ADVERTISEMENT

നാൽപത്തിയൊന്ന് വർഷങ്ങൾക്കുശേഷം, ആലപ്പുഴ സനാതന ധർമ്മ കോളേജിലെ സസ്യശാസ്ത്ര വിഭാഗം വിദ്യാർഥികൾ, പണ്ട്, അവർ വാനമ്പാടികളായി പാറിനടന്ന  വിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടി. വിവിധ സ്ഥലങ്ങളിൽ നിന്നും, മൂന്നു വർഷം  നീണ്ടുനിന്ന ഡിഗ്രി ക്ലാസ്സ്, എന്ന വഴിയമ്പലത്തിൽ, നാൽപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് എത്തിച്ചേർന്ന സതീർത്ഥ്യർ, വീണ്ടും ഒത്തുകൂടിയപ്പോൾ,  ഇടവേളയാകുന്ന ദീർഘ നിശ്വാസത്തിന് നാല് പതിറ്റാണ്ടിലേറെ ദൈർഘ്യമുണ്ടാകുമെന്ന് നിരൂപിച്ചിരുന്നില്ല.

return-trip-6
return-trip-5
return-trip-4
return-trip-2
return-trip-1
return-trip
return-trip-6
return-trip-5
return-trip-4
return-trip-2
return-trip-1
return-trip

പഴയ ഓർമ്മകൾ ചെത്തിമിനുക്കിയപ്പോൾ, ക്ലാസ്സിലെ അവസാന ദിവസം അവർ ഒത്തുചേർന്ന പാടിയ "അണിയാത്ത വളകൾ" എന്ന സിനിമയിലെ ഗാനം പലരുടെയും അധരങ്ങളിലേക്ക് അവരറിയാതെ എത്തിച്ചേർന്നു. 
“പിരിയുന്ന കൈവഴികൾ ഒരുമിച്ചുചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ..
ഒരു ദീർഘ നിശ്വാസം ഇടവേളയാക്കുവാൻ  ഇടവന്ന സൂനങ്ങൾ നമ്മൾ...
ഇതു ജീവിതം,  മണ്ണിൽ ഇതു ജീവിതം”
അതെ, ജീവിതം പലപ്പോഴും അപ്രതീക്ഷിത അനുഭവങ്ങളാണല്ലോ നമ്മൾക്കുവേണ്ടി കാത്തുവെച്ചിരിക്കുക.
അയ്യോ!  ഇതാരാണ്?
ഹബീബല്ലേ?
ആളങ്ങ്, ആകെ മാറിപ്പോയല്ലോ?

മുപ്പത്തഞ്ച് വർഷത്തെ ലണ്ടൻ ജീവിതം ഹബീബിനെ വല്ലാതെ മാറ്റി മറിച്ചിരിക്കുന്നു.
"ഓർമ്മകൾ ഓർമ്മകൾ ഒലോലം തകരുമീ തീരങ്ങളിൽ
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ”
അതെ ചിരികണ്ടപ്പോൾ ഉറപ്പിച്ചു ഇത് ഹബീബ് തന്നെ.
ഈ വരാന്തയിൽ, ഇവിടെ വെച്ചായിരുന്നു ഹബീബ്,

“മാടപ്രാവേ വാ
ഒരുകൂട് കൂട്ടാൻ വാ
ഈ വസന്ത കാലം കൈനീട്ടി കൈനീട്ടി
വരവേൽക്കയായ് നീ വാ

----------------------------------

ഈ വയൽ പൂക്കൾപോൽ
നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ പാടിവരാമോ"
എന്നെല്ലാം ആടിപ്പാടി കമലഹാസനെപ്പോലെ നടന്നിരുന്നത്. 
കഴുത്തുവരെ നീട്ടിവളർത്തിയ  മുടിയുടെ അറ്റം ഉള്ളിലേക്ക് ചുരുട്ടിവച്ച്, ബെൽ ബോട്ടം പാന്റ്റും, വീതികൂടിയ ബെൽറ്റും, നീളൻ കോളറുള്ള ഷർട്ടുമെല്ലാം ധരിച്ചിരുന്ന അന്നത്തെ കോളേജ് കുമാരന്മാരുടെ ശിരസ്സുകളിൽ  നിന്നും കേശങ്ങൾ ഇപ്പോൾ പിണങ്ങിപ്പോയിരിക്കുന്നു.

ഓർമ്മകൾ ഓടിക്കളിക്കുന്ന തിരുമുറ്റത്ത് ഒത്തുകൂടിയവർ എല്ലാവരും ചിത്രം എടുക്കുവാനായി  നിൽക്കുമ്പോൾ, ഞങ്ങൾ പഠിച്ചിരുന്ന കാലത്ത് നിലനിന്നിരുന്ന വാകമരം ഞങ്ങളെ നോക്കി പരിചിത ഭാവത്തിൽ ചിരിച്ചുകൊണ്ട് തലയാട്ടുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മരത്തിന് ഒരുവ്യത്യാസവും ഇല്ല, തായ്ത്തടിക്ക് അല്പം വണ്ണം കൂടിയതൊഴിച്ചാൽ.

“മിഴികളിൽ നിറ കതിരായി സ്നേഹം
മൊഴികളിൽ സംഗീതമായി
ചിരികളിൽ മണിനാദമായി
ഒരുവാക്കിൽ തേൻകണമായി”

എല്ലാവരും ഒരുമിച്ച് ഒന്നാം നിലയിലേക്കുള്ള പടികൾ കയറാൻ ആരംഭിച്ചു. ഒറ്റ കുതിപ്പിന് ഒന്നാം നിലയിലെ പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ പണ്ടെത്തിയിരുന്നതാണ്.
ഇപ്പോൾ പടികളുടെ എണ്ണം കൂട്ടിയോ?
നേരെ മുകളിലേക്ക് പാദങ്ങൾ വച്ച് കയറുന്നതിനു പകരം പലരും വശങ്ങളിലൂടെ ചാഞ്ഞും, ചരിഞ്ഞും കയറുന്നു.

ഒന്നാംനിലയിൽ ഒരുവിധം എത്തിയപ്പോൾ, പ്രിൻസിപ്പൽ ഓഫീസ്  ഇപ്പോൾ മാനേജർ ഓഫീസ് ആക്കി മാറ്റിയിരിക്കുന്നു.
പണ്ടത്തെ ഇംഗ്ലീഷ് ക്ലാസ്റൂം ആണ് ഇപ്പോൾ പ്രിൻസിപ്പൽ ഓഫീസ്.
റാവു  സാറിന്റെ ഷേക്സ്പിയർ നാടകം പൊടിപൊടിച്ച മുറി. സാർ നാടക ങ്ങൾ പഠിപ്പിക്കുകയായിരുന്നില്ല, അഭിനയിച്ച് അനുഭവവേദ്യമാക്കുകയായിരുന്നു.  

മറ്റൊരു ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന രവിസാർ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പൊടുന്നനെ,
"ബ്രോ ചേ വാ രവരുര" 
എന്നാൽ എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചത്.
അറിയില്ല എന്നെല്ലാവരും തലയാട്ടിയപ്പോൾ, 
"അതിപ്പോൾ എറണാകുളം വരെ എത്തിയിട്ടുണ്ട്, അടുത്തു തന്നെ നിങ്ങളുടെ അടുത്തും എത്തും" എന്നറിയിച്ചു.
ഒരുവർഷത്തിലധികം തീയേറ്ററുകളിൽ നിറഞ്ഞു കവിഞ്ഞു  പ്രദർശിപ്പിച്ച "ശങ്കരാഭരണം" എന്ന സിനിമയിലെ ഒരു ഗാനത്തിൻറെ തുടക്കമായിരുന്നു  "ബ്രോ ചേ വാ രവരുര" 

വീണ്ടും ഒരുവർഷം കൂടി പിന്നിട്ടപ്പോൾ, രവിസാർ,  കോളേജിൽ പഠിച്ചു കൊണ്ടിരുന്ന വിജയലക്ഷ്മിയെ വിവാഹം ചെയ്ത്,  വെസ്പാ സ്കൂട്ടറിന്റെ പിൻസീറ്റിൽ ഇരുത്തി പട്ടണത്തിലൂടെ ചെത്തിനടക്കുന്നത് കാണാനിടയായി  .

കോളേജിലെ ഇപ്പോഴത്തെ പ്രിൻസിപ്പൽ ആയ Dr പ്രേമയുടെ ഓഫീസിനു മുന്നിൽ നിന്നപ്പോൾ, പണ്ട് ആദ്യമായി പ്രിൻസിപ്പാളിൻറെ മുറിക്കുമുമ്പിൽ ഇന്റർവ്യൂ കാത്തുനിന്നതോർമ്മവന്നു. കയ്യിൽ പോസ്റ്റ് കാർഡുമായി  ഊഴം കാത്തുനില്കുമ്പോഴായിരുന്നു, കണ്ണുകൾ കൊണ്ടും ചിരിക്കാൻ സാധിക്കും എന്ന തിരിച്ചറിവുണ്ടായത്. 

"സുന്ദരീ ആ ആ-----
നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ
തുളസി തളിരില ചൂടി"
എന്ന ഗാനരംഗത്തിലെ രവികുമാറിന്റെ വേഷത്തെ അനുസ്മരിപ്പിച്ച്കൊണ്ട് ഹാരിസ് ചിരിച്ചപ്പോൾ ആണ് മനസ്സിലായത് കണ്ണുകളിൽ കൂടിയും ചിരിക്കുവാൻ സാധിക്കുമെന്ന്.   തൊട്ടപ്പുറത്ത് ജുബ്ബയും, തോൾസഞ്ചിയുമായി, മുരുകദാസ്.  .

"അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ. അഭിലാഷ പൂർണ്ണിമേ"
മുരുകദാസ് പാടുന്നുണ്ടോ? ഒരു സംശയം
പക്ഷെ, പാട്ടിലെ രംഗത്തിൽ കണ്ടതുപോലെ കയ്യിൽ പൂവൊന്നും കാണുന്നില്ലല്ലോ?
ഏതാണ്ടൊരു വേണുനാഗവള്ളി രൂപവും വേഷവിധാനവും.
പിന്നീടുണ്ടാവാൻ പോകുന്ന  ജീവിത യാത്രയിലെ,  സ്വപ്നങ്ങളും,
സന്തോഷങ്ങളും, ദുഖങ്ങളും എല്ലാം ഇവർക്കൊപ്പമാകും പങ്കുവെക്കുക എന്ന് അന്നറിഞ്ഞിരുന്നില്ല. 

ഒന്നാംനിലയിൽ നിന്നും താഴേക്ക് നോക്കിയപ്പോൾ മുന്നിലെ മതിലിനോട് ചേർന്ന കുളം, ഇപ്പോഴും നിലനിൽക്കുന്നു. 
"മഞ്ഞിൽ വിരിഞ്ഞ പൂവ്" എന്ന സിനിമ, പ്രദർശനത്തിനെത്തി അധികനാൾ കഴിഞ്ഞിട്ടില്ലായിരുന്നു. കോളേജ് ആർട്സ് ക്ലബ്ബ്  ഉദ്ഘാടനത്തിന് മോഹൻലാലിനെ വളരെ പ്രയാസപ്പെട്ടാണ് യൂണിയൻ ഭാരവാഹികൾ സംഘടിപ്പിച്ചത്. അദ്ദേഹം, ഉത്ഘാടനത്തിനു ശേഷം അംബാസിഡർ കാറിനടുത്തേക്ക് തിരികെ പോകുമ്പോൾ,

"മഞ്ചാടി കുന്നിൽ മണിമുകിലുകൾ ദൂരെ
മഞ്ചാടി കുന്നിൽ മണിമുകിലുകൾ
വന്നു പീലിവീശി ആടിടുന്നു മൂകം തെയ്യം തെയ്യം"
എന്ന ഗാനം പാടിക്കൊണ്ട് ഒരുകൂട്ടം വിദ്യാർത്ഥികൾ മോഹൻലാലിനെ തൊട്ടുനോക്കാനും, നുള്ളാനുമെല്ലാം തിക്കും തിരക്കും കൂട്ടി. പൊടുന്നെനെ വന്ന തിരക്കിൽ പെട്ട് കുളത്തിലേക്ക് വീഴാൻ പോയ അദ്ദേഹത്തെ ഒരുവിധത്തിലാണ് സംഘാടകർ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി കാറിനുള്ളിൽ എത്തിച്ചത്. 
1983 ക്ലാസ്സിന്റെ ഗ്രൂപ്പ് ഫോട്ടോ പതിച്ച കോഫി മഗ്ഗ് ഞങ്ങളുടെ ഓർമ്മക്കായി മുരുകദാസ് പ്രിൻസിപ്പലിന് കൊടുത്തശേഷം ഞങ്ങൾ പഴയ ക്ലാസ് മുറിയിലേക്ക് യാത്രയായി.  
“വെയിലറിയാതെ,  മഴയറിയാതെ, വർഷങ്ങൾ പോയതറിയാതെ” മാറ്റമൊന്നുമില്ലാതെ ഒരു താപസൻറെ ഭാവത്തിൽ ഇരിക്കുന്ന ഞങ്ങൾ ഇരുന്നിരുന്ന അതേ മരബെഞ്ചുകളും ഡെസ്കുകളും. 

അതിൽ ഇരുന്നപ്പോൾ മൂന്ന് വർഷങ്ങളിൽ ഞങ്ങളെ പഠിപ്പിച്ച ഓരോരോ അദ്ധ്യാപകരുടെയും രൂപങ്ങൾ മനസ്സിലൂടെ കടന്നുപോയി. അവരിൽ പലർക്കും ഓമനത്തം തുളുമ്പുന്ന ഇരട്ട പേരുകളും ഉണ്ടായിരുന്നു. അന്നത്തെ കുട്ടികളെ ഏറ്റവും ഭീതിപെടുത്തിയിരുന്ന പ്രൊഫസ്സർ ക്ലാസ്സിലേക്ക് വരുന്നതിനു മുമ്പായി പെൺകുട്ടികൾ പാടിയിരുന്ന അവതരണ ഗാനം ഇപ്പോഴും അലയടിക്കുന്നുവോ?

"നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു
താവക വീഥിയിൽ എൻ മിഴിപക്ഷികൾ
തൂവൽ വിരിച്ചുനിന്നു"
അന്ന് പഠിച്ചിരുന്ന പലതും വിസ്മൃതിയിൽ ആണ്ടു. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പുഷ്പ്പങ്ങളിലൊന്നായ "വിക്ടോറിയ റെജിയ" ഇപ്പോഴും ഓർമ്മയിൽ നില്കുന്നു. ഞങ്ങളുടെ അയൽവാസിയും, സുഹൃത്തുമായിരുന്ന ജോയ് മോൻറെ അമ്മച്ചിയുടെ പേര് വിക്ടോറിയ എന്നായതുകൊണ്ടായിരിക്കാം ഇപ്പോഴും വെള്ളത്തിൽ വളരുന്ന  ആമ്പൽ പോലെയുള്ള ഈ പുഷ്പത്തിന്റെ പേര് മറക്കാതിരിക്കുന്നത്. ഡിപ്പാർട്ടമെന്റ് തലവനായിരുന്ന ബാലകൃഷ്ണൻ സാറാണ് ഇത് പഠിപ്പിച്ചത്.

പണ്ടൊക്കെ ഫെബ്രുവരി മാസത്തിൽ ഇത്രയും ചൂടില്ലായിരുന്നു. ഒത്തുകൂടിയവർ പലരും പരാതിപറഞ്ഞു. അതീവ ചൂടിനെ
അവഗണിച്ചുകൊണ്ട് ജനാലക്കുവെളിയിൽ ഒരു കാക്ക പ്രത്യക്ഷപെട്ടു. 
“ദാണ്ടേ അവൻ വീണ്ടും വന്നു”!
കാക്കയെ നോക്കി, സലില വളരെ ദേഷ്യത്തോട് അറിയിച്ചു.
“അയ്യോ ഈ ജനാലകൾക്ക് ഇനിയും അഴികൾ വച്ചിട്ടില്ലേ? പണ്ട് ഞാൻ കൊണ്ടുവന്ന പൊതിച്ചോറ് കൊത്തിയെടുത്തു കൊണ്ടുപോയത് ഈ ജനലിലൂടെയാണ്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ്, തന്നെ പട്ടിണിക്കിട്ട കാക്കയോടുള്ള ദേഷ്യം സലിലക്ക് ഇപ്പോഴും മാറിയിട്ടില്ല.”

അവസാന വർഷത്തെ സ്റ്റഡി ടൂർ  എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ദിവസങ്ങളായിരുന്നു. കൗമാരത്തിന്റെ ത്രസിപ്പിലും, ഡിഗ്രി അവസാനവർഷമായതിന്റെ സന്തോഷത്തിലും മതിമറന്ന നാളുകൾ. പൊന്മുടിയിലേക്കുള്ള യാത്രാമദ്ധ്യേ  പുറത്തേക്കിട്ടിരുന്ന സതീഷിന്റെ കയ്യിൽ എതിർവശത്ത് നിന്നുവന്ന ലോറി ഇടിച്ച് കൈ ഒടിഞ്ഞു. യാത്രയുടെ  ത്രസിപ്പിന് പെട്ടെന്ന് തന്നെ മങ്ങലേറ്റതുപോലെ. പക്ഷെ തക്കസമയത്ത് ചികിത്സ ലഭിച്ചതുകൊണ്ട് പിന്നീടുള്ള ദിവസങ്ങൾ തിമിർത്താഘോഷിക്കാൻ സാധിച്ചു. 

കമലം എന്ന ടൂറിസ്റ്റ് ബസ്സ് ഞരങ്ങിയും, പിരങ്ങിയും കൊടൈക്കനാൽ കയറ്റം കയറുമ്പോൾ ബസ്സിനെ പ്രോത്സാഹിപ്പിക്കാനായി എല്ലാവരും കൂടി,
“ഭരതമുനിയൊരു കളം വരച്ചു
ഭാസ കാളിദാസ കരുക്കൾ വച്ചു
ഭരത മുനിയൊരു കളം വരച്ചു
കറുപ്പും വെളുപ്പും കരുക്കൾ നീക്കി കാലം കളിക്കുന്നു
ആരോകൈകൊട്ടി ചിരിക്കുന്നു-----
കരുക്കളീ  നമ്മളല്ലേ----“
എന്ന ഗാനം ആലപിച്ചു. അക്കാലത്തിറങ്ങിയ ഗാനങ്ങളിൽ കോറസ് പാടാൻ സാധിക്കുക, യവനികയിലെ ഈ പാട്ടിനായിരുന്നു. 

ആടിയും, പാടിയും, ഇടക്കിടെ ചെടികൾ ശേഖരിച്ചും, പൊട്ടിച്ചിരിച്ചും ചാടിക്കളിച്ചും, സ്പീഷിസും, ഫൈലവും, ഫാമിലിയും, ചോദിച്ചും പറഞ്ഞും നാലു ദിനങ്ങൾ പോയതേ അറിഞ്ഞില്ല.

കൊടൈക്കനാലിലെ തണുപ്പും, കുറ്റാലം വെള്ളച്ചാട്ടത്തിൻറെ കുളിരും, മധുരമീനാക്ഷി ക്ഷേത്രത്തിലെ തിരക്കും ഊഞ്ഞാലാടുന്ന ലാഘവത്തോടെ ഞങ്ങൾ മറികടന്നു. ആകാശ ഉയരത്തിൽ നിൽക്കുന്ന ആലിലകളെ ആടി തൊടാൻ സാധിക്കുന്ന ആയത്തിനുവേണ്ടുന്ന  ഊർജ്ജം, മജ്ജകളിൽ അക്കാലത്ത് ഉറങ്ങിക്കിടന്നിരുന്നു. മടക്ക യാത്രയിൽ എല്ലാവരും ഓണക്കാലത്ത് വിരുന്നു വരുന്ന തുമ്പികളായി മാറിയിരുന്നോ?.

പിന്നെങ്ങനെയാണ് ഈ ഗാനം പാടിയത്?
“തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാൻ
ആകാശ പൊന്നാലിൻ ഇലകളെ ആയത്തിൽ തൊട്ടെവരാം

-------------------------------------------------------------------------------------

പണ്ടത്തെ പാട്ടിന്റെ വരികൾ ചുണ്ടത്തു  തേൻതുള്ളിയായ്
കൽക്കണ്ട കുന്നിന്റെ മുകളില്  കാക്കാത്തി മേയുന്ന തണലിൽ
ഊഞ്ഞാലേ പാടിപ്പോയ്യ്
ആകയ്യിൽ ഈക്കൈയിൽ ഒരുപിടി കയ്ക്കാത്ത നെല്ലിക്കാ മണി തരൂ.”
അവസാന വരികളിൽ കൈക്കാത്ത നെല്ലിക്കാ പ്രയോഗം വേണ്ടിയിരുന്നോ? എല്ലാ നെല്ലിക്കയും കൈക്കുമല്ലോ? പകരം മധുരിക്കും മുന്തിരി മണി തരൂ എന്നായിരുന്നു എങ്കിൽ-----
പിന്നീടുള്ള യാത്രയുടെ സമയങ്ങൾ കുറച്ചുകൂടി ആനന്ദ പ്രദമാകുമായിരുന്നു എന്നൊരു തോന്നൽ.

കാരണം ഈ ഗാനം കഴിഞ്ഞപ്പോഴേക്കും ഓരോരുത്തർക്കും ഇറങ്ങേണ്ട സ്ഥലങ്ങൾ ആയി. മൂന്നുവർഷം നീണ്ടുനിന്ന പരിചയവും, അനേക ദിവസം ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്തപ്പോൾ എല്ലാവരും സുഹൃത്തുക്കൾ എന്നതിലുപരി കുടുംബാംഗങ്ങൾ ആയി മാറുകയാണുണ്ടായത്.

പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലായത്. ഒരുവ്യക്തിയുടെ ഹൈസ്കൂൾ, കോളേജ് കാലങ്ങളിൽ ഉണ്ടാവുന്ന സൗഹൃദങ്ങൾ ജീവിത കാലം മുഴുവനും നിലനിൽക്കും. അത്രയും തീവ്രവും അത്മാർത്ഥതയും പിന്നീടുള്ള കാലങ്ങളിൽ ഉടലെടുക്കുന്ന ബന്ധങ്ങളിൽ ഉണ്ടാവാൻ സാധ്യത ഇല്ല.

അമ്പലപ്പുഴയിലുള്ള സഹപാഠിയെ ഇറക്കാൻ ബസ്സ് വഴിതിരിച്ചു വിട്ടപ്പോഴേക്കും വണ്ടിക്കുള്ളിലെ ശേഷിച്ചവർ പലരും കരയാൻ ആരംഭിച്ചിരുന്നു. ബസ്സ് ഡ്രൈവർ പന്തളം സമയോചിതമായി,
"അമ്പലപ്പുഴ രാജാവിന്റെ അരുമക്കിടാത്തി
പൊന്ന് ചെമ്പകത്തിൻ നിറമുള്ള കൊച്ചുതമ്പുരാട്ടി
പണ്ടൊരിക്കൽ പമ്പയാറ്റിന് കുളിക്കടവിൽ
വെച്ചു കണ്ടുമുട്ടി കണ്ടാൽ  നല്ലൊരു കാലിച്ചെറുക്കനെ
മണവാളൻ പാറ ഇതു മണവാട്ടിപ്പാറ”
എന്ന ഗാനമാണ് പ്ലേ ചെയ്തിരുന്നത്.

എപ്പോഴും സുസ്മേരവദനനായി മാത്രം കണ്ടിട്ടുള്ള ജോജോ, പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ന്, ബസ്സ് പറവൂർ എത്തിയപ്പോൾ  ഇറങ്ങി പോയത്.
ക്ലാസ്സ് മുറിയിലെ അന്തരീക്ഷം വീണ്ടും, വീണ്ടും മനസ്സിനെ നാല്പതു വർഷ ങ്ങൾക്ക് മുമ്പിലേക്ക് പിടിച്ചുകൊണ്ടുപോവുന്നു.
"മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു
മനുഷ്യൻ കാണാത്ത പാതകളിൽ
കടിഞ്ഞാണില്ലാതെ കാലുകൾ ഇല്ലാതെ
തളിരും തണലും തേടി"
ഏറ്റവും വേഗതകൂടിയ വാഹനം ഏത്? 
സൂര്യപ്രകാശത്തിന് ഭൂമിയിലെത്താൻ 8 മിനിറ്റിൽ കൂടുതൽ എടുക്കും.
പക്ഷെ മനസ്സിന് സൂര്യനിലെത്താൻ ഒരുസെക്കൻഡ് പോലും ആവശ്യമില്ല.

മനസ്സിനെ മറ്റൊരാൾ താരതമ്യം ചെയ്തിട്ടുള്ളത്, ചപലനും, ഭ്രാന്തനും ആയ കുരങ്ങിനോടാണ്. ഇങ്ങനെയുള്ള കുരങ്ങൻ, കള്ളും കൂടി അകത്താക്കിയാലോ? അതുമല്ല ഒരു പ്രേതവും കൂടി അതിൻറെ ശരീരത്തിൽ കയറികൂടിയാലോ?

ഇതാണ് സാധാരണ ഒരുമനുഷ്യൻ്റെ മനസ്സ്! 

"കോളേജിനടുത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ സാറിന്റെ വീട്ടിൽ നമുക്ക് പോകേണ്ടേ? ഇപ്പോൾ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു. ഹോട്ടലിൽ ഉച്ചഭക്ഷണത്തിന്  ഒരുമണിക്ക് ചെല്ലുമെന്നാണ് അറിയിച്ചിരിക്കുന്നത്."

നാരായണൻ പോറ്റിയുടെ ശബ്ദം ദിവാസ്വപ്നത്തിൽ നിന്നും ഉയർത്തി.    
പിന്നീട്, ക്ലാസ്സ്മുറിയിൽ നിന്നും എല്ലാവരും സാറിന്റെ ഭവനത്തിലേക്ക് യാത്രയായി. അപ്രതീക്ഷിതമായി, മുൻകാല ശിഷ്യരെ കണ്ടപ്പോൾ സാറിന്റെ കണ്ണുകളിൽ ആഹ്ളാദ പൂത്തിരികൾ!

അദ്ധ്യയന വർഷം അവസാനിച്ചു കഴിഞ്ഞാലും, സിലബസിലിലുള്ള മുഴുവൻ ഭാഗങ്ങളും തീർക്കുവാനായി അനേകം ദിവസങ്ങളിൽ സ്പെഷ്യൽ ക്ലാസുകൾ സാർ നടത്തിയിരുന്നു. അർപ്പണ ഭാവത്തോടെ, പ്രതിഫലേച്ഛ കൂടാതെ,  തന്നിൽ നിക്ഷിപ്തമായ കർമ്മം സമ്പൂർണതയിൽ എത്തിച്ചിരുന്ന ഗുരുശ്രേഷ്ടൻ.

ഒരുമിച്ച് പഠിച്ചിരുന്നവർ തമ്മിൽ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നും, ആർക്കെങ്കിലും  ഒരാവശ്യം വന്നാൽ സഹായിക്കാൻ സന്നദ്ധരാകണമെന്നുമുള്ള ഉപദേശമാണ് ഗുരുമുഖത്തുനിന്നും ലഭിച്ചത്.

സാറിനെ, പണ്ടത്തെ ക്ലാസ്സിന്റെ ഗ്രൂപ്ഫോട്ടോ കാണിച്ചപ്പോൾ ആണ് നാരായണൻ പോറ്റി  അത് ശ്രദ്ധിച്ചത്,  അന്നത്തെ ചിത്രമെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന രണ്ട് സഹപാഠികൾ, മീരയും, വാസന്തിയും ആയിരുന്നു.

 “അയ്യോ! അവർ രണ്ടുപേരുമാണല്ലോ ഇപ്പോൾ ജീവിച്ചിരിക്കാത്തത്?” അതേ, ചെറുപ്രായത്തിൽ തന്നെ ഈ ലോകത്തു നിന്നും യാത്രപറഞ്ഞ അവർ ചിത്ര മെടുത്ത ദിവസം കോളേജിൽ എത്തിച്ചേരാൻ സാധിക്കാതിരുന്നത് വെറും യാദൃച്ഛികമോ?

നാല്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം, ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും നാലഞ്ചു മണിക്കൂർ ഒരുമിച്ച് ചിലവഴിക്കാനായിട്ടായിരുന്നു എല്ലാവരും എത്തിച്ചേർന്നത്.

അധികം പഠിച്ചിട്ടെന്തു കാര്യം? ​
പെൺകുട്ടികളാണെങ്കിൽ പെട്ടെന്ന് കല്യാണം കഴിപ്പിച്ച് വിടേണ്ടതല്ലേ? ആൺകുട്ടികൾ, വടക്കേ ഇന്ത്യയിലോ, ഗൾഫിലോ ഒക്കെ   ജോലിക്ക് പോകൂ,  എന്നൊക്കെയുള്ള അഭിപ്രായങ്ങൾക്കിടയിൽ, പഠനം പൂർത്തിയാക്കിയ ഭൂരിഭാഗം കൂട്ടുകാരും, നാട്ടിൽ തന്നെ  സമൂഹത്തിന് ഉപകാരപ്രദമാകുന്ന വിവിധ ജോലികളിൽ പ്രവേശിച്ച് വിരമിച്ചിരിക്കുന്നു. എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി അവർ കോൺഫറൻസ് മുറിയിൽ ഒത്തുകൂടി. മക്കളുടെ വിവാഹവും, കൊച്ചുമക്കളുടെ കൊഞ്ചലുകളും,  പെൻഷനായ വിവരങ്ങളൂം അങ്ങനെ അങ്ങനെ എന്തൊക്കെ എന്തൊക്കെ പങ്കുവെക്കാനുണ്ട്!

“ഏതോ ജന്മ കല്പനയിൽ ഏതോ ജന്മ വീഥികളിൽ “
പണ്ട് കണ്ടുമുട്ടിയിരുന്നവർ വീണ്ടും ഒരുമിച്ചു ചേർന്നപ്പോൾ ഈ കണ്ടുമുട്ടൽ
യാഥാർത്ഥ്യമാണോ സ്വപ്നമാണോ എന്നൊരു സംശയം?
വിടപറയേണ്ട നിമിഷങ്ങൾ എത്തിയപ്പോൾ മനസില്ലാ മനസ്സോടെ അവർ ഓരോരുത്തരായി യാത്രപറഞ്ഞു

“മാനസം വിങ്ങി നിമിഷങ്ങൾ തേങ്ങി വിട ചൊല്ലിടാനായ്
മിഴികൾ വിതുമ്പി ...മിഴികൾ  വിതുമ്പി
നാമെന്നു കൂടിടും വീണ്ടും------“
അടുത്ത ഒത്തുചേരലിന് വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ പിരിഞ്ഞപ്പോൾ പലരുടേയും നയനങ്ങൾ നനയുകയും ശബ്ദങ്ങൾ ഇടറുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com