ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് പെരുകുന്നതോടൊപ്പം നിരവധി മലയാളികളുടെ ജീവിതവും അവതാളത്തിലാകുന്നു. മലേഷ്യയിൽ ജോലി വാഗ്ദാനം നൽകി കബളിപ്പിക്കപ്പെട്ടവരിൽ നിന്നും ദുരിതാനുഭവങ്ങളാണ് പുറത്തു വരുന്നത്. വാർത്തയിൽ നൽകിയിരിക്കുന്ന ചിത്രത്തിലുള്ളത് വർഷങ്ങൾ അധ്വാനിച്ച് കുടുംബം പുലർത്തേണ്ട ഇരുപത്തെട്ടുകാരനായ ഒരു മലയാളി യുവാവിന്റെ കൈകളാണ്. അംഗവൈകല്യം ബാധിച്ച കൈകളല്ലത്. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിലകപ്പെട്ട് വിശപ്പടക്കാൻ താൽക്കാലിക ജോലി ചെയ്യുമ്പോൾ മെഷീൻ കാർന്നു തിന്നതിന്റെ ശേഷിപ്പാണിത്. മക്കളുടെ നല്ല ഭാവിക്കും വേണ്ടി അവരെ വളർത്തി വലുതാക്കുന്ന ഒരു രക്ഷിതാവിനും കാണാൻ കഴിയാത്ത ചിത്രം. യഥാസമയം വീട്ടുകാരെ പോലും അറിയിക്കാൻ കഴിയാതെ വേദന കടിച്ചമർത്തി കിട്ടിയ മരുന്നൊക്കെ വച്ചു കെട്ടി എങ്ങിനെയെങ്കിലും ആ യുവാവ് മുറിവുണക്കിയിട്ടുണ്ട്.  

മലേഷ്യയിലെ കുറച്ചു നല്ല മനസ്സുകൾ ചേർന്ന് അവനെ കഴിഞ്ഞയാഴ്ച നാട്ടിലേക്കയച്ചു. അവൻ നാട്ടിലിറങ്ങിയ അതേവിമാനത്തിൽ ലക്ഷങ്ങൾ നൽകി കുറച്ച് പേരെങ്കിലും അവന് പകരക്കാരായി സീറ്റ് ബെൽട്ട് മുറുക്കി ജോലി സ്വപനങ്ങളുമായ് തിരിച്ചു പറന്നിട്ടുണ്ടാവുമെന്നുറപ്പാണ്. ഓരോ ദിവസവും ശരാശരി അഞ്ചു പേരെങ്കിലും കേരളത്തിൽ നിന്നും ജോലി വാഗ്ദാനങ്ങളിൽ കബളിപ്പിക്കപ്പെട്ട് മലേഷ്യയിൽ എത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ യുവാവിനോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുടെ കണ്ണിലേക്ക് ഇരുമ്പ് ചീള് കയറിയിട്ട് മാസം ആറായിട്ടുണ്ടെന്നറിയുന്നു. അയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല. ജീവനോടെ ആ യുവാവിനെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ മലേഷ്യയിലെ സാമൂഹ്യ പ്രവർത്തകർക്കിടയിൽ തുടരുന്നുണ്ട്. എത്തിപ്പെട്ട സാഹചര്യങ്ങളിൽ നിന്നും രക്ഷ നേടാനാവാതെ വേദന തിന്നു മരിക്കേണ്ടി വന്ന മലയാളികളുടെ ചരിത്രവും മലേഷ്യയിലുണ്ട്.  

malaysia-hand-chopped
മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിലകപ്പെട്ട് വിശപ്പടക്കാൻ താൽക്കാലിക ജോലി ചെയ്യുമ്പോൾ മെഷീനിൽ കുടുങ്ങി വിരലുകൾ നഷ്ടമായ മലയാളി യുവാവിന്റെ കൈ.

കെണിയിലകപ്പെട്ടവരുടെ അനുഭവ കഥകൾ കേട്ടറിഞ്ഞിട്ടും സാഹസികതക്ക് മുതിരുന്ന നൂറുകണക്കിന് മലയാളികളാണ് ഓരോ മാസവും മലേഷ്യയിൽ വന്നിറങ്ങുന്നത്. അതിൽ ഭൂരിഭാഗവും ബിരുദധാരികളാണെന്നുള്ളതാണ് വാസ്തവം. ഏജന്റുമാരുടെ ഉയർന്ന ശമ്പള വാഗ്ദാനങ്ങളിൽ ചാടി വീഴുന്ന ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരനാണ് മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിന്റെ നല്ലൊരു ഭാഗം ഇരകൾ. അൻപതിനായിരം രൂപയാണ് ഏജന്റുമാർ നൽകുന്ന കുറഞ്ഞ ശമ്പള വാഗ്ദാനം. യോഗ്യതക്കനുസരിച്ച് ഒന്നും ഒന്നരയും ലക്ഷങ്ങൾ വരെയുള്ള ശമ്പളങ്ങളും അവരുടെ ലിസ്റ്റിലുണ്ട്. തട്ടിപ്പിനിരയായി വന്നിറങ്ങുന്നവരിൽ പലരും സ്വന്തം വിശപ്പടക്കാനുള്ള വക പോലും കണ്ടെത്താനാവാതെ അനാഥരായി അലയുന്ന കാഴചയാണ്‌ നേരിൽ കാണുന്നത്. ഏജന്റുമാർ പറയുന്നത് മാത്രം മനസ്സറിഞ്ഞു വിശ്വസിച്ച തട്ടിപ്പിനിരയായ മലയാളി യുവാക്കളിൽ പലരും സാമ്പത്തിക ഞെരുക്കമുള്ള കുടുംബങ്ങളിൽ നിന്നും ബാങ്ക് വായ്പയെടുത്ത് പഠനം പൂർത്തിയാക്കിയ ബിരുദധാരികളാണ്. 

വിസിറ്റിങ് വീസയിലൂടെയാണ് ഏജന്റുമാർ ഇവരെ കെണിയിലാക്കുന്നത്. അറേബ്യൻ രാജ്യങ്ങളിലെ പോലെ വിസിറ്റിംഗ് വീസ ജോലി വീസയാക്കി മാറ്റാനുള്ള ഒരു സാധ്യതയും ഇല്ലാത്ത രാജ്യമാണ് മലേഷ്യ. ഇതിന്റെ മറവിൽ കൃത്രിമമായി വിസയുടെ സ്റ്റിക്കർ നിർമ്മിച്ച് പാസ്പ്പോർട്ടിൽ ഒട്ടിച്ചു നൽകുന്ന ഹൈടെക്ക് ഏജന്റുമാരും മലേഷ്യയിലുണ്ട്. ആരെങ്കിലും ഇടപ്പെട്ട് പാസ്പോർട്ട്‌ തിരിച്ചു നൽകേണ്ടി വരുമ്പോൾ കൃത്രിമ സ്റ്റിക്കർ പതിച്ച പാസ്സ്പോർട്ടിന്റെ പേജ് ചീന്തി കളയുന്ന പുതിയ വിദ്യകളും മലേഷ്യയിൽ നിലവിലുണ്ട്. 

സത്യത്തിൽ സൗദിയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിതാഖാത്ത് വ്യവസ്ഥകൾ പതിനഞ്ചു കൊല്ലങ്ങൾക്കു മുൻപ് നിലവിൽ വന്ന ഏഷ്യൻ രാജ്യമാണ് മലേഷ്യ. അതിനാൽ തന്നെ ഒട്ടുമിക്ക പൊതു ജോലികളും സ്വദേശികൾക്കു വേണ്ടി സംവരണം ചെയ്തിട്ടുണ്ട്. ഓഫിസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി അസിസ്റ്റന്റ്, ഓഫിസ് ക്ലാർക്ക്, കമ്പനി ഡ്രൈവർ, വിവിധ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ തസ്തികകളിലൊന്നും വിദേശികൾക്ക് ജോലി ലഭിക്കുമെന്ന പ്രതീക്ഷയേ വേണ്ട. ടൂളിങ്, വിവിധ തരം മോൾഡിങ്, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, എയറനോട്ടിക്സ്, മറൈൻ തുടങ്ങി മേഖലകളിലേക്കുള്ള സാമഗ്രികളുടെ ഉൽപ്പാദനം നടത്തുന്ന കമ്പനികളിലെ ഡിസൈനിങ്, ടൂളിങ്, മെഷിൻ ഓപ്പറേഷൻ തുടങ്ങി വിഭാഗങ്ങളിലാണ് വിദേശികൾക്കുള്ള ജോലി സാധ്യത കുറച്ചെങ്കിലുമുള്ളത്. അതിനും സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം മുഖ്യഘടകവുമാണ്. 

malaysia-hand-chopped12

ജോലി വാഗ്ദാനം ചെയ്ത കമ്പനികളുടെ പേരുവിവരങ്ങളും ഫോൺ നമ്പറുകളുമെല്ലാം ഉദ്യോഗാർഥികൾക്ക് നൽകികൊണ്ട് ആത്മാർഥത വാരിവിതറുന്ന ഏജന്റുമാരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ഇവർ വഴി മലേഷ്യയിൽ ജോലിയിൽ പ്രവേശിപ്പിച്ചവരോട് വിശ്വാസ്യതയെ കുറിച്ചന്വേഷിക്കാൻ നൽകുന്നതാവട്ടെ ഏജന്റുമാർ തന്നെ കൈകാര്യം ചെയ്യുന്ന വാട്സ്ആപ് നമ്പറുകളും. ഇത്തരം നൂതന ട്രിക്കുകളിലൂടെ ചെറുപ്പക്കാരെ പച്ചയായി പറ്റിച്ചാണ് മലേഷ്യയിലേക്ക് കയറ്റുന്നത്. അബദ്ധം തിരിച്ചറിയുമ്പോളേക്കും ഒന്നുമുതൽ ഒന്നര ലക്ഷം രൂപവരെ ഫീസും കൈക്കലാക്കി ഏജന്റുമാർ അടുത്ത ഇരയെ തേടിയിറങ്ങിയിട്ടുണ്ടാവും. ഇത്തരത്തിൽ ബലിയാടാവുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് പല കമ്പനികളിലേക്കും ലേബർ സപ്ലൈ ചെയ്യുന്ന കോൺട്രാക്ടർമാർക്കിടയിലാണ് അവസാനം ഇവർ ചെന്നെത്തുന്നത്. മെഡിക്കൽ ആനുകൂല്യങ്ങളോ, അപകട ഇൻഷുറൻസോ കൂടാതെ പന്ത്രണ്ട് മണിക്കൂറിലധികം ജോലി ചെയ്ത വിയർപ്പിൽ മുങ്ങിയ തുച്ഛമായ വേതനത്തിൽ നിന്നും നല്ലൊരു വിഹിതം കോൺട്രാക്ടർക്ക് കമ്മീഷനായും നൽകണം. ശരീരാസ്വാസ്ഥ്യം മൂലം ലീവെടുത്താൽ റൂമിൽ വന്ന് പൊതിരെ തല്ലുന്ന കോൺട്രാക്ടർമാരുടെ കീഴിൽ ജോലിചെയ്യുന്നവരും മലേഷ്യയിലുണ്ട്.

മലേഷ്യയിലെത്തി കബളിപ്പിക്കപ്പെട്ടവരെ നാട്ടിലെത്തിക്കാൻ സഹായിക്കാറുള്ള മലയാളികളായ സാമൂഹ്യപ്രവർത്തകരിൽ നിന്നും  ഭീതിപ്പെടുത്തുന്ന സത്യങ്ങളാണ് പുറത്ത് വരുന്നത്. രണ്ടു വർഷത്തിനിടക്ക് എണ്ണൂറോളം യുവാക്കളെയാണ് അവർ നാട്ടിലെത്തിച്ചതെന്നറിയുന്നു. ചതിയിലകപ്പെട്ടവർ മാനഹാനിയോർത്ത് കേസിന് പിറകെ പോവാത്തതാണ് മനുഷ്യക്കടത്ത് വർധിക്കുന്നതെന്നാണ് മലേഷ്യയിലെ ചില സാമൂഹിക പ്രവർത്തകരുടെ അഭിപ്രായം. 

വിസിറ്റിങ് വീസയിൽ ജോലിക്കെന്നും പറഞ്ഞ് ഭീമമായ ശമ്പള വാഗ്ദാനങ്ങൾക്ക് പിറകെ പോവാതിരുന്നാൽ ഇത്തരം വഞ്ചനയിൽ നിന്നും പണം നഷ്ടപ്പെടാതെ എളുപ്പം രക്ഷപ്പെടാം. നിലവിൽ തട്ടിപ്പിനിരയായവർക്ക് ഡിസംബർ മുപ്പത്തൊന്നു വരെ മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി താമസ രേഖകളില്ലാതെ രാജ്യത്തുള്ളവർക്കൊക്കെ ശിക്ഷയില്ലാതെ ചുരുങ്ങിയ ചിലവിൽ രാജ്യം വിടാനുള്ള അവസരം പരമാവധി വിനിയോഗിക്കലാണ് ബുദ്ധി. പൊതുമാപ്പ് വഴി രാജ്യം വിടാൻ എൺപതോളം കൗണ്ടറുകളാണ് മലേഷ്യയിലുടനീളം സർക്കാർ ആരംഭിച്ചിരിക്കുന്നത്. ജനുവരി മുതൽ വൻ ശിക്ഷകളാണ് പൊതുമാപ്പിനോട്‌ സഹകരിക്കാത്തവർക്കായി സർക്കാർ നടപ്പിലാക്കാൻ പോകുന്നതെന്നാണ് വിവരം.

വീസയുടെ പുരോഗതി അറിയാൻ മലേഷ്യൻ എമിഗ്രേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ https://esd.imi.gov.my/portal സൗകര്യമുണ്ട്. മലേഷ്യയിലേക്ക് ജോലിക്ക് ശ്രമിക്കുന്നവർ വീസയുടെ സാധുത പരിശോധിച്ചതിന് ശേഷം മാത്രം യാത്രക്ക് തയാറാവുക. അല്ലെങ്കിൽ മനുഷ്യക്കടത്ത് മാഫിയകളുടെ നാളത്തെ ഇരകൾ ഒരുപക്ഷേ നിങ്ങളായിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com