ADVERTISEMENT

മെൽബൺ ∙ ചായ വിറ്റുകിട്ടിയ സമ്പാദ്യം കൊണ്ട് ലോകം ചുറ്റുന്ന വൃദ്ധ ദമ്പതികൾ – കൊച്ചിയിലെ വിജയനും – മോഹനയും ഇരുപത്തിനാലാമത്തെ രാജ്യവും ചുറ്റിക്കറങ്ങി, സൂര്യനുദിക്കുന്ന നാട്ടിലേക്ക് വിമാനം കയറി.

 

എറണാകുളം ഗാന്ധിനഗറിൽ ശ്രീബാലാജി കോഫി ഷോപ്പ് നടത്തുന്ന കെ. ആർ. വിജയന്റെയും പ്രിയതമയുടെയും സഞ്ചാര കൗതുകം വാർത്തകളിൽ നിറഞ്ഞെങ്കിലും അന്താരാഷ്ട്ര പ്ലോഗറായ ഡ്രൂ ബിൻസികിയുടെ പ്ലോഗ് ആണ് ഇക്കുറി യാത്രക്ക് തുണയായത്. ചെറിയൊരു ചായക്കടയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് മിച്ചം പിടിക്കുന്ന സമ്പാദ്യം കൊണ്ട് 23 രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ ദമ്പതികളെക്കുറിച്ചറിഞ്ഞ മഹീന്ദ്ര കമ്പനി തലവൻ ആനന്ദ് മഹീന്ദ്രയാണ് അടുത്ത രണ്ട് രാജ്യങ്ങൾ കാണുന്നതിനുള്ള  െചലവ് ഏറ്റെടുക്കാമെന്നറിയിച്ചത്.

 

കങ്കാരുക്കളുടെ നാടായ ഓസ്ട്രേലിയയും നിരവധി യാത്രാ വിവരണങ്ങളിലൂടെ വായിച്ചറി‍ഞ്ഞ, ലോകത്താദ്യമായി സൂര്യവെളിച്ചം പടരുന്ന ന്യൂസിലൻഡുമാണ് വിജയൻ തിരഞ്ഞെടുത്തത്.

 

സഞ്ചാരത്തെ പ്രണയിച്ച ദമ്പതികളുടെ ആദ്യകാല യാത്രകൾ രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു. 1988–ൽ ഹിമാലയ സാനുക്കളിൽ സന്ദർശനം നടത്തി. മൂന്നു പതിറ്റാണ്ട് പിന്നിട്ടപ്പോൾ അമേരിക്കയും ജർമനിയും സ്വിറ്റ്സർലൻഡും ബ്രസീലും അർജന്റീനയും ഉൾപ്പടെ 23 രാജ്യങ്ങളിൽ ഈ ദമ്പതികളുടെ കാലടികൾ പതിഞ്ഞു.

 

ചേർത്തലയിൽ ജനിച്ചു വളർന്ന വിജയന്റെ ചെറുപ്പകാലത്തെ സ്വപ്നം എറണാകുളം കാണുകയെന്നതായിരുന്നു. എറണാകുളത്തു നിന്ന് ജീവിത പങ്കാളിയെ കിട്ടിയതോടെ അവിടുത്തുകാരനായി മാറി.

 

വായനയും സിനിമയും ഏറെ ഇഷ്ടപ്പെട്ടിരുന്ന വിജയൻ വായിച്ചു കൂട്ടിയ യാത്രാ വിവരണങ്ങൾ, മനസുകൊണ്ട് ലോകമെമ്പാടും ചുറ്റിക്കറങ്ങി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ സ്വപ്നത്തേരിലേറി യുള്ള ലോകയാത്രയിലായിരുന്നു ആശ്വാസം. പ്രീഡിഗ്രി പഠനകാലത്ത് കോളേജ് വിട്ട വിജയൻ ആദ്യം അച്ഛന്റെ സഹായി ആയും പിന്നീട് സ്വന്തമായും ചായക്കടക്കാരനായി.

 

സ്വന്തമായി വീടോ, സ്ഥലമോ ഒന്നുമില്ലെങ്കിലും അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് രണ്ടു പെൺമക്കളെയും പഠിപ്പിച്ച് ജോലിക്കാരാക്കി വിവാഹം ചെയ്തയച്ചു. ഇനിയുള്ള അധ്വാനവും സമ്പാദ്യവും ജീവിതാഭിലാഷമായ യാത്രകൾക്കു വേണ്ടിയാകട്ടെയെന്നുറപ്പിച്ചു. ചായക്കട വരുമാനത്തിൽ നിന്നു മിച്ചം വയ്ക്കുന്ന തുകകൊണ്ട് ചിട്ടി ചേർന്ന് അത് വട്ടമെത്തുമ്പോൾ വിമാനം കയറുകയാണ് ഇവരുടെ പതിവ് രീതി. ചിലപ്പോഴൊക്കെ ഈ പണം തികയാതെ വരുമ്പോൾ കടംവാങ്ങിയും ആഭരണം പണയം വച്ചും യാത്ര മുടങ്ങാതെ നോക്കി.

 

കണ്ടു തീർത്ത രാജ്യങ്ങളിലെയെല്ലാം പ്രധാന സവിശേഷതകളും ആസ്വാദ്യതകളുമെല്ലാം വിജയനു മനപാഠം. യാത്രാവിവരണമായി എഴുതണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും അതിനായി സമയമേറെ മാറ്റിവയ്ക്കാനില്ലെന്നതിലാണു സങ്കടം. കണ്ട് തീർക്കാനായുണ്ട്, ഇനിയും രാജ്യങ്ങളേറെ. ഓസ്ട്രേലിയയിൽ എട്ടുദിവസവും ന്യൂസിലന്റിൽ ഏഴു ദിവസവുമാണ് ഇക്കുറി യാത്രാ പരിപാടിയിൽ. മെൽബണിലെ ഗ്രേറ്റ് ഓഷ്യൻ ഡ്രൈവും ഫിലിപ്പ് ഐലന്റും ഉൾപ്പടെ പ്രധാന കേന്ദ്രങ്ങളെല്ലാം ചുറ്റിക്കറങ്ങി. കെയ്ൻസിലേക്കും അവിടെ നിന്ന് സിഡ്നിയിലേക്കും നീണ്ട യാത്ര പ്രശസ്തമായ ഓപ്പറ ഹൗസിൽ അവസാനിപ്പിച്ചാണ് അവർ ന്യൂസിലാന്റിലേക്ക് യാത്ര തിരിച്ചത്. പതിവ് യാത്രകളിൽ വിജയനും ഭാര്യ മോഹനയും മാത്രമായിരുന്നെങ്കിൽ ഇക്കുറി മകളുടെ ഭർത്താവ് മുരളിയുമുണ്ട് കൂട്ടിന്. നവംബർ രണ്ടിന് ഇവർ തിരികെ നാട്ടിലെത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com