ADVERTISEMENT

റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യക്രൈസ്തവര്‍ ആകെപ്പാടെ കണ്‍ഫ്യൂഷനിലാണിപ്പോള്‍. അടുത്ത ബുധനാഴ്ച് (ഫെബ്രുവരി 14) വാലന്റൈന്‍സ് ദിനം അടിച്ചുപൊളിച്ചാഘോഷിക്കണോ അതോ, അനുതാപത്തിന്‍റെ ചാരം നെറ്റിയില്‍ കുരിശാകൃതിയില്‍ ചാര്‍ത്തി വിഭൂതിബുധന്‍ ഉപവാസത്തോടെ ഭക്തിപൂര്‍വം ആചരിക്കണോ? റൊമാന്റിക് ഹോളിഡേ ആയ വാലന്റൈന്‍സ് ദിനവും വലിയനോമ്പിന്‍റെ തുടക്കമായി വിശുദ്ധമായി ആചരിക്കേണ്ട വിഭൂതി തിരുനാളും 2024ല്‍ ഒരേ ദിവസം, അതായത്, ഫെബ്രുവരി 14 ബുധനാഴ്ച് വരുന്നു. പ്രണയം അഥവാ ആത്മാര്‍ത്ഥ സ്നേഹപ്രകടനത്തിനു ഹൃദയാകൃതിയിലുള്ള ചോക്ലേറ്റുകളും, ആശംസാ കാര്‍ഡുകളും, ചുവന്ന റോസാപുഷ്പങ്ങളും കൈമാറുന്നതിനായി കമിതാക്കളും, യുവജനങ്ങളും, നവവധൂവരന്മാരും ഉല്‍സാഹത്തോടെ കാത്തിരിക്കുന്ന വാലന്റൈന്‍സ് ദിനം. ഇഷ്ടപ്പെട്ട റെസ്റ്റോറന്റ് ഭക്ഷണം കഴിക്കുക, സമ്മാനങ്ങള്‍ കൈമാറുക തുടങ്ങിയവയും വാലന്റൈന്‍ ദിനാഘോഷത്തിന്‍റെ ഭാഗമാണ്.

ആഗോളക്രൈസ്തവരുടെ ഏറ്റവും പുണ്യദിനങ്ങളായി കരുതപ്പെടുന്ന വലിയനോമ്പിലേക്കുള്ള പ്രവേശനകവാടമായ വിഭൂതി പരമ്പരാഗതമായി എല്ലാ ക്രൈസ്തവരും  ആചരിക്കുന്ന ഒരു പുണ്യദിനമാണ്. സഭാനിയമങ്ങളും ചട്ടങ്ങളും പാലിച്ച് വിശ്വാസജീവിതം നയിക്കുന്ന 18നും 59നും, ഇടക്കു പ്രായമുള്ള എല്ലാ കത്തോലിക്കരും മറ്റു ക്രൈസ്തവ വിശ്വാസികളും വിഭൂതിദിനത്തില്‍ മാംസം ഒഴിവാക്കി ഒരുനേരഭക്ഷണം മാത്രം കഴിച്ച് ഉപവാസം അനുഷ്ടിക്കുന്നു. വലിയനോമ്പിലെ വിഭൂതിബുധനും, ദുഖവെള്ളിയും മാംസാഹാരം ഒഴിവാക്കി ഒരുനേരഭക്ഷണം മാത്രം കഴിച്ചു ഉപവസിക്കാന്‍ കത്തോലിക്കര്‍ കടപ്പെട്ടിരിക്കുന്നു. വലിയനോമ്പിലെ എല്ലാ വെള്ളിയാഴ്ച്കളിലും മാംസാഹാരം ത്യജിക്കാന്‍ 14 വയസ്സി നുമുകളില്‍ രോഗാവസ്ഥയിലല്ലാത്തവര്‍ക്കും കടമയുണ്ട്.

പാശ്ചാത്യകത്തോലിക്കര്‍ ഇതില്‍ ഏത് ആഘോഷിക്കും, എതു കൈവെടിയും എന്നുള്ള കണ്‍ഫ്യൂഷനിലാണ്. വളരെ അപൂര്‍വമായിട്ടേ വാലന്റൈന്‍ ദിനവും വിഭൂതിബുധനും ഒരേ ദിവസം വരാറുള്ളു. വാലന്റൈന്‍സ് ദിനം എല്ലാവര്‍ഷവും ഫെബ്രുവരി 14 തന്നെ, എന്നാല്‍ വിഭൂതി ഓരോവര്‍ഷത്തെയും ഈസ്റ്ററിന്‍റെ തിയതിയനുസരിച്ച് മാറി മാറി വരും. 1945ലും 73 വര്‍ഷങ്ങള്‍ക്കുശേഷം 2018ലും, ഇവ രണ്ടും ഒരേ ദിവസം വന്നിരുന്നു.  

പ്രണയത്തിനു പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു റൊമാന്റിക് തിരുനാളാഘോഷവും,   റിലിജിയസ് ഫീസ്റ്റും ഒരേ ദിവസം വന്നാലും സിറോമലബാര്‍, സിറോമലങ്കര, ക്നാനായ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പൗരസ്ത്യ ക്രൈസ്തവര്‍ക്ക് ആകുലതകളൊന്നുമില്ല. അവരെ സംബന്ധിച്ച് വലിയനോമ്പ് അമ്പതു ദിവസമാണ്, അത് ഈ വര്‍ഷം ഫെബ്രുവരി 11 ഞായറാഴ്ച് പേത്രുത്താ ആഘോഷത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രിമുതല്‍ ആരംഭിക്കുന്നതിനാല്‍ വാലന്റൈനുമില്ല, പൗരസ്ത്യ ക്രൈസ്തവര്‍ വിഭൂതി തിങ്കളാഴ്ച്ച ആചരിക്കുന്നതിനാല്‍ ഞായറാഴ്ച്ച തന്നെ 50 നോമ്പിന്‍റെ പേത്രുത്താ ആഘോഷിക്കും. 

പൗരസ്ത്യക്രൈസ്തവര്‍ പേത്രുത്താ ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെ എല്ലാ ഞായറാഴ്ച്കളും ഉള്‍പ്പെടെ 50 ദിവസത്തെ കഠിനമായ നോമ്പാചരിക്കുമ്പോള്‍ പാശ്ചാത്യകത്തോലിക്കര്‍ക്ക് 40 ദിവസം മതി നോമ്പിനു. സെ. പാട്രിക് ഡേ പോലുള്ള ഏതെങ്കിലും പ്രധാനതിരുനാള്‍ നോമ്പിലെ വെള്ളിയാഴ്ച് വന്നാല്‍ മാംസവര്‍ജ്ജനത്തില്‍നിന്നും ഇളവു നല്‍കാനുള്ള അധികാരം പ്രാദേശിക കത്തോലിക്കാബിഷപ്പുമാര്‍ക്കുണ്ട്.  

പാശ്ചാത്യകത്തോലിക്കാക്രമത്തില്‍ 40 ദിവസത്തെ വലിയനോമ്പു തുടങ്ങുന്ന വിഭൂതിബുധനു തൊട്ടുമുന്‍പുവരുന്ന ചൊവ്വാഴ്ച് യെ ആണു ഫാറ്റ് ട്യുസ്ഡേ അഥവാ ഷ്രോവ് ട്യൂസ്ഡേ എന്നു വിളിക്കുന്നത്. ഫ്രഞ്ച് കത്തോലിക്കരുടെ ആചാരമനുസരിച്ച് ഇത് മാര്‍ഡി ഗ്രാസ് എന്നറിയപ്പെടുന്നു. ഫെബ്രുവരി 3നും, മാര്‍ച്ച് 9നും ഇടയിലായിരിക്കും ഫാറ്റ് ട്യുസ്ഡേ വരിക.

എന്താണി ഫാറ്റ് റ്റ്യൂസ്ഡേ അഥവാ മാര്‍ഡി ഗ്രാസ് എന്ന ആഘോഷം. പൗരസ്ത്യ സുറിയാനികത്തോലിക്കരുടെ പേത്രത്തڔആഘോഷമാണു റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ക്രൈസ്തവരുടെ ഫാറ്റ് ട്യൂ സ്ഡേ. ജനുവരി 6ന്‍റെ എപ്പിഫനി തിരുനാളില്‍ തുടങ്ങി ദിവസങ്ങളോ, ആഴ്ച്ചകളോ നീണ്ടുനില്‍ക്കുന്ന കാര്‍ണിവല്‍ ആഘോഷത്തിന്‍റെ സമാപനദിനമാണു ഫാറ്റ് റ്റ്യൂസ്ഡേ. പേരെന്തായലും എല്ലാ ആഘോഷങ്ങളുടെയും ഉദ്ദേശം ഒന്നു തന്നെ.

പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസപാരമ്പര്യമനുസരിച്ച് 50 ദിവസത്തെ വലിയനോമ്പു തുടങ്ങുന്ന തിങ്കളാഴ്ച്ചക്കു മുന്‍പുവരുന്ന ഞായറാഴ്ച്ചയാണു (ഫെബ്രുവരി 11 ഞായറാഴ്ച്ച) പേത്രത്താ ആയി ആഘോഷിക്കുന്നത്. പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികള്‍ നോമ്പിന്‍റെ 50 ദിനങ്ങളിലും മാംസവും, മൃഗകൊഴുപ്പുകളടങ്ങിയ ഭക്ഷണങ്ങളും ഉപേക്ഷിക്കുന്നതിനാല്‍ അതിനുള്ള തയാറെടുപ്പായി നോമ്പില്‍ വിലക്കപ്പെട്ട ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയറുനിറച്ച് കഴിച്ച് നോമ്പാചരണത്തിനു തയാറെടുക്കുന്നു. കൊഴുപ്പു കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീട്ടില്‍ സ്റ്റോക്കുള്ളതുമുഴുവന്‍ നോമ്പിനു മുന്‍പായി കഴിച്ചുതീര്‍ക്കുകയാണു ഫാറ്റ്  ട്യൂസ്ഡേ ആഘോഷത്തിലൂടെ പാശ്ചാത്യര്‍ ലക്ഷ്യമിടുന്നത്. നോമ്പുദിനങ്ങളില്‍ നാം ഇഷ്ടപ്പെട്ട എന്തൊക്കെ ഭക്ഷണസാധനങ്ങളാണോ വര്‍ജിക്കുന്നത് അതെല്ലാം നോമ്പിനുമുന്‍പായി ഒന്നുകൂടി കഴിച്ച് ആശ തീര്‍ക്കുന്നു പേത്രത്താഫാറ്റ് ട്യൂസ്ഡേ ആഘോഷത്തിലൂടെ.

വൃതാനുഷ്ഠാനങ്ങളോടെ, ഉപവാസത്തിലും, പ്രാര്‍ഥനയിലും, തിരുവചനധ്യാനത്തിലും കൂടുതല്‍ സമയം ചെലവഴിച്ചു ദൈവസന്നിധിയിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള അവസരമാണ് നോമ്പുകാലം എന്നു പറയുന്നത്. ശരീരത്തെയും, മനസ്സിനെയും വെടിപ്പാക്കി പുതിയൊരു മനുഷ്യനാകുക എന്നതാണു നോമ്പുകൊണ്ടുദ്ദേശിക്കുന്നത്. പേട്രുത്ത എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം തന്നെ നമ്മിലേക്കുതന്നെ തിരിഞ്ഞുനോക്കുക എന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com