ADVERTISEMENT

ക്വലാലംപൂർ∙ എന്‍റെ പത്തു വർഷത്തെ പ്രവാസത്തിനിടയിൽ മലേഷ്യയിലെ വിജനമായ നഗരങ്ങളെ ആദ്യമായി പരിചയപ്പെടുത്തിയത് കോവിഡ്-19 ആണ്. രാജ്യം നിശ്ചലമാണ്. മലേഷ്യയിലെ ആകെ ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന നാലു ദശലക്ഷത്തോളം പ്രവാസികളിൽ ഭൂരിഭാഗവും വീടിനകത്താണ്. നഗരങ്ങളും റോഡുകളും കട കമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു.1965 ലെ വംശീയ കലാപത്തിന് ശേഷം ആദ്യമായി മലേഷ്യ-സിംഗപ്പൂർ റോഡുകളും നിശ്ചലമായി. 

നട്ടപ്പാതിരാക്കും ഉണർന്നിരിക്കുന്ന വഴിയോര ചന്തകളും  തുറന്നു വച്ച റസ്റ്ററന്റുകളുമായിരുന്നു മലേഷ്യയുടെ രാത്രിച്ചന്തം. വരിയായി നിരത്തിയ ഒരേ നിറത്തിലുള്ള കസേരകളും തീൻമേശകളും സെപ്ഷ്യൽ കടൽ മൽസ്യങ്ങളുടെ പാചക മെനുവിൽ പുകയുന്ന അടുക്കളകളിലെ രുചിയേറുന്ന ഭക്ഷണങ്ങളും നിറഞ്ഞ നിലാവെളിച്ചമുള്ള മലേഷ്യയെ കണ്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. മലേഷ്യയിലെ ഒട്ടുമിക്ക റസ്റ്ററന്റുകളുടെയും നടത്തിപ്പുകാർ മലയാളികൾ തന്നെ. കാര്യഗൗരവമറിയുന്നതിനാൽ അടച്ചിട്ട നാളുകളിൽ തെരുവുകളിലേക്കെത്തി നോക്കാതെ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകി വീട്ടിനുള്ളിൽ കഴിയുന്ന പ്രവാസി മലയാളികളും ലോക്ക് ഡൗൺ നീളുംതോറും ആശങ്കയിലാണ്. ഒന്നും രണ്ടും ഘട്ടങ്ങളിൽ നിന്നും മലേഷ്യൻ ലോക്ക് ഡൗൺ മൂന്നിലെത്തിക്കഴിഞ്ഞു.

മലേഷ്യയിലെ രോഗബാധിതരുടെ ചാർട്ടിൽ പ്രവാസി മലയാളികളുടെ  അസാന്നിധ്യം അവരുടെ മാതൃകാപരമായ ചെറുത്തു നിൽപ്പിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഇവിടെ പ്രവാസികൾ കൂടുതൽ ബോധവാന്മാരാണ് എന്നതിൽ സംശയമില്ല. മലേഷ്യയിലെ പ്രവാസികളെ പോലെ സ്വദേശികളും വ്യാപനത്തിനെതിരെ പൊരുതിയിരുന്നെങ്കിൽ വൈറസ് വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാമായിരുന്നു. മലേഷ്യയിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള  ദ്വീപാണ് സിംഗപ്പൂർ. ജനുവരി അവസാനമായപ്പോഴേയ്ക്കും സിംഗപ്പൂർ “ഓറഞ്ച്” അലേർട്ടിലൂടെ രാജ്യത്ത് ജാഗ്രത നിർദ്ദേശം നൽകിയിരുന്നെങ്കിലും ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകൾ ഇരു രാജ്യങ്ങളുടെയും അതിർത്തി കടക്കുമ്പോഴും മലേഷ്യ അതൊന്നും മുഖവിലക്കെടുത്തില്ല. 

lockdown-in-malaysia2

ദിവസവും പത്രമാധ്യമങ്ങളിലൂടെയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ തിരിച്ചറിഞ്ഞ പ്രവാസികൾ പലരും അവരവരുടെ രക്ഷക്കായി ജനസമ്പർക്കം സ്വമേധയാ ഒഴിവാക്കിത്തുടങ്ങി. ജനുവരി 24 ആയപ്പോഴേക്കും മലേഷ്യയിൽ ആദ്യമായി കൊറോണ സ്ഥിരികരിച്ചു. തുടർന്ന് ഗൗരവമായ ജാഗ്രത പുലർത്തേണ്ട നാളുകളിൽ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ഏകദേശം14000 വിശ്വാസികളെയും 21 രാജ്യങ്ങളിലെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് മലേഷ്യയുടെ തലസ്ഥാന നഗരിയിൽ അരങ്ങേറിയ മത സമ്മേളനത്തോടെ മലേഷ്യയുടെ സ്ഥിതി കൂടുതൽ വഷളായി. ഇന്നുവരെയുള്ള റിപ്പോർട്ട് പ്രകാരം വൈറസ് ബാധിച്ചവരുടെ എണ്ണം 5000 കവിഞ്ഞു. നൂറോളം പേർ ഇൗ ലോകത്തോട് വിടപറഞ്ഞു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ നാളിതുവരെ ഇരട്ട സംഖ്യയിലെത്തിക്കാൻ രാജ്യത്തിനായിട്ടില്ല.

പ്രവാസികൾ ആശങ്കയിലാണ്

ഭൂരിഭാഗവും മാസ ശമ്പളം മാത്രം പ്രതീക്ഷിച്ച് ജീവിക്കുന്നവരാണ്. അവശ്യ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പല കമ്പനികൾക്കും പ്രവർത്തനാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കുടുംബമായി കഴിയുന്ന പലരും കമ്പനിക്കുള്ളിലെ ജനസമ്പർക്കം ഭയന്ന് ജോലിക്ക് പോവാൻ തയാറായിട്ടില്ല. അത്തരക്കാർക്ക് ശമ്പളയിനത്തിൽ ഒന്നും പ്രതീക്ഷിക്കാനുമാവില്ല.  മാർച്ച് 18 മുതൽ 31 വരെയുള്ള ആദ്യ ഘട്ട ലോക്ക് ഡൗൺ കാലയളവിലെ ശമ്പളം പല കമ്പനികളും നൽകിയിട്ടുണ്ടെങ്കിലും, രണ്ടും മൂന്നും ഘട്ടങ്ങൾ കഴിയാനിരിക്കുന്ന ഏപ്രിൽ മാസത്തെ  ശമ്പളം പ്രതീക്ഷിക്കരുതെന്ന് ചില കമ്പനികൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മലേഷ്യൻ സർക്കാരിന്റെ ധനസഹായങ്ങൾ സ്വദേശികളിൽ മാത്രം ഒതുങ്ങുകയാണ്. ഒരു പക്ഷേ, ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചാൽ ഒട്ടുമിക്ക പ്രവാസികളുടെയും ജീവിത സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാവാനുള്ള സാധ്യതയും കാണുന്നു.

നിലവിലെ സമൂഹ വ്യാപനത്തിലെ ആശങ്ക

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന കാലയളവുകളിലും സ്വദേശികളുടെ ഇടപഴകൽ മലേഷ്യയിൽ പൊതുവെ ഭീതിയുണർത്തുന്നുണ്ട്. പൊതുവെ പുറത്തിറങ്ങാൻ താല്പര്യമുള്ള സ്വദേശികൾ പലയിടങ്ങളിലും വ്യാപകമായി നിരത്തിലിറങ്ങുന്നുണ്ട്. ലോക്ക് ഡൗൺ ഘട്ടങ്ങൾ മൂന്നിലേക്ക് നീണ്ടതോടെ പലരുടെയും ക്ഷമ നശിച്ചു എന്നുവേണം മനസ്സിലാക്കാൻ. അത്യാവശ്യമില്ലാതെയുള്ള സവാരി സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ സമൂഹ വ്യാപനം ക്രമാതീതമായി വർദ്ധിച്ചേക്കാം.  

lockdown-in-malaysia1

പ്രവാസികളുടെ ജീവിത സാഹചര്യങ്ങൾ

നിലവിൽ മലേഷ്യയിലുള്ള പ്രവാസി മലയാളികൾക്ക് വൈറസ് വ്യാപനത്തിൽ ആദിയുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് മലേഷ്യയിലെ അവസ്ഥ ആശ്വാസകരമാണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാംപുകൾ മലേഷ്യയിൽ താരതമ്യേന വളരെ കുറവാണ്. മലേഷ്യയിലെ ഒട്ടുമിക്ക കമ്പനികളും ഇന്ത്യക്കാർക്ക് ഏർപ്പാട് ചെയ്തു നൽകുന്ന വീടുകളും, സ്വന്തമായി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന മലയാളി വ്യവസായികൾ ജീവനക്കാർക്ക് ഏർപ്പാട് ചെയ്യുന്ന താമസ സൗകര്യങ്ങളും മറ്റു രാജ്യങ്ങളിലെ ലേബർ ക്യാംപുകളെ അപേക്ഷിച്ച് മികച്ചതും സുരക്ഷിതവുമാണ്.

അവശ്യ സാധനങ്ങളുടെ ലഭ്യത

ലോക്ക് ഡൗൺ കാലയളവിൽ അവശ്യ സാധനങ്ങളുടെ ലഭ്യതക്കായി സുരക്ഷാ ക്രമീകരണങ്ങളോടെ കടകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്. ഹോട്ടലുകളിൽ നിന്നും പൊതി ഭക്ഷണങ്ങൾ വാങ്ങിക്കാനാവും. ഏതെങ്കിലും രീതിയിൽ കഷ്ടതയനുഭവിക്കുന്ന പ്രവാസികൾക്ക് അടിയന്തിര സഹായങ്ങൾ എത്തിച്ചു നൽകാൻ പ്രവാസി മലയാളി അസോസിയേഷൻ, കെഎംസിസി തുടങ്ങിയ സന്നദ്ധ സംഘടനകളും മുൻപന്തിയിലുണ്ടെങ്കിലും ഓരോ ഉൾപ്രദേശങ്ങളിൽ നിന്നും പുറത്തു വരുന്ന അവശ്യസാധനങ്ങളിലാതെ കഷ്ടപ്പെടുന്ന പ്രവാസികളുടെ വാർത്തകളും ആശങ്കയുയർത്തുന്നു.

മലയാള മാധ്യമങ്ങളുടെ സാന്നിധ്യം

മലേഷ്യയെ കുറിച്ചുള്ള വാർത്തകളറിയുന്നില്ല എന്നതാണ് ഈയിടെയായി നാട്ടിൽ നിന്നു പലരുടെയും പരാതി. താരതമ്യേന മലയാള മാധ്യമങ്ങളുടെ സാന്നിധ്യം കുറവുള്ള ഒരു ഏഷ്യൻ രാജ്യം കൂടിയാണ് മലേഷ്യ. എന്നിരുന്നാലും പ്രവാസി മലയാളി സംഘടനകളുടെ മീഡിയാ ഭാരവാഹികൾ സുപ്രധാന വാർത്തകളൊക്കെ പരമാവധി പ്രസിദ്ധീകരിക്കാൻ നൽകുന്നുണ്ട്. ഗൾഫ് മനോരമയിലെ “അദർ കൺട്രി” എന്ന കോളത്തിലാണ് മലേഷ്യയിലെ വാർത്തകൾ പ്രസിദ്ധപ്പെടുത്താറുള്ളത്.

ലോക്ക് ഡൗൺ കാലയളവിലെ ഓരോ ദിവസവും സാധുതയുള്ള വാർത്തകളും മുൻകരുതലുകളും പ്രവാസി മലയാളികളുടെ ഗ്രൂപ്പുകളിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും പരമാവധി പ്രവാസി മലയാളികളോട് പങ്കുവയ്ക്കാനും പ്രവാസികൾക്കിടയിൽ നിന്നും അത്യാഹിത സഹായമുന്നയിച്ച് കൊണ്ടുള്ള വിവരങ്ങൾ സന്നദ്ധ സംഘടനകളുടെ ശ്രദ്ധയിൽപ്പെടുത്താനും ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. ഉള്ളിലൊതുങ്ങിയ ദിവസങ്ങൾ  ഓരോന്നായി കടന്നുപോവുമ്പോളും അണുവിമുക്തമായ പുലരിക്കായുള്ള പ്രതീക്ഷയിൽ തന്നെയാണ് ഞങ്ങളും. ഈ കാലവും കടന്നു പോവും. അതിജീവനത്തിന്റെ കുളിർമ്മയിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും. കാത്തിരിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com