ADVERTISEMENT

ക്വറ്റ∙ പ്രവിശ്യാ തലസ്ഥാനത്തെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) അമ്മാനുല്ലയും പള്ളിയിലെ ഇമാമും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

us-troop-gif

 

blast-pak-gif

വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരത്തിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗസബാദിലെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പില്‍ ഉണ്ടായ സ്ഫോടനത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴും വ്യക്തമല്ല. 

pakistan-blast-gif

 

സ്ഫോടനം നടന്നയുടനെ സുരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ പ്രാദേശിക  ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു.

 

 ആക്രമണം നടക്കുന്ന സമയത്ത് പള്ളിയില്‍ അറുപതോളം പേര്‍ സന്നിഹിതരായിരുന്നുവെന്ന് മഗ്‌രിബ് നമസ്കാരത്തില്‍ പങ്കെടുത്ത ഫിദ മുഹമ്മദ് പറഞ്ഞു.

 

പ്രാർഥന ആരംഭിച്ച് നിമിഷങ്ങള്‍ക്കകം ആരാധകരുടെ മുന്‍നിരയിലൂടെയാണ് സ്ഫോടനം ഉണ്ടായത്. "ശക്തമായ ഒരു സ്ഫോടനമായിരുന്നു അത്. ആളുകള്‍ നിലവിളിക്കുകയും തലങ്ങും വിലങ്ങും ഓടുകയും ചെയ്തു. തിരക്കിനിടയില്‍ പെട്ട് നിരവധി പേര്‍ക്ക് പരുക്കേറ്റു,' മുഹമ്മദ് പറഞ്ഞു.

 

15 പേര്‍ മരിച്ചുവെന്ന് ക്വറ്റയിലെ സാന്‍ഡെമാന്‍ ആശുപത്രിയിലെ ഡോക്ടര്‍ മുഹമ്മദ് വസീംസ്ഥിരീകരിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പോലീസ് മേധാവി മൊഹ്സിന്‍ ഹസ്സന്‍ ബട്ടും മരണസംഖ്യ സ്ഥിരീകരിച്ചു. 19 പേര്‍ ഇപ്പോഴും ചികിത്സയിലാണ്, മൂന്നു പേരുടെ അവസ്ഥ ഗുരുതരമാണ്. മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

ബോംബ് സ്ക്വാഡിന്റെ അന്വേഷണത്തില്‍ ചാവേര്‍ ആക്രമണം നടത്തിയതായി പ്രവിശ്യാ ആഭ്യന്തരമന്ത്രി സിയ ഉല്ലാ ലങ്കു മാധ്യമങ്ങളോട് പറഞ്ഞു.

 

'ഫ്രണ്ടിയര്‍ കോര്‍പ്സ് ഉദ്യോഗസ്ഥര്‍ പ്രാദേശിക പോലീസിനോടൊപ്പം സ്ഫോടന സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്', ഇന്‍റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ‌എസ്‌പി‌ആര്‍) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ചീഫ് ആര്‍മി സ്റ്റാഫ് (സി‌ഒ‌എ‌എസ്) ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തു. 

 

'പൊലീസിനും സിവില്‍ അഡ്മിനിസ്‌ട്രേഷനും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും, ഒരു പള്ളിയില്‍ നിരപരാധികളെ ലക്ഷ്യമിടുന്നവര്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ മുസ്ലീമാകാന്‍ കഴിയില്ലെന്നും ട്വീറ്റില്‍ സി‌ഒ‌എ‌എസിനെ ഉദ്ധരിച്ച് പറഞ്ഞു.

 

അതേസമയം, ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി ജാം കമാല്‍ ഖാനും ഗവര്‍ണര്‍ അബ്ദുല്‍ ഖുദുസ് ബിസെന്‍ജോയും സ്ഫോടനത്തെ അപലപിക്കുകയും ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ പ്രവിശ്യയിലുടനീളം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജാം കമാല്‍ സുരക്ഷാ ഏജന്‍സികളോട് നിര്‍ദ്ദേശിച്ചു.

 

അതിനിടെ, തെക്കുപടിഞ്ഞാറന്‍ പാകിസ്താന്‍ നഗരമായ ക്വറ്റയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം ലക്ഷ്യമാക്കി ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

ചൊവ്വാഴ്ച വൈകിട്ടു നഗരത്തിലെ തിരക്കേറിയ ലിയാക്കത്ത് മാര്‍ക്കറ്റിനു സമീപമുള്ള ഒരു കവലയിലാണു ആക്രമണം നടന്നത്. ആക്രമണത്തില്‍ ചാവേര്‍ ആക്രമണമുണ്ടോ അതോ വിദൂര നിയന്ത്രണത്തിലൂടെയോ ടൈമര്‍ വഴിയോ ബോംബ് സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും സ്ഫോടക വസ്തുക്കള്‍ മോട്ടോര്‍ സൈക്കിളില്‍ നിറച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മുഷ്താഖ് ഹുസൈന്‍ പറഞ്ഞു.

 

ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണു ക്വറ്റ. രാജ്യത്തെ ഏറ്റവും വലിയതും എന്നാല്‍ വളരെ ജനസാന്ദ്രതയുമുള്ള പ്രവിശ്യയും ധാതുസമ്പത്താല്‍ സമ്പന്നവും 60 ബില്യണ്‍ ഡോളര്‍ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ പാതയുമാണ്.

 

സിപിഇസി പദ്ധതികള്‍ ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി ഉല്‍പാദനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ബലൂചിസ്ഥാന്‍ പട്ടണമായ ഗ്വാഡറിലെ ഒരു പ്രധാന വാണിജ്യ തുറമുഖത്താണ് ഈ വഴി അവസാനിക്കുന്നത്. നവംബറില്‍ സുരക്ഷാ വാഹനത്തെ ലക്ഷ്യമിട്ട് സമാനമായ ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com