ADVERTISEMENT

ഈ കഥക്കു പേരിടേണ്ടത് “എൻറെ ജനനമെന്നോ” “ഞാൻ ജനിച്ച വഴിയെന്നോ” മറ്റോആണ്. അസാധ്യമായ ഒരു ജനനം സാധ്യമാക്കിയത്തിന്റെ

പാവനസ്മരണയ്ക്ക്  കുത്തും കോമയും എന്ന തലകെട്ടുതന്നെ കൊടുക്കുന്നു.

വന്നവഴി മറക്കരുത്. ഇന്നത്തെ രീതിയിൽ body shaming-ന് കേസു കൊടുക്കില്ലായെന്നു

പ്രതീക്ഷിച്ചുകൊണ്ട് കഥ തുടങ്ങാം. കുത്തും കോമായും എന്റെകൂടെ സ്കൂളിൽ

പഠിച്ചതാണ്. ബോർഡിങ് സ്കൂളിൽ നിന്നും തല്ലിപ്പൊളി എന്ന മേൽവിലാസത്തിൽ

പറഞ്ഞുവിട്ട എന്നെ നാട്ടിലെ സ്കൂളിൽ എഴാം ക്ലാസ്സിൽ ചേർക്കുമ്പോഴാണ്

കുത്തും-കോമയും എൻറെ സഹപാഠിആകുന്നത്. ജന്മനാ കാലിൽ ബാധിച്ച വൈകല്യം,

ഒരു കാൽ ഉപ്പൂറ്റിമാത്രം നിലത്തുകുത്തുമ്പോൾ മറ്റേകാൽ അതിൻറെ പുറംഭാഗംമാത്രം

നിലത്തുകുത്തി, ഒരുകൈ ഏണ്ണിൽ വളഞ്ഞുകുത്തി, മറ്റേകൈ ആകാശത്തോട്ടു

ചൂണ്ടി, തന്നെ ഈ രീതിയിൽ സൃഷ്ഠിച്ചത് ദോ ആ മുകളിലുള്ള ഒരുവൻറെ

വികൃതിയാണെന്ന് പറയുന്നതുപോലെ നടക്കുന്ന നല്ല ചങ്കൂറ്റമുള്ള പയ്യൻ.

മഴക്കാലത്തു നിലത്തുപതിഞ്ഞ കാൽപാടുകൾകണ്ട് ഏതോ കാളിദാസൻ വിളിച്ചതാണ്

കുത്തും കോമയും എന്ന വിളിപ്പേര്.

 

കുത്തും കോമായ്ക്കും ഞങ്ങളെകാളിലും മൂന്നോ നാലോ വയസ്സിന്റെ കൂടുതലുണ്ട്,

അതിനിരട്ടി വിവരവുമുണ്ട്. സ്കൂളിലെ പഠിക്കാനുള്ള പുത്തകം അല്ലാതെ വേറെ

എന്തെങ്കിലും വായിക്കുന്ന ഒരാൾ ഞങ്ങളുടെ ഇടയിൽ അവൻ മാത്രമായിരുന്നു.

ഞാൻ പഠിക്കാനുള്ളതും വായിക്കില്ലായിരുന്നു, അതിനാൽ ഞങ്ങൾ പെട്ടെന്ന്

അടുത്തു. ദാസ് ക്യാപിറ്റൽ, ലെനിൻ, സ്റ്റാലിൻ, മാർക്സ് എന്നെല്ലാം കേൾക്കുന്നത് അവനിൽനിന്നുമാണ്.

ഇനി വിമോചനസമരവും ഇന്ദിരാഗാന്ധിയുടെ

അടിയന്തിരാവസ്ഥയും നിന്നെപോലെയുള്ള മൂരാച്ചികൾക്കു

വേണ്ടിയായിരുന്നുവെന്നു സ്ഥാപിച്ചപ്പോൾ എൻറെ പിതാക്കന്മാരോട് എനിക്ക്

വെറുപ്പോ മതിപ്പോ തോന്നിയതെന്ന് ഇപ്പോൾ ഓർമ്മയില്ല. സാഹിത്യത്തിലും

രാഷ്ട്രീയത്തിലും നല്ല പിടിപാടുള്ള ഗോപിസാറിനോടും വാസുദേവൻസാറിനോടും

ചൂടേറിയ ചർച്ച നടത്തിയിരുന്ന സ്കൂളിലെ ഏക വിദ്യാർഥി കുത്തും കോമയും

മാത്രമായിരുന്നു. ഇനി അവൻ എൻറെ ഗുരുനാഥനുമാണ്. ആദ്യമായി ബീഡിവലിക്കാൻ

എന്നെ പഠിപ്പിച്ചതും, ചുമക്കാതെ പുകയെടുക്കാൻ പഠിപ്പിച്ചതും, സിഗരറ്റ്

ബൂർഷ്വാകൾക്കു വേണ്ടിയുള്ളതാണെന്നും, ബൂർഷ്വാകളെ നിഷേധിക്കണമെന്നു

പറഞ്ഞു തന്നതും അവൻ ആയിരുന്നു.

 

ഒരിക്കൽ വർഗ്ഗസമരം നടക്കുബോൾ ക്ലാസ് നിറുത്താതിരുന്ന ഹെഡ് മാസ്റ്റർ

മത്തായിസാറിനെ തല്ലുവാൻ അരകാലൻ ചാടി അടുത്തപ്പോൾ ഇടയ്ക്കു കയറിയ

വാസുദേവൻസാറിന് തല്ലുകൊണ്ടു. അന്ന് പാർട്ടിക്കാർ ഒളിപ്പിച്ച കുത്തും

കോമയും പിന്നെ ഞങ്ങളുടെ ഇടയിൽനിന്നും ഒരു കുത്തും കോമയും ബാക്കിവെക്കാതെ

അപ്രത്യക്ഷനായി.

 

ജീവിതം ഒരുപാടു കുത്തുകളും കോമയുമായി വർഷങ്ങൾ മുന്നോട്ടു പോയി. ഒരുവിദേശ

യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പിന് ശ്രമിക്കുമ്പോഴാണ് അമ്പതുവയസ്സായ

എനിക്ക് ഒരു ജനന സർട്ടിഫിക്കറ്റ് ഇല്ലായെന്ന് കണ്ടുപിടിക്കുന്നത്. SSLC, പ്രീ-

ഡിഗ്രീ, degree, postgraduation, Passport, PAN card, ആധാർ കാർഡ് ഇതെല്ലാമുണ്ടെങ്കിലും

പഞ്ചായത്തിൽനിന്നുള്ള ജനന certificate വേണം. പഞ്ചായത്തിൽ ചെല്ലുമ്പോൾ

അടുത്ത നൂലാമാല. “Delayed Intimation” ഇനി ഈ കിളവൻ ജനിച്ചുവെന്ന് RDO

അനുവദിച്ചാലെ പഞ്ചായത്ത് ഓഫിസർ സർട്ടിഫിക്കറ്റ് തരൂ.

RDO ഓഫിസിൽ ചെല്ലുമ്പോൾ മറ്റൊരു നൂലാമാല. SSLC, പ്രീ-ഡിഗ്രീ, degree,

postgraduation, Passport, PAN card, ആധാർ കാർഡ് ഇതിലെല്ലാം ജന്മദിനം ഉണ്ടെങ്കിലും

മാമ്മോദീസാ സർട്ടിഫിക്കറ്റ് വച്ചിട്ടില്ലയെന്നു പറഞ്ഞ് ആപ്പീസർ തള്ളി.

കഷ്ടകാലത്തിന് മാമ്മോദീസാ മുക്കിയ വലിയഅച്ഛൻ അത്‌ എഴുതുവാൻ

മറന്നിരുന്നുവെന്ന് കല്യാണം കഴിക്കുന്ന സമയത്ത് മനസ്സിലാക്കിയിരുന്നതിനാൽ

അങ്ങനെ ഒരു സർട്ടിഫിക്കറ്റ് കിട്ടുകയില്ല. കത്തോലിക്കന് ചുരുങ്ങിയത്

മാമ്മോദീസ സർട്ടിഫിക്കറ്റ് വേണം. മറ്റൊരു വഴിയും ഇനിയില്ല. ഒരു പരിണാമവും

ഉണ്ടാവാത്ത രീതിയിൽ എന്റെ ആപ്പ്ളിക്കേഷൻ നൂറുകൂട്ടം ഗതിയില്ലാ

ഫയലുകളുടെകൂട്ടത്തിൽ ഇരിപ്പുറപ്പിച്ചു.

 

ഈശ്വരാ രക്ഷിക്കണേ. ഈശ്വരൻ വിളികേട്ടു. ഒരു ചെറിയ തോണ്ടലായി

പ്യൂണ്ണിന്റെ രൂപത്തിൽ ഈശ്വരൻ പ്രത്യക്ഷപെട്ടു. ഇനി ഒരു വഴിയേയുള്ളു. പാർട്ടി സെക്രട്ടറി ശശിയേട്ടൻ

പറഞ്ഞാൽ ഫയൽ നേരെ RDOയുടെ മേശപ്പുറത്തെത്തും. IASകാരനായ RDOആണ്

അവസാനം തീരുമാനം എടുക്കണ്ടത്.

നാട്ടിലെ അറിയപ്പെടുന്ന സഖാവിനേയുംകൂട്ടി അങ്ങനെയാണ് ശശിയേട്ടനെ

കാണുവാൻ പുള്ളിയുടെ വീട്ടിലെത്തുന്നത്. രാവിലെ ഒരു കല്യാണത്തിനുള്ള

ആളുകൾ അവിടെയുണ്ട്. പൊലീസ്‌ കേസ് ഒതുക്കണ്ടവർ, അടാപിടിക്കാർ,

തടിക്കച്ചവടക്കാർ, മണ്ണുകച്ചവടക്കാർ, നോക്കുകൂലിപ്രശ്നം, സ്ഥലമാറ്റംവേണ്ട

സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെ എല്ലാവരും അവിടെയുണ്ട്. കൂട്ടത്തിൽ ഞാനും.

ഒരു ഡോക്ടറാണ്, MBBS, MD, രണ്ടു ഗോൾഡ് മെഡൽ പിന്നെ 25 വർഷത്തെ

പ്രവർത്തിപരിചയം ഇവയെല്ലാം ഉണ്ട്. എൻറെ ആവശ്യം, എനിക്കു

ജനിക്കണം. അത്രമാത്രമേഉള്ളൂ.

 

എൻറെകൂടെയുള്ള കുട്ടിസഖാവിൻറെ ബലത്തിൽ അധികം താമസിക്കാതെ

ശശിയേട്ടൻറെ മുറിയിലെത്തി. വെള്ളബനിയനും കൈലിയുമുടുത്ത് അതിനോട്

ഒട്ടുംചേരാത്ത പളപളപ്പൻ കറുത്തബൂട്ടും ഇട്ടു, കാലിന്മേൽ കാൽകയറ്റിവെച്ച്,

കൈയിൽ പാതിതീർത്ത സിഗരറ്റും വലിച്ചുകൊണ്ട് ശശിയേട്ടൻ. ശശിയേട്ടൻറെ

കണ്ണ് എവിടെയോ കണ്ടതുപോലെ.

"എടാ പൊറിഞ്ചുവേ, നീയെന്താ ഇവിടെ, നിനക്കെന്നെ മനസ്സിലായില്ലേയെന്നു

ചോദിച്ചുകൊണ്ട് ശശിയേട്ടൻ എഴുന്നേറ്റു. ബൂട്ടുകൾ കാട്ടികൊണ്ട് എടാ ഞാൻ

കുത്തും കോമയും ആണ് എന്നു പറഞ്ഞു. ക്ലാസ്സിൽ ഹാജർവിളിക്കുമ്പോൾ

മാത്രമായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും യഥാർത്ഥ പേര് കേട്ടിരുന്നത്.

ഫ്രാൻസിസെന്ന എൻറെ മാന്യമായ പേരുമാറ്റി പൊറിഞ്ചുയെന്ന്

വിളിക്കുന്നവൻറെയൊക്കെ തന്തയ്ക്കു വിളിക്കുന്നതായിരുന്നു എന്റെ ശീലം.

ശശി അവൻറെ വിളിപ്പേര് സ്വർവ്വാത്മനാ സ്വീകരിച്ചിരുന്നു. ആരുടെയും

മാതാപിതാക്കളെ അവൻ സ്മരിക്കാറില്ലായിരുന്നു.

 

ഒന്നോ രണ്ടോ ഫോൺ വിളിച്ചതിനുശേഷം ശശിയേട്ടൻ പറഞ്ഞു.

ഉച്ചയോടുകൂടി ഫയൽ RDOയുടെ മുൻപിൽ എത്തും. RDOയെ കണ്ടു കാര്യം

പറയുക. ഉത്തർപ്രദേശുകാരനായ RDO baptism certificate to be submitted 

എന്നതിൻറെ മുകളിൽ ഒരു ചോദ്യചിഹ്നം ഇട്ടിട്ടു,  Approve എന്ന്

എഴുതിവെച്ചു. അങ്ങനെ പത്തുമാസം ഫയലിൽ ഗർഭംധരിച്ചു ഞാൻ

എൻറെ അൻപതാം വയസ്സിൽ ജനിച്ചു.

“ചലനം, ചലനം,ചലനം, മാനവജീവിത പരിണാമത്തിൻ മയൂരസന്ദേശം......

വേദങ്ങളെഴുതിയ മുനിമാർ പാടി വാഴ്‌വേമായം,

വാൽമീകി പാടി വള്ളുവർ പാടി വാഴ്‌വേമായം,

സ്വപ്നമൊരു വഴിയേ സത്യമൊരു വഴിയേ,

അവയെ കണ്ണുംകെട്ടി നടക്കും കാലം മറ്റൊരു വഴിയേ,

ഈയുഗം നിർമിച്ച മനുഷ്യൻ തിരുത്തി വാഴ്‌വേ സത്യം”

സോമരസത്തിൽ നിറഞ്ഞു വയലാർ പാടിയത് എത്ര സത്യം

വാഴ്വേ മായം, അവസാനം ഞാൻ സത്യമായും ജനിച്ചു!

വെറുമൊരു കുത്ത് മാത്രമിട്ടു നിർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com