ADVERTISEMENT

ക്വലാലംപൂർ∙ മലേഷ്യൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഈ വരുന്ന ഡിസംബർ 31 ന് അവസാനിക്കാനിരിക്കെ ക്വലാലംപൂർ വിമാനത്താവളത്തിൽ വൻ തിരക്ക്. എല്ലാ എമിഗ്രേഷൻ കൗണ്ടറുകളിലും യാത്രനടപടികൾക്കായി മണിക്കൂറുകൾ നീണ്ട വരിയാണു രൂപപ്പെടുന്നത്. ലഗേജ് ചെക്കിൻ ചെയ്യാനും യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ദിവസേന കൃത്യസമയത്ത് ഗേറ്റിൽ എത്തിപ്പെടാനാവാതെ വിമാനം നഷ്ടമാവുന്നതും ഈയിടെ നിത്യ സംഭവങ്ങളാവുന്നു. അമിത തിരക്കുകാരണം യാത്രക്കാർക്കുണ്ടാകുന്ന തിരക്ക് പരിഹരിക്കാൻ ഇതുവരെ പുതിയ നടപടികളൊന്നും മലേഷ്യൻ എയർപോർട്ട് അതോറിറ്റി സ്വീകരിച്ചിട്ടുമില്ല. വിമാനം നഷ്ടപ്പെട്ട യാത്രക്കാരുടെ മുന്നിൽ വിമാനക്കമ്പനികളും കൈമലർത്തുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് മാസം പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ ഭാരിച്ച പിഴയും തടവുശിക്ഷയുമില്ലാതെ രാജ്യം വിടാനുള്ള അവസരം ഈ മാസം അവസാനിക്കാനിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപേരാണു പൊതുമാപ്പിലൂടെ രാജ്യം വിടാൻ എയർപോർട്ടിലെത്തുന്നത്. ഇവരുടെ യാത്രാരേഖകൾ സൂക്ഷ്‌മ പരിശോധനക്ക് വിധേയമാക്കേണ്ടതിനാൽ എമിഗ്രെഷൻ കൗണ്ടറുകളിൽ ക്ലിയറൻസിനായി അമിതസമയമെടുക്കുന്നതും തിരക്ക് വർധിക്കാൻ കാരണമാവുന്നു. ഉച്ച കഴിഞ്ഞ് അർധ രാത്രി വരെയാണ് യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയത്ത് തന്നെയാണ് കേരളത്തിലേക്കുള്ള മിക്ക സർവീസുകളും.

മലേഷ്യയിലെ തലസ്ഥാനമായ ക്വാലാലംപൂരിൽ KLIA & KLIA-2 എന്നീ രണ്ടു രാജ്യാന്തര വിമാനത്താവളത്തിലാണു നിലവിലുള്ളത്. ബജറ്റ്‌ വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന KLIA-2 വിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ബജറ്റ്‌ വിമാനങ്ങളിൽ ബുക്ക് ചെയ്ത സമയ പ്രകാരം യാത്ര ചെയ്യാനായില്ലെങ്കിൽ യാത്രക്കാരന് ടിക്കറ്റിന്റെ പണവും തിരികെ ലഭിക്കില്ല. അതിനാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യാത്രക്കാരോട് കഴിവതും നേരത്തെ എയർപോർട്ടിലെത്തി ചെക്കിൻ നടപടികൾ ആരംഭിക്കാനാണ് പല വിമാനക്കമ്പനികളും ശുപാർശ ചെയ്യുന്നത്.

ഏഴു ദിവസം മുതൽ 90 മിനിറ്റ് മുൻപ് വരെ ഓൺലൈൻ വഴി ചെക്കിങ് ചെയ്യാനാകും. മലേഷ്യയുടെ മറ്റു പ്രവിശ്യകളിൽ നിന്നും ക്വാലാലംപൂരിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് മുൻകൂട്ടി ഓൺലൈൻ വഴിയെടുത്ത ബോർഡിങ് പാസുകൾ ഉപയോഗിച്ചു കൊണ്ട് ട്രാൻസിറ്റ് കൗണ്ടറുകൾ വഴി എളുപ്പത്തിൽ ഇന്റർനാഷണൽ ഗേറ്റിലെത്താനാവും. ഇത്തരക്കാർക്ക് ലഗേജ് ഉണ്ടെങ്കിൽ കണക്ഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത് ആഭ്യന്തര വിമാനത്താവളങ്ങളിൽ ലഗേജ്‌ നിക്ഷേപിച്ച് ട്രാൻസിറ്റ് കൗണ്ടറുകൾ ഉപയോഗപ്പെടുത്തുന്നതാവും ഈ സീസണിൽ ഏറ്റവും ഉചിതം. ട്രാൻസിറ്റ് കൗണ്ടറുകൾ ഒട്ടുമിക്ക സമയങ്ങളിലും കാലിയാണ്. എന്നാൽ ചുരുക്കം യാത്രക്കാർ മാത്രമാണു ട്രാൻസിറ്റ് കൗണ്ടറുകളെ ആശ്രയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com