ADVERTISEMENT

മെല്‍ബണ്‍∙ സെന്‍റ് തോമസ് സിറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സമാപിച്ചു. രണ്ടി ദിവസങ്ങളിലായി മെല്‍ബണില്‍ വച്ച് നടന്ന കൗണ്‍സിലില്‍ രൂപതയില്‍ സേവനം ചെയ്യുന്ന 25 വൈദികരും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷന്‍ സെന്‍ററുകളില്‍ നിന്നുമായി 60 അംഗങ്ങളും പങ്കെടുത്തു. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൗണ്‍സിലിന് ആരംഭം കുറിച്ചു. 

council1

ഓസ്ട്രേലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് ആരംഭിച്ചിരിക്കുന്ന പ്ലീനറി കൗണ്‍സില്‍ ഫെസിലിറ്റേറ്റര്‍ ലാന ടര്‍വി കോളിന്‍സ് മുഖ്യപ്രഭാഷണം നടത്തി. ഓസ്ട്രേലിയയിലെ വിശ്വാസസമൂഹത്തില്‍ നിന്ന് സഭയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ ഫലദായകമാക്കുവാനായി സ്വരൂപിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്ലീനറി കൗണ്‍സില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന പ്രതിപാദ്യവിഷയങ്ങളെ കുറിച്ച് ലാന വിശദീകരിച്ചു. ഒരു മിഷനറി സഭയായ സിറോ മലബാര്‍ സഭക്ക് ഓസ്ട്രേലിയായുടെ സുവിശേഷവല്‍ക്കരണത്തിന് നിര്‍ണ്ണായകമായ സംഭാവനകള്‍ നൽകാന്‍ സാധിക്കുമെന്ന് ലാന പ്രത്യാശ പ്രകടിപ്പിച്ചു.

പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ 2018-19ലെ റിപ്പോര്‍ട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പള്ളില്‍ അവതരിപ്പിച്ചു. ഓസ്ട്രേലിയായിലെ സിറോ മലബാര്‍ സഭയുടെ വളര്‍ച്ചയെക്കുറിച്ച് യൂത്ത് അപ്പസ്റ്റൊലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്, രൂപതാ സ്ഥാപനം മുതല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രൂപത കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള വിശദമായ ഒരു അവലോകനമായിരുന്നു. ഓസ്ട്രേലിയായിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി കുടിയേറി പാര്‍ത്തിരിക്കുന്ന സിറോ മലബാര്‍ വിശ്വാസികളെ ഒരുമിച്ച് കൂട്ടി 12 ഇടവകകളും 48 മിഷന്‍ സെന്‍ററുകളുമായി ഓസ്ട്രേലിയായുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാന്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്ക് സാധിച്ചു.

രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ റിപ്പോര്‍ട്ടുകള്‍ മതബോധന വിഭാഗം ഡയറക്ടര്‍ ഫാ.മാത്യു അരീപ്ലാക്കല്‍, ഫാമിലി അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് മങ്കൂഴിക്കരി, ബൈബിള്‍ അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ഫ്രെഡി ഇലവുത്തിങ്കല്‍, എസ്.എം.വൈ.എം നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെസ്റ്റിന്‍ സി. ടോം , കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോണിക്കുട്ടി തോമസ് എന്നിവര്‍ അവതരിപ്പിച്ചു.

 മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി കൗണ്‍സിലില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. രൂപതയുടെ പാസ്റ്ററല്‍ മുന്‍ഗണനാ വിഷയങ്ങളായി പാരീഷ് ലീഡര്‍ഷിപ്പ്, ഫോര്‍മേഷന്‍ ആന്‍ഡ് ട്രെയിനിങ്ങ്, ലിറ്റര്‍ജി, ഫെയ്ത്ത് ഫോര്‍മേഷന്‍, മിഷനറി ഫാമിലീസ്, സേഫര്‍ ചര്‍ച്ചസ്, സോഷ്യല്‍ സര്‍വ്വീസ് എന്നിവ തിരഞ്ഞെടുക്കുകയും ഓരോ മേഖലയിലും നടപ്പിലാക്കേണ്ട പദ്ധതികളെകുറിച്ചുള്ള രൂപരേഖകള്‍ തയാറാക്കി, വിശ്വാസ സമൂഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കായി അയച്ചുകൊടുക്കാനും തീരുമാനിച്ചു. സഭാവിശ്വാസികളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉള്‍പ്പെടുത്തി 2020-24 വര്‍ഷങ്ങളിലേക്കുള്ള രൂപതാ മാസ്റ്റര്‍ പ്ലാന്‍ ദനഹാത്തിരുന്നാള്‍ ദിനമായ 2020 ജനുവരി ആറിന് പ്രസിദ്ധപ്പെടുത്താനും കൗണ്‍സിലില്‍ തീരുമാനമെടുത്തു.

 രൂപതയുടെ 2018-19 വര്‍ഷത്തെ വാര്‍ഷിക ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് രൂപത അക്കൗണ്ടന്‍റ് ആന്‍റണി ജോസഫ് അവതരിപ്പിച്ചു. 2019-2022 കാലയളവിലേക്കുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ജോബി ഫിലിപ്പിനെയും(മെല്‍ബണ്‍) രൂപത എക്സിക്യൂട്ടീവ് കമ്മറ്റി പ്രതിനിധികളായി ജോണ്‍ ജോസഫ്(പെര്‍ത്ത്), റെയ്മോള്‍ വിജി പാറയ്ക്കല്‍ (സിഡ്നി) എന്നിവരെയും അജണ്ടാ കമ്മറ്റി പ്രതിനിധികളായി നിധീഷ് ഫ്രാന്‍സിസ് (വാഗവാഗ), പ്രവീണ്‍ വിന്നി (വോളഗോങ്ങ്) എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ വിഷയാവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, രൂപതാ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഡയറക്ടര്‍ ലിസി ട്രീസ, സേഫ് ഗാര്‍ഡിങ്ങ് കോര്‍ഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, എസ്.എം.വൈ.എം പ്രതിനിധികളായ ജെസ്റ്റിന്‍ സി. ടോം, ജോവാന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നൽകി.

കഴിഞ്ഞ ആറുവര്‍ഷക്കാലം രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച ജീന്‍ തലാപ്പള്ളിയെ അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവ് ആദരിച്ചു. ഓസ്ട്രേലിയായിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയവും സാമുദായികവുമായ വളര്‍ച്ചക്ക് ഉപകരിക്കുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com