ADVERTISEMENT

ക്വാലലംപുർ ∙ കോഴിക്കോട് നിന്നു ഓഗസ്റ്റ് എട്ടിന് സൈക്കിളിൽ സിംഗപ്പൂരേക്ക് പുറപ്പെട്ട റോട്ടറി കാലിക്കറ്റ് അപ്‌ടൗൺ ക്ലബ് അംഗങ്ങളായ ഫായിസും രജിത്തും കഴിഞ്ഞ തൊണ്ണൂറ്റി അഞ്ച് ദിവസങ്ങളിൽ അഞ്ച് രാജ്യങ്ങൾ പിന്നിട്ട് മലേഷ്യയുടെ തലസ്ഥാന നഗരിയായ ക്വാലലംപുരിൽ എത്തി. കേരളത്തിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടു മലയാളികൾ ഈ റൂട്ടിൽ സൈക്കിൾ സവാരി സംഘടിപ്പിക്കുന്നത്.

കഴിവുള്ളവരും ചിന്താശേഷിയുള്ളവരും ഉദാരരുമായ ആളുകളെ ഒന്നിപ്പിക്കാനും റോട്ടറി സേവനത്തിലൂടെ അർഥവത്തായ നടപടിയെടുക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള റോട്ടറി പ്രസിഡന്റ് മാർക്ക് ഡാനിയൽ മലോനിയുടെ ‘റോട്ടറി ലോകത്തെ ബന്ധിപ്പിക്കുന്നു’എന്ന ആപ്തവാക്യങ്ങളെ ആസ്പദമാക്കിയാണ് ഈ യുവാക്കളുടെ യാത്ര.

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് റോട്ടറി ക്ലബ്ബുകളെ തമ്മിൽ ബന്ധിപ്പിക്കുകയും അതിലൂടെ  ഈ ഏഴ് രാജ്യങ്ങളിലെ റോട്ടേറിയൻമാരെ ഒന്നിപ്പിക്കാനും ഭാവിയിൽ ഈ രാജ്യങ്ങളിൽ എന്തെങ്കിലും പ്രധാന ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ ഏഴു രാജ്യങ്ങളിലെയും ക്ലബ് അംഗങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് ഓരോ രാജ്യത്തിലെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ സേവിക്കുകയും കൂടിയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ഇരുവരും പറയുന്നു.

ഇതുവരെ ഏഴായിരത്തി അഞ്ഞൂറിലധികം കിലോമീറ്റർ സൈക്കിൾ യാത്ര ചെയ്ത യുവാക്കൾ മുന്നൂറിലധികം റോട്ടറി ക്ലബ് അംഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ഇന്ത്യയിലുടനീളമുള്ള 20 ദശലക്ഷത്തിലധികം ആളുകളിലേക്ക് സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ഡിസംബർ ആറിന് സിംഗപ്പൂരിൽ വച്ച് നടക്കുന്ന പരേഡിൽ സന്നിഹിതരാവുമ്പോളേക്കും നാലുമാസത്തെ യാത്രയിൽ എട്ടായിരത്തിലധികം കിലോമീറ്ററുകൾ താണ്ടിയിട്ടുണ്ടാവും.

സിംഗപ്പൂരിൽ നിന്നും റോട്ടറി ക്ലബ്ബ് അംഗങ്ങൾ ഈ യുവാക്കളെ  സ്വീകരിക്കാൻ സൈക്കിൾ യാത്രയായി വരും ദിവസങ്ങളിൽ മലേഷ്യയിലെത്തും. തുടർന്ന് മലേഷ്യയിൽ നിന്നും സിംഗപ്പൂരേക്ക് ആനയിക്കും. ഇലക്ടോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറായ ഫായിസും സൈക്കിൾ മെക്കാനിക്കുകാരനായ രജിത്തും കോഴിക്കോട് സ്വദേശികളും മലബാർ സൈക്കിൾ റൈഡേഴ്‌സ് അംഗങ്ങളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com