ADVERTISEMENT

ഡാലസ് ∙ അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പ്രസിദ്ധനായ രാജൂ തരകൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ ‘ഇടയകന്യക’.വായനയുടെ നവ്യാനുഭവവുമാണെന്ന് പാസ്റ്ററും , വേദപുസ്തക പണ്ഡിതനും നിരൂപകനുമായ  തോമസ് മുല്ലയ്ക്കൽ അഭിപ്രായപ്പെട്ടു. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവിന്റ ഏറ്റവും ഉദാത്തമായ പുസ്തകങ്ങളിലൊന്നാണ് ഉത്തമ ഗീതം’.  വളരെയധികം വ്യാഖ്യാനങ്ങളോ കൃതികളോ ഒന്നും ഉത്തമ ഗീതത്തിലെ ഇടയകന്യകയെയും ഇടയച്ചെറുക്കനെയുംപറ്റി പുറത്തുവന്നിട്ടില്ല. വി കെ വി സൈമൺ സാറിനെപ്പോലെയുള്ള ക്രിസ്തീയ സംഗീത രചയിതാക്കളുടെ ഗാനങ്ങളിൽ ഉത്തമ ഗീതത്തിലെ കഥാപാത്രങ്ങൾ ഏറെ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും പൊതുവെ പ്രസംഗകരും വേദ പഠിതാക്കളും പവിത്ര സ്നേഹത്തിന്റെ സുന്ദര കാവ്യം ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥത്തെ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ഒരുപക്ഷെ അതിലെ വരികളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രേമാതുരമായ വാക്കുകളാകാം. എന്നാൽ യഹൂദന്മാർ എക്കാലത്തും അവരുടെ പരമപ്രധാനമായ ഉത്സവങ്ങളിലൊന്നായ പെസഹപെരുന്നാളിന്റെ സമയത്ത് ആവർത്തിച്ച് പാടുന്നത് ഉത്തമഗീതത്തിലെ വരികളാണെന്നത് എത്രപേർക്കറിയാം.

‘ഇടയകന്യക’ എന്ന ഈ പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം ആരംഭിക്കുന്നത് തന്നെ ചുംബനത്തോടുകൂടിയാണ്. കാന്തനും കാന്തയും തമ്മിലുള്ള വിവാഹ ജീവിതത്തിലെ ചുംബനം മുതൽ ചതി പിന്നിലൊളിപ്പിച്ച യൂദായുടെ ചുംബനം വരെ സരസമായി രചിച്ചിരിക്കുന്നത് ഒരു പുതിയ വായനയുടെ അനുഭവം നൽകുന്നു. ഈ ഗ്രന്ഥത്തിലെ നാല് അദ്ധ്യായങ്ങളിലായി ഉത്തമ ഗീതത്തിലെ എട്ട് അദ്ധ്യങ്ങൾ വ്യക്തമായി വ്യാഖ്യാനിച്ചിരിക്കുന്നു. കൊട്ടാരത്തിലെ ഇടയകന്യകയും. പ്രാവിന്റെ കണ്ണുകൾ പോലെ സുന്ദരമായ ശൂലേമിയുടെ കണ്ണുകളും, ഒടുവിൽ ആ കണ്ണുകളുയർത്തി പ്രീയനായി കാത്തിരിക്കുന്ന കന്യകയുമൊക്കെ സഭയുടെ കാന്തനായ പതിനായിരങ്ങളിൽ സുന്ദരനായ യേശുക്രിസ്തുവിലേക്ക് വായനക്കാരെ നയിക്കും എന്നതിന് സംശയമില്ല. ബൈബിൾ പഠിതാക്കൾക്കും പ്രസംഗകർക്കും ഈ വ്യാഖ്യാനഭാഗം ചിന്തയുടെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും എന്നതിന് സംശയമില്ല.

തുടർന്ന് കാണുന്ന അമ്പത്തിയൊന്ന് അദ്ധ്യായങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്നത് പല സന്ദർഭങ്ങളിലായി രാജൂ തരകൻ രചിച്ച ലേഖനങ്ങളുടെ സമാഹാരമാണ്. അതിൽ ശലോമോന്റെ രചനകൾ പോലെ ചെറുതും വലുതുമായ അനേകം സംഗതികൾ ലളിതസുന്ദരമായി അവതരിപ്പിച്ചിട്ടുണ്ട്. സൂര്യനു താഴെ കാണുന്ന ഏതിനെക്കുറിച്ചും പഠിക്കുകയും എഴുതുകയും ചെയ്തിരുന്ന  യിസ്രായേൽ രാജാവായിരുന്നല്ലോ ശലോമോൻ. ഇവിടെ ഗ്രന്ഥകർത്താവ് മലയാളികളുടെ ഇടയിലുള്ള, പ്രത്യേകാൽ മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ സഭയിലും സമൂഹത്തിലുമുള്ള വിവിധ കാര്യങ്ങളെക്കുറിച്ച് നന്നായി വീക്ഷിച്ചിരിക്കുന്നതായിക്കാണാം. അപ്പോൾത്തന്നെ സാമൂഹ്യജീവിതത്തിലെ പുഴുക്കുത്തുകളും നന്മകളും നല്ല ഉദാഹരണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘എല്ലാവരും ഒരുപോലെയല്ല; എല്ലാവരും നല്ലവരല്ല’ എന്ന അദ്ധ്യായത്തോടെയാണ് ലേഖന സമാഹാരം തുടങ്ങുന്നത്. ഈ വാചകം എബ്രഹാം ലിങ്കൺ മകനുവേണ്ടി എഴുതിയ കത്തിലെ വാക്കുകളാണ്. അനേക പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ഒടുവിൽ അമേരിക്കയുടെ പ്രസിഡന്റ്  പദവിയിൽ വരെ എത്തിയ അദ്ദേഹം പറഞ്ഞ മറ്റൊരു വാക്കും  ഇവിടെ ശ്രദ്ധേയമാണ്. “ഞാൻ നടക്കുന്നത് സാവധാനമായിരിക്കാം; പക്ഷെ ഞാൻ ഒരിക്കലും പുറകിലേക്ക് സഞ്ചരിക്കില്ല”. മുമ്പോട്ടുള്ള അദ്ധ്യായങ്ങളിൽ ക്രിസ്മസും, യുദ്ധഭൂമിയിലെ നിലവിളികളും പ്രവാസത്തിൽ നിന്നും മടങ്ങിയെത്തിയ വിധവയും സ്ത്രീധനവുമൊക്കെ ചിന്താവിഷയങ്ങളാകുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്ന നിലയിലുള്ള പല ജീവിത പാഠങ്ങളും രാജൂ തരകൻ ഇതിൽ കുറിയ്ക്കുന്നുണ്ട്.

സഭകളിലെ ആത്മീയ ശോഷണവും സഭാശുശ്രൂഷകന്മാരുടെ ആത്മീയ നിലവാരവുമൊക്കെ പല അദ്ധ്യായങ്ങളിലും പരാമർശിക്കുന്നുണ്ട്. കുറ്റപ്പെടുത്തലുകൾക്കപ്പുറം സാന്ത്വനത്തിന്റെ പ്രകാശരശ്മികൾ നമുക്ക് ഓരോ ലേഖനങ്ങളിലും കാണാം. ദൈവവവചനത്തിന്റെ അന്തസത്ത ഒട്ടും ചോർത്തിക്കളയാതെ അത് വേണ്ടയിടത്ത്  നന്നായിചേർക്കുവാനും ലേഖകൻ  ശ്രമിച്ചിട്ടുണ്ട്. പെന്തക്കോസ്ത് കോൺഫെറെൻസുകളും സഭകളിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളുമൊക്കെ വിശദമായ ചർച്ചയ്ക്ക് ഇതിൽ വിധേയമാക്കപ്പെടുന്നുണ്ട്.

ഏറ്റവും ഒടുവിലായി വിജ്ഞാനത്തിന്റെ ലോകത്തിലേക്കുള്ള ഓരോ ചുവടുവെയ്പുകളും സൂക്ഷ്മതയോടെ വേണം എന്ന ലേഖനം ഈ കാലഘട്ടത്തിൽ അത്യാവശ്യമായി നൽകേണ്ട മുന്നറിയിപ്പാണ്. മാദ്ധ്യമപ്രവർത്തനരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന രാജൂ താരകന്റെ ഹൃദയത്തിൽ തൊടുന്ന കുറിപ്പുകൾ ഓരോ മലയാളിക്കും പ്രത്യേകാൽ പ്രവാസി മലയാളികൾക്ക് ഒരു പാഠപുസ്തകമാണ്. മഹാരാഷ്ട്രയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ സർവീസ് എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച തരകൻ വിവിധ വാർത്താ മാദ്ധ്യമങ്ങളിൽ ഫ്രീലാൻസ് റിപ്പോർട്ടറായി സേവനം ചെയ്തിട്ടുണ്ട്. പൂനെയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മലയാള ശബ്ദത്തിന്റെ’ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കയിലെ പ്രവാസജീവിതത്തിന്റെ ഭാഗമായി സാഹിത്യ രചനയിൽ മാത്രമല്ല സംഘാടന മേഖലയിലും ലേഖകൻ സജീവമാണ്. മലയാളി പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറത്തിന്റെയും ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെയും ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള രാജൂ തരകൻ, ഡോ. ജോർജ്ജ് തരകന്റെയും തങ്കമ്മ ജോർജ്ജിന്റെയും മക്കളിലൊരാളാണ്. ഇപ്പോൾ ഡാളസിൽ താമസിച്ചുകൊണ്ട് പൂർണ്ണ സമയം പത്രപ്രവർത്തനവും സാഹിത്യരചനകളും പ്രേഷിതപ്രവർത്തനങ്ങളും നടത്തുന്ന രാജൂ തരകൻ, ‘എക്സ്പ്രസ്സ് ഹെറാൾഡ് എന്ന ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ കൂടിയാണ്.

English Summary:

Raju Tharakan's Book 'Idayakanyaka'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com