ADVERTISEMENT

തിരക്കുകളുടെ നഗരം, വൃത്തിയുടെയും

ലോകത്തിലെ ഏറ്റവും വലിയ നഗര പ്രദേശമാണ് ഗ്രേറ്റർ ടോക്കിയോ. ഇവിടെ ഒരു ദിവസം 4 കോടിയിലധികം ആളുകൾ മെട്രോ ട്രെയിനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ മഹാമാരിക്കാലത്തിനു വളരെ മുൻപു തന്നെ ജലദോഷം വന്നാൽ സ്‍കൂൾ കുട്ടികളുൾപ്പെടെയുള്ള ആളുകൾ മാസ്കിടുന്നതും, കുട്ടികൾ ക്ലാസ് റൂമുകൾ വൃത്തിയാക്കുന്നതും, ജീവനക്കാർ സ്വന്തം ഡെസ്കും വർക്ക് ഏരിയയും ശുചിയാക്കുന്നതും, ഇടയ്ക്കിടെ കൈകൾ കഴുകുന്നതും, ആശുപത്രികൾ- മറ്റു സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങളുടെ  പ്രവേശന കവാടങ്ങളിൽ അണുനാശിനി ഉപയോഗിക്കുന്നതും, സാമൂഹിക അകലം പാലിച്ചുള്ള, പരസ്പരം തലകുനിച്ച് അഭിവാദ്യം ചെയ്യുന്നതുമെല്ലാം ജാപ്പനീസ് സംസകാരത്തിന്റെ ഭാഗമാണ്. കൂടാതെ നവംബർ മുതൽ മാർച്ച് വരെ  എച്ച്1എൻ1 പോലുള്ള  ഇൻഫ്ലുൻസ പനി പതിവായതു കൊണ്ട് നിരവധിയാളുകളും സ്ഥാപനങ്ങളും എല്ലാ വർഷവും ഫ്ലൂ വാക്സിനുകൾ നിർബന്ധമായും എടുക്കാറുണ്ട്. ആകെ 13 കോടിയോളമുള്ള  ജനങ്ങളിൽ  30% ശതമാനം പേരും 65-വയസ്സിൽ കൂടുതലുള്ള, ലോകത്തിൽ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള രാജ്യമാണ് ജപ്പാൻ, തൊട്ടു പിന്നിൽ ഇറ്റലിയും. 

വൈറസ് വ്യാപനത്തിന്റെ തുടക്കം 

2020 ഒളിംപിക്സ് ജൂലൈയിൽ നടത്താനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയായിരുന്നു. ചൈനക്ക് പുറത്തു ആദ്യമായി ഒരു കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ജനുവരി പകുതിയോടെ ജപ്പാനിലായിരുന്നു. കര-കടൽ-വ്യോമാതിർത്തികൾ അടച്ചിരുന്നില്ല എന്നു മാത്രമല്ല 2020 ജനുവരിയിൽ  മാത്രം  26 ലക്ഷത്തോളം  വിദേശ സന്ദർശകർ രാജ്യത്തേക്ക് എത്തിയിരുന്നു.  ജനുവരി 26 ന് വുഹാനിൽ നിന്ന് നിരവധി പൗരന്മാരെ  ജപ്പാൻ ഇവാക്വേറ്റ് ചെയ്തു. ജനുവരി അവസാനത്തോടെ രാജ്യത്തു മൊത്തം 17 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഫെബ്രുവരി ആദ്യത്തോടെ മാത്രമാണ്  വിമാനത്താവളങ്ങളിൽ വുഹാനിൽനിന്നു വരുന്ന സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതും, യാത്രികരിൽ നിന്നും ചൈന സന്ദർശിച്ചിരുന്നുവോ എന്ന ക്വാറന്റൈൻ ഫോമുകൾ സ്വീകരിക്കാനും തുടങ്ങിയതും. ഫെബ്രുവരി 13 നാണ് ആദ്യത്തെ കോവിഡ് മരണം ജപ്പാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Japan-3

ഘട്ടം ഘട്ടമായുള്ള മുന്നൊരുക്കങ്ങൾ 

കോവിഡ് നിയന്ത്രണത്തിനായി ഫെബ്രുവരിയിൽതന്നെ രാജ്യമെമ്പാടുമുള്ള 10 അംഗ ആരോഗ്യ -നിയമ വിദഗ്ധരെ കൂട്ടിച്ചേർത്ത് കോവിഡ് ഉപദേശക ബോർഡ് രൂപീകരിക്കുകയും വേണ്ടി വന്നാൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനായി പ്രത്യേക നിയമ നിർമാണം നടത്തുകയും ചെയ്തിരുന്നു.   ഫെബ്രുവരി അവസാനത്തോടെ  239 കേസുകളും 5  മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 27ന് ജപ്പാനിലെ എല്ലാ സ്‍കൂളുകളും ഏപ്രിൽ ആദ്യത്തെയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.  ഫെബ്രുവരി ആദ്യം തൊട്ടുതന്നെ തിരക്കില്ലാത്ത സമയങ്ങളിൽ യാത്ര ചെയ്യാവുന്ന ഷിഫ്റ്റ് വർക്ക്, വർക്ക് ഫ്രം ഹോം ഒക്കെ  ചില   ഓഫിസുകളിലെങ്കിലും  പ്രഖ്യാപിച്ചു. ഏകദേശം 35 ശതമാനത്തിൽ കൂടുതൽ ആളുകൾ ആ സമയത്തു വീട്ടിലിരുന്നതായി ഡേറ്റ അനാലിസിസ് വ്യക്തമാക്കുന്നു. 

മാർച്ചിൽ മാത്രമാണ് ചൈനയുൾപ്പടെയുള്ള ചില വിദേശ രാജ്യങ്ങളിലെ യാത്രക്കാർക്ക് ജപ്പാൻ ക്വാറൻറ്റൈൻ ഏർപ്പെടുത്തിയത്. മാർച്ച് 24നാണ് ഒളിംപിക്സ് 2021ലേക്ക് മാറ്റിയതായുള്ള പ്രഖ്യാപനം വന്നത്. അതിനു ശേഷം നടപടികൾ കുറച്ചുകൂടി വേഗത്തിലായി. ടോക്കിയോ ഗവർണർ കോയികേ മാർച്ച് അവസാനത്തെയാഴ്ചയും ഏപ്രിൽ ആദ്യത്തെയാഴ്ചയും ശനിയും ഞായറും ആളുകളോട് കഴിയുന്നത്ര വീടുകളിൽ ഇരിക്കാൻ അഭ്യർഥിച്ചു. എങ്കിലും കടകളും, ട്രെയിൻ-ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളും അടച്ചിട്ടില്ലായിരുന്നു.  ചെറി ബ്ലോസ്സം എന്ന ‘സകുറ’ പൂക്കുന്ന കാലമായിട്ടും 80 ശതമാനത്തിലധികം ആളുകൾ വീട്ടിലിരുന്നതായി കണക്കുകൾ തെളിയിച്ചു. മാർച്ച് അവസാനത്തോടെ രാജ്യത്ത് കോവിഡ് ബാധിച്ച് 2178 കേസുകളും 57 മരണങ്ങളും രേഖപ്പെടുത്തി. ഇനിയും എമർജൻസി പ്രഖ്യാപിച്ചില്ലെങ്കിൽ നേരിടേണ്ടി വന്നേക്കാവുന്ന അപകടസാധ്യതതകളെ കുറിച്ച് വിവിധ മേഖലകളിലെ വിദഗ്‌ധർ ഊന്നി പറഞ്ഞു. ഏപ്രിൽ ആദ്യത്തെയാഴ്ച 73 രാജ്യങ്ങളീലേക്കു കൂടി പ്രവേശന വിലക്ക് വ്യാപിപ്പിച്ചു. എങ്കിലും സ്വന്തം പൗരന്മാർക്ക് തിരിച്ചു വരാനായി യാതൊരു തരത്തിലുള്ള നിയന്ത്രണവും ആദ്യംതൊട്ട് ഇന്നുവരെയില്ല.  മിക്ക സംസ്ഥാനങ്ങളിലും സ്‍കൂൾ തുറക്കുന്നത് ജൂൺ വരെ  നീട്ടി. 

അടിയന്തരാവസ്ഥ- ജപ്പാൻ മോഡൽ 

ഏപ്രിൽ 7ന് ടോക്കിയോ ഉൾപ്പടെയുള്ള ഏഴു സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവശ്യ സൗകര്യങ്ങളായ മെഡിക്കൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, ബാങ്കുകൾ തുടങ്ങി ബസും ട്രെയിനും ഉൾപ്പടെയുള്ള ഗതാഗത സംവിധാനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. മറ്റു കടകളും, ഹോട്ടലുകൾ, ഭക്ഷണ ശാലകൾ തുടങ്ങിയവയും രാത്രി നേരത്തേ അടയ്ക്കുന്ന രീതിയിൽ തുറന്നു പ്രവർത്തിക്കാം.  തിയറ്ററുകളും, ഗെയിം സെന്ററുകളും തുടങ്ങി  ആളുകൾ കൂടുന്ന പൊതു പരിപാടികളും റദ്ദാക്കാൻ സർക്കാർ അഭ്യർഥിച്ചു. 

ജാപ്പനീസ് ചരിത്രത്തിലെ ആദ്യത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൽ, 80 ശതമാനം ജനങ്ങൾ പുറത്തിറങ്ങിയില്ലെങ്കിൽ വൈറസിന്റെ വ്യാപനം ഒരു പരിധി വരെ തടയാനാവുമെന്നും അല്ലെങ്കിൽ ഏപ്രിൽ അവസാനത്തോടെ രോഗികൾ  80,000ത്തിലധികം കേസുകളിലേക്ക് ഉയരുമെന്നും പ്രധാനമന്ത്രി ഷിൻസോ ആബെ തന്നെ  ജനങ്ങളെ ഓർമിപ്പിച്ചിരുന്നു. 80% സമ്പർക്കം കുറച്ച് ജനങ്ങൾ സാമൂഹിക അകലം പാലിച്ചാൽ വൈറസിന്റെ വ്യാപനം ഒരു പരിധി വരെ തടയാനാവുമെന്നാണ് കോവിഡ് ഉപദേശക കമ്മിറ്റിയുടെ അനുമാനം. ഏപ്രിൽ 17ഓടെ  എമർജൻസി രാജ്യം മൊത്തം വ്യാപിപ്പിച്ചു. ശാസ്ത്രവും സാങ്കേതിക വിദ്യയും ഉപയോഗിച്ചാവും രാജ്യം ഈ അത്യാപത്തിനെ നേരിടുകയെന്നും ആബെ ഊന്നിപ്പറഞ്ഞു.ഏകദേശം 35 പ്രാവശ്യം ഷിൻസോ ആബെ  ജനങ്ങളോട് നേരിട്ട് സംസാരിക്കുകയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു നേരിട്ട് ഉത്തരം പറയുകയും ചെയ്തു.

കുട്ടികളും മുതിർന്നവരുമുൾപ്പെടെ സ്വദേശി -വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും  ഒരു ലക്ഷം ജാപ്പനീസ് യെൻ അഥവാ എഴുപത്തിനായിരത്തോളം രൂപ സാമ്പത്തിക സഹായമായി നൽകുന്നു. ചെറുകിട - മീഡിയം വ്യവസായങ്ങൾക്ക്, കച്ചവടക്കാർക്ക്, കുട്ടികളുള്ള കുടുംബങ്ങൾക്ക് എല്ലാം പ്രത്യേക സാമ്പത്തിക സഹായം നൽകുന്നതിനായി 75 ലക്ഷം കോടി രൂപയുടെ പാക്കേജ് (20% GDP) പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓരോ സംസ്ഥാന സർക്കാരുകളും സന്നദ്ധ സംഘടനകളും പ്രാദേശികമായി സാമ്പത്തിക പാക്കേജുകളും, ബാങ്കുകൾ പ്രത്യേക ലോണുകളും, വിദ്യാർഥി സ്കോളർഷിപ്പുകളും  പ്രഖ്യാപിച്ചിട്ടുണ്ട്. വീസ കാലാവധി, നികുതിയടപ്പ് കാലാവധി മുതലായവ നീട്ടിക്കൊടുക്കല്‍, വ്യക്തികൾക്കു സൗജന്യ താമസ സൗകര്യങ്ങൾ, റസ്റ്ററൻറ്റുകൾക്ക് വാടകയിളവ്‌  എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ടൊയോട്ട, ഷാർപ് ഉൾപ്പടെയുള്ള വൻകിട  കമ്പനികൾ ഉൽപാദനം നിർത്തിവച്ചു മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്നുണ്ട്. ചൈനയുൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽനിന്നും ഉൽപാദനം സ്വരാജ്യത്തേക്കു കൊണ്ട്വരുന്നതിനായി 1.74 ലക്ഷം കോടി രൂപയ്ക്ക് തത്തുല്യമായ തുകയും വകയിരുത്തി. 

Japan-2

വ്യായാമം ചെയ്യുന്നതിനായോ  ജോലിക്കായോ  ഷോപ്പിങ്ങിനായോ പുറത്തു പോകുന്നതിന് യാതൊരു നിയന്ത്രണവുമില്ല. എന്നാൽ പുറത്തു കാണുന്ന ഏതൊരാൾക്കും യാതൊരു ലക്ഷണവുമില്ലെങ്കിലും കോവിഡ് -19 പോസിറ്റീവ് ആകാൻ എല്ലാ വിധ സാധ്യതയും ഉണ്ടാവാമെന്ന് മെഡിക്കൽ വിദഗ്ധരും സർക്കാർ പ്രതിനിധികളും ഊന്നിപ്പറഞ്ഞു. ഒരു മാസത്തിനു ശേഷം ഉണ്ടായേക്കുമെന്നു പ്രവചിക്കപ്പെട്ട 80,000 എന്ന ഭീതിതമായ രോഗികളുടെ എണ്ണത്തെ 15,000ത്തിൽ പിടിച്ചു നിർത്തിയതിനും, യാതൊരു ശിക്ഷാ നടപടികളോ പിഴയോ ഇല്ലാതെ  80 ശതമാനം മുതൽ 90 ശതമാനം വരെ സാമൂഹിക അകലം പാലിച്ചതിനും ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തിരക്കു പിടിച്ച നഗരത്തിൽ,  ഒരു ദിവസം പോലും ലീവെടുക്കാത്ത, ഒരു മിനിറ്റ് പോലും വൈകി വരാത്ത, കഠിനാധ്വാനം ജീവിത രീതിയാക്കിയ ഉദ്യോഗസ്ഥർക്കും പരമ്പരാഗത കമ്പനികൾക്കും അത്ര എളുപ്പത്തിൽ നേടിയെടുക്കാവുന്ന ഒന്നായിരുന്നില്ല  ഈ സാമൂഹിക അകലം പാലിക്കുന്നത്. എന്നാൽ വ്യക്തികൾക്കും മീതെ  കൂട്ടായ്മകൾക്കും നാടിന്റെ പൊതുവായ ഉന്നമനത്തിനും പ്രാധാന്യം  നൽകുന്ന ജനങ്ങളുടെയും അധികൃതരുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഒരു വിധം ഫലപ്രദമായി എന്നു വേണം കരുതാൻ. 

വിമർശനങ്ങൾ 

ഫെബ്രുവരി ആദ്യത്തിൽ ഡയമണ്ട് പ്രിൻസസ് എന്ന ബ്രിട്ടീഷ് ആഡംബരകപ്പൽ യോക്കോഹാമ പോർട്ടിൽ ക്വാറന്റീൻ ചെയ്യപ്പെടുകയും വിവിധ രാജ്യങ്ങളിലെ പൗരന്മാരായ ഈ കപ്പലിലെ 3712 പേരിൽ എഴുന്നൂറിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെടുകയും 12  പേർ മരിക്കുകയും ചെയ്തു.  ഇവരുടെ ക്വാറന്റീൻ -ചികിത്സാ കാര്യങ്ങളിൽ ഉണ്ടായ ജാഗ്രതക്കുറവ് അക്കാലത്തു പരക്കെ വിമർശിക്കപ്പെട്ടു. പക്ഷേ കോവിഡ്  വൈറസിന്റെ സ്വഭാവത്തെ കുറിച്ചുള്ള വ്യക്തതയില്ലായ്മയും, അപകടസാധ്യത കുറയ്ക്കാനുമായിട്ടാണ് ഇത്തരമൊരു സമീപനമെടുത്തതെന്നും മറുവാദമുണ്ട് . 

ഒളിംപിക്സുമായി ബന്ധപ്പെട്ട്  നടപടികൾ സ്വീകരിക്കുന്നതിൽ ചില അലംഭാവങ്ങൾ വന്നുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ വ്യക്തമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതിനാലും, ശാസ്‌ത്രീയമായ വിശകലങ്ങളുടെ അടിസ്ഥനത്തിൽ എല്ലാം വിദഗ്ധ സമിതിയുടെ ശുപാര്‍ശക്കനുസരിച്ചാണ് ചെയ്തതെന്ന് സർക്കാർ ഊന്നിപ്പറയുന്നുണ്ട്. തുടക്കം മുതലേ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത രോഗികൾക്ക് ലക്ഷണങ്ങൾ തുടങ്ങി നാല് ദിവസങ്ങൾക്ക് ശേഷവും മറ്റു രോഗങ്ങളുള്ളവർക്കും മുതിര്‍ന്ന പൗരന്‍മാർക്കും ഗർഭിണികൾക്കും കുട്ടികൾക്കും ലക്ഷണങ്ങൾ തുടങ്ങി രണ്ടു ദിവസത്തിന് ശേഷവും മാത്രമേ കോവിഡ് സ്പെഷ്യലിറ്റി ആശുപത്രികളിൽ പ്രവേശനം അനുവദിച്ചുള്ളു. എന്നാൽ ശ്വാസകോശ സംബന്ധമായി പ്രശ്നങ്ങളുള്ളവർക്ക്  താമസം കൂടാതെ  പ്രവേശനം അനുവദിച്ചു. 

Melethil
നസീ മേലേതിൽ

ഇത്തരത്തിൽ പ്രത്യേക കോവിഡ് സ്പെഷ്യലിറ്റി ആശുപത്രി എന്ന സമീപനവും, ആശുപത്രികളിൽ പനിയുള്ള എല്ലാ രോഗികൾക്കും നേരിട്ടുള്ള  പ്രവേശനത്തിനേർപ്പെടുത്തിയ കർശന നിയന്ത്രണവും, മറ്റു ജി -7 രാജ്യങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് സിഎടി സ്കാനറുകളുടെ ലഭ്യതയും അതു വഴി ന്യൂമോണിയ ലക്ഷണങ്ങൾ നേരത്തേ കണ്ടു പിടിച്ചു ചികിൽസിച്ചതും മരണനിരക്ക്‌ കുറക്കുന്നതിൽ വലിയ പങ്കു വഹിച്ചതായി കണക്കാക്കപ്പെടുന്നു. 

ഒരു ദിവസം 10,000 മാത്രം എന്ന പിസിആർ ടെസ്റ്റുകളുടെ അളവ് വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ മെഡിക്കൽ സംവിധാനം സമ്മർദ്ദത്തിലാവുന്നത് തടയാനും ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിതരാകുന്നത് തടയാനുമുള്ള നടപടികളുടെ ഭാഗമാണത്രെ ഇത്. വിരമിച്ച ആരോഗ്യ പ്രവർത്തകരോടു വരെ തിരിച്ചു ജോലിക്ക് കയറാൻ അപേക്ഷിച്ചിട്ടുണ്ട്. ഇത്തരം പ്രതികൂല സാധ്യതകൾ പരമാവധി കുറച്ച്, മറ്റു രാജ്യങ്ങളിലെതു പോലെ വ്യാപകമായി ആന്റിബോഡി പോലുള്ള ടെസ്റ്റുകൾ നടത്തി പരിശോധനകൾ കൂട്ടാനുള്ള വഴികൾ തേടുകയാണ് വിദഗ്ധ സമിതി. 

കോവിഡ് യുഗം - പുതിയ ജീവിത രീതി 

കേസുകൾ ഇല്ലാതായതോ ദിവസം അഞ്ചിൽ കുറവോ ഉള്ള  മുക്കാൽ ഭാഗം സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിബന്ധനകൾ ലഘൂകരിച്ച് സ്‍കൂളുകൾ, വ്യവസായ സ്ഥാപനങ്ങൾ മുതലായവ ഘട്ടം ഘട്ടമായി തുറക്കാനുള്ള അനുവാദം നൽകി. മറ്റു 13 സംസ്ഥാനങ്ങളിലും രോഗ വ്യാപനം വിസ്‌ഫോടനം എന്ന നിലയിൽനിന്നു മാറി  ദിവസത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കുത്തനെ താഴ്ന്നു എങ്കിലും, ഇതു വരെ സ്വീകരിച്ച 80 ശതമാനം സമ്പർക്കം കുറക്കുക എന്നത് മേയ് 31 വരെ തുടരും.  നാം കോവിഡ് യുഗത്തിലായിരിക്കും ഇനിയുള്ള കുറെ മാസങ്ങൾ എന്നും, ജീവിതം അതിനനുസരിച്ചു ക്രമീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സുരക്ഷിതമായ ശാരീരിക അകലം, മാസ്ക് ധരിക്കുക, കൈ കഴുകുക എന്നീ മൂന്നു കാര്യങ്ങൾ കൂടാതെ ഓരോ സ്കൂളുകളിലും, ഓഫീസുകളിലും, യാത്രകളിലും, മാലിന്യ നിർമാർജ്ജനത്തിൽ വരെ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ മാര്‍ഗനിര്‍ദ്ദേശരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

Japan-1

ജപ്പാനിലെ മലയാളികൾ  

ആകെ ജനസംഖ്യയുടെ 2% വിദേശികളാണ് ജപ്പാനിൽ ഉള്ളത്. മറ്റു വിദേശ രാജ്യങ്ങളുമായി നോക്കുമ്പോൾ കേവലം അഞ്ഞൂറോളം മലയാളികൾ മാത്രമേ ജപ്പാനിലുള്ളു. ജപ്പാനിൽ ദീർഘ കാലം ജോലി ചെയ്തു ജീവിക്കണമെങ്കിൽ ബുദ്ധിമുട്ടേറിയ ജാപ്പനീസ് ഭാഷ പഠിച്ചെടുക്കേണ്ടതിന്റെ  ആവശ്യകതയും വീസാ നിയന്ത്രണങ്ങളും  മലയാളികളുടെ എണ്ണത്തിൽ കുറവ് വരുത്തി എന്ന് കരുതുന്നു. മലയാളികളിൽ മിക്കവരും ഐടി എൻജിനീയറിങ് മേഖലകളിലാണ് ജോലി ചെയ്യുന്നത്. യൂണിവേഴ്സിറ്റികളിൽ പഠനവും ഗവേഷണവുമൊക്കെ ചെയ്യുന്നവരും,  റസ്റ്ററൻറ്റ് മുതലായ ബിസിനസ് നടത്തുന്നവരും, മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരും ഉണ്ട്. ജനസംഖ്യയും അതിനനുസരിച്ചു  തൊഴില്‍ ശക്തിയും കുറഞ്ഞു വരുന്നതിനാൽ കൃഷി, ഫാക്ടറികൾ, നിർമാണം തുടങ്ങിയ മേഖലകളിലേയ്ക്കായി പ്രത്യേകം വീസ നടപ്പിൽ വരുത്തിയത് 2019 ഏപ്രിൽ മുതലാണ്. 

ഇതു വരെയുള്ള വിവരം വച്ച് എല്ലാവരും ഏറെക്കുറെ സുരക്ഷിതരാണ്. മലയാളി കൂട്ടായ്മകൾ ഇന്ത്യൻ എംബസിയും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് മെഡിക്കൽ കൗൺസിലിങ്, ഇംഗ്ലിഷിലുള്ള ഹെൽത്ത് കൺസൽട്ടേഷൻ പോലുള്ള ചില പദ്ധതികൾ  നടപ്പിലാക്കുന്നുണ്ട്. താൽക്കാലിക വീസയിൽ വന്നവരും, വീസ കാലാവധി കഴിഞ്ഞവരുമായ വളരെ കുറച്ചു പേരെങ്കിലും തിരിച്ചു പോകാനായി വിമാന സർവീസ് തുടങ്ങുന്നത് കാത്തിരിക്കുന്നുണ്ട്. വൻ തോതിലുള്ള  രോഗവ്യാപനമുണ്ടാകുമോ എന്ന ആകുലതയും ആഗോള തലത്തിൽതന്നെ  ജോലി-ബിസിനസ് രംഗങ്ങളിലെ അനിശ്ചിതത്വങ്ങളും ,  ഒരത്യാവശ്യം വന്നാൽ നാട്ടിലേക്ക് പോകാൻ കഴിയില്ലെന്ന തിരിച്ചറിവും, നാട്ടിലെയും മറുനാട്ടിലെയും പ്രിയപ്പെട്ടവരെ ഓർത്തുള്ള ആശങ്കകളും ഒക്കെ എല്ലാവർക്കുമുണ്ട്. സ്പാനിഷ് ഫ്ലൂവും, സാർസ്, മെർസ്, എച്ച്1എൻ1 തുടങ്ങിയ വൈറസുകളും ഭൂകമ്പങ്ങളും അഗ്നി പർവത സ്ഫോടനങ്ങളും ആറ്റം ബോംബും ലോകമഹായുദ്ധവും  ആണവാപകടവുമൊക്കെ തരണം ചെയ്ത നാടിനൊപ്പം ജപ്പാൻ മലയാളികളും പ്രതീക്ഷയിലാണ്.

(ലേഖിക 13 വർഷമായി ടോക്കിയോയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com