ADVERTISEMENT

പ്രവാസ മലയാളികളുടെ ഉത്സവദിനമായിരുന്നു ഇന്ന്. സാംസ്കാരിക കാര്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ വിവിധ പഠന കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികളെ അധ്യാപകരും രക്ഷകർത്താക്കളും മധുരം നല്കി സ്വീകരിച്ചു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ പുസ്തകങ്ങളിലൂടെയുള്ള പന്ത്രണ്ടു വർഷത്തെ പഠനത്തിനു ശേഷം ആദ്യമായി പ്രവാസികളായ 152 (നൂറ്റി അമ്പത്തിരണ്ട്) വിദ്യാർഥികൾ എസ്എസ്എൽസിയുടെ മലയാളം തുല്യതയായ മലയാളം മിഷൻ്റെ "നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷ" എഴുതി.

ബഹ്റിൻ, ഡൽഹി, മുംബൈ, ഗോവ, പുതുച്ചേരി, തമിഴ്നാട് എന്നീ 6 ചാപ്റ്ററുകളാണ് മലയാളം മിഷന്റെ നീലക്കുറിഞ്ഞി എഴുതി ചരിത്രത്തിൻ്റെ ഭാഗമായത്'. ലോകത്തിന്റെ വിവിധ ക്ലാസ് മുറികളിലിരുന്ന് ചാപ്റ്റർ സെക്രട്ടറിമാർ പരീക്ഷ സൂപ്രണ്ടുമാരായും അധ്യാപകർ ഇൻവിജിലേറ്റർമാരായും സുതാര്യമായി പരീക്ഷ നടത്തി. മലയാളം മിഷൻ ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയനും, വൈസ് ചെയർമാൻ സജി ചെറിയാനും, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും, കേരള ഗവർൺമെന്റിനും, ലോക മലയാളികൾക്കും, മാതൃഭാഷയ്ക്കായി പോരാടുന്നവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ വിനോദ് വൈശാഖി, പരീക്ഷ സെക്രട്ടറി സന്തോഷ് കുമാർ കോർഡിനേറ്റർ സാജു ഗംഗാധരൻ എന്നിവരുടെയും ചാപ്റ്റർ സെക്രട്ടറിമാരുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലാണ് പരീക്ഷ നടന്നത്. തിരുവനന്തപുരം കോഴിക്കോട്, എറണാകുളം എന്നീ മൂന്ന് കേന്ദ്രങ്ങൾ കേരളത്തിലും അനുവദിച്ചിരുന്നു.

വിവിധ വ്യവഹാര രൂപങ്ങളിലൂടെയുള്ള 10 മാർക്കിനുള്ള പത്ത് ചോദ്യങ്ങളാണുണ്ടായിരുന്നത്. മുന്നേകാൽ മണിക്കൂർ നീണ്ട പരീക്ഷയുടെ ചോദ്യങ്ങൾ അതീവ ഹൃദ്യവും പരിചിതവുമാണ്. നീലക്കുറിഞ്ഞി പരിശീലനം അത്രയും മികച്ച രീതിയിലായിരുന്നതിനാൽ ഉത്തരമെഴുതാൻ കുട്ടികൾക്കായി. പത്ത് മാർക്കു വീതമുള്ള പത്ത് ചോദ്യങ്ങളിൽ ഏതെങ്കിലും എട്ടെണ്ണം എഴുതിയാൽ മതിയാകുമെന്നത് കുട്ടികൾക്ക് ചോദ്യം തിരഞ്ഞെടുക്കാൻ സഹായകമായി.10  മാർക്കിനുള്ള 8 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ 80 മാർക്ക് ലഭിക്കും. തുടർമൂല്യനിർണ്ണയം 20 മാർക്കിനാണ്, ആകെ നൂറ് മാർക്കിനാണ് പരീക്ഷ.

എം.ടിയുടെ "ഒരു പിറന്നാളിൻ്റെ ഓർമ" എന്ന കഥയെ ആധാരമാക്കി നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത  ഒരനുഭവം സുഹൃത്തിന് ഒരു കത്തെയെഴുതുക എന്ന ആദ്യ ചോദ്യത്തിന് ലളിതമായി ഉത്തരമെഴുതാൻ കുട്ടികൾക്കാവും. കുഞ്ചൻ ദിനാചരണത്തോടനുബന്ധിച്ച് "ഗണപതി പ്രാതൽ"എന്ന തുള്ളൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കഥയും സന്ദർഭവും പരിചയപ്പെടുത്താനുള്ള രണ്ടാമത്തെ ചോദ്യത്തിന് രസകരവും സർഗാത്മകമായി ഉത്തരമെഴുതാനാകും.

ഗണപതിക്ക് മുന്നിൽ അഹങ്കാരമില്ലാതെ നില്ക്കുന്ന നിസ്സംഗനായ കുബേരൻ പെട്ടെന്ന് ഓർമ്മയിൽ വരും. വിവിധ തുള്ളലുകളെ വിവരിക്കാനുമാകും. തുടർന്നുള്ള 8 ചോദ്യങ്ങളിൽ പരിസ്ഥിതി സെമിനാറിനുള്ള നോട്ടീസ്, യാത്ര വിവരണം, അടൂരിൻ്റെ ചലച്ചിത്ര പ്രവർത്തനവുമായി ബന്ധപ്പെട്ട പത്രവാർത്ത, 'സാങ്കേതിക വിദ്യ ജീവിതത്തിലുണ്ടാക്കുന്ന ഗുണവും ദോഷവും' സൂചിപ്പിക്കുന്ന ഉപന്യാസം, യാത്രാവിവരണം, ഓണ സംവാദം, സച്ചിദാനന്ദൻ്റെ 'വിലങ്ങനിൽ' എന്ന കവിതയും ഓഎൻവി കവിതയും തമ്മിലുള്ള താരതമ്യവും വിശകലനവും ഉൾപ്പെടുന്നു. "മിന്നുന്നതെല്ലാം പൊന്നല്ല " എന്ന പഴഞ്ചൊല്ലിൻ്റെ ആശയവും ജീവിത വീക്ഷണവുമൊക്കെ കുട്ടികൾക്ക് സാമാന്യം തൃപ്തിയായി സ്വന്തം ഭാഷയിൽ  എഴുതാനാകും. "പാത്തുമ്മയുടെ ആടി"നെ മുൻനിർത്തിയുള്ള അവസാന ചോദ്യം കഥയിലെ ബഷീർ എന്ന കഥാപാത്രത്തെ കുറിച്ചെഴുതാനാണ്. കുട്ടികളുടെ മനസിൽ ബഷീർ ഇക്കാക്ക നിറഞ്ഞുനില്ക്കുകയല്ലേ. 

ഇങ്ങനെ വിവിധ വ്യവഹാര രൂപങ്ങളിലൂടെ കുട്ടികൾ സഞ്ചരിച്ചു. ആഹ്ലാദത്തോടെ ഉത്തരങ്ങൾ എഴുതി പൂർത്തിയാക്കി. ചോദ്യപേപ്പറിൽ ചോദ്യത്തിനു  താഴെ നിശ്ചിത സ്ഥലം ഉത്തരമെഴുതാൻ ഉണ്ടായിരുന്നു എന്നതും കുട്ടികൾക്ക് സൗകര്യമായി. ആദ്യ നീലക്കുറിഞ്ഞി പരീക്ഷ വേനലിലെ കുളിർമഴ തന്നെയായിരുന്നു.

English Summary:

'Venal Mazha Pole Neelakurinji'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com