sections
MORE

ഔട്ട് പാസ്സിനായി കാത്തിരിപ്പ്: മലേഷ്യൻ ജയിലുകളിൽ മലയാളികളടക്കം നിരവധിപേർ

malaysia-jail
SHARE

ക്വാലലംപുർ ∙ മലേഷ്യയിൽ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനായി ഈ വർഷം ഓഗസ്റ്റ് മാസം സർക്കാർ നടപ്പിലാക്കിയ B4G (Back For Good) അഥവാ പൊതുമാപ്പ് ഡിസംബർ 31ന് അവസാനിക്കാനിരിക്കെ പിടിയിലായ മലയാളികളടക്കമുള്ള നിരവധി ഇന്ത്യാക്കാർ ഇപ്പോളും തടങ്കലിൽ. ഏജന്റുമാർ സന്ദർശക വിസ നൽകി കബളിപ്പിക്കപ്പെട്ടവരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. 

സാധുതയില്ലാത്ത വിസയിൽ ജോലി ചെയ്യുമ്പോൾ പിടിക്കപ്പെട്ടവരുടെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും രണ്ടര മാസത്തോളമായി അവർ രാജ്യം വിടാനുള്ള ഔട്പാസ്സിനും വേണ്ടി പല ജയിലുകളിലും കാത്തിരിപ്പ് തുടരുകയാണ്. മലേഷ്യയിലെത്തി തട്ടിപ്പ് മനസിലാവുന്നതോടെ ഏജന്റുമാർക്ക് നൽകിയ വൻ തുക ബാധ്യതയാവുന്ന യുവാക്കൾ ഒറിജിനൽ പാസ്പോർട്ട്‌ ഏതെങ്കിലും ലോക്കൽ ഏജന്റുമാർക്ക് നൽകി അവർക്ക് കീഴിൽ കരാറടിസ്ഥാനത്തിൽ ജോലി നോക്കുമ്പോഴാണ് മിക്കവരും പിടിക്കപ്പെട്ടത്. 

ഒരു മാസത്തിലധികം നീളുന്ന ജയിൽ ശിക്ഷക്ക് ശേഷം പാസ്പോർട്ട്‌ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ ടിക്കറ്റ് എടുത്തു നൽകിയാൽ ഇത്തരക്കാർക്ക് നാട്ടിലെത്താനാവും. പാസ്പോർട്ട് പല ഏജന്റുമാരുടെയും കൈവശമായതിനാൽ ഔട്പാസ്സ് നൽകാൻ ഇന്ത്യൻ എംബസി തന്നെ കനിയണം. പല ജയിലുകളിലും ഔട്പാസിനായി നാളുകൾ എണ്ണുകയാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാർ.

ഈയിടെ ഒരു കൂട്ടം മലയാളികൾ ഇടപ്പെട്ട് നാട്ടിലെത്തിച്ച തൃശ്ശൂർ സ്വദേശിയായ ഇരുപത്തിരണ്ടു വയസ്സുകാരന്റെ ജയിൽ അനുഭവം ഞെട്ടിക്കുന്നതാണ്. രണ്ടു ലക്ഷത്തോളം രൂപ ഏജന്റിന് നൽകി സന്ദർശക വിസ നൽകി കബളിപ്പിക്കപ്പെട്ട യുവാവിനെ എമിഗ്രേഷൻ അധികൃതർ പിടികൂടി ജയിലിലടക്കുകയായിരുന്നു. അയാൾ കഴിഞ്ഞിരുന്ന തടങ്കലിൽ മാത്രം മുപ്പതോളം ഇന്ത്യക്കാരാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രക്കായി ഔട്പാസ്സിനും വേണ്ടി രണ്ടരമാസമായി കാത്തിരിക്കുന്നത്. 

മറ്റു പല രാജ്യങ്ങളുടെയും എംബസി ഉദ്യോഗസ്ഥർ അവിടെയെത്തി തടങ്കലിൽ കഴിയുന്ന സ്വന്തം രാജ്യക്കാരുടെ കണക്കെടുത്തു ഔട്പാസ്സിനായി നടപടികൾ കൈക്കൊള്ളുമ്പോൾ ഇന്ത്യൻ എംബസിയിൽ നിന്നും നാളിതുവരെ വരെ ആരും അന്വേഷിച്ചിട്ടു പോലുമില്ലെന്നാണ് യുവാവിന്റെ പരാതി. ആ യുവാവ് കഴിഞ്ഞിരുന്ന ജോഹോർ സ്റ്റേറ്റിലെ പെക്കാൻ നാനാസ് എന്ന ജയിലിലെ മാത്രം അവസ്ഥയാണിത്. മലേഷ്യയിലെ മൊത്തം ജയിലുകളിൽ ഔട്പാസ്സിനും വേണ്ടി കാത്തിരിക്കുന്നവരുടെ കണക്കെടുത്താൽ ഒരുപക്ഷേ, ഞെട്ടിക്കുന്ന വിവരമായിരിക്കും പുറത്ത് വരിക.

ഇത്തരത്തിൽ എംബസിയുടെ കനിവ് തേടി കാത്തിരിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ അധികൃതർ കണ്ണ് തുറക്കേണ്ടിയിരിക്കുന്നു. മലേഷ്യയിലെ എല്ലാ ജയിലുകളിലെയും തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ കണക്കെടുത്ത് അവർക്ക് എത്രയും പെട്ടെന്ന് ഔട്പാസ്സ് ലഭ്യമാക്കാനുള്ള നടപടി മലേഷ്യയിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഒരു കൂട്ടം പ്രവാസി മലയാളികൾ. വിവരങ്ങൾ ശേഖരിച്ചു നൽകിയാലും എംബസി ഉദ്യോഗസ്ഥർ കനിയുമോയെന്ന ആശങ്കയും അവർക്കിടയിൽ നിലനിൽക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA