sections
MORE

കോവിഡിനിടെ അജ്ഞാത കാരണങ്ങളാലും മരണം; കരുതലും പ്രതിരോധവുമായി നൈജീരിയ

Nigeria-3
അബൂജയിൽ ഭക്ഷണ കിറ്റുകൾ കാത്തുനിൽക്കുന്ന ആൾക്കൂട്ടം.
SHARE

അബുജ ∙ മാർച്ച് 30 മുതൽ 14 ദിവസം വീതം രണ്ടു തവണയായി 28 ദിവസത്തെ ലോക്ഡൗണിനു ശേഷം നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഏപ്രിൽ 27നു രാത്രി 8ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കാര്യങ്ങൾ വിലയിരുത്തി. അന്ന് 32 സ്റ്റേറ്റുകളിലായി 1337 കോവിഡ് പോസിറ്റിവ് കേസുകൾ, 40 മരണങ്ങൾ, 255 പേർ  രോഗവിമുക്‌തി നേടി എന്നിങ്ങനെ ആയിരുന്നു കണക്കുകൾ. സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്തു മേയ് 2നു രാവിലെ 9 വരെ ഓഗുൺ സ്റ്റേറ്റ്, ലാഗോസ്, അബൂജ എന്നിവിടങ്ങളിൽ ലോക്ഡൗൺ  തുടരണം എന്ന തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു. കേസുകൾ ക്രമാതീതം കൂടിവരുന്നതിനാൽ 14 ദിവസത്തേക്ക് കാനോ സ്റ്റേറ്റിൽ പൂർണ ലോക്ഡൗണ്‍ വേണമെന്നും  അദ്ദേഹം ഉത്തരവിട്ടു. ഏതായാലും ഇതുപ്രകാരം മെയ് 3 രാവിലെ മുതൽ ലോക്ഡൗൺ ഉപാധികളോടെ പിൻവലിച്ചു ഭാഗികമായി പ്രവർത്തനം തുടങ്ങാനാണു തീരുമാനം. ബാങ്ക് ക്ലിയറിങ് സംവിധാനം ഉടനെതന്നെ പുനഃസ്ഥാപിക്കാനും ഉത്തരവായി.

Nigeria-1
കോവിഡ് അപ്ഡേറ്റുകളുമായി എൻസിഡിസി ദിവസവും പുറത്തുവിടുന്ന കാർഡ്.

കാനോ സ്റ്റേറ്റിൽ സ്ഥിതി തികച്ചും ആശങ്കാജനകമാണ്. 640 പേർ ഇതിനിടെ അജ്ഞാത കാരണങ്ങളാൽ മരിച്ചു. വേണ്ടത്ര ടെസ്റ്റിങ് നടക്കാത്തതുകൊണ്ടു കോവിഡ് ആണോ കാരണം എന്നറിയില്ല. മെനിഞ്ചൈറ്റിസ്, ടൈഫോയിഡ്, മലേറിയ, പ്രമേഹം എന്നിങ്ങനെ ആരോഗ്യ വകുപ്പ് പല കാര്യങ്ങളും പറയുന്നു. നൈജീരിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ദിവസേന ഇതുപോലെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നു. മേയ് ഒന്നിലെ കണക്കുകൾ പ്രകാരം 2170 പോസിറ്റിവ് കേസുകൾ, മരണങ്ങൾ 68, രോഗവിമുക്തർ 351. സാമൂഹിക അകലം പാലിക്കുന്നതിനും രോഗം പടരാതെ സൂക്ഷിക്കുന്നതിനും ഒരുപാട് വ്യവസ്ഥകൾ വെച്ചാണ് ലോക്ഡൗണിനു ശേഷം തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചിരിക്കുന്നത്. 

Nigeria-2
നൈജീരിയയിൽ തുടരുന്ന പനി പരിശോധന.

തിരഞ്ഞെടുത്ത ചില അവശ്യ ബിസിനസ്സുകളും ഓഫിസുകളും രാവിലെ 9 മുതൽ വൈകീട്ട് 6 വരെ തുറന്നു പ്രവർത്തിക്കാം. രാത്രി 8 മുതൽ രാവിലെ 6 വരെ കർഫ്യൂ  നിലവിലുണ്ടാകും. സ്റ്റേറ്റുകൾ തമ്മിൽ അത്യാവശ്യ ഗതാഗതം മാത്രമേ അനുവദിക്കൂ. മാസ്ക് നിർബന്ധമാണ്. സാമൂഹികവും മതപരവുമായ ഒത്തുചേരലുകൾ നിരോധിച്ചിട്ടുണ്ട്. മേയ് 4 മുതൽ വിദേശത്തു കുടുങ്ങിയ നൈജീരിയക്കാരെ തിരികെ കൊണ്ടുവരുന്നത് ആരംഭിക്കും. ദുബായ്, ലണ്ടൻ, യുഎസ് എന്നിവിടങ്ങളിൽനിന്നെല്ലാം  ആയിരക്കണക്കിന് നൈജീരിയക്കാർ തിരികെ വന്നാൽ അവരെ ക്വാറന്റീൻ ചെയ്യാനും ടെസ്റ്റ് ചെയ്യാനും വേണ്ടിവന്നാൽ ചികിൽസിക്കാനും ഉള്ള  സൗകര്യങ്ങൾ തികച്ചും അപര്യാപ്തമാണ്. ഇതൊക്കെ പരിഗണിച്ചിട്ടു  തന്നെയായിരിക്കണം സർക്കാർ മുന്നോട്ടു പോകുന്നത്.എന്നിരുന്നാലും സത്യാവസ്ഥ അത്ര സുഖകരമല്ല.

കോവിഡ് നൈജീരിയയിൽ  നിയന്ത്രണവിധേയമായിട്ടില്ല എന്നത് വളരെ വ്യക്തം. വേണ്ടത്ര  ടെസ്റ്റുകൾ നടക്കുന്നില്ല. ടെസ്റ്റ് ചെയ്തവരുടെ റിസൽട്ടുകൾ വളരെ വൈകുന്നു. പോസിറ്റിവ് ആയവരെ ചികിൽസിക്കാൻ വേണ്ടത്ര ആശുപത്രി കിടക്കകൾ ലഭ്യമല്ല. എങ്കിലും പ്രധാനമായും സാമ്പത്തിക പരിഗണന മൂലം എല്ലാ ഭാഗത്തുനിന്നും  ലോക്ഡൗൺ പിൻവലിക്കാനുള്ള സമ്മർദം ശക്തമായതിനാൽ ഹെർഡ് ഇമ്യൂണിറ്റി എന്ന രീതിയിൽ കോവിഡിനെ സമീപിക്കാൻ നൈജീരിയൻ ഭരണകൂടം നിർബന്ധിതരായി എന്നു വേണം കരുതാൻ. ഇതിന്റെ  പ്രത്യാഘാതം എന്തായിരിക്കും എന്നതു കണ്ടു തന്നെ അറിയണം.

kesava-prasad

ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോൾ വന്ന ദുഃഖകരമായ ഒരു വാർത്ത ഇവിടത്തെ ഇന്ത്യൻ പ്രവാസികളെ ഞെട്ടിച്ചു. മറ്റൊരു പ്രമുഖ ഇന്ത്യൻ വ്യവസായി കഴിഞ്ഞ ദിവസം രാത്രി മരണത്തിനു കീഴടങ്ങി. ഇതോടെ ഇവിടെ കോവിഡ് മൂലം  മരിച്ച ഇന്ത്യക്കാരുടെ  എണ്ണം ഔദ്യോഗിക കണക്കു പ്രകാരം മൂന്നായി. ഇവിടുത്തെ പ്രവാസി സമൂഹം ഭീതിയിലെങ്കിലും പ്രത്യാശയിലാണ്. കോവിഡിന്റെ ഭീതിയിൽനിന്നു കഴിയുന്നതും വേഗം കരകയറാൻ കഠിനമായ പ്രാർഥനയിലാണ് എല്ലാവരും.

(ലേഖകൻ നൈജീരിയയിൽ ഗ്ലോബൽ ഓർഗാനിക്സ് എന്ന കമ്പനിയുടെ ജനറൽ മാനേജർ ആണ്. രണ്ടു ദശകത്തോളമായി ഇവിടെ താമസിക്കുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA