sections
MORE

ഇതാണ് മരിക്കും മുൻപ് ഒരിക്കലെങ്കിലും പോയിരിക്കേണ്ട ആ ഹോട്ടൽ; മനോഹര ചിത്രങ്ങൾ

SCHWEIZ APPENZELL ALPSTEIN
എയ്ഷർ റസ്‌റ്ററന്റിലെ പുറംകാഴ്ച്ച
SHARE

ഏത് ആംഗിളിൽ ക്യാമറ വച്ചാലും, അതിമനോഹര ഫ്രെയിമുകൾക്ക് സ്വിറ്റ്സർലൻഡിനോളം ഗ്യാരന്റിയുള്ള മറ്റൊരു രാജ്യം വേറെ ഉണ്ടോയെന്ന് അറിയില്ല. മെമ്മറി കാർഡിലെ സ്‌പേസ് സേവിങ്ങിനായി ഡിലീറ്റ് ഓപ്‌ഷനിൽ പ്രസ്സ് ചെയ്യുന്നതിൽ നിന്നും നിങ്ങളെ ഇത്രത്തോളം പിന്നോട്ട് വലിക്കുന്ന വേറൊരു രാജ്യവും കണ്ടേക്കില്ല. പതിവ് വിവരണങ്ങളിൽ നിന്നും മാറി, "നാഷണൽ ജ്യോഗ്രഫിക്" കവർ പേജാക്കിയ സ്വിറ്റ്സർലൻഡിലെ ഒരു റസ്‌റ്ററന്റിനെ കുറിച്ചാണ് ഈ എഴുത്ത്‌.

restaurant
എയ്ഷർ റസ്‌റ്ററന്റിലെ അകകാഴ്ച്ച

"Places of a Lifetime, 225 dream destinations around the world" എന്നു തലക്കെട്ടെഴുതിയ നാഷണൽ ജ്യോഗ്രഫിക്, അപ്പൻസെല്ലിലെ മൗണ്ടൻ റസ്റ്ററന്റായ എയ്ഷറെയാണ് (äscher) അവരുടെ കവർ പേജാക്കിയത്. "Places to see before you die", "most interesting restaurant in the world", "secret places" എന്നിങ്ങനെ വിവിധ മാഗസിനുകളും പോർട്ടലുകളും കൂടെ വൈറലാക്കിയ എയ്ഷറിൽ പോവാൻ ഒരു അവസരം നോക്കി ഇരിക്കുമ്പോഴാണ്, ബാംഗ്ലൂരിൽ നിന്നു കസിൻ സിസ്റ്റർ വരുന്നത്. സ്വിറ്റ്സർലൻഡിൽ താമസം ആക്കിയത് കൊണ്ട്, ഇടയ്ക്ക് വിരുന്നുകാരുണ്ടാവും. അവരുടെ സന്ദർശനം, നമുക്ക് കൂടി ഉപകാരപ്പെടും വിധം, ഓരോ സന്ദർശകർക്കും ഒപ്പം ഓരോ പുതിയ റൂട്ടിൽ എന്നതാണ് നമ്മുടെ "എക്‌സ്‌പ്ലോർ സ്വിറ്റ്സർലൻഡ്" ലൈൻ.

സൂറിക്, സബർബനിലുള്ള വീട്ടിൽ നിന്നും എബൻ ആൽപ്പിലേക്കു ഏകദേശം 70 കി.മീറ്റർ. റൂട്ടിൽ ഹൈവേ കുറവാണ്. ഒന്നേകാൽ മണിക്കൂർ ഡ്രൈവുണ്ട്. സ്വിറ്റ്സർലന്റിൽ ഇത്രയും ദൂരത്തിന് ഇതൽപം കൂടുതലാണെങ്കിലും, സമയക്കൂടുതൽ കൺട്രി ഡ്രൈവിങ്ങിന്റെ മനോഹാരിതയിൽ അറിയില്ല. സൂറിക് മെയിൻ സ്റ്റേഷനിൽ നിന്നും ഒന്ന് മാറികയറി, വാസറൗവെൻ എന്ന സ്റ്റേഷനിൽ രണ്ട് മണിക്കൂർ കൊണ്ട് ട്രെയിനിലും എത്താം.

aben-2
എബെൻ ആൽപ്പ്‌ കാഴ്ച്ചകൾ

വാസറൗവെൻ റയിൽ സ്റ്റേഷന് എതിർവശത്തുള്ള എബൻ ആൽപിലേക്കുള്ള കേബിൾ കാർ ബേസ് സ്‌റ്റേഷന് മുന്നിൽ കാർ പാർക്ക് ചെയ്‌തു ചുറ്റും നോക്കിയപ്പോൾ ചുറ്റും ടിപ്പിക്കൽ സ്വിസ്സ് കാഴ്ച്ചകളാണ്. പച്ചവിരിച്ച കുന്നുകൾ, താഴ്‌വാരം, അരുവി, കാലിക്കൂട്ടങ്ങളുടെ മണിനാദം, തെല്ലകലെ മഞ്ഞണിഞ്ഞ മലകൾ. എന്നാൽ എന്റെ കണ്ണുടക്കിയത് റയിൽ സ്റ്റേഷനിൽ കിടക്കുന്ന വിന്റേജ് ട്രെയിനിലാണ്. അതിനൊപ്പം അകത്തും, പുറത്തും നിന്ന് ഫോട്ടോ എടുക്കുമ്പോൾ കേബിൾ കാർ മലയിറങ്ങി വരുന്നതും, പോകുന്നതും കാണാം. ആൽപ്‌സ് പർവത നിരകളുടെ മുന്നോടിയായുള്ള മലനിരകളിലൊന്നിന്റെ തലപ്പത്താണ് എബൻ ആൽപ്പ്. അവിടെ ചെന്നിട്ടാണ് എയ്ഷർ റെസ്റ്റോറന്റിലേക്ക് പോകേണ്ടത്. കേബിൾ കാറിലും എത്താം, ഹൈക്കിങ് വഴിയും എത്താം.

aben
എബൻ ആൽപ്പിന് മുകളിൽ

കേബിൾ കാർ സ്റ്റേഷനിൽ, ടിക്കറ്റ് നിരക്കുകളുടെ വിവരങ്ങൾ വിശദമായി എഴുതിവച്ചിട്ടുണ്ട്. അതല്ല ട്രക്കിങ് വഴികളിലൂടെ അവിടെ എത്താനാണ് ഉദ്ദേശ്യമെങ്കിൽ, മിനിമം മൂന്നു മണിക്കൂർ മുതൽ ആറു മണിക്കൂർ വരെ എടുക്കുന്ന വിവിധ റൂട്ടുകളുടെ സ്‌കെച്ചും മറ്റു വിശദ വിവരങ്ങൾ അടങ്ങുന്ന മാപ്പുകൾ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നിന്നും സൗജന്യമായിട്ടെടുക്കാം. അപ്പൻസെൽ ടൂറിസത്തിന് കേബിൾ കാറിൽ തന്നെ നിങ്ങളെ കയറ്റി കാശുണ്ടാക്കണമെന്ന് ഒരു നിർബന്ധവും ഇല്ല. ട്രക്കിങ്ങിനെ സംബന്ധിച്ചുള്ള സംശയങ്ങളാണെങ്കിലും, ഒരു മുഷിപ്പും കൂടാതെ കേബിൾ കാർ സ്റ്റേഷനിലെ ജോലിക്കാർ പറഞ്ഞു തരും.

lake
എബൻ ആൽപ്പിലേക്കുള്ള ട്രക്കിങ് വഴിയിലെ സെആൽപ്പ് തടാകം

19 വർഷത്തെ സ്വിസ്സ് ജീവിതം മാനസികവും, ശാരീരികവുമായി ട്രക്കിങ്ങിനായി നമ്മളെ പരുവപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവിടം കാണാൻ വരുന്നവർക്ക് പൊതുവെ ചുരുങ്ങിയ സമയത്തു കൂടുതൽ കാഴ്ചകളിലാണ് നോട്ടം. അതുകൊണ്ട് സമയമെടുത്ത് കാണേണ്ടതെല്ലാം കണ്ടുള്ള ഹൈക്കിങ് മറ്റൊരു അവസരത്തിലേക്ക് മാറ്റിവെച്ചു. വൺവേക്ക്‌ 20 സ്വിസ്സ് ഫ്രാങ്കും, ഇരുവശത്തേക്കുമാണെങ്കിൽ 31 ഫ്രാങ്കും ആണ് നിരക്ക്. അടുത്ത കേബിൾ കാറിനായി കാത്തിരിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. അങ്ങോട്ടും, ഇങ്ങോട്ടുമുള്ള ടിക്കറ്റിനേക്കാൾ ചിലവ് വൺവേയ്ക്ക് ആണ്. ബാക്ക് പാക്കും, ട്രക്കിങ് ഷൂവുമായി ഒരു ദിശയെങ്കിലും കാഴ്ച്ചകൾ കണ്ട് ഫിറ്റ്നസ് ഉറപ്പിക്കുന്ന ട്രക്കിങ്‌ ആണ് മിക്കവരുടെയും ലക്ഷ്യം. ആ കൂട്ടത്തിലൊന്നും ഒരൊറ്റ ഏഷ്യൻ മുഖത്തെയും കാണാൻ പറ്റിയില്ല.

സമുദ്ര നിരപ്പിൽ നിന്ന് 1644 മീറ്റർ ഉയരത്തിലാണ് എബൻ ആൽപ്പ്. കേബിൾ കാറിൽ മുകളിലേക്ക് ആറ് മിനിറ്റുകൊണ്ട് എത്താം. വർഷത്തിൽ രണ്ട് ലക്ഷം പേരോളം ഇത് ഉപയോഗിക്കുന്നു. യാത്രക്കിടയിൽ നോക്കെത്താ ദൂരത്തോളം കാഴ്ച്ചപൂരം. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ കണ്ണും പൂട്ടി ചറപറാന്ന് ഫോട്ടോ എടുക്കാം. മലമുകളിൽ നിന്നും പാരാ ഗ്ലൈഡിങ്‌കാർ ഒന്നിന് പുറകെ പറന്നിറങ്ങുന്നതും കാണാം. ടോപ് സ്റ്റേഷനിൽ കേബിൾ കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ നല്ല കൊഴുത്ത കാലിക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നു. വിന്ററിൽ അടിവാരങ്ങളിലേക്കു മാറ്റപ്പെടുന്ന ഇവയെ, വേനൽ കാലത്തു മലമുകളിലേക്ക് മേയാൻ കൊണ്ട് വരുന്നു. എബൻ ആൽപ്പിന് പച്ചയും,മഞ്ഞയും നിറമാണ്. പച്ചപുല്ലും, മഞ്ഞ പൂക്കളും എല്ലായിടത്തും. പൂക്കൾ വച്ച് പിടിപ്പിച്ചതല്ല, സ്വാഭാവികമായി വിരിഞ്ഞുനിൽക്കുന്ന ജമന്തിയുടെ ചേലുള്ള കാട്ടുപൂക്കൾ.

national-geography
നാഷണൽ ജ്യോഗ്രഫിക് കവർ പേജ്

പരന്നുകിടക്കുന്ന മലമുകളിൽ ഏത് ദിശയിലേക്ക് പോയി നോക്കിയാലും മതിമയക്കുന്ന കാഴ്ച്ചകളാണ്. ഏത് അങ്കിളാണ് ഒന്നിനൊന്ന് നല്ലതെന്ന് പറയാൻ വിഷമിക്കും. എബൻ ആൽപ്പിന് ഒരു സൈഡിലായി തന്നെ കാഴ്ച്ചകൾ കണ്ടിരിക്കാവുന്ന റെസ്‌റ്റോറന്റും, അവിടെ തിരക്കും ഉണ്ടെങ്കിലും നമ്മുടെ ലക്ഷ്യം, നാഷണൽ ജ്യോഗ്രഫിക് കവർ പേജാക്കിയ എയ്ഷറാണ്. അവിടേയ്ക്ക് എത്താൻ ഒരു കിലോമീറ്റർ മലയിറങ്ങണം. നല്ല ഗ്രിപ്പുള്ള ഷൂ അല്ലെങ്കിൽ വിവരം അറിയും.

എല്ലായിടത്തും ചെറിയ തടിത്തൂണിൽ മഞ്ഞ ബോർഡിലും ബോർഡ് ഇല്ലാത്തിടത്തു മരങ്ങളിലോ പാറകളിലോ മഞ്ഞ മാർക്കിങ്ങുമായി വഴി കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സ്വിറ്റ്സർലന്റിൽ എല്ലായിടത്തും ട്രക്കിങ് റൂട്ടുകൾ ഇങ്ങനെ വഴികാട്ടിയാവുന്നു. ഓരോ ദിശയിലേക്കും എത്ര നടപ്പ് ദൂരമുണ്ടെന്ന് ഇവയിൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കും. ട്രക്കിങ് പാതയ്ക്ക് ചിലയിടങ്ങളിൽ ഇരുവശത്തും നിന്നും വരുന്നവർക്ക് കഷ്ടിച്ച് മുട്ടാതെ പോകാവുന്ന വീതി മാത്രം. 

എയ്ഷറിലേക്ക് എത്താറാവുമ്പോൾ മലയുടെ പുറം സൈഡിൽ പലക നിരത്തി വീതി കൂട്ടിയിട്ടുണ്ട്. റെസ്റ്റോറന്റിലേക്ക് എത്താനുള്ള ആവേശത്തിൽ കൂടെ മല ഇറങ്ങുന്നവർ, ഇതിനിടയിൽ തിരിച്ചുകേറേണ്ട യാഥാർഥ്യത്തെ കുറിച്ച് ഓർത്തു സങ്കടപ്പെടുന്നതും കേട്ടു. ഇവർക്ക് ആ കേബിൾ കാർ, ഇങ്ങോട്ടും കൂടെ നീട്ടിക്കൂടെ എന്നാണു ചോദ്യം. പരിസ്ഥിതിയെ ഒട്ടും അലോസരപ്പെടുത്താത്ത സ്വിസ്സ് സമീപനത്തെ കുറിച്ച് മടക്കയാത്രയിൽ സ്വൽപം വിശദീകരണം ആവാമെന്നു കരുതി.

mountain-restrnt-2
മൗണ്ടൻ റെസ്റ്ററന്റായ എയ്ഷറിലേക്കുള്ള വഴി

താഴെ നിന്ന് മല കയറി റെസ്റ്റോറന്റിൽ എത്തി, അവിടെ റസ്റ്റ് എടുത്തു ഫുഡ് കഴിച്ചു, ഒരു 20 മിനിറ്റ് മുകളിലേക്ക് കയറി, എബൻ അൽപ്പിൻറെ ടോപ്പും കണ്ട്, തിരികെ കേബിൾ കാറിൽ മലയിറങ്ങുന്നതാണ് യൂറോപ്പ്യൻ രീതി. അവർക്കത് ഒരു മുഴുവൻ ദിവസത്തെ പ്രോഗ്രാമാണ്. ശരീരത്തെയും, മനസ്സിനെയും അവരതിലൂടെ ഫ്രഷ് ആക്കി നിർത്തുന്നു. നമുക്കാണെങ്കിൽ പറ്റിയാൽ ഒട്ടും നടക്കാതെ നേരിട്ട് അവിടെ എത്തണം. ഇനി ട്രക്കിങ് നിർബന്ധമാണെങ്കിൽ കേറ്റം പറ്റില്ല, ഇറക്കം ആവാം.

ഹോട്ടലിലേക്കുള്ള വഴിയിൽ, ഹിറ്റായ സിനിമ ഡയലോഗിലേത് പോലെ ഗുഹകളുണ്ട്, കപ്പേളയുണ്ട്, ബെഞ്ചുണ്ട്, സ്റ്റീലിൽ പണിത റെയിലുണ്ട്, ചെറിയൊരു തടിക്കെട്ടുണ്ട്. ഒരു 20 മിനിറ്റ് മലയിറങ്ങി മലയുടെ ഒരു വളവ് കഴിയുമ്പോളാണ് "എയ്ഷറിനെ" ആദ്യമായി കണ്ടത്. നെറ്റിൽ പലതവണ കണ്ട് മനസ്സിൽ മനഃപാഠമാക്കിയിട്ടും, "അവളെ" ആദ്യമായി കണ്ടപ്പോൾ തട്ടത്തിൻ മറയത്തെ നിവിൻ പോളിയുടെ അവസ്ഥയിലായിപ്പോയി, ശരിക്കും!

അവളെ മാത്രം ചേർത്ത് നിർത്താനായി മല അവിടെ ഒതുങ്ങിയപോലെ. കുലീനതയും, ശാലീനതയും ഒരുപോലെ ചാലിച്ച് രവിവർമ്മ ചിത്രത്തിലെ വിളക്ക് പിടിച്ച യുവതിയെപോലെയാണ് അവളുടെ നിൽപ്പ്. ചുറ്റിനും നോക്കിയാൽ കാണുന്ന കാഴ്ചകളെ കുറിച്ച് എന്ത് പറഞ്ഞാലും എഴുതിയാൽ അത്രയ്ക്കങ്ങട്ട് എത്തില്ല. ഇതോടൊപ്പമുള്ള ചിത്രം കണ്ട് സ്വയം ആസ്വദിക്കുക. എയ്ഷറിൻറെ സൗന്ദര്യം അതിൻറെ ഏറ്റവും മനോഹാരിതയിൽ കിട്ടുന്നത് ഒരു 200 - 300 മീറ്റർ അകലത്തു നിന്നാണ്. 100 മീറ്റർ ഉയരത്തിൽ തടിയിൽ പണിത കെട്ടിടവും, പ്രകൃതിയും ചേർന്നൊരു അവിസ്‌മരണീയ പാക്കേജ്.

aben-1
എബൻ ആൽപ്പിലെ ഗുഹ കാഴ്ച്ചകൾ

1800 കളിലാണ് തുടക്കം. മലകളും, പർവ്വതങ്ങളും കൊണ്ട് സമ്പന്നമായ സ്വിറ്റസർലന്റിൽ, നാട്ടുകാർ മല കേറിയുള്ള യാത്രകളിലെ വിശ്രമത്തിനുള്ള ഇടത്താവളമായി ഇവിടം രൂപപ്പെടുത്തുകയായിരുന്നു. പെട്ടിപ്പീടിക രീതിയിൽ നിന്നും കാലക്രമേണ ഇന്നത്തെ രൂപത്തിലേക്ക് മാറി. ഇന്നിത് അപ്പൻസെൽ പ്രവിശ്യയുടെ ടൂറിസം ഡിപ്പാർട്മെന്റിന് കീഴിലാണ്. ഹോട്ടൽ നടത്തിപ്പ്, പാട്ടത്തിന് ലേലം ചെയ്‌തു നൽകുന്നു. ഈ വർഷം മുതൽ പുതിയ മാനേജ്‌മെന്റാണ്. 45 പേർക്കുള്ള ലോഡ്‌ജ്‌ സൗകര്യവും ഉണ്ടെങ്കിലും, ഇപ്പോഴത്തെ മാനേജമെൻറ് ഈ വർഷം ആ സൗകര്യം ഒരുക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അടുത്ത വർഷമാണ് ലോഡ്‌ജിങ്‌ സൗകര്യം പ്ലാൻ ചെയുന്നത്.

മഞ്ഞുകാലത്തു എത്തിപ്പെടുക വിഷമകരമായതുകൊണ്ട് എല്ലാ വർഷവും മെയ് ഒന്ന് മുതൽ നവംബർ ഒന്ന് വരെയാണ് റെസ്റ്റോറന്റിന്റെ പ്രവർത്തനം. മെനു കാർഡിൽ തനത് സ്വിസ്സ്, അപ്പൻസൽ വിഭവങ്ങളാണ്. ബിയർ മുതൽ എല്ലാം തന്നെ തനത് ലോക്കൽ ബ്രാൻഡുകൾ. നല്ല വെയിലുള്ള കാലാവസ്ഥയാണെങ്കിൽ ബാൽക്കണിയിൽ സീറ്റ് കിട്ടാൻ ബുധിമുട്ടും. കാഴ്ചകൾ കണ്ട് ഫുഡ്ഡ്‌ കഴിക്കുന്ന സുഖമൊന്ന് വേറെ.

അകത്തിരുന്നാലും കാഴ്ചൾക്ക് കുറവൊന്നുമില്ല. തടികെട്ടിടത്തിൽ തടി അല്ലാതെ മറ്റൊന്നും കാണാനില്ല. പുറത്തു സീറ്റ് ഒഴിവുണ്ടായിരുന്നത് കൊണ്ട് അവിടെ തന്നെ ഇരിക്കാമെന്ന് വച്ചു. ലോകത്തെ ഏറ്റവും തലപ്പത്തുള്ള ലോൻജ് റസ്‌റ്റോറന്റ്, ബുർജ് ഖലീഫയുടെ 154 നിലയിലാണ്. അവിടെയിരുന്നും ഫുഡ് കഴിക്കാം, എബൻ ആൽപ്പിലെ എയ്ഷറിലിരുന്നും ഭക്ഷണം കഴിക്കാം. രണ്ടിന്റെയും രീതിയും, കാഴ്ച്ചകളും തീർത്തും വ്യത്യസ്തങ്ങളായിരിക്കും എന്ന് മാത്രം. മരിക്കുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട സ്ഥലമെന്നൊക്കെ വിശേഷിപ്പിക്കുന്നൊരു യാഥാർഥ്യം തന്നെയാണ് എബൻ ആൽപ്പിലെ എയ്ഷർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA