെ പോയ എന്തൊക്കെയോ ഇടയ്ക്കെങ്കിലും കണ്ണിനെ ഈറനണിയിച്ചിട്ടുണ്ട്.
കാനഡ എനിക്ക് വിസ്മയങ്ങളുടെ ഒരു എൻസൈക്ലോപീഡിയ ആയിരുന്നു. സദാചാര പോലീസിന്റെ കഴുകൻ കണ്ണുകളെ ഭയപ്പെടാതെ മുട്ടിയുരുമ്മി ഇരിക്കുന്ന പ്രണയങ്ങളും പേടിപ്പിക്കുന്ന പോം പോം ആരവങ്ങൾ ഇല്ലാത്ത നിരത്തുകളും വാർധക്യത്തിലും അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരും നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന ഹേമന്തവും മഞ്ഞു പെയ്ത് മണ്ണിന്റെ നിറം വരെ മറന്നു പോകുന്ന നെടുനീളൻ ശിശിരവും അങ്ങനെ അങ്ങനെ ....ഒരു വിസ്മയലോകമായി ആണ് ഞാൻ കാനഡയെ സ്നേഹിച്ചു തുടങ്ങിയത്.
കാണാത്ത കൗതുകം പോലെ രാത്രി ഒമ്പതരയ്ക്ക് സൂര്യനെ നോക്കി ഇങ്ങനെയും ഒരു നാട് ഈ ഭൂമിയിൽ ഇണ്ടായിരുന്നോ എന്ന് ഞാൻ അത്ഭുതപെട്ടിട്ടുണ്ട്. സൂര്യൻ അസ്തമിക്കുമ്പോൾ ആണ് സന്ധ്യ എന്നും അപ്പോൾ വിളക്ക് വെക്കണം എന്ന് അച്ഛമ്മ പറഞ്ഞുതന്നതോർത്ത് ആറുമണിക്കാണോ അതോ പത്തുമണിക്കാണോ ഇവിടെ സന്ധ്യ എന്നറിയാതെ കുഴങ്ങി പോയിട്ടുണ്ട്
നവംബറിലും മാർച്ചിലും ഡേലൈറ് സേവിങ് എന്നും പറഞ് ജെറ്റ്ലാഗ് പോലെ കിടന്നുറങ്ങീട്ടുണ്ട്.
നാട്ടിലെ ഡിസംബറിൽ ഇല പൊഴിയും ശിശിരവനത്തിൽ നീ അറിയാതൊഴുകും കാറ്റാകും എന്ന് പ്രണയാതുരമായി പാടി നടന്ന ഞാൻ മൈനസ് നാൽപത് ഡിഗ്രിയിൽ പ്രണയം പോയിട്ട് വിരഹം പോലും വരാതെ തണുത്ത് വിറങ്ങലിച്ച് ഏറെ പരിതാപകരമായി വഴുക്കി നടും തല്ലി വീണ് കിടന്നിട്ടുണ്ട്
കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിലവിളക്കുമായി കയറുന്ന ഒരു പുതുപെണ്ണിന്റെ കൗതുകം ആർന്നു എനിക്ക് ആദ്യം. എല്ലാത്തിലും പുതുമ. നേരം നീങ്ങാത്ത പോലെ ഒരു തോന്നൽ എത്രയും പെട്ടന്ന് ജനിച്ച വീട്ടിലോട്ട് എത്താനുള്ള തത്രപ്പാട്. പിന്നെ പതുക്കെ പതുക്കെ ജന്മഗൃഹം പോലെ വന്നുകേറിയ വീടിനെയും സ്നേഹിക്കുന്ന നല്ലൊരു മരുമകളുടെ റോൾ ആയിരുന്നു എനിക്ക് ഇവിടെയും.
കാനഡയെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് സൗഹൃദങ്ങളിലൂടെ ആണ്. പൂമര തണലിൽ പേടിയില്ലാതെ വിശ്രമിച്ച സായന്തനങ്ങളിലൂടെ ആണ്. കിഴക്കേ പടിപ്പുരയിൽ ഞാൻ കാണാറുള്ള ആകാശത്തിന്റെ ഓരത്തെ എന്റെ കൂട്ടുകാരിയെ നോക്കി ഇവിടെ ശബ്ദമുണ്ടാക്കാതെ ഒഴുകുന്ന എന്റെ അയൽക്കാരി പുഴയുടെ കരയിൽ ഇരുട്ടുവോളം ഇരിക്കാറുണ്ട്. നിലാവും പുഴയും ഉമ്മവെക്കുമ്പോൾ കാണാത്ത ഭാവം നടിച്ചു മാറി നിന്നാലും തനി മലയാളിയായി ഇടം കണ്ണിട്ട് പതിയെ എത്തിനോക്കാറുമുണ്ട്.
ജീവിതത്തിന്റെ വേരുകൾ പതുക്കെ മോണ്‍ട്രിയൽ നഗരത്തിൽ ആഴ്ന്നിറങ്ങി തുടങ്ങുന്നു. പ്രണയമായിരുന്ന ആ പഴയ നാട്ടുവഴികൾ, വെളിച്ചപ്പാടിനെ പിന്തുടർന്നോടിയ തോട്ടുവരമ്പുകൾ, മനസ്സിന്റെ ഉള്ളിൽ ഗൂഗിൾ മാപ് ഇല്ലാതെ പതിഞ്ഞ ഗ്രാമക്കാഴ്ചകൾ എല്ലാം ഗൃഹാതുര സ്മരണകളായി മനസ്സിൽ സ്ഥാനം പിടിക്കാൻ തുടങ്ങിയിരിക്കുന്നു. കാൽവഴുതി വീണും എണീക്കാൻ ശ്രമിച്ചും പതുക്കെ പതുക്കെ ഈ നഗര വീഥികളിലും ഞാൻ നടക്കാൻ പഠിച്ചിരിക്കുന്നു. ഈ വല്യ രാജ്യത്തെയും നാട്ടുകാരെയും ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.
ഇന്ന് അവധികളിലെ വിസ്മയകാഴ്ചയായി എന്റെ നാട് മാറിയിരിക്കുന്നു. എങ്കിലും ഓരോരോ ആഘോഷങ്ങൾ വരുമ്പോളും നാട്ടിൽ ഉണ്ടാകുന്ന ഓരോരോ അപകടങ്ങൾ കേൾക്കുമ്പോളും കിഴക്കേ തൊടിയിൽ തേൻമാവ് പൂക്കുമ്പോളും കാവിൽ കളമെഴുതിപ്പാട്ട് തുടങ്ങുമ്പോളും ഒക്കെ മനസ്സ് കൊണ്ട് നാട്ടിലേക്ക് ഓടിയെത്താറുണ്ട്. കണ്ണ് നിറഞ്ഞൊഴുകുന്നത് ആരും കാണാതെ തുടച്ച് കളയാറുമുണ്ട്.
പലപല കാരണങ്ങൾ കൊണ്ട് ഇന്ന് വിദേശത്തേക്ക് കുടിയേറുന്ന മലയാളികളിൽ ഏറിയ പങ്കും ഇന്നും നാടിനെ മനസ്സിൽ കൊണ്ട് നടക്കുന്നവർ തന്നെയാണ്. എത്രയെത്ര സുഖ സൗകര്യങ്ങൾ കിട്ടിയാലും പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള വ്യത്യാസം എന്നും നാടിനും മറുനാടിനും കാണുക തന്നെ ചെയ്യും അതുകൊണ്ട് തന്നെയാണ് ഇപ്പോളും പ്രായമാകുന്ന പലരും മുപ്പതും നാൽപതും വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ എത്തുന്നതും.
പത്തിൽ എട്ട് മലയാളിയോട് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതെന്ന് ചോദിച്ചാൽ അത് അവരുടെ നാട് എന്ന് തന്നെ ആണ് ഉത്തരം കിട്ടാറുള്ളത്. ഇവിടെ ജനിച്ച് വളർന്ന തലമുറയല്ല കേട്ടോ പഴയ ആൾക്കാർ പിന്നെ ഒരു 90സ് കിഡ്സ് വരെയുള്ളവർ.
ഇഷ്ടപെട്ട ഭക്ഷണം ഒക്കെ കഴിച്ചു പ്രിയപെട്ടവരേം കണ്മുന്നിൽ കണ്ടു ഇരിക്കുന്ന സുഖമൊന്നും എവിടേം കിട്ടില്യാ..അമ്മടെ കൈകൊണ്ടുണ്ടാക്കണ ഭക്ഷണത്തിന്റെ രുചി എവിടേലും കിട്ടുമോ?എത്രയെത്ര പ്രവാസികൾ ഉണ്ടിവിടെ. മനസ്സ് നാട്ടിൽ വെച്ച് ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നവർ. തൂശനിലയിൽ ഒരു സദ്യകഴിക്കാൻ മോഹിക്കുന്നവർ. ജനിച്ച മണ്ണിന്റെ നനവ് കാലിലേൽക്കാൻ ആശിക്കുന്നവർ. ഒരുരുള ചോറ് പ്രിയപെട്ടവരുടെ കൈകൊണ്ടു വാങ്ങി ഉണ്ണാൻ കൊതിക്കുന്നവർ. പഴയ നാട്ടുവഴിയിലൂടെ നടക്കാൻ ഇഷ്ടപ്പെടുന്നവർ. ഓരോ അവധിക്കും വേണ്ടി അക്ഷമരായി കാത്തിരിക്കുന്നവർ. ഒരായിരം കാഴ്ചകൾ കണ്ണിനുള്ളിൽ ഒളിപ്പിച്ചു എല്ലാം സ്വപ്നങ്ങളായി മാത്രം ആസ്വദിക്കുന്നവർ. എല്ലാം ഓർത്തു കരഞ്ഞുറങ്ങുമ്പോളും പ്രിയപ്പെട്ടവർക്കായി അല്ലെ കഷ്ടപ്പാടെന്നു ഓർത്തു സ്വയം ആശ്വസിക്കുന്നവർ.
ആ വേദന അറിയണമെങ്കിൽ പ്രവാസിയാകണം. കുടുംബത്തിന്റെ ഭാരം മൊത്തം തോളിൽ ചുമന്നു ഇഷ്ടമില്ലാതെ എങ്കിലും മറ്റൊരു നാട്ടിലേക്ക് എല്ലാം ഉപേക്ഷിച്ചു പോയവർക്കേ അതറിയാൻ പറ്റൂ..ഇലയിട്ട് സദ്യ വിളമ്പണ്ട അവസരങ്ങളിൽ ബർഗർ കൊണ്ട് തരണേ ഒരു അവസ്ഥയാണ് ഈ പ്രവാസമെന്നു പറഞ്ഞാൽ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും പോലെ ഒന്നുമല്ല. ആഗ്രഹിക്കണത് കഴിക്കണംന്ന് മോഹിച്ചാലും കിട്ടാത്ത അവസ്ഥ. അപ്പൊ പണ്ട് കഴിച്ചതൊക്കെ ഓർത്തു കിട്ടിയത് കഴിക്കാനെ നിർവാഹമുള്ളൂ. ഒരുകാലത്തു കൂട്ടുകാർക്കൊപ്പം കളി പറഞ്ഞിരുന്ന ആൽച്ചുവട്ടിൽ പിന്നെയും ചെന്നിരിക്കുന്നതോർത്,'അമ്മ പൊതിഞ്ഞു തരണ പൊതിച്ചോറിന്റെ രുചിയോർത്ത് നാട്ടുമാവിലെ പുളിയിറുമ്പിന്റെ കടിയോർത്ത് നിലാവ് ആസ്വദിക്കാൻ പഠിപ്പിച്ച ആ വയൽനിരകളോർത്ത് നാവൂറ് പാട്ടിന്റെ ഈണങ്ങൾ ഓർത്തു കണ്ണ് നിറഞ്ഞാലും ആരും കാണാതെ അത് തുടച്ചു ജീവിക്കുന്നവർ ആണ് മിക്ക പ്രവാസികളും. പിന്നെ അതൊന്നും പലരും പുറത്തോട്ട് കാണിക്കുന്നില്ല എന്ന് മാത്രം.
ഇന്ത്യൻ സർക്കാർ രേഖകളിൽ ഞാൻ ഒരു മുഴുവൻ വിദേശി ആണെങ്കിലും അന്നും ഇന്നും എന്നും മനസ്സ് കൊണ്ട് ഞാൻ ഒരു വാടാനാംകുറുശ്ശികാരി തന്നെ ആണ്. അവധി ദിവസങ്ങളിൽ പഴങ്കഞ്ഞിയും കൊണ്ടാട്ടമുളകും കഴിച്ചില്ലെങ്കിൽ ജീവിതമില്ല എന്ന് ചിന്തിക്കുന്ന ഒരു തനി മലയാളി.
കുറച്ച് നേരമായി ശബ്‌ദിച്ചുകൊണ്ടിരുന്ന ഫോണിന്റെ അങ്ങേ തലക്കൽ നിന്ന് 'അമ്മ “ ഇനി രണ്ട് മാസല്ലേ ഓണത്തിനുള്ളൂ നാല് വർഷായില്ലേ ഇക്കുറി എങ്കിലും വായോ. കുഞ്ഞിനെ കണ്ടിട്ട് എത്ര നാളായി “ നോക്കട്ടെ അമ്മേ” എന്ന പതിവ് പല്ലവി പറഞ്ഞ് ഫോൺ വെച്ചു. ഞാൻ കുറച്ച് മുമ്പ് പറഞ്ഞ ഒരു വരി മനസ്സിൽ തങ്ങി നിന്നു “കാട്ടുകോഴിക്കെന്ത് സംക്രാന്തി ലേ”