ADVERTISEMENT

മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നു തന്നെ തുടങ്ങാം. 'പ്രവാസികൾ നാടിന്റെ നട്ടെല്ലാണ്. അവർ തളർന്നാൽ നാടു നടുങ്ങും. ഓരോ പ്രവാസിയും നമ്മുടെ നാടിന്റെ മക്കളാണ്. കുടുംബത്തിന്റെ, ദേശത്തിന്റെ നന്മക്കാണ് യുവത്വം തുടിക്കുന്ന സമയത്തവർ നാടുവിട്ടത്' പിറന്നമണ്ണും പെറ്റമ്മയേയും കാണാതെ, ചൂടും തണുപ്പും രാവുമൊന്നും വകവയ്ക്കാതെ പടവെട്ടുന്നവരാണു പ്രവാസികൾ. വിഷമങ്ങൾ ഉള്ളിലൊതുക്കി കഠിനാദ്ധ്വാനം ചെയ്യുന്നവരാണവർ. പലപ്പോഴും ജീവിതം മറന്ന മനുഷ്യന്റെ പേരാണോ പ്രവാസി എന്നുപോലും തോന്നും.

 

പ്രവാസികൾ ഇന്നു നിരവധി പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതു മധ്യവേനലവധിക്കും മറ്റു ഉത്സവസമയങ്ങളിലുമുള്ള അനിയന്ത്രിത ആകാശയാത്രാനിരക്കുകളാണ്. ഓർക്കുക, ഇന്നു മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ സ്വന്തം നാടുവിട്ടു പോകാൻ ആഗ്രഹിച്ചിരുന്നവരല്ല. അവരൊക്കെ അവസരങ്ങളുടെ അപര്യാപ്തതയും സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളും കാരണം ഒരു സമയത്തു നാടു വിടേണ്ടി വന്നവരാണ്. അങ്ങനെയവർ പ്രവാസികൾ എന്നു മുദ്രകുത്തപ്പെട്ടു. സ്വന്തം കഷ്ടപാടുകൾ മറച്ചുവച്ചു ഉള്ളതു കൊണ്ടു നാടിനേയും നാട്ടുകാരേയും നെഞ്ചോടു ചേർക്കാൻ അവരോരോരുത്തരും കിണഞ്ഞുപരിശ്രമിച്ചിരുന്നു. കുടുംബത്തോടൊപ്പം മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ, പ്രത്യേകിച്ചും ഗൾഫ് മേഖലകളിൽ തൊഴിൽ നോക്കുന്നവർ മധ്യവേനലവധി സമയത്തു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാവരും കൊതിക്കുന്നതുപോലെ സ്വന്തം കുടുംബത്തോടൊപ്പം ഒന്നായിരിക്കാൻ ആഗ്രഹിച്ചു തുച്ഛമായ ശമ്പളത്തിലും ചെറുകുടുംബങ്ങളായി താമസിക്കുന്ന പ്രവാസികൾ ഗൾഫ് നാടുകളിൽ നിരവധിയാണ്. അതികഠിനഉഷ്ണ സമയമായതിനാൽ  ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണു സാധാരണ ഗൾഫ് മേഖലകളിൽ സ്ക്കൂളുകൾ അടക്കുന്നത്. ഇതു മധ്യവേനലവധിക്കാലം എന്നറിയപ്പെടുന്നു. കുടുംബത്തോടൊപ്പം കഴിയണമെന്ന ആശയാൽ മിക്കവരും ചെറുതാണെങ്കിലും ഭാര്യയും ഭർത്താവും ജോലി ചെയ്യുകയും ഒപ്പം തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം അവരോടൊപ്പം തന്നെ തുടരുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. സ്ക്കൂളുകൾ അടക്കുന്നതിനാൽ മധ്യവേനലവധികളാണ് പ്രവാസികുടുംബങ്ങൾക്കു നാട്ടിലേക്കു പോകുവാനുള്ള അവസരമൊരുങ്ങുന്നത്. ഒപ്പംതന്നെ മറ്റു പ്രവാസികളും അതികഠിനമായ ചൂടു സമയമായതിനാൽ ഈ കാലയളവിൽ മാതൃരാജ്യതെത്താൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ ആഗ്രഹങ്ങൾക്കെല്ലാം വിലങ്ങുതടിയായിരിക്കുകയാണു നിയന്ത്രണമില്ലാതെ വിമാനക്കമ്പനികൾ ഈടാക്കുന്ന ടിക്കറ്റ് നിരക്കുകൾ. ഈ സമയങ്ങളിൽ വിമാനക്കമ്പനികൾ, പ്രത്യേകിച്ചും നമ്മുടെ രാജ്യത്തെ വിമാനക്കമ്പനികൾ ചുമത്തുന്ന ഉയർന്ന നിരക്കുകൾ പ്രവാസികൾക്കെല്ലാം ഒരേപോലെ ഇരുട്ടടിയാണ്. സ്വന്തം നാടും വീടും വയലും കായലുമെല്ലാം കാണാനാഗ്രഹിക്കാത്ത ഏതു മലയാളികളാണു ഇവിടെയുള്ളത്. എന്നാൽ ഇവരിൽ പലരും സ്വന്തം വിഷമങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ്. അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആരോടും പറയാതെ പലപ്പോഴും നീറുന്ന നെഞ്ചുമായി നടക്കുകയാണു ഭൂരിപക്ഷം പ്രവാസികളും. കുടുംബത്തോടൊപ്പം കഴിയുന്ന പ്രവാസികൾക്കെല്ലാം ഈ ഭാരം താങ്ങാനാവാത്തതിനാൽ ആഗ്രഹിച്ച പലയാത്രകളും ആഘോഷങ്ങളും ഒത്തുചേരലുകളും അവർ മാറ്റിവയ്ക്കുകയാണ്.  വർഷത്തിൽ ഒരു മാസമെങ്കിലും നാട്ടിൽ പോകണമെന്നതാണു എല്ലാ പ്രവാസികളുടേയും ആഗ്രഹം. കുറഞ്ഞപക്ഷം രണ്ടു വർഷം കൂടുമ്പോഴെങ്കിലും അവർ പിച്ചവച്ച മണ്ണിനെ കാണാൻ ആഗ്രഹിക്കുമ്പോൾ അതും കിട്ടാക്കനിയായി മാറിയിരിക്കുകയാണിന്ന്. വിമാനക്കമ്പനികൾ സീസണുകളിൽ നടത്തുന്ന കൊള്ളലാഭത്തിന്റെ ഭാരം താങ്ങാനാവാതെ സ്വന്തം മാതാപിതാക്കളേയും നാട്ടുകാരേയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും കാണാനാവാതെ വർഷങ്ങൾ മറ്റു രാജ്യങ്ങളിൽ പ്രത്യേകിച്ചും ഗൾഫ് മേഖലകളിൽ നമ്മുടെ സഹോദരങ്ങൾ കഴിയേണ്ടി വരുന്നതു ദുഃഖകരമാണ്.

 

താങ്ങാനാവാത്ത യാത്രാനിരക്കുകൾ കാരണം ജോലി ചെയ്യുന്നിടത്തു തന്നെ വർഷങ്ങളോളം  തങ്ങേണ്ടിവരുന്നതും മറ്റു മാർഗ്ഗങ്ങൾ തേടുന്നതും നമ്മുടെ നാടിന്റെ നട്ടെല്ലെന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ച പ്രവാസികളെ നോവിന്റെ കയത്തിലേക്കു തള്ളുകയാണ്. നാട്ടിൽ പോകുവാനുള്ള സാധ്യതകൾ മങ്ങിയ പല കുടുംബങ്ങളും തങ്ങളുടെ കുട്ടികളുടെ സന്തോഷത്തിനായി . താരതമ്യേന ചിലവു കുറഞ്ഞ രാജ്യങ്ങളിലേക്കു യാത്ര ചെയ്തു തിരികെ വരുന്നു.  അവധിക്കാലം തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന രീതിയിൽ ചിലവുകൾ ക്രമീകരിച്ചു ആവുന്നരീതിയിൽ ആസ്വദിക്കുവാൻ അവരെല്ലാം നിർബന്ധിതരാകുന്നു.

 

നമ്മുടെ രാജ്യത്തിന്റെ , പ്രത്യേകിച്ചും കേരളത്തിന്റെ സമ്പദ്ഘടനയുടെ നെടുംതൂണായ പ്രവാസികൾ നേരിടുന്ന ഈ പ്രശ്നങ്ങളിൽ ഇടപെടാൻ ഉത്തരവാദിത്തപ്പെട്ടവർ ഇനിയെങ്കിലും തയ്യാറാകണം. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളുമൊക്കെ വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നതല്ലാതെ പലിക്കപ്പെടുന്നതായി കാണുന്നില്ല എന്നതു ദുഃഖകരമായ നഗ്നസത്യമാണ്. ' കണ്ണു തുറക്കേണ്ടവർ കണ്ണു തുറന്നു തന്നെ കാണണം കരയുന്നവന്റെ കണ്ണീർ' മധുരമൊഴികളല്ല ഞങ്ങൾക്കാവശ്യം, യാഥാർത്ഥ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളാണ്. മുഖ്യമന്ത്രിയുടേയും മറ്റു ജനപ്രതിനിധികളുടേയും നിരന്തര ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടും കേന്ദ്രസർക്കാരോ, വിമാനക്കമ്പനികളോ ഇതിനോടു അനുകൂല സമീപനം സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നതു വേദനാജനകമാണ്. ഇനിയെങ്കിലും കേന്ദ്രസംസ്ഥാന സർക്കാരുകളും വിമാനക്കമ്പനികളും പ്രവാസികളെ മനസ്സിലാക്കുവാൻ പരിശ്രമിക്കണം. നമ്മുടെ നാടിന്റേയും രാജ്യത്തിന്റേയും വിഷമഘട്ടങ്ങളിൽ ഒപ്പംനിന്നു ഉടലും ഉയിരും മറന്നു അദ്ധ്വാനിക്കുകയും സത്വര ഇടപെടലുകൾ നടത്തുകയും ചെയ്യുന്നവരാണു നമ്മുടെ പ്രവാസിമക്കൾ എന്നതു കാണാതെ പോകരുത്. വിമാനക്കമ്പനികൾ ഈ അവധി സമയങ്ങളിലും ആഘോഷനാളുകളിലും നടത്തുന്ന നിയന്ത്രണമില്ലാത്ത നിരക്കു വർദ്ധന നിയന്ത്രിക്കാനാവുന്ന പ്രായോഗിക പദ്ധതികൾ ആവിഷ്ക്കരിച്ചേ മതിയാകൂ. കുറഞ്ഞപക്ഷം കുട്ടികൾ പഠിക്കുന്ന പ്രവാസി കുടുംബങ്ങളെ പരിഗണിക്കുകയും അവർക്കു താങ്ങാവുന്ന തരത്തിൽ വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുകയും ചെയ്താൽ പല കുടുംബങ്ങൾക്കുമതു  ആശ്വാസമാകും. നമ്മുടെ നാടിനെ എന്നും നെഞ്ചോടു ചേർത്ത പ്രവാസിയെ വിസ്മരിക്കാതെ അവന്റെ പ്രശ്നങ്ങളിൽ ആർദ്രതയോടെ ഇടപെടാൻ വേണ്ടപ്പെട്ടവർ ഇനിയെങ്കിലും തുനിഞ്ഞില്ലെങ്കിൽ കടുത്ത പ്രതിഷേധ സമരങ്ങളുമായി പ്രവാസികൾ മുന്നോട്ടു പോകുമെന്നുറപ്പാണ്. ഇതു നമ്മുടെ നാടുമായുള്ള ബന്ധം തന്നെ ശിഥിലമാകാൻ ഇടയാകും. അതിനിടവരാതിരിക്കട്ടെ.

 

യുദ്ധകാലാടിസ്ഥാനത്തിൽ, സർക്കാരുകളും ജനപ്രതിനിധികളും   രാഷ്ട്രീയ നേതാക്കളും സംഘടനകളും ഈ വിഷയത്തിൽ ഇടപെട്ടു ഇതിനൊരു ശാശ്വതപരിഹാരം നിർദ്ദേശിക്കേണ്ടതു പ്രവാസിസമൂഹത്തിന്റെ അനിവാര്യതയാണ്. മന്ത്രിമാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവുമൊക്കെ പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ എത്തുമ്പോൾ പ്രശ്നങ്ങൾ എല്ലാം മറന്നു സഹോദരതുല്യസ്നേഹം നൽകി സ്വീകരിക്കാൻ പരിശ്രമിക്കാറുണ്ട് എന്ന യാഥാർത്ഥ്യം മറന്നുപോകരുത്. ഇതേ സ്നേഹം തിരിച്ചും പ്രവാസികൾ പ്രതീക്ഷിക്കുന്നു. ക്രിയാത്മക ഇടപെടലുകൾ ഇക്കാര്യത്തിൽ ഇനിയെങ്കിലും ഉണ്ടായില്ലെങ്കിൽ നമ്മുടെ വിമാനക്കമ്പനികൾ ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധ മാർഗ്ഗങ്ങളുമായി പ്രവാസികൾ മുൻപോട്ടു പോകേണ്ടിവരും. 'സ്വയം വിശപ്പടങ്ങിയാലല്ലേ; മറ്റുള്ളവരുടെ വിശപ്പടക്കാൻ ആരും തയ്യാറാക്കൂ'

 

നാടിനു തുണയും തണലുമായ പ്രവാസികളെ തഴയാതെ ചേർത്തു നിർത്തുന്ന സത്പ്രവൃത്തികൾ സത്വരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com