ADVERTISEMENT

തായ്‌ലൻഡ്  എന്ന്  കേൾക്കുമ്പോൾ  മനസ്സിൽ  ആദ്യം  വരിക  ശാന്ത സുന്ദരമായ ബീച്ചുകൾ , ബുദ്ധമതവും അമ്പലങ്ങളും , സ്ട്രീറ്റ് ഫുഡ് , പല വർണ നിറത്തിലുള്ള  വസ്ത്രങ്ങൾ  എന്നിവയാണ്.  ഇതെല്ലാം  ആസ്വദിക്കുവാനായി ഞങ്ങൾ  അഞ്ചുദിവസത്തെ  ഒരു യാത്ര  പുറപ്പെടാൻ  തീരുമാനിച്ചു .

ഞാനും എൻറെ രണ്ടു സുഹൃത്തുക്കളും  ചേർന്നു ദുബ‌ായിൽ നിന്ന് ഏകദേശം  ആറര മണിക്കൂർ നീണ്ട  യാത്രക്കൊടുവിൽ  പട്ടായയിലുള്ള ഉതപാവു എയർപോർട്ടിൽ  എത്തിച്ചേർന്നു .

thailand-trip-4

തായ്‌ലന്‍ഡിന്റെ  തലസ്ഥാനമായ  ബാങ്കോക്കിലുള്ള  സുവര്‍ണഭൂമി വിമാനത്താവളത്തിലേക്കു  ടിക്കറ്റ് നിരക്ക് കൂടുതൽ  ആയതിനാലാണ് ബാങ്കോക്കിൽ  നിന്ന്  ഏകദേശം  150 km  അകലെയുള്ള ഉതപാവു എയർപോർട്ടിൽ  പോയത്.  വളരെ  ചെറിയ എയർപോർട്ട്  ആയതിനാലും വിമാനങ്ങൾ  വളരെ  കുറവായതിനാലും  വീസ ലഭിക്കുവാൻ  പത്തുമിനിട്ടിനു താഴെ  മാത്രമേ   സമയം  എടുത്തുള്ളൂ .  ഏകദേശം 200 ദിർഹവും  അവിടെ  വച്ച് തന്നെ  പൂരിപ്പിച്ച നൽകിയ  ഫോമും  മാത്രമാണ്  വിസ  ഫോര്‍മാലിറ്റി .  തുടർന്നു ഹോട്ടൽ  മുറിയിലേക്ക്  യാത്ര  തിരിച്ചു  ഒരല്പം  വിശ്രമത്തിനു ശേഷം      തായ്‌ലന്‍ഡിന്റെ മനോഹാരിത  ആസ്വദിക്കാൻ  ഞങ്ങൾ  ആരംഭിച്ചു .

പട്ടായയിലുള്ള  ആർട് ഓഫ് Paradise ഒരു 3D ലോകമാണ്. വിവിധ  ഇനം വന്യജീവികളുടെയും , ലോകാത്ഭുതങ്ങളുടെയും  പ്രകൃതിയുടെയും ചിത്രങ്ങൾ  3D  എഫക്ടോടുകൂടി അവിടെ  പ്രദർശിപ്പിച്ചിട്ടുണ്ട് . ഏകദേശം ഒരു  മണികൂർ  അവിടെ ചെലവഴിച്ചതിനു  ശേഷം  അടുത്തുള്ള  ഫ്ലോട്ടിങ് മാർക്കറ്റിലേക്ക്  ഞങ്ങൾ  യാത്ര  തിരിച്ചു.

thailand-trip-3

ഇന്ത്യയിലോ യുഎയിലോ  കാണാത്ത  ഒരു  മനോഹരമായ  വേറിട്ട കാഴ്ചയായിരുന്നു  അത്.  ഭക്ഷണശാലകളും  വിവിധ  ഇനം  സാധനങ്ങളും വിൽക്കുന്ന  ഒരുപാടു  കടകൾ  ഒരു വലിയ  തടാകത്തിന്റെ  നടുവിൽ സ്ഥിതി ചെയ്യുന്ന  കാഴ്ചയാണ് അവിടെ കണ്ടത് . മരം കൊണ്ടുള്ള  വലിയ  തൂണുകൾ കൊണ്ടാണ് ആ മാർക്കറ്റ്  നിർമിച്ചിട്ടുള്ളത് . ഏറ്റവും രസകരമായ  അനുഭവം ആ  തടാകത്തിലൂടെ  വഞ്ചിയിലുള്ള  യാത്രയാണ് . ഏകദേശം  പത്തു  പേർക്ക് ഇരിക്കാവുന്ന  ചെറിയ  വഞ്ചിയിൽ  ഇരുപതു  മിനിട്ടു  യാത്ര  ചെയ്തു  ഞങ്ങൾ ഫ്ലോട്ടിങ്  മാർക്കറ്റ്  മുഴുവൻ  കണ്ടു .

പട്ടായയിലുള്ള  മറ്റൊരു  രസകരമായ  ടൂറിസ്റ്റ്  സ്പോട്ട്  അവിടുത്തെ ടൈഗർ സഫാരി  പാർക്കാണ്. മറ്റു  സ്ഥലങ്ങളിലെ  സഫാരി പോലെ  തന്നെ  ഒരു വണ്ടിയിൽ  കയറി  ആ  സങ്കേതം  മുഴുവനായും  കാണാൻ സാധിക്കും.  എന്നാൽ ഈ   പാർക്കിനെ  വ്യത്യസ്തമാകുന്നത്   അവിടുത്തെ   പുലികളെ സന്ദർശകർക്ക്   തൊടാനും ഒപ്പം  നിന്ന്  ഫോട്ടോ  എടുക്കുവാനുള്ള  സൗകര്യം ഉണ്ട്  എന്നതാണ്. 

thailand-trip-2

ഏകദേശം  മൂന്ന്  മാസം  മാത്രം  പ്രായമുള്ള  പുലികുട്ടികളെ എടുക്കുവാനും  കളിക്കുവാനുമുള്ള  സൗകര്യവും , ഒപ്പം തന്നെ സ്മാൾ , മീഡിയം , ലാർജ് എന്നിങ്ങനെ  മൂന്ന് കാറ്റഗറി   തരംതിരിച്ചുള്ള  പുലികളും അവിടെ  കാണാം  സാധിക്കും . ഏകദേഹം   വലിപ്പം അനുസരിച്ചു  നോക്കി ഞങ്ങൾ  മീഡിയം  വലിപ്പമുള്ള  പുലിയെ  കാണാൻ  തീരുമാനിച്ചു.  ഒരു  ട്രെയിനർ  ഞങ്ങളെ  കൂട്ടിലേക്ക്‌ കൂട്ടികൊണ്ടു  പോകുമ്പോൾ  മൂന്ന്  പേർക്കും നല്ല  ഭയം  ഉണ്ടായിരുന്നു.  തുടർന്നു  അവിടെ  ചെന്ന്   പുലിയെ   തൊടുകയും ഒപ്പം ചിത്രങ്ങൾ  പകർത്തുകയും  ചെയ്തു. ജീവിതത്തിൽ  ഒരിക്കലും മറക്കാൻ  പറ്റാത്ത  അനുഭവമായിരുന്നു  അത്. 

പട്ടായയിൽ  കണ്ട  മറ്റൊരു  കണ്ണഞ്ചിപ്പിക്കുന്ന  കാഴ്ചയും  ഞങളുടെ യാത്രയിൽ  ഉടനീളം  ഞങ്ങളെ  ഏറ്റവും  കൂടുതൽ  അത്ഭുതപ്പെടുത്തിയത്  ട്രൂത് ഓഫ്  സാങ്ക്ച്വറി - Truth of Sanctury യാണ്. ഒരുപാടു  വലിപ്പമുള്ള  ഒരു  അമ്പലം പോലെ  തോന്നിപ്പിക്കുന്ന ,  മുഴുവനായും  മരം  കൊണ്ട്  മാത്രം  നിർമിച്ചിട്ടുള്ള രൂപമായിരുന്നു അത്. ഹിന്ദു മതവും  ബുദ്ധ മതവുമായും  ബന്ധമുള്ള ആശയങ്ങൾ , പഞ്ചഭൂതങ്ങളെ കുറിച്ചും , ജീവിത തത്വങ്ങളെ  കുറിച്ചും, അവിടെ ഭരിച്ചിരുന്ന  രാജാക്കന്മാരെക്കുറിച്ചും  മുഴുവൻ  മരം കൊണ്ട് നിർമിച്ചിട്ടുള്ള  രൂപങ്ങളാണ്  ഞങ്ങൾ കണ്ടത്. ഓരോ  കൊത്തു പണികളും എന്താണ്  സൂചിപ്പിക്കുന്നതെന്നു  കൃത്യമായി  പറഞ്ഞു  തരാൻ അവിടുത്തെ  ഗൈഡുകൾ  പ്രതേകം ശ്രദ്ധിച്ചിരുന്നു.  ഏകദേഹം  രണ്ടു മണിക്കൂറുകൊണ്ട്  ആ  ശില്പം കണ്ടു ആസ്വദിക്കുകയും ഒരുപാടു ചിത്രങ്ങളും  വിഡിയോകളും  ഫോണിൽ  പകർത്തിയതിന്  ശേഷം  അവിടെ നിന്ന്  യാത്ര  തിരിച്ചു.

thailand-trip-6

പട്ടായയിൽ  ഒരുപാടു ഇന്ത്യൻ  ഭക്ഷണശാലകൾ   ഉള്ളതിനാൽ ഞങ്ങൾക്ക് ഭക്ഷണത്തിനു അത്ര ബുദ്ധിമുട്ടു  അനുഭവിക്കേണ്ടി വന്നില്ല . വളരെ യാദൃശ്ചികമായി  മലബാർ എന്ന  ഒരു  കേരള ഹോട്ടലും  കാണാൻ   സാധിച്ചു. ഇത്രയും  യാത്ര  ചെയ്തതിനു   ശേഷം   പൂർണമായും ടൂറിസമായി ബന്ധപെട്ടു  നിൽക്കുന്ന  ഒരു   ചെറിയ  പട്ടണമാണ് പട്ടായ  എന്ന്  ഞങ്ങൾക്ക് മനസിലായി .

അടുത്ത ദിവസം തലസ്ഥാന നഗരിയായ ബാങ്കോക്കിലേക്കു ഞങ്ങൾ ടാക്സിയിൽ യാത്ര തിരിച്ചു. ഏകദേശം 150 km  യാത്ര ചെയ്യാൻ രണ്ടു മണിക്കൂർ സമയവും നൂറ്റിഅമ്പതു ദിർഹവും ചെലവ് വന്നു. ബാങ്കോക്ക് നഗരത്തിലേക്ക് കയറുന്നതിനു മുമ്പ് തന്നെ ഒരു മഹാ നഗരത്തിന്റെ കാഴ്ചകൾ കണ്ടു തുടങ്ങി . തിക്കും തിരക്കും നിറഞ്ഞ റോഡുകളും , സിഗ്‌നലുകളും , ഫ്ലൈ ഓവർറുകളും  ആകാശം മുട്ടി നിൽക്കുന്ന ഒരുപാട് കെട്ടിടങ്ങളും കണ്ടു. ബാങ്കോക് നഗരത്തിൽ ഞങ്ങൾ ആദ്യം സന്ദര്ശിച്ചതു ഗ്രാൻഡ് പാലസ് ആയിരുന്നു. പണ്ടത്തെ രാജകുടുംബം താമസിച്ചിരുന്ന ഒരു വലിയ കൊട്ടാരം ഒരു മ്യൂസിയം ആക്കി മാറ്റിയിട്ടുള്ളതാണ്. അവിടെ ബുദ്ധിസ്റ്റു സംസ്കാരവും ഹിന്ദു സംസ്കാരത്തെയും കോർത്തിണക്കികൊണ്ടു പല നിറത്തിൽ പൊതിഞ്ഞ ഒരുപാടു കെട്ടിടങ്ങളും കാണാൻ സാധിച്ചു. സ്വര്ണനിറത്തിലും വെള്ളി നിറത്തിലുമുള്ള അമ്പലങ്ങളുടെ മാതൃകയിൽ നിർമിച്ചിട്ടുള്ള സമുച്ഛയങ്ങൾ കണ്ടു ആസ്വദിച്ച് തീരാൻ ഒരു മണിക്കൂറിനു മുകളിൽ വേണ്ടി വന്നു. പണ്ടത്തെ രാജസൈന്യത്തെ ഓർമപ്പെടുത്തുന്ന വിധം തോക്കുകൾ ഏന്തിയ സൈന്യകരുടെ റൂട്ട് മാർച്ചും കാണാൻ ഇടയായി. 

thailand-trip-8

മുഴുവൻ കെട്ടിടങ്ങൾക്കും പുറത്തായി ഒരു വലിയ നടപ്പന്തലും അതിന്റെ ചുമരുകളിൽ രാമായണ കഥയെ ആസ്പദമാക്കി പല നിറത്തിലുള്ള ചായങ്ങൾ കൊണ്ട് മനോഹരമായ ചിത്രങ്ങളും വരച്ചു വെച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞു.

പിന്നീട് ഞങ്ങൾ കണ്ടത് ബുദ്ധ ഭഗവാന്റെ അമ്പലങ്ങളാണ് . വാട്ട് അരുൺ - Wat Arun , വാട് പോ - Wat Po എന്നിങ്ങനെ അടുത്തടുത്തുള്ള അമ്പലങ്ങൾ ഓരോന്നോരോന്നായി കണ്ടു . ബാങ്കോക് നഗരത്തിന്റെ ഉള്ളിലെ ഒരു തടാകത്തിന്റെ പല വശങ്ങളിലായിയാണ് ഈ അമ്പലങ്ങൾ സ്ഥിതി ചെയുന്നത് .വളരെ തുച്ഛമായ നിരക്കിൽ ബോട്ടിലാണ് ഞങ്ങൾ ഇവിടെക്കെല്ലാം യാത്ര പോയതു. ഒരുപാടു ബുദ്ധിസ്റ്റു സന്യാസിമാരെയും സന്ദര്ശകരെയും ഇവിടെ കാണാൻ സാധിച്ചു .ഈ അമ്പലത്തിൽ ഞങ്ങളെ ഏറ്റവും ആകർഷിച്ചത് ബുദ്ധ ഭാഗവതിന്റെ ഒരു പടകൂറ്റൻ പ്രതിമയാണ് . സ്വർണ നിറത്തിലുള്ള ചെരിഞ്ഞു കിടന്നുന്ന ആ പ്രതിമക്ക് ഏകദേശം അമ്പതു മീറ്റർ നീളമുണ്ടായിരുന്നു .

ബാങ്കോക്കിൽ മുഴുവൻ റോഡുകളിലും തിക്കും തിരക്കും ഉള്ളതിനാൽ മെട്രോയാണ് ഞങൾ മുഴുവൻ ആശ്രയിച്ചത് .ചെറിയ നിരക്കിൽ ഒരു പാട് സമയം യാത്രയിൽ ലാഭിക്കുവാൻ മെട്രോ യാത്ര സഹായിക്കും എന്ന് ഞങ്ങൾക്ക് മനസിലായി . മാത്രമല്ല മെട്രോ സംവിധാനം നഗരത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നുമുണ്ട് . ടാക്സിക്ക് പുറമെ നാട്ടിൽ കാണുന്ന ഓട്ടോറിക്ഷ മാതൃകയിലുള്ള ടുക്ക് ടുക്ക് - Tuk Tuk യാത്ര നടത്തുവാനായി .

thailand-trip-7

വലിയ മാളുകളും ഒരുപാടു വഴിയോര കച്ചവടവും നടക്കുന്ന ഒരു നഗരം കൂടിയാണ് ബാങ്കോക്. സോവനീറുകളും, ആ രാജ്യത്തു തന്നെ നിർമിക്കപ്പെടുന്ന വസ്ത്രങ്ങളും വളരെ ചെറിയ നിരക്കിൽ വിൽക്കുന്നതും സന്ദർശകരെ ഒരുപാടു ആകർഷിക്കുന്നു. അവിടുത്തെ തന്നെ കൃഷി ഇടങ്ങളിൽ വളർന്ന മാമ്പഴം, മാങ്കോസ്റ്റീൻ , ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങൾ വളരെ വിലക്കുറവിൽ സ്വന്തം നാട്ടിലേക്ക് വാങ്ങിക്കൊണ്ടു പോകുന്ന ഒരുപാടു സന്ദര്ശകരെയും അവിടെ ഞങൾ കണ്ടുമുട്ടി.

തായ്‌ലൻഡിലെ എല്ലാ നല്ല ഓർമകൾക്കും നന്ദി പറഞ്ഞു കൊണ്ട് അഞ്ചുദിവസത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ദുബൈയിലേക്ക് യാത്ര തിരിച്ചു .

thailand-trip-9

English Summary: Memories of a 5 day Thailand trip with friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com