പോത്ത്- അനിൽ കോനാട്ട് എഴുതിയ ചെറുകഥ

482675241
Image Credits: bobloblaw/Istockphoto.com
SHARE

"പാവം അവൾ കഷ്ടപ്പെട്ടാണ് ആ കുടുംബം പോറ്റിയത് "

"അവന് വല്ല ഉത്തതരവാദിത്വവും ഉണ്ടോ? കള്ള് കുടിച്ചാൽ പോരെ.."

"നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു മോളെ. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആ പെൺകുട്ടിയെയും കൊന്ന് ആത്മഹത്യ ചെയ്യുമായിരുന്നു... "

എന്നോട് ആളുകൾ നേരിട്ടും അല്ലാതെയും പറയുന്ന വാക്കുകൾ എനിക്ക് ജീവിതത്തിൽ മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം നൽകി.

ഒരു മകൾ ഉണ്ടായത് ഒഴിച്ചാൽ വിശ്വേട്ടന്റെ കുടുംബത്തിലേക്കുള്ള സംഭാവന വട്ടപ്പൂജ്യമാണ്.

ഞാൻ പശുവിനെ വളർത്തിയും പുല്ലു പറിച്ചും പാല് കറന്നും പാല് വീടുകളിൽ കൊടുത്തും കുടുബം മുന്നോട്ട് കൊണ്ടുപോയി.

വിശ്വേട്ടൻ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ല.

പശുക്കളെ ഒന്ന് അഴിച്ചു കെട്ടാൻ പോലും എന്നെ സഹായിക്കില്ല 

വൈകുന്നേരം കള്ളും കുടിച്ചു കേറിവരും.

വലിയ ബഹളമൊന്നും ഇല്ലെന്നുള്ളത് മാത്രമാണ് ആശ്വാസം.

പണിക്കൊന്നും പോകാറില്ലെങ്കിലും എന്നും കുടിക്കാറുണ്ട്. പണം എവിടുന്നാണെന്ന് ഞാൻ ചോദിച്ചിട്ടുമില്ല എന്നോടൊട്ട് പറഞ്ഞിട്ടുമില്ല.

ചിലപ്പോൾ പണം വേണമെന്ന് പറഞ്ഞു വീട്ടിൽ ബഹളം വെക്കും.

കടയിൽ സാധങ്ങൾ വാങ്ങിക്കുവാൻ വിട്ടാൽ അതിൽ നിന്നും പകുതി വെട്ടിക്കും.

കറന്റ് ചാർജ്ജ് അടക്കുവാൻ അദ്ദേഹത്തിന്റെ കൈയ്യിൽ പണം കൊടുത്തു വിട്ടാൽ ലൈന്മാൻ എപ്പോൾ വന്നു ഫ്യൂസ് ഊരിയെന്ന് ചോദിച്ചാൽ മാത്രം മതി.

ഓണം വിഷു ഇതൊന്നും വിശ്വേട്ടന് പ്രശ്നമല്ല.

ഒന്നും അന്വേഷക്കുന്നില്ലെങ്കിലും വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതിൽ ഒരു മടിയും ഞാൻ കണ്ടിട്ടില്ല.

ഒരു ഓണത്തിന് മാത്രം അത്ഭുതം സംഭവിച്ചു.

കാർത്തികക്ക് ഏഴ് വയസ്സുള്ളപ്പോഴാണ്.

അവൾക്ക് വിശ്വേട്ടൻ ഒരു ഉടുപ്പ് വാങ്ങിച്ചു കൊടുത്തു.

മൂരിക്കുട്ടനെ വിറ്റപ്പോൾ കിട്ടിയ പണം ആരും കാണാതെ ഞാൻ സൂക്ഷിച്ചു വെച്ചിരുന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ മാത്രമാണ് ആ പണം അടിച്ചു മാറ്റിയാണ് അങ്ങേര് ഓണം അടിപൊളിയാക്കിയതെന്ന് ഞാൻ മനസ്സിലാക്കിയത്.

യാത്രയായപ്പോൾ മൂരിക്കുട്ടന്റെ ദയനീയ മായ നോട്ടം എനിക്ക് കുറെ ദിവസത്തേക്ക് മറക്കുവാൻ സാധിച്ചില്ല.

മകൾ പഠിച്ചതും വളർന്നതും ഒന്നും അദ്ദേഹത്തിന് പ്രശ്നമല്ല.

പെൺകുട്ടിയായത് കൊണ്ട് ഞാൻ വളരെ സ്ട്രിക്ട് ആയിട്ടാണ് അവളെ വളർത്തിയത്.

അവൾക്ക് അത് ഇഷ്ടമല്ലെന്ന് എനിക്കറിയാമായിരുന്നു.

വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായപ്പോൾ പഞ്ചായത്തിൽ അപേക്ഷ കൊടുക്കുവാൻ ഞാൻ വിശ്വേട്ടനോട് കരഞ്ഞു കാല് പിടിച്ചു പറഞ്ഞു.

പ്രയോജനമില്ലെന്നു കണ്ടപ്പോൾ ഞാൻ തന്നെ ഇറങ്ങി.

അപ്പോഴും പലരും സഹതപിച്ചു.

ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചു.

പിന്നെയും അതിന്റെ പുറകെ നടക്കുവാൻ ഞാൻ മാത്രം.

വീടിന്റെ പാലുകാച്ചൽ പ്രമാണിച്ചു മൂന്നു നാല് ദിവസം വിശ്വേട്ടന് ബോധം പോലും ഇല്ലായിരുന്നു.

മകൾ പഠിച്ചു. അവളുടെ ചിലവുകൾ കൂടിക്കൂടിവന്നപ്പോൾ എന്റെ തോളുകൾ ഒടിഞ്ഞു തുടങ്ങിയിരുന്നു.

അവൾ വളർന്നു യുവത്വത്തിലേക്ക് നടക്കുന്നത് കണ്ടപ്പോൾ ആധിയായിരുന്നു.

അവളെ കണ്ടതിനും പിടിച്ചതിനുമൊക്കെ വഴക്ക് പറഞ്ഞു.

അവളുടെ മേനിയിലേക്ക് പാഞ്ഞു വരുന്ന കഴുകൻ കണ്ണുകൾ എന്റെ ഉറക്കം കെടുത്തി.

"നീ വിഷമിക്കേണ്ട അവൾ വളർന്നാൽ കുടുംബത്തിന് ഒരു അത്താണിയാകും "

അയല്പക്കത്തുള്ള കല്യാണിയമ്മ എന്നെ അശ്വസിപ്പിച്ചു.

കള്ളു കുടിയന്റെ മകൾ ആണെന്നറിഞ്ഞാൽ ആരെങ്കിലും അവളെ കെട്ടാൻ തയ്യാറാക്കുമോ?

തയ്യാറായാൽ തന്നെ അവൾക്ക് കൊടുക്കുവാൻ എന്താണ് ഈ വീട്ടിലുള്ളത്?

അവളുടെ ഭാവിയോർത്ത് ഞാൻ വേവലാതിപ്പെട്ടു.

പഠനം കഴിഞ്ഞയുടനെ അവൾക്ക് ജോലി കിട്ടിയപ്പോൾ സ്വല്പം ആശ്വാസം എനിക്ക് തോന്നി.

അവളുടെ ആദ്യ ശമ്പളം എന്റെ കയ്യിൽ വെച്ചു തരുന്നത് ഞാൻ കിനാവ് കണ്ടു.

ശമ്പളം കിട്ടിക്കഴിഞ്ഞപ്പോൾ അവൾ എന്റെ അടുക്കൽ വന്നു.

"അമ്മേ എനിക്ക് ശമ്പളം കിട്ടി. ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അച്ഛനെ കണ്ടു... അച്ഛന് അഞ്ഞൂറ് രൂപ കൊടുത്തു. അമ്മക്ക് കാശു വല്ലതും വേണോ?"

"വേണ്ടാ... നീ സൂക്ഷിച്ചോ..."ഞാൻ വിഷമത്തോടെ പറഞ്ഞു.

മകൾ അവളുടെ പൈസ സൂക്ഷിച്ചു.

വീട്ടിലെ അവസ്ഥക്ക് പിന്നെയും മാറ്റമൊന്നും ഉണ്ടായില്ല.

"നീ ഒരു പൊത്തിനെ വളർത്ത്.. അതിനെ വെറുതെ അഴിച്ചു വിട്ടാൽ വളർന്നുകൊള്ളും.... കാർത്തികയെ കെട്ടിക്കുവാൻ സമയമാകുമ്പോൾ നമുക്ക് വിൽക്കാം.."

കല്യാണിയമ്മ എന്നെ ഉപദേശിച്ചു.

അങ്ങിനെയാണ് ഉണ്ണിക്കുട്ടൻ എന്ന പോത്ത് എന്റെ വീട്ടിൽ വന്നത്.

പൊത്തിനോട് എനിക്ക് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു.. പക്ഷെ പതുക്കെ പതുക്കെ അവന്റെ സ്നേഹത്തിന് മുൻപിൽ ഞാൻ വീണു.

പെട്ടെന്നായിരുന്നു അവന്റെ വളർച്ച.

കാർത്തികയുടെ കല്യാണത്തിന് ഉണ്ണിക്കുട്ടനെ വിൽക്കേണ്ടി വന്നില്ല.

അവൾ തന്നെ അവൾക്ക് ഇഷ്ടമുള്ളയാളെ കണ്ടു പിടിച്ചു.

മറ്റു ജാതിയിലുള്ള ബാബുവിനെ അവൾക്കിഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ എതിർത്തു.

"അച്ഛന് ഇഷ്ടമാണെല്ലോ പിന്നെ അമ്മെക്കന്താണ്?"

അവൾ ചോദിച്ചു.

"അച്ഛന് അത് പറയാം... ഞാനാണ് നിന്നെ കഷ്ടപ്പെട്ട് വളർത്തിയത്..."

"അത് അമ്മ പറയുന്നതല്ലേ.."

അവൾ കൂസലില്ലാതെ പറഞ്ഞു...

"നീ... നീ.. എന്താണ് പറഞ്ഞത്?"

ഞാൻ വിഷമത്തോടെ ചോദിച്ചു.

"വളർത്തിയ കഥയൊന്നും പറയേണ്ട...എപ്പോഴും വഴക്ക് പറച്ചിൽ മാത്രം....ഓണത്തിന് ഒരു നല്ല ഉടുപ്പ് പോലും അമ്മ എനിക്ക് മേടിച്ചു തന്നിട്ടില്ല... അച്ഛൻ ഏഴാം ക്ലാസ്സിൽ വെച്ച് മേടിച്ചു തന്ന ഉടുപ്പ് ഞാൻ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്..."

ദുഃഖം കടച്ചമർത്തിയ ഞാൻ അവളുടെ ഇഷ്ടം തന്നെ നടക്കട്ടെയെന്ന് കരുതി.

അവൾ തുടർന്നു.

"കല്യാണത്തിന് അമ്മ പണം ഉണ്ടാക്കേണ്ട... ഞാൻ അതിനുള്ള വഴി കണ്ടിട്ടുണ്ട് "

"എന്ത് വഴി?"

"ഈ വീടും സ്ഥലവും പണയം വെച്ചാൽ അതിനുള്ള പണം കിട്ടില്ലേ?"

"പണയം വെക്കാനോ? ഞാൻ സമ്മതിക്കില്ല..."

ഞാൻ തീർത്തു പറഞ്ഞു.

"അതിനു അമ്മയുടെ സമ്മതം ആർക്ക് വേണം? ഈ വീടും സ്ഥലവും അച്ഛന്റെ പേരിലല്ലേ... അച്ഛൻ സമ്മതിച്ചിട്ടുണ്ട് "

അവൾ അതും പറഞ്ഞു എന്റെ മുൻപിൽ നിന്നും നടന്നകന്നു.

"ബാങ്കിൽ വന്നു ഒപ്പിടണമെങ്കിൽ എനിക്ക് രൂപ പതിനായിരം കിട്ടണം.."

പതിനായിരം രൂപ അവൾ കൊടുത്തു കഴിഞ്ഞാണ് വിശ്വേട്ടൻ ബാങ്കിൽ പോയത്.

ഉണ്ണിക്കുട്ടനെ വിൽക്കേണ്ടി വന്നില്ലല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചു.

പതിനായിരം രൂപ തീരുന്നത് വരെ വിശ്വേട്ടൻ പൂസായി നടന്നു.

ഏതായാലും കല്യാണം കഴിഞ്ഞിട്ടും ബാബു എന്നോട് ഒരു അകൽച്ച കാണിച്ചു.

ചില ആളുകൾ ജീവിതത്തിൽ വന്നാൽ ഉയർച്ചയുണ്ടാകുമെന്ന് പറയുന്നത് നേരാണ്.

മാത്രമല്ല..നാം ചിന്തിക്കുന്നത് പോലെയല്ല കാര്യങ്ങൾ നടക്കുന്നത്..

വെറുതെ ഓരോന്ന് ചിന്തിച്ചു തല പുണ്ണാക്കിയത് മിച്ചം.

ഒരു വർഷത്തിനുള്ളിൽ ബാബു വിദേശത്ത് പോയി... പുറകെ അവൻ കാർത്തികയേയും കൊണ്ട് പോയി.

ആദ്യം അവൾ വന്നപ്പോൾ വിശ്വേട്ടന് ഒരു ഫോൺ കൊടുത്തു.

എനിക്ക് എന്താണ് വേണ്ടതെന്നു പോലും അവൾ ചോദിച്ചില്ല.

വിശ്വേട്ടൻ ഇടക്കിടക്ക് പണം ചോദിച്ചു കാർത്തികക്ക് വാട്ട്സ് അപ്പ്‌ മെസ്സേജ് അയക്കും.

അവൾ അയച്ചു കൊടുക്കുകയും ചെയ്യും.

പിന്നീട് സംഭവിച്ചതെല്ലാം കണ്ണടച്ച് തുറക്കുന്നതിനു മുൻപായിരുന്നു എന്ന് അതിശയോക്തിയിൽ പറയാം.

എന്റെ വീടിനോട് ചേർന്ന് കിടന്ന കല്യാണിയമ്മയുടെ ഇരുപത് സെന്റ് സ്ഥലം കാർത്തിക വാങ്ങിച്ചു.

ഞങ്ങളുടെ ചെറിയ വീടിന്റെ സ്ഥാനത്ത് വലിയ വീട് വന്നു.

ഉണ്ണിക്കുട്ടൻ വളർന്നു വലിയ പോത്ത് ആയി മാറിയപ്പോൾ പശുക്കളെയെല്ലാം വിറ്റിരുന്നു.

അവനെ വിൽക്കാനും തൊഴുത്തു പൊളിച്ചു കളയാനും കാർത്തിക നിർബന്ധം പിടിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല.

വിശ്വേട്ടൻ ഇപ്പോൾ ആളാകെ മാറി.വെള്ളമുണ്ടും വെള്ള ഷർട്ടും.. പിന്നെ ഒരു സ്വർണ്ണ ചെയ്നും!!!

ഇടക്ക് കാർത്തിക വന്നപ്പോൾ ഒരു കൂളിംഗ് ഗ്ലാസ്‌ വിശ്വേട്ടന് കൊടുത്തു.

ഇപ്പോൾ അതും വെച്ചാണ് നടപ്പ്..!!

കുടിക്ക് മാത്രം ഒരു കുറവും ഇല്ല..

എനിക്ക് അയാളോട് പുച്ഛം തോന്നി.

ജീവിതത്തിൽ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാത്ത മനുഷ്യൻ!!!

ഇപ്പോൾ ഭാവം കണ്ടാൽ എല്ലാം അയാളുടെ മിടുക്കാണെന്ന് തോന്നും..!!!

കാർത്തികയും ബാബുവും എന്നേക്കാൾ അടുപ്പം കാണിക്കുന്നത് വിശ്വേട്ടനോടാണ്.

ശരിക്കും ഒറ്റപ്പെട്ടത് പോലെ എനിക്ക് തോന്നി.

ഒരു ദിവസം രാത്രിയിൽ ഉറങ്ങുവാൻ കിടന്ന വിശ്വേട്ടൻ പിറ്റേദിവസം ഉണർന്നില്ല.

കാർത്തിക വരുന്നത് വരെ മൃതദേഹം ഹോസ്പിറ്റലിൽ സൂക്ഷിച്ചു.

ജനങ്ങളുടെ ഒഴുക്ക് കണ്ട് ഞാൻ അമ്പരന്നു.

സംസ്കാരത്തിന്റെ അന്ന് ജനങ്ങളെ നിയന്ത്രിക്കുവാൻ ബാബുവിന്റെ അനുജൻ മൂന്നു സെക്യൂരിറ്റികളെ വരെ ഏർപ്പാടാക്കിയിരുന്നു!!!!

"ഭാഗ്യ മരണം...."

"എല്ലാ ഉത്തരവാദിത്വങ്ങളും തീർത്തിട്ടുള്ള യാത്ര...."

"നല്ല സ്നേഹമുള്ള മനുഷ്യൻ...."

"നല്ല ഒരു വീട്ടിൽ കിടക്കണമെന്നുള്ള ആഗ്രഹവും സാധിച്ചു"

ആളുകളുടെ കമന്റുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി

സ്ഥലത്തെ പ്രമുഖരെല്ലാം വിശ്വേട്ടനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഓടിയെത്തി.

മന്ത്രി വരുവാൻ താമസിച്ചത് കൊണ്ട് അരമണിക്കൂർ വൈകിയാണ് മൃതദേഹം എടുത്തത്.

അലറിക്കരഞ്ഞ കാർത്തികയെ സമാധാനിപ്പിക്കുവാൻ ബാബു പാടുപെടുന്നത് ഞാൻ കണ്ടു.

വിശ്വേട്ടൻ ഭാഗ്യവാനാണ്... ജീവിതത്തിൽ ഒരു ഉത്തരവാദിത്വവും എടുക്കാതെ കള്ളും കുടിച്ചു നടന്നു.

മരിച്ചപ്പോൾ രാജാകീയമായ യാത്രയപ്പ്!!!!

ഒരു ആചാരവെടിയുടെ കുറവുണ്ടായിരുന്നു!!!

ഞാൻ കരഞ്ഞതും ഇല്ല. എന്നെ ആരും അശ്വസിപ്പിച്ചതും ഇല്ല.

മരണാനന്തര ചടങ്ങുകളെല്ലാം കേമമായി തന്നെ കഴിഞ്ഞു.

ഒരു ദിവസം രാത്രിയിൽ ഞാൻ കാർത്തികയുടെ മുറിയിലേക്ക് വെള്ളവുമായി പോവുകയായിരുന്നു.

മുറിയുടെ അടുത്തെത്തിയപ്പോൾ മുറിയിൽ അടക്കിപ്പിടിച്ച സംസാരം കേട്ടു.

"നിന്റെ അമ്മയുടെ കാര്യം എന്ത് ചെയ്യും?"

"അമ്മ ഇവിടെ നിൽക്കട്ടെ അല്ലെങ്കിൽ വീട് നശിക്കും.... നിങ്ങൾ വെറുതെ വിളിക്കേണ്ട... ആവശ്യമില്ലാത്ത കാര്യങ്ങളിലെല്ലാം ഇടപെടും.....പിന്നെ അമ്മക്ക് കൂട്ടിനു പൊത്തുണ്ടല്ലോ... അപ്പോൾ ഇവിടെ രണ്ടു പോത്തുകൾ ആയി ....."

കാർത്തിക ഉറക്കെ ചിരിച്ചു.

"കാർത്തികേ നിന്നെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയുടെ കാര്യമാണ് നീ പറയുന്നത് "

"അതിന്റെ കാര്യമൊന്നും പറയേണ്ട... അച്ഛൻ മദ്യപാനി ആയത് തന്നെ ഈ അമ്മ കാരണമാണ്... എപ്പോഴും കുറ്റപ്പെടുത്തൽ.മാത്രം...."

ഞാൻ കൂടുതൽ കേൾക്കുവാൻ നിന്നില്ല.

നേരെ തൊഴുത്തിലേക്ക് നടന്നു.

എന്റെ കഴുത്തിൽ ഒരു ഗോളം തടഞ്ഞിരിക്കുന്നത് പോലെ എനിക്ക് തോന്നി.

ഇനി ജീവിക്കുന്നതിൽ കാര്യമില്ലെന്ന് എനിക്കറിയാം.

പക്ഷെ ഉണ്ണിക്കുട്ടൻ.... ഞാൻ മരിച്ചാൽ അവനെ ആരു നോക്കും.???

എന്നെക്കണ്ടപ്പോൾ അവൻ സന്തോഷത്തോടെ ഒരു ശബ്ദം പുറപ്പെടുവിച്ചു.

സ്നേഹത്തോടെ എന്റെ വലം കയ്യ് അവൻ നക്കിത്തുടച്ചപ്പോൾ എന്റെ ദുഃഖങ്ങളെല്ലാം ഞാൻ മറന്നു തുടങ്ങിയിരുന്നു.

English Summary: Malayalam Short Story 'Pothu' Written by Anil Konattu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA