ADVERTISEMENT

'അല്ലാഹു അക്ബർ.....അല്ലാഹു അക്ബർ...' അതിരാവിലെയുള്ള ബാങ്ക് വിളി സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും മധ്യേയാണ് എന്നിൽ മുഴങ്ങിയത്.  തലേന്നുകണ്ട മാപ്പിള തെയ്യത്തിന്റെ വൈറൽ വീഡിയോയുടെ ബാക്കിയെന്നോണം ഞാനാ ബാങ്കിനെ കേട്ട്കൊണ്ടേയിരുന്നു.  പെട്ടന്ന് ഏതോ അദൃശ്യശക്തി എന്നിലാവാഹിച്ചു. വെളുത്തുരുണ്ട കണങ്കാൽ കറുത്ത് നീലിച്ചു വീർത്തുപെരുകി. പാദസരത്തിലെ വെളുത്ത മുത്തുകൾ പൊട്ടിച്ചിതറി. ഉറക്കപ്പായ കനൽ കൂമ്പാരമായി.  ചമയവും തോറ്റവുമില്ലാതെ എന്റെഉള്ളിലെ തെയ്യം ഉറിഞ്ഞാടാൻ തുടങ്ങി.  ഭീതിതമായ മുഖഭാവത്തോടെ ഞാനെന്ന സ്ത്രീതെയ്യം ചുറ്റും നോക്കിയലറി. പശ്ചാത്തലത്തിൽ ചിലമ്പും ചെണ്ടയും മുഴങ്ങുന്നുണ്ട്. കാലുകൾ നിലത്തുറക്കുന്നില്ല, തെയ്യാട്ടം അതിന്റെ സർവ്വ ശക്തികളുമുപയോഗിച്ച് ആടി കൊണ്ടിരിക്കുകയാണ്.   

 

സ്ത്രീകൾ തെയ്യംകെട്ടുന്ന പാരമ്പര്യമുള്ള തറവാടല്ല എന്റേത്. തെയ്യം കെട്ടുന്ന സമുദായവുമല്ല. എന്നിട്ടും എന്റെ കോലം കാണാൻ ആയിരങ്ങൾ തടിച്ചു കൂടിയിരിക്കുന്നു.  തോറ്റംപാട്ടായി ബാങ്ക് വിളി അപ്പോഴും മുഴങ്ങുന്നുണ്ട്. ബാങ്ക് വിളിയിലെ സാഹിത്യവും സംഗീതവും തെയ്യമെന്ന കലയെ കൂടുതൽ സൗന്ദര്യപെടുത്തുന്നതായി എനിക്കുതോന്നി. ഇന്നലെവരെ എന്റെ ജാതി മുഖംതിരിക്കാൻ കാരണമായ വലിയങ്ങുന്നോർ എന്നെ തൊഴുതു കൊണ്ട്നിൽക്കുന്ന കാഴ്ച എന്നിൽ ദൈവികശക്തിയേക്കൾ പകരംവീട്ടലിന്റെ രൗദ്രഭാവം നിറച്ചു. എനിക്കിപ്പോൾ തൊട്ടുതീണ്ടലില്ല, മാറി നടക്കലില്ല. അപമാനത്തിന്റെയും ദാരിദ്രത്തിന്റെയും ചായം മായ്ച്ച് എന്നും തെയ്യത്തിന്റെ മുഖത്തെഴുത്ത് ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ മോഹിച്ചു.  എന്നോ അപമാനിതനാക്കപെട്ട ഏതോ പൂർവികന്റെ അത്മാവാണിപ്പോൾ എന്റെയുള്ളിൽ. ചെയ്ത പാപത്തിന്റെ കറകഴുകാൻ മേലാളന്മാരുടെ പത്തുതലമുറയിപ്പോഴും എന്നെ തൊഴുകുന്നു. അതാലോചിക്കുമ്പോൾ ഉള്ളാലെ ആനന്ദവും എന്നെ പിടികൂടുന്നുണ്ട്.  

 

തുലാമാസവും കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും  എന്റെകോലത്തിന് മാത്രം തിരശ്ശീലവീണിട്ടില്ല.  എഴുത്താളറായി എന്റെ സമീപത്ത് ഞാനല്ലാതെ മറ്റാരുമില്ല. മുടി അഴിച്ചുകെട്ടി അരയിൽ തീപന്തം കെട്ടിയതും ഞാൻ തന്നെ. പൊയ്മുഖമില്ലാതെ സ്വന്തം മുഖത്ത് ഈർക്കിൽ കൊണ്ട് നിറങ്ങൾ ചാലിച്ചതും മറ്റാരുമല്ല.   ഭക്തരാരോ കൊണ്ട് വന്ന മദ്യം സേവിക്കുമ്പോൾ അയ്യോ, സ്ത്രീകൾ മദ്യപിക്കുകയോ എന്നു വിലപിക്കാതെ വല്യമ്മ തൊഴുതുനിന്നു. ലോകം മുഴുവൻ ഉറിഞ്ഞ് തുള്ളണമെന്നനിക്കപ്പോൾതോന്നി. ജാതിപേര് കൊണ്ട് അധിക്ഷേപിച്ചവരെകൊണ്ട് തല കുമ്പിടിപ്പിക്കണമെന്നും തോന്നി.   പെട്ടന്ന് ബാങ്ക് വിളിയുടെ താളം നിലച്ചു. കനൽ കൂമ്പാരത്തിൽ നിന്ന് തീയുംപുകയും നിലച്ചു. മുഖത്തെ ചായങ്ങൾ മാഞ്ഞുപോയി, അരികെയുള്ള ആളും ബഹളവും നിന്നു. ഉള്ളിലെ മൂർത്തീഭാവം അടങ്ങി. ഞാൻ വീണ്ടും പഴയ ഞാനായി. 

 

കൈകളിലപ്പോൾ കൊടുവാളിന്റെ തഴമ്പുകൾ തരിച്ചു നിന്നു. കാലുകളിൽ തീകനലിന്റെചൂടുകൾ ചുട്ടുപൊള്ളിച്ചു. നെഞ്ചിലെ കിതപ്പുംവിയർപ്പും കെട്ടഴിച്ച ഉയിരാട്ടത്തിന്റെ കഥകൾ സൂചിപ്പിച്ചു. ഞാൻ പതുക്കെ പായയിൽ നിന്നെണീറ്റു. കുളത്തിലോ പുഴയിലോ പോകാൻപാടില്ല, തമ്പുരാൻ നീരാട്ടിന് പോകുന്ന സമയമാണ്. ഒറ്റ തോർത്ത് കൊണ്ട് മാറുമറച്ചു. കുടിലിന്റെപുറത്ത് ആളനക്കമില്ല. എല്ലാരും പാടത്ത് പോയി കഴിഞ്ഞു. ദ്രുതിയിൽ അടുപ്പിൽ നിന്ന് ഒരു മോറ ചൂടുവെള്ളം കുടിച്ചു. ഇന്ന് നെല്ല് കോയ്യേണ്ട ദിവസമാണ്, വല്യ തമ്പുരാൻ എത്തുന്നതിനു മുമ്പ് പാടത്തെത്തണം. പാതിയോട്ടത്തിൽ അഴിഞ്ഞു പോകാതിരിക്കാൻ എന്റെകൈകൾ ഉടുമുണ്ടിൽ അമർന്നുചേർന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com